ഇന്ന് ഖാൻ, അന്ന് സിൻഹ; നായനാര്‍ സര്‍ക്കാരുമായി പോര്‍മുഖം തുറന്ന ഗവര്‍ണര്‍ രാം ദുലാരി


ശ്രുതി ലാൽ മാതോത്ത്രാം ദുലാരി സിൻഹ, ഇ.കെ നായനാർ |മാതൃഭൂമി ആർക്കൈവ്സ്

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര്‍മുഖം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയ്‌ക്കെതിരേ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ച പരാതിയിലും ഗവര്‍ണ്ണര്‍ക്കെതിരേ നിയമനടപടിയുമായി സര്‍ക്കാര്‍ എന്നതിലും എത്തി നില്‍ക്കുകയാണ് ഈ പോര്‍മുഖം. ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ സംസ്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോള്‍ ഇടതു സര്‍ക്കാരിന് ഇത് പുതിയൊരു അനുഭവമല്ല . മൂന്നര പതിറ്റാണ്ട് മുന്‍പ് ഇതേ സ്ഥിതി വിശേഷം കേരളത്തിലുണ്ടായിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1988ല്‍ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സംസ്ഥാനത്തിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി രാം ദുലാരി സിന്‍ഹ ചുമതലയേറ്റത് 1988ലായിരുന്നു. പിഎ നിയമനം, സര്‍വകലാശാല സെനറ്റ് വിഷയത്തിലെ ഇടപെടലുകള്‍ ഇങ്ങനെ നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞതിത് സമാനമായിരുന്നു സിന്‍ഹയുടെ ഗവര്‍ണര്‍ക്കാലവും. കേരളത്തിലെ രണ്ടാമത്തെ വനിത ഗവര്‍ണര്‍ എന്ന വിശേഷത്തോടെയായിരുന്നു രാം ദുലാരി സിന്‍ഹയുടെ വരവ്. നായനാര്‍ ആണ് അന്ന് മുഖ്യമന്ത്രി. കെ കരുണാകരന്‍ പ്രതിപക്ഷ നേതാവും. ദേശീയ തലത്തില്‍ തന്നെ വിവാദമുണ്ടായ ഗവര്‍ണര്‍ നിയമനങ്ങളിലൊന്നായിരുന്നു രാം ദുലാരി സിന്‍ഹയുടേത്. ബിജെപി ഇതര സംസ്ഥാനങ്ങളിലേക്ക് മുന്‍ നേതാക്കളെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തിക്കുന്ന ഇന്നത്തെ എന്‍.ഡി.എ സര്‍ക്കാരിന്റെ നടപടി തന്നെയാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാരും ചെയ്തത്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ, സര്‍ക്കാരിയാ കമ്മീഷന്റെ ശുപാര്‍ശകള്‍ കണക്കിലെടുക്കാതെയുള്ള നിയമനമെന്ന് ചുരുക്കം.

1988ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആറ് സംസ്ഥാനങ്ങളിലേക്കാണ് ഗവര്‍ണര്‍മാരെ നിയമിച്ചത്. ഇതില്‍ മൂന്ന് കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെട്ടത് മുന്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ പാര്‍ട്ടി ചായ്‌വുള്ള വ്യക്തികളെ ആയിരുന്നു. കേരളത്തില്‍ രാം ദുലാരി സിന്‍ഹയും ഹരിയാനയില്‍ എച്ച് എന്‍ ബരാരിയെയും കര്‍ണാടകയില്‍ പി വെങ്കിടസുബ്ബയ്യയും.

ഗവര്‍ണര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാരിയ കമ്മീഷന്‍ ചില യോഗ്യതകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലത്തില്‍ പ്രശസ്തനായിരിക്കണം. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളായിരിക്കണം. സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയവുമായി ഗാഢ ബന്ധമുള്ള ആളായിരിക്കരുത്. സമീപ ഭൂതകാലത്തിലെങ്കിലും രാഷ്ട്രീയത്തില്‍ മുഴുകിയിട്ടുണ്ടാവരുത്- ഇതൊക്കെയാണ് ചുരുക്കത്തില്‍ സര്‍ക്കാരിയ കമ്മീഷന്‍ പറയുന്ന യോഗ്യതകള്‍.കേന്ദ്രഭരണകക്ഷിയില്‍ പെട്ടയൊരാളെ മറ്റൊരു കക്ഷി ഭരിക്കുന്ന സ്റ്റേറ്റില്‍ ഗവര്‍ണറാക്കാതിരിക്കുന്നതാണ് ആശാസ്യമെന്നും കമ്മീഷന്‍ പറയുന്നു

കേരളത്തില്‍ സര്‍ക്കാരിയ കമ്മീഷന്‍ വ്യവസ്ഥകള്‍ തെറ്റിക്കപ്പെട്ടത് അറിയണമെങ്കില്‍ ബീഹാര്‍ സ്വദേശിയും സ്വാതന്ത്ര്യ സമര സേനാനിയുമായി അറിയപ്പെട്ടിരുന്ന രാം ദുലാരി സിന്‍ഹയെ അറിയണം.

കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് ഗവര്‍ണര്‍ പദവിയിലെത്തിയ രാം ദുലാരി സിന്‍ഹ

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബീഹാര്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗവുമായിരുന്നു രാം ദുലാരി സിന്‍ഹ. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1947 മുതല്‍ 1948 വരെ ബീഹാര്‍ യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ്സ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1951ല്‍ രാം ദുലാരി സിന്‍ഹ ബിഹാറിലെ മജോര്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭാ അംഗമായി. 1969ലും 1972ലും നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തി. 1971 മുതല്‍ 1977 വരെ തൊഴില്‍, വിനോദ സഞ്ചാരം, കരിമ്പ് കൃഷി, സാമൂഹിക ക്ഷേമം, പാര്‍ലമെന്ററികാര്യം തുടങ്ങിയ വകുപ്പുകളുമായി കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1984ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ഷിയോഹര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ദുലാരി 1984 മുതല്‍ 1988 വരെ രാജീവ് മന്ത്രിസഭയിലുണ്ടായിരുന്നു. അതായത് ഗവര്‍ണര്‍ ആവുന്നതിന് തൊട്ട് മുന്‍പ് അവര്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രി സഭയില്‍ അംഗമായിരുന്നു. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാന പശ്ചാത്തലമുള്ള വ്യക്തിയാണ്. കോണ്‍ഗ്രസ്, ജനതാദള്‍,ബിഎസ്പി വഴി ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ കേന്ദ്ര മന്ത്രിയുമാണ്. രാം ദുലാരി സിന്‍ഹയുടെ നിയമനത്തിനെതിരേ സംസ്ഥാന സിപിഎം അന്ന് തന്നെ പ്രതിഷേധിച്ചിരുന്നു. ഇത്തരം നിയമനങ്ങള്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കോ ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കോ സഹായകമല്ലെന്ന് സിപിഎം പിബിയും പ്രസ്താവനയിറക്കി. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം നിയമനങ്ങള്‍ക്കെതിരേ പ്രതിഷേധങ്ങളുണ്ടായി.

ശങ്കർ ദയാൽ ശർമ്മ അന്നത്തെ മന്ത്രി വി.വി രാഘവൻ എന്നിവർക്കൊപ്പം കനകക്കുന്ന് പാലസ്സിൽ രാം ദുലാരി സിൻഹ

രാം ദുലാരി - നായനാര്‍ ഏറ്റുമുട്ടല്‍

ഗവര്‍ണര്‍ പദവിയിലേറി ഒറ്റമാസം കഴിഞ്ഞപ്പോള്‍ തന്നെ രാം ദുലാരി സിന്‍ഹയും നായനാര്‍ സര്‍ക്കാരും തമ്മിലുള്ള പോര്‍മുഖം തുറന്നു. സംസ്ഥാനത്ത് ഇടതുമുന്നണിയുടെ സഹകരണത്തോടെ ഒരു അഖിലേന്ത്യ ബന്ദ് നടന്നിരുന്നു. ആ ദിവസം നടന്ന ആക്രമസംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്ത കാര്യം രാം ദുലാരി സിന്‍ഹ പത്രലേഖകരെ അറിയിച്ചു. ഗവര്‍ണര്‍മാര്‍ നേരിട്ട് മാധ്യമ പ്രവര്‍ത്തകരെ കാണുകയെന്ന അസാധാരണമായ നടപടി കേരളരാഷ്ടട്രീയത്തില്‍ വന്‍ ചര്‍ച്ചയായി. ഇതോടെ രാം ദുലാരി സിന്‍ഹ-നായനാര്‍ സര്‍ക്കാര്‍ പോരിന് തുടക്കവുമായി.

കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്ന് അന്ന് തന്നെ മനസിലാക്കിയ ഇ കെ നായനാര്‍ വിഷയത്തില്‍ നിയമസഭയില്‍ തന്നെ മറുപടി നല്‍കി, നായനാരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു-
"ഭരണഘടനയുടെ 123(1) ഖണ്ഡിക ആര്‍ട്ടിക്കിള്‍ 163(1) പ്രകാരം ഗവര്‍ണര്‍ മുഖ്യമന്ത്രി തലവനായിട്ടുള്ള മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്ക് സ്വയം വിവേചനാധികാരമുള്ള കാര്യങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കാവുന്നതാണ്. 174ാം ഖണ്ഡികപ്രകാരം നിയമസഭ വിളിച്ചുകൂട്ടല്‍, 175ാം ഖണ്ഡിക പ്രകാരം ഗവര്‍ണറുടെ നിയമസഭയിലെ പ്രസംഗം, 213ാം ഖണ്ഡിക പ്രകാരം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം കൂടാതെ അതേപോലുള്ള ചിസ ഖണ്ഡികകളില്‍ ഉള്ള വകുപ്പുകള്‍ പ്രകാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം മന്ത്രിസഭയുടെ തീരുമാനമെന്ന നിലയില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കപ്പെടുമ്പോള്‍ മാത്രമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണറുടെ വിവേചനാധികാരം പ്രകാരമുള്ള ഖണ്ഡികകള്‍ ഏതാണെന്ന് ഭരണഘടനയില്‍ എടുത്തുപറഞ്ഞിട്ടില്ല. പക്ഷെ ഭരണഘടനാ പണ്ഡിതന്‍മാര്‍ രണ്ട് ഖണ്ഡികകളുടെ കാര്യത്തില്‍ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 200ാം ഖണ്ഡിക പ്രകാരം നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി കൊടുക്കുക, അല്ലാത്ത പക്ഷം വീണ്ടും നിയമസഭയിലേക്ക് തിരിച്ചയക്കുക, 358ാം ഖണ്ഡിക പ്രകാരം സംസ്ഥാന സര്‍ക്കാരിന് എതിരായി രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യം, ഈ രണ്ടിലും ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ട്.. സര്‍ക്കാരിന്റെ ദൈനം ദിനകാര്യങ്ങളില്‍ ഒരു ഗവര്‍ണര്‍ക്ക് ഇടപെടാന്‍ യഥാര്‍ത്ഥത്തില്‍ ഇടപെടാന്‍ അധികാരമോ അവകാശമോ ഇല്ല. ക്രമസമാധാനം പാലിക്കുക എന്നത് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പെട്ടത് മാത്രമാണ്. ഗവര്‍ണര്‍ വിഷയം ഫോണില്‍ എന്നോട് സംസാരിച്ചപ്പോള്‍ സൗഹൃദഭാഷണം നടത്തിയെന്ന് മാത്രമാണ് കരുതിയത്. അതില്‍ ഒരപാകതയും എനിക്ക് അപ്പോഴും തോന്നിയില്ല. പക്ഷെ ഒരു പൊതു പ്രസ്താവന ചെയ്തത് ശരിയല്ല എന്നാണ് എന്റെയും സര്‍ക്കാരിന്റെയും അഭിപ്രായം".

ഇ.കെ നായനാർ

നായനാരുടെ പ്രസ്താവനയ്ക്ക് പിന്നാലെ ലോക്‌സഭയിലും ഇക്കാര്യം വിഷയമായി. സിപിഎമ്മിലെ സുരേഷ് കുറുപ്പാണ് സഭയില്‍ വിഷയം അവതരിപ്പിച്ചത്. എന്നാല്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ രാം ദുലാരി തയ്യാറായില്ല. നായനാര്‍ സര്‍ക്കാര്‍ ആവട്ടേ കിട്ടിയ അവസരത്തിലെല്ലാം തിരിച്ചടിച്ചുകൊണ്ടും ഇരുന്നു. രാം ദുലാരി സിന്‍ഹയുടെ രാഷ്ട്രീയക്കളിയെ കുറിച്ച് മാധ്യമങ്ങളെ അറിയച്ചതാണ് അതിലൊന്ന്. ജന്മനാടായ ബീഹാറിലെ സീതാമാര്‍ഗില്‍ മകന് കോണ്‍ഗ്രസ് സീറ്റ് കിട്ടാന്‍ രാഷ്ട്രീയഇടപെടല്‍ നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ' എന്നോട് നാല് ദിവസം വിശ്രമിക്കാന്‍ നാട്ടില്‍ പോകുന്നുവെന്നാണ് പറഞ്ഞത്. വിമാനം കിട്ടാത്തതിനാല്‍ ഗവര്‍ണര്‍ തീവണ്ടിയിലാണ് പോയത്. പക്ഷെ അവര്‍ മകന് വേണ്ടി സീറ്റ് കിട്ടാന്‍ ശ്രമിക്കുകയാണെന്ന് ഇംഗ്ലീഷ് പത്രങ്ങളില്‍ വരെ വാര്‍ത്ത വന്നു. അതിനെ കുറിച്ച് അന്വേഷണം വേണം.' രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണറും സ്പീക്കറുമൊന്നും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടുള്ളതല്ലെന്നും അത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ സിന്‍ഹ, രാഷ്ട്രപതിയ്ക്ക് പരാതി നല്‍കി നായനാര്‍

കാലിക്കറ്റ് സര്‍വകലാശാല നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ രാം ദുലാരി സിന്‍ഹ വിസമ്മതിച്ചതോടെയാണ് നായനാര്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നത്. മന്ത്രിസഭയുടെ ഉപദേശവും തീരുമാനവും മറികടക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി വിധികള്‍ ഉദ്ധരിച്ച് കൊണ്ടും അല്ലാതെയും നിയമപണ്ഡിതരും സര്‍ക്കാരും ചൂണ്ടികാട്ടിയെങ്കിലും രാം ദുലാരി സിന്‍ഹ ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. മുഖ്യമന്ത്രി തന്നെ രാജ്ഭവനിലെത്തി നേരിട്ട് സംസാരിച്ചു. എന്നിട്ടും ഒപ്പിടാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. കേരള-കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേക്കുള്ള സര്‍ക്കാര്‍ നോമിനുകളുടെ പ്രശ്‌നം ഇതിനിടെയാണ് ഉണ്ടാവുന്നത്. നോമിനുകളുടെ ലിസ്റ്റ് സര്‍ക്കാര്‍ അയച്ച് കൊടുത്തെങ്കിലും ഗവര്‍ണര്‍ അതിലും ഒപ്പ് വച്ചില്ല. കേരള സര്‍വകലാശാലയുടെ പ്രതിനിധികളായി ലിസ്റ്റില്‍ പെടാത്ത രണ്ടുപേരെ ഗവര്‍ണര്‍ സ്വമേധയാ നോമിനേറ്റ് ചെയ്യുകയും ചെയ്തതതോടെ പ്രശ്‌നം വഷളായി. ഈ വിദ്യാര്‍ത്ഥികളാവട്ടെ കെഎസ് യുക്കാര്‍ ആണെന്നും വാര്‍ത്ത വന്നു. മന്ത്രിസഭ തയ്യാറാക്കി സമര്‍പ്പിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരസ്‌കരിച്ച അനുഭവം കേരളത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലായിരുന്നു. എന്നാല്‍ വിഷയത്തില്‍ നായനാര്‍ സര്‍ക്കാര്‍ പ്രതികരിക്കുക തന്നെ ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാല നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മാസങ്ങളോളം പിടിച്ച് വച്ചത്, സര്‍വകലാശാല സെനറ്റുകളിലേക്ക് കെഎസ് യുക്കാരെ നിയമിച്ചു എന്നീ വിഷയങ്ങളില്‍ രാം ദുലാരി സിന്‍ഹയ്‌ക്കെതിരേ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കി കൊണ്ടായിരുന്നു ഇത്. ഇതിനിടെ രാജ്ഭവന്‍ ചെലവുകള്‍ക്കുള്ള സംഖ്യയും യാത്ര ചെലവിനുള്ള തുകയും വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാജ്ഭവന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. രാം ദുലാരി സിന്‍ഹയ്ക്ക് 35000 രൂപയാണ് യാത്രാപടിയായി ബജറ്റില്‍ കൊള്ളിച്ചിരുന്നത്. ശേഷം അരലക്ഷം കൂടി സര്‍ക്കാര്‍ അനുവദിച്ച് നല്‍കി. ഇതിനും പുറമേ ഒരു ലക്ഷം കിട്ടണമെന്നാണ് ഗവര്‍ണരുടെ ആവശ്യം. ഓഫിസ് ചെലവുകള്‍ക്കായി ഒന്നര ലക്ഷത്തോളം അധികമായും കൊടുക്കണം. ഇങ്ങോട്ട് കിട്ടുന്ന നാണയത്തില്‍ അങ്ങോട്ടും കൊടുക്കുക എന്ന തന്ത്രമാണ് ഗവര്‍ണര്‍ക്ക് നേര്‍ക്ക് സര്‍ക്കാര്‍ കൈകൊണ്ടത്. മന്ത്രിസഭയുടെ ഉപദേശവും നിര്‍ദേശവും ചവറ്റുകൊട്ടയില്‍ തള്ളുന്ന ഗവര്‍ണര്‍ക്ക് ധൂര്‍ത്തടിക്കാന്‍ ഖജനാവിലെ പണം കൊടുക്കില്ല. മുന്‍ ഗവര്‍ണര്‍മാരുടെ ചെലവുകള്‍ പരിശോധിച്ച ശേഷമെ സിന്‍ഹയുടെ ആവശ്യം പരിഗണിക്കു എന്ന് നായനാര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ സര്‍ക്കാര്‍ കടലാസുകള്‍ വച്ച് താമസിപ്പിച്ച് പ്രയാസപ്പെടുത്തി. പകരം സര്‍ക്കാര്‍ ഗവര്‍ണറുടെ ആവശ്യങ്ങളും തീരുമാനമെടുക്കാതെ രാജ്ഭവനെ വിഷമിപ്പിക്കുന്നു. ഇതിനൊക്കെ ഇടയിലാണ് രാം ദുലാരി സിന്‍ഹ ബീഹാറില്‍ നിന്ന് എല്‍ഡി ക്ലര്‍ക്ക് യോഗ്യതമാത്രമേയുള്ളുവെന്ന് പറയപ്പെടുന്ന ഒരാളെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അയാള്‍ക്ക് 35000 രൂപ ശബളം നല്‍കണമെന്ന് സര്‍ക്കാരിനോട് പറഞ്ഞു. വിഷയം വലിയ വാര്‍ത്തയാവുകയും സര്‍ക്കാര്‍ ഗവര്‍ണര്‍ പറഞ്ഞ സാലറി തള്ളുകയും ചെയ്തു. പിന്നാലെ കേരള-കാലിക്കറ്റ് സര്‍വകലാശാലകളിലേ സെനറ്റിലേക്ക് വീണ്ടും നാല് പേരെ കൂടി ഗവര്‍ണര്‍ നോമിനേറ്റ് ചെയതു. അവരും സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയ്ക്ക് പുറത്തുള്ളവരായിരുന്നു.

ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ ശാസനാ പ്രമേയം

1989 ഫെബ്രുവരി 2നാണ് രാം ദുലാരി സിന്‍ഹയ്‌ക്കെതിരേ ഭരണപക്ഷം നിയമസഭയില്‍ ശാസനാ പ്രമേയം പാസാക്കുന്നത്. റൂള്‍ 130 പ്രകാരം നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് അന്നത്തെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഒ ഭരതനായിരുന്നു. സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ പ്രമേയത്തിന് അവതരണ അനുമതിയും നല്‍കി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ കരുണാകരന്റെ അകമഴിഞ്ഞ പിന്തുണയും ഗവര്‍ണര്‍ക്കുണ്ടായിരുന്നു. സഭയില്‍ പ്രമേയതിനെതിരെ പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ചെന്നപോലെ എതിര്‍ത്തു. തുടര്‍ന്ന് കെ കരുണാകരന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രമേയം നിയമസഭാ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതും, മോശം കീഴ്വഴക്കം സൃഷ്ടിക്കുന്നതെന്നുമായിരുന്നു കെ കരുണാകരന്‍ സഭയില്‍ അന്ന് നടത്തിയ പ്രസ്താവന. ഗവര്‍ണര്‍ പദവി തന്നെ നിര്‍ത്തലാക്കണമെന്നായിരുന്നു എം വി രാഘവന്റെ നിലപാട്.ശാസനാപ്രമേയമൊക്കെ നിയമസഭ പാസാക്കിയെങ്കിലും സിന്‍ഹ താന്‍കൊടുത്ത പട്ടികയില്‍ മാറ്റമൊന്നും വരുത്തിയില്ല.

വി. പി സിങ്

രാം ദുലാരിയെ തിരിച്ചുവിളിച്ച് വിപി സിങ് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടതുമുന്നണിയുടെ പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഗവര്‍ണര്‍ പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന സമയത്താണ് സിന്‍ഹയ്‌ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനമായത്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അക്കാലത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐക്കാര്‍ തെരുവില്‍ വിളിച്ച ഒരു മുദ്രാവാക്യമുണ്ടായിരുന്നു.
രാം ദുലാരി സിന്‍ഹമ്മേ,
ദില്ലീല്‍ ചെന്ന് ചൊല്ലമ്മേ,
ബീഹാറല്ലിത് കേരളമേ,

സിപിയെ വെട്ടിയ നാടാണ്.

രാജ്ഭവനിലേക്കും പ്രക്ഷോഭ പരിപാടികള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഒപ്പം ഇടത് എംപിമാര്‍ ഗവര്‍ണറെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് നിവേദനവും നല്‍കി. ആ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടന്ന ചായസല്‍ക്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വിട്ടുനിന്നു. 1989 ലെ പൊതു തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായി. ഇടത് പിന്തുണയോടെ വി.പി സിങ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് രാം ദുലാരിയും നായനാര്‍ സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ മൂര്‍ച്ച കുറഞ്ഞത്. 1990 ഫെബ്രുവരിയില്‍ വിപി സിങ്് സര്‍ക്കാരിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് രാഷ്ട്രപതി ഗവര്‍ണര്‍ രാം ദുലാരിയോട് ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയും അവര്‍ രാജി സമര്‍പ്പിക്കുകയും ചെയ്തു..പദവി ഒഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം രാം ദുലാരി സിന്‍ഹ 1994ല്‍ അന്തരിച്ചു.

Content Highlights: Governor-chief minister controversy Ram Dulari Sinha, has crossed swords with the then CM Nayanar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented