ബാലുശ്ശേരിയിലെ വിദ്യാർഥികൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: ആറാംക്ലാസ് മുതലുള്ള സ്കൂൾ വിദ്യാർഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെൻഡർ ന്യൂട്രൽ) മാക്കണമെന്ന നിർദേശവുമായി എൻ.സി.ഇ.ആർ.ടി.
ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കുട്ടികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്കൂൾ ജീവനക്കാർക്കായി പുറത്തിറക്കിയ കരടുനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്.ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമാണ്. അതിനാൽ ലിംഗ നിഷ്പക്ഷമായ യൂണിഫോം തിരഞ്ഞെടുക്കാം.
അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഒരു ഡിസൈനർ സ്ഥാപനം രൂപകല്പനചെയ്തതായിരിക്കണം യൂണിഫോം. ലിംഗഭേദമെന്യേ പാന്റ്സും ഷർട്ടുംപോലുള്ള യൂണിഫോമുകൾ എല്ലാതരം സ്കൂൾ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണെന്നും നിർദേശത്തിലുണ്ട്. അധ്യാപകരുൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗ വിവേചനമില്ലാതെ ട്രാൻസ്ജെൻഡർമാരെയും നിയമിക്കണം. എല്ലാ വിദ്യാഭ്യാസസ്ഥാപനത്തിലും കോഴ്സുകളിലേക്കുമുള്ള അപേക്ഷാ ഫോമുകളിൽ ലിംഗം അടയാളപ്പെടുത്താൻ ‘ട്രാൻസ്ജെൻഡർ’ വിഭാഗം ഉൾപ്പെടുത്തണം. ഇവർക്കായി പ്രത്യേക സ്കോളർഷിപ്പിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കണം. ഇവർക്കുനേരെയുള്ള റാഗിങ് തടയാൻ പ്രത്യേക സമിതികൾ രൂപവത്കരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾ, അധ്യാപകർ, പരിശീലനം ലഭിച്ച മനഃശാസ്ത്ര കൗൺസലർമാർ എന്നിവർ സമിതിയംഗങ്ങളാകണമെന്നും കരടിൽ പറയുന്നു.
മറ്റു നിർദേശങ്ങൾ
• ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ കുടുംബവുമായി സ്കൂൾ മേധാവികൾ നേരിട്ട് ബന്ധംപുലർത്തണം.
• ഭിന്നശേഷി വിദ്യാർഥികൾക്കു നൽകുന്നതിനു സമാനമായി ട്രാൻസ്ജെൻഡർ കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിന് പ്രത്യേകശ്രദ്ധ നൽകണം.
• സ്കൂൾ ജീവനക്കാരുടെ ബോധവത്കരണത്തിന് ശില്പശാലകൾ പതിവാക്കണം.
• രക്ഷാകർത്തൃ-അധ്യാപക സംഘടനകൾ, സാമുദായിക നേതാക്കൾ എന്നിവ മുഖേന ‘ലിംഗ വൈവിധ്യം’ എന്ന വിഷയത്തിൽ ചർച്ചകൾനടത്തണം.
• അക്കാദമിക-അക്കാദമികേതര സ്കൂൾ പ്രവർത്തനങ്ങളിലും ലിംഗവിവേചനം പാടില്ല.
Content Highlights: Gender Neutral Uniform
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..