ജി 20 ഉച്ചകോടി; ഇന്ത്യയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്ന സാധ്യതകള്‍


പി.എം നാരായണന്‍

17-ാമത്‌ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇൻഡൊനീഷ്യയിലെ ബാലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാവുന്നത്.അതിന്റെ പ്രസിഡന്റുസ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നു എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പ്രത്യേകത. ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചേർന്നിരുന്ന് ചിന്തിക്കാനുള്ള വേദിയാണിത്. അതുകൊണ്ടാണ് അതിഥിരാജ്യമായ ഇൻഡൊനീഷ്യ ഉച്ചകോടിയുടെ മുഖ്യ മുദ്രാവാക്യമായി ‘റിക്കവർ ടുഗതർ, റിക്കവർ സ്‌ട്രോങ്ങർ’ എന്ന് പ്രഖ്യാപിച്ചത്.

കരുത്തർക്കിടയിലെ പോര്‌

സാമ്പത്തികമായി നടുവൊടിഞ്ഞു കിടക്കുകയാണെങ്കിലും കോവിഡനന്തരലോകത്ത് വിള്ളലുകൾ വളരുകയാണ്. ചേർന്നിരിക്കാനുള്ള വിമുഖതകൊണ്ടാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഈ ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. റഷ്യയെ ജി 20-ൽനിന്ന് പുറത്താക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ രണ്ടുചേരിയായി തിരിച്ചിട്ടുണ്ട്. പിടിഞ്ഞാറിന്റെ ശത്രുവാണ് റഷ്യ. പക്ഷേ, ഇന്ത്യക്ക് മിത്രമാണ് അവർ. ലോകവേദിയിൽ മീശപിരിച്ചുനിൽക്കുന്ന ചൈനയും അതുകണ്ട് പുകയുന്ന അമേരിക്കയും പിന്നെ ഓസ്‌ട്രേലിയയും ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജന്റീനയും ജി 20-യിലെ അംഗങ്ങളാണ്. ഗ്രൂപ്പിലെ അംഗമായ റഷ്യയുടെ പേരുകേട്ടാൽമതി, യൂറോപ്യൻ രാജ്യങ്ങളുടെ ചോരതിളയ്ക്കും.

ഇത്തരമൊരു ഗ്രൂപ്പിന്റെ നേതൃത്വമാണ് ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കുന്നത്. വലിയ വെല്ലുവിളിയാണ് ഇന്ത്യക്കുമുന്നിലുള്ളത്. വലിയ സാധ്യതകളും. ഈവർഷം ഡിസംമ്പർ ഒന്നുമുതൽ അടുത്തവർഷം നവംബർ മുപ്പതുവരെയാണ് ഇന്ത്യയുടെ നേതൃകാലം. അടുത്തവർഷം സെപ്‌റ്റംബറിൽ ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ വേദിയാവും.

കരുത്തരുടെ കൂട്ടായ്‌മ

കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. 1999-ൽ കിഴക്കനേഷ്യാ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്‌കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതായിരുന്നു. അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്.

അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്. ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാർത്തന്നെ നേരിട്ട് പങ്കെടുക്കുന്ന ഒരു വേദിയാവുന്നത് ആ വർഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ജി 20 വലിയ കൂട്ടായ്മയായി പരിണമിച്ചു.

കേവലം സാമ്പത്തികമേഖലയ്ക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി ഈ സംഘടന വളർന്നിട്ടുണ്ട്. സ്ഥിരം ആസ്ഥാനമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡൻസി ഓരോവർഷം ഓരോ രാജ്യങ്ങളിലേക്കായി തിരിഞ്ഞുവരും. അങ്ങനെ കിട്ടിയതാണ് ഇന്ത്യക്ക് ഇപ്പോൾ ഈ സ്ഥാനം.

കൂടിക്കാഴ്ചകൾ

പുതിൻ പങ്കെടുക്കുന്നില്ലെങ്കിലും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും ചൈനീസ് പ്രീമിയർ ഷി ജിൻ പിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കും. ഇരുവരും കണ്ട് സംസാരിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവരുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

അധികാരം അരക്കിട്ടുറപ്പിച്ചശേഷമാണ് ഷി ബാലിയിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാകട്ടെ, ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ ക്ഷീണത്തിലാണ്. ഏതായാലും, ലോകത്തെ ഒന്നുംരണ്ടും രാജ്യത്തെ നേതാക്കൾക്ക് പരസ്പരംകണ്ട് സംസാരിക്കാൻ ഈ ഉച്ചകോടി വേദിയാവുന്നു എന്നത് ആശ നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ കാണും. ഇവർക്കിടയിലെ ആദ്യ കൂടിക്കാഴ്ചയാവും ഇത്. ഈമാസം നടക്കാനിരുന്ന ഇന്ത്യ സന്ദർശനം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ മാറ്റിവെച്ചിരുന്നു. അദ്ദേഹവുമായും മോദി, ബാലിയിൽ കൂടിക്കാഴ്ച നടത്തും.

വികസ്വരരാജ്യങ്ങളുടെ ശബ്ദം

വികസ്വര രാജ്യങ്ങളുടെ (Global South) പ്രതിനിധിയായാണ് ഇന്ത്യ സ്വയം നിർവചിക്കുന്നത്. അടുത്തവർഷം ഡൽഹിയിൽ നടക്കുന്ന ആഗോള സമ്മേളനത്തിനുമുമ്പ്, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുനൂറോളം ചെറുസഭകൾ ചേരുന്നുണ്ട്. ഈ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത് ഇന്ത്യയുടെ ‘ജി 20 ഷെർപ്പ’ അമിതാഭ്കാന്ത് ആണ്. ലോകനേതാക്കൾ ഇതിൽ പങ്കെടുക്കും. ലോകനേതാക്കൾക്ക് വഴികാട്ടുന്ന ജി 20 സംഘാടകരെ ‘ഷെർപ്പ’ എന്നാണ് വിളിക്കുക. ഈ മീറ്റിങ്ങുകളിൽ ഉരുത്തിരിയുന്ന നിലപാടുകളാവും ഇന്ത്യയുടേത്. ഇൻഡൊനീഷ്യയിൽനിന്ന്‌ ഇന്ത്യ ഏറ്റെടുക്കുന്ന പ്രസിഡന്റുസ്ഥാനം അടുത്തവർഷം ഇന്ത്യ ബ്രസീലിന് കൈമാറും. ഗ്ലോബൽ സൗത്തിൽനിന്നുള്ള മൂന്നുരാജ്യങ്ങൾ തുടർച്ചയായ മൂന്നുവർഷം ജി 20-ന്റെ നേതൃസ്ഥാനം വഹിക്കുന്നു എന്നതും ഇപ്പോഴത്തെ പ്രത്യേകതയാണ്.

ഇന്ത്യൻ നയതന്ത്രം കൂടുതൽ സമഗ്രവും ശക്തവുമാണിന്ന്. കോവിഡനന്തര ലോകം ഇന്ത്യൻ നിലപാടുകളെ കൂടുതൽ ഗൗരവമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഇന്ത്യൻ നയതന്ത്ര വിജയമായിവേണം കാണാൻ. റഷ്യയോടുള്ള ഇന്ത്യയുടെ സൗഹൃദനിലപാടിനെ ചൂണ്ടിക്കാട്ടി അമേരിക്കയ്ക്കോ, യൂറോപ്പിനോ ഇന്ത്യയെ മാറ്റിനിർത്താൻ ഇന്ന് സാധിക്കില്ല. റഷ്യയോടും യുക്രൈനിനോടും ഒരേസമയം സമദൂരംനിന്ന്‌ സംസാരിക്കാൻ കഴിവുള്ള അപൂർവം ലോകരാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ഒട്ടേറെ വിള്ളലുകളുള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. വിള്ളലുകളെ വിളക്കിച്ചേർക്കാനും മൂന്നാംലോക രാജ്യങ്ങളുടെ ശബ്ദമാകാനും ഇന്ത്യക്ക് ലഭിച്ച വേദിയാണ് ജി 20-യുടെ അധ്യക്ഷസ്ഥാനം.

ജർമൻ ടിവി യുടെ ദക്ഷിണേഷ്യ പ്രതിനിധിയാണ് ലേഖകൻ

Content Highlights: G20 summit 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented