Photo: PTI
ന്യൂഡൽഹി: രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് നിയമപിൻബലം നൽകാനായി 1951-ൽ കൊണ്ടുവന്ന ഒന്നാം ഭരണഘടനാ ഭേദഗതി അസാധുവാക്കണമെന്ന ഹർജിയിലെ നിയമപ്രശ്നം പരിശോധിക്കാൻ സുപ്രീംകോടതി. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിന് ദോഷംവരുത്തുന്നതാണ് ഒന്നാം ഭേദഗതിയെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ. രാധാകൃഷ്ണൻ നൽകിയ ഹർജി ഫെബ്രുവരിയിൽ പരിഗണിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.
അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിലാണ് ജവാഹർലാൽ നെഹ്രു സർക്കാർ ഭേദഗതി കൊണ്ടുവന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന് യുക്തിപരമായ നിയന്ത്രണങ്ങൾ 19-ാം അനുച്ഛേദത്തിന്റെ രണ്ടാം വകുപ്പിൽ ഉണ്ടെന്നിരിക്കെ, അതിൽ രണ്ട് കൂട്ടിച്ചേർക്കലുകളാണ് ഭേദഗതിയിലൂടെ വരുത്തിയത്. ക്രമസമാധാന താത്പര്യം, കുറ്റകൃത്യത്തിന് പ്രേരണ എന്നീ വാചകങ്ങൾ കൂട്ടിച്ചേർക്കുക വഴി ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം (124-എ), വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷം പരത്തൽ (153-എ), മതവികാരം വ്രണപ്പെടുത്തൽ, പൊതുസമൂഹത്തിന് ദ്രോഹം ചെയ്യുന്ന പ്രസ്താവനകൾ (505) എന്നീ കുറ്റങ്ങൾക്ക് നിയമപിൻബലമായി.
ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്കെതിരായ ഭേദഗതികൾ വരുത്താനാവില്ലെന്ന് കേശാനന്ദഭാരതി കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. എന്നിരിക്കെ പൗരന്മാരുടെ മൗലികാവകാശത്തിന് വിഘാതമായി ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ല. ഭരണഘടനയുടെ സൃഷ്ടിയായ പാർലമെന്റിന് ഭരണഘടനയെ മറികടക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Content Highlights: First Amendment of the Constitution
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..