കൂത്താണ്ടവൻ കോവിലിൽ ഉത്സവത്തിന്റെ ഭാഗമായി എത്തിയ ട്രാൻസ്‌ജെൻഡറുകൾ | ഫോട്ടോ:മാതൃഭൂമി
ചെന്നൈ: ട്രാന്‍സ്ജെന്‍ഡറുകളുടെ ആരാധനാമൂര്‍ത്തി കുടികൊള്ളുന്ന കൂവാഗം എന്ന കൊച്ചുഗ്രാമത്തില്‍ ഇനി ആഘോഷനാളുകള്‍. ഇവിടെയുള്ള കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി ഉത്സവം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ ഉളുന്തൂര്‍പേട്ടയ്ക്കടുത്താണ് കുവാഗം കൂത്താണ്ടവര്‍ കോവില്‍. 22 വരെ നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് ട്രാന്‍സ്ജെന്‍ഡറുകള്‍ എത്തും. വിദേശികളും വരാറുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ ആരാധനാ മൂര്‍ത്തിയായ അറവാണന്‍ കുടികൊള്ളുന്നത് കൂത്താണ്ടവര്‍ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. ചിത്രാപൗര്‍ണമിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഏപ്രിലില്‍ 18 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം അരങ്ങേറും.
പ്രധാനചടങ്ങുകളായ തിരുക്കന്തിരത്തലും താലികെട്ടലും ഇത്തവണ 19-നാണ് നടക്കുക. താലികെട്ടിനുശേഷം ആചാരപ്രകാരം കുമ്മിയടിയും പാട്ടും ഉള്‍പ്പെടെയുള്ള കലാപ്രകടനങ്ങളുണ്ടാകും. 20-ന് രാവിലെ തേരോട്ടത്തിനുശേഷം താലിച്ചരടുകള്‍ മുറിച്ചെറിയുന്ന വികാരഭരിതമായ ചടങ്ങുകളാണ് നടക്കുക.
22-ന് പട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും 'മിസ് കൂവാഗം'സൗന്ദര്യമത്സരം 18-ന് നടക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. മഹാഭാരത കഥയുമായി ബന്ധമുള്ളതാണ് കൂത്താണ്ടവര്‍ ഐതിഹ്യം. അര്‍ജുനന്റെ നാലുമക്കളില്‍ ഒരാളാണ് അറവാണന്‍ എന്ന കൂത്താണ്ടവര്‍. കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനുമുമ്പ് വിവാഹം കഴിക്കണമെന്ന് അറവാണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യുദ്ധത്തില്‍ മരിക്കുമെന്ന ഭയത്താല്‍ അറവാണനെ വിവാഹം കഴിക്കാന്‍ ആരും തയ്യാറായില്ല.
മഹാവിഷ്ണു മോഹിനിരൂപത്തിലെത്തി വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചു. യുദ്ധത്തില്‍ അറവാണന്‍ മരിച്ചു. അറവാണനെ വിവാഹം കഴിക്കാന്‍ തങ്ങളുണ്ടെന്ന ഐക്യപ്രഖ്യാപനം കൂടിയാണ് കൂത്താണ്ടവര്‍ ക്ഷേത്രോത്സവം. അതുകൊണ്ടാണ് താലികെട്ട് പ്രധാന ചടങ്ങായത്. സുന്ദരികളായി എത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഴുത്തില്‍ ക്ഷേത്രം പൂജാരി മഞ്ഞള്‍ താലിച്ചരട് ചാര്‍ത്തും. അതോടെ അറവാണന്റെ വധുവായി അവര്‍ സ്വയം സങ്കല്‍പ്പിക്കും. ആ സന്തോഷത്തിന്റെ പ്രതീകമായാണ് ഒരുരാത്രി മുഴുവനുമുള്ള കുമ്മിയടിയും പാട്ടും.
.jpg?$p=00ff933&&q=0.8)
എന്നാല്‍ നേരം പുലരുന്നതോടെ ആഘോഷം വിഷാദത്തിലേക്കു വഴിമാറും. യുദ്ധത്തില്‍ മരിച്ച അറവാണനെ ഓര്‍ത്ത് താലികെട്ടിയവരെല്ലാം തേങ്ങും. തുടര്‍ന്ന് അവര്‍ താലി അറക്കുകയും കൈകളിലെ കുപ്പിവളകള്‍ ഉടയ്ക്കുകയും കുങ്കുമം മായ്ച്ചുകളയുകയും നെഞ്ചത്തടിച്ച് പൊട്ടിക്കരയുകയും ചെയ്യും.
തുടര്‍ന്ന് കുളിച്ച് അറവാണന്റെ വിധവയായി സങ്കല്പിച്ച് വെളുത്തവസ്ത്രം ധരിച്ച് പുറത്തുവരും. കേരളത്തില്‍നിന്ന് ഒട്ടേറെപ്പേര്‍ കൂത്താണ്ടവര്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്.
Content Highlights: festival kick starts off in koothandavar temple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..