ന്യൂഡല്‍ഹി: സ്ത്രീകളുടെ ചേലാകര്‍മ്മവും ശബരിമലയിലെ സ്ത്രീപ്രവേശവും ഒരു പോലെ കാണേണ്ട വിഷയങ്ങളാണെന്ന് സുപ്രീം കോടതിയില്‍ വാദം. സ്ത്രീകളുടെ ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നവര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിയാണ് ചീഫ് ജസ്റ്റിസ് അംഗമായ സുപ്രീം കോടതി ബെഞ്ചിനു മുന്നില്‍ ഈ വാദം ഉന്നയിച്ചത്. 

സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി ഇന്ന് ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് വേദിയായി. വിഷയത്തെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെടുത്തി പോലും വാദങ്ങളുണ്ടായി.  

സ്ത്രീകളുടെ ചേലാകര്‍മ്മവും ശബരിമലയിലെ സ്ത്രീപ്രവേശനവും വര്‍ഷങ്ങളായുള്ള വിശ്വാസങ്ങളുടെ ഭാഗമാണെന്നാണ് മനു അഭിഷേഖ് സിംഗ്‌വി വാദിച്ചത്. ശബരിമല സ്ത്രീ പ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായി സ്ത്രീ പ്രവേശന നിയന്ത്രണം നിലനിര്‍ത്തണമെന്ന് വാദിച്ചതും സിംഗ്‌വി ആണ്. സ്ത്രീകളുടെ ചേലാകര്‍മ്മത്തെ പിന്തുണയ്ക്കുന്ന ദാവൂദി ബോറ വിഭാഗത്തിന് വേണ്ടിയാണ് സിംഗ്‌വി ഹാജരായത്. 

സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്ന ആവശ്യത്തില്‍ ദാവൂദി ബോറ സമുദായത്തില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. ഒരു വിഭാഗം ചേലാകര്‍മ്മത്തെ  പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ക്കുകയാണ് ചെയ്യുന്നത്. ശബരിമല കേസ് പരിഗണിക്കുന്ന ഭരണഘടന ബഞ്ചില്‍ അംഗങ്ങളായ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ്മാരായ ഡി. വൈ. ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ചേലാകര്‍മ്മ ഹര്‍ജിയും പരിഗണിക്കുന്നത്. 

അതുകൊണ്ട് തന്നെ ബെഞ്ചിനും അഭിഭാഷകനും ഒരേ പോലെ ഈ വിഷയങ്ങളെ ബന്ധപെടുത്താന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ചേലകര്‍മ്മത്തെ പിന്തുണച്ച് സിംഗ്‌വി നടത്തിയ വാദങ്ങളും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടിയും

സിംഗ്‌വി: ദാവൂദി ബോറ സമുദായക്കാര്‍ പരിഷ്‌കൃതരും സമൂഹത്തില്‍ ഉന്നത നിലവാരമുള്ളവരും ആണ്. ചേലാകര്‍മ്മം നടത്തുന്നത് പ്രത്യേകം പരിശീലനം ലഭിച്ചവരാണ്. മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെ ലോകത്തില്‍ എത്രയോ സ്ത്രീകള്‍ പ്‌ളാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതുപോലെ സ്വാഭാവികമായി മാത്രം ചേലകര്‍മ്മത്തെയും കണ്ടാല്‍ മതി.

ജസ്റ്റിസ് ചന്ദ്രചൂഡ്: സ്ത്രീകള്‍ പ്‌ളാസ്റ്റിക് സര്‍ജറി ചെയ്യുന്നതും ചേലാകര്‍മ്മവുമായി ചേര്‍ത്തു പറയാന്‍ കഴിയില്ല. പ്രായപൂര്‍ത്തിയാവര്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതിന് കുട്ടികളില്‍ നടക്കുന്ന ചേലാകര്‍മ്മവുമായി ബന്ധമില്ല.

സിംഗ്‌വി: സുന്നി, ഷിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ മുസ്ലിം വിശ്വാസികളായ പുരുഷന്‍മാരും സുന്നത്ത് ചെയ്യുന്നുണ്ട്. ചേലാകര്‍മ്മം സ്ത്രീകളുടെ യോനിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കും. സുന്നത്ത് നടത്താന്‍ പുരുഷന്‍മാരെ അനുവദിക്കുമ്പോള്‍ ചേലാകര്‍മ്മം നടത്തുന്നതില്‍നിന്ന് സ്ത്രീകളെ എങ്ങനെയാണ് വിലക്കുക?

ജസ്റ്റിസ് ചന്ദ്രചൂഡ്: സുന്നത്തും ചേലകര്‍മ്മവും വ്യത്യസ്തമാണ്. സുന്നത്ത് ആശുപത്രിയില്‍വച്ച് ഡോക്ടറാണ് നടത്തുന്നത്. അതിനു ശാസ്ത്രീയമായ പല ഗുണങ്ങളും ഉണ്ട്.

സിംഗ്‌വി: ദാവൂദി ബോറ സമുദായക്കാര്‍ വിദ്യാസമ്പന്നരാണ്. സമുദായത്തിന് നൂറ് ശതമാനം സാക്ഷരതയുണ്ട്. പുരുഷന്‍മാരെക്കാള്‍ വിദ്യാഭ്യാസം നേടിയവരാണ് സ്ത്രീകള്‍. ദാവൂദി ബോറകള്‍ മുത്തലാഖ് പിന്തുടരുന്നില്ല. മതപരമായ പരിശുദ്ധിയുടെ ഭാഗമായിട്ടാണ് ചേലാകര്‍മ്മത്തെ കാണുന്നത്. ജനനേന്ദ്രിയത്തിലെ തൊലിയുടെ നേര്‍ത്ത പാളിയാണ് മാറ്റുന്നത്. ചേലാകര്‍മ്മം നടക്കുമ്പോള്‍ സ്ത്രീകള്‍ക്കല്ലാതെ മററാര്‍ക്കും പ്രവേശനമില്ല. കുട്ടിയുടെ പിതാവിനെ പോലും അനുവദിക്കാറില്ല. ഇതൊരു പ്രാകൃത പ്രവൃത്തിയല്ല.

ജസ്റ്റിസ് ചന്ദ്രചൂഡ്: ചേലാകര്‍മ്മത്തിലുള്ള വിഷയങ്ങള്‍ ഇവയാണ്. 1. ഡോക്ടറുടെ സാന്നിധ്യത്തിലല്ല നടക്കുന്നത്. 2. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അമ്മയല്ലാതെ മറ്റൊരാള്‍ തൊടുന്നു. 3. ആശുപത്രിയിലല്ല ഇത് നടക്കുന്നത്. 4. അനസ്‌തേഷ്യ നല്‍കുന്നില്ല.

സിംഗ്‌വി: ഇതെല്ലാം നേരത്തെ ഉണ്ടായിരുന്ന സാഹചര്യങ്ങളാണ്. സമൂഹം പരിഷ്‌കൃതമായതോടെ ഇതിലെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ചേലാകര്‍മ്മത്തെ കുട്ടി എതിര്‍ത്താല്‍ എന്താണ് സംഭവിക്കുക? ഇത്രയധികം വേദന ഉണ്ടാവുമ്പോള്‍ കുട്ടി എതിര്‍ക്കുമെന്ന കാര്യം ഉറപ്പാണ്. അപ്പോള്‍ ആരെങ്കിലും കുട്ടിയെ പിടിച്ചു വെക്കേണ്ടി വരും. ബലപ്രയോഗം വേണം.

സിംഗ്‌വി: വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് എടുക്കാറില്ലേ. അപ്പോള്‍ കുട്ടികള്‍ കരയാറില്ലേ. എന്നു കരുതി വാക്‌സിനേഷന്‍ വേണ്ടെന്നു വയ്ക്കാറില്ലല്ലോ. ചേലാകര്‍മ്മം ഡോക്ടറുടെ സാന്നിധ്യത്തില്‍ ചെയ്യാമെന്ന് കോടതിക്ക് ഉറപ്പ് തരാന്‍ തയ്യാറാണ്. അമ്മ, ഡോക്ടര്‍, സഹായി എന്നിവര്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടാവുക.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഒരു ഡോക്ടറും ചേലാകര്‍മ്മം ആശുപത്രിയില്‍ ചെയ്യാന്‍ തയ്യാറാകുമെന്ന് കരുതുന്നില്ല. ഇതു കാരണം എത്രവേദനയാണ് കുഞ്ഞ് അനുഭവിക്കുക. നിങ്ങള്‍ ഒരു കുട്ടിയുടെ ജനനേന്ദ്രിയത്തിലാണ് മുറിവുണ്ടാക്കുന്നത്.

ഹര്‍ജിയില്‍ അടുത്ത 9, 10 തിയ്യതികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരും.