പ്രതീകാത്മക ചിത്രം | Photo-PTI
കൊച്ചി: അച്ഛനാരെന്നറിയാത്ത യുവാവിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരൊഴിവാക്കി അമ്മയുടെ മാത്രം ചേര്‍ത്ത് പുതിയത് നല്‍കണമെന്ന് ഹൈക്കോടതി. നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേരൊഴിവാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എല്ലാ സര്‍ട്ടിഫിക്കറ്റിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് അജ്ഞാതനില്‍നിന്ന് ഗര്‍ഭിണിയായി പ്രസവിച്ച അമ്മയും മകനുമായിരുന്നു ഹര്‍ജിക്കാര്‍. വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അവര്‍ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെകൂടി സന്തതികളാണെന്നും കോടതി ഓര്‍മിപ്പിച്ചു.
സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കിനല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി നല്കിയ ഹര്‍ജിയാണ് അനുവദിച്ചത്. മഹാഭാരതകഥയിലെ 'കര്‍ണന്റെ' ദുരിതപര്‍വം വിവരിക്കുന്ന കഥകളിപ്പദങ്ങളും വിധിന്യായത്തിലുണ്ട്. പുതിയകാലത്തെ കര്ണന്മാര്ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനാകോടതികളും ഉറപ്പാക്കും.
ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉള്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു ആവശ്യം. ജനനസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. ബുക്ക്, പാസ്പോര്‍ട്ട് എന്നിവയില്‍ പിതാവിന്റെ പേര് മൂന്നുതരത്തിലായിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷനല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹിതരല്ലാത്ത അമ്മമാരുടെയും ബലാത്സംഗത്തിനിരയായ അമ്മമാരുടെയും മക്കള്‍ക്കും അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.
കേന്ദ്രനിര്‍ദേശം
അമ്മയുടെ പേരുമാത്രം രേഖപ്പെടുത്തി ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന അപേക്ഷ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ അമ്മ നല്കുന്ന സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. 2015 ജൂലായ് ആറിനായിരുന്നു ഈ വിധി. ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തതവരുത്തി മറ്റൊരു ഉത്തരവിറക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..