ഗുസ്‌തോവ് പെട്രോ
ലാറ്റിനമേരിക്കന്‍ പിങ്ക് വേലിയേറ്റത്തില്‍ ഒരു ചുവന്ന പൂ കൂടി വിരിഞ്ഞിരിക്കുന്നു. 212 വര്‍ഷത്തെ മധ്യ-വലതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് കൊളംബിയന്‍ ജനത മുന്‍ ഗറില്ല നേതാവും തീവ്ര ഇടതുപക്ഷ നിലപാടു കാരനുമായ സെനറ്റര്‍ ഗുസ്‌തോവ് പെട്രോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു.
പതിറ്റാണ്ടുകളായി മുതലാളിത്ത പാതയില്‍ ചരിക്കുന്ന കൊളംബിയയില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റം ലാറ്റിനമേരിക്കയിലെ പിങ്ക് വേലിയേറ്റത്തില്‍ പുതു അധ്യായമാണ്. വെനസ്വേല, അര്‍ജന്റീന, ചിലി, ബൊളീവിയ, പരാഗ്വേ, പെറു തുടങ്ങിയ രാജ്യങ്ങളുടെ ചുവടുപിടിച്ചു കൊളംബിയയിയും ചരിത്രം രചിച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ഗാര്‍ഹിക തൊഴിലാളിയും ആയിരുന്ന ആഫ്രോ- കൊളംബിയന്‍ വനിതാ ഫ്രാന്‍സിയ മാര്‍ക്കേസിനെ തിരഞ്ഞെടുത്തതിലൂടെ രാജ്യത്തിന്റെ ആദ്യ കറുത്ത വംശജയായ വൈസ് പ്രസിഡന്റ്‌നെയും കൊളംബിയന്‍ ജനത സൃഷ്ടിച്ചിരിക്കുന്നു.
.jpg?$p=430c1f1&&q=0.8)
പുരോഗമന ചിന്താഗതിയുടെ ഒരു കൊടുങ്കാറ്റ് കൊളംബിയന്‍ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളില്‍ ആഞ്ഞുവീശീയിരിക്കുന്നു. 'കൊളംബിയന്‍ ട്രംപ്' എന്നറിയപ്പെടുന്ന, അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ വക്താവും മുന്‍ മേയറും അഴിമതി കേസിലെ പ്രതിയുമായ കെട്ടിടനിര്‍മ്മാണ ഭീമന്‍ റുഡോള്‍ഫ് ഹെര്‍ണാണ്ടസിനെയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പെട്രോസ് പരാജയപ്പെടുത്തിയത്. സ്ത്രീകള്‍ പ്രസവിക്കാനുള്ള യന്ത്രങ്ങള്‍ മാത്രമാണ്, താന്‍ മഹാനായ ജര്‍മന്‍ ചിന്തകന്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആരാധകനാണ് തുടങ്ങിയ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിത്വമാണ് ഹെര്‍ണാണ്ട്‌സ്. നവമാധ്യമങ്ങളുടെ സാധ്യതയെ നന്നായി ഉപയോഗിക്കുന്ന ഇദ്ദേഹത്തിന് 'ടിക്കടോക് കിങ്' എന്നൊരു അപരനാമവും ഉണ്ട്.
എം 19 എന്നറിയപ്പെടുന്ന റാഡിക്കല്‍ ലെഫ്റ്റ് ഗ്രൂപ്പിന്റെ അംഗമായിരുന്നു ഗുസ്‌തോ പെട്രോസ്, 18 മാസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1985 ഓടുകൂടി തീവ്രവാദ നിലപാടുകള്‍ ഉപേക്ഷിച്ച് എം 19 ജനാധിപത്യ വിപ്ലവത്തിന്റെ പാത സ്വീകരിച്ചു. കൊളംബിയന്‍ രാഷ്ട്രീയത്തില്‍ സജീവമായ പെട്രോസ് കൊളംബിയന്‍ സെനറ്റുംബോഗോട്ട നഗരത്തിന്റെ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2018ലെ പ്രസിഡണ്ട് ഇലക്ഷനില്‍ ഇവാന്‍ ഡ്യൂക്ക്‌നോട് പരാജയപ്പെട്ടെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ 'ഹിസ്റ്റോറിക്കല്‍ പാക്ട്'' രൂപീകരിച്ചു കൊണ്ടാണ് 2022ല്‍ ചരിത്രം സൃഷ്ടിച്ച വിജയം കൈവരിച്ചത്.
Also Read
പ്രധാന വാഗ്ദാനങ്ങള്‍
കൊളംബിയന്‍ വരേണ്യവര്‍ഗ്ഗം കയ്യടക്കി വെച്ചിരിക്കുന്ന കൊളംബിയന്‍ സമ്പത്തിന്റെ സാമൂഹ്യ വിതരണവും, അഴിമതിക്കെതിരായ നടപടികളും വാഗ്ദാനം ചെയ്യുന്നുണ്ട് പെട്രോസ്. ഭൂപരിഷ്‌കരണം, തൊഴില്‍ അവകാശങ്ങളുടെ പുനഃസ്ഥാപനം, ആഫ്രോ-കൊളംബിയന്‍ വംശജര്‍ക്കും ആദിവാസികള്‍ക്കും തുല്യ അവകാശവും നീതിയും , യൂണിവേഴ്‌സിറ്റിയില്‍ സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം ഉറപ്പുവരുത്തല്‍, പ്രകൃതിസംരക്ഷണം എന്നിവയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആയി അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
അമേരിക്കന്‍ കമ്പനികള്‍ കയ്യടക്കി വെച്ചിരിക്കുന്ന കൊളംബിയന്‍ എണ്ണ പരിവേഷണവും വിപണനവും ദേശസാല്‍കരിക്കുമെന്ന പ്രസ്താവനയും ഇലക്ഷനില്‍ യുവ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയ്തിട്ടുണ്ട്.
മറ്റ് അനുകൂലഘടകങ്ങള്‍
സാമൂഹ്യപ്രവര്‍ത്തകയും ആഫ്രോ-കൊളംബിയന്‍ വംശജയുമായ ഫ്രാന്‍സിയ മാര്‍കേസിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലൂടെ പാര്‍ശവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജിക്കാന്‍ പെട്രോസിന് ആയി. റവല്യൂഷണറി ആമ്ഡ് ഫോഴ്‌സ് ഓഫ് കൊളംബിയ (FARC) എന്ന തീവ്രവാദ ഇടതുപക്ഷ പ്രസ്ഥാനവുമായി 2016ല്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം തീവ്രവാദ നിലപാടുകള്‍ ഉപേക്ഷിച്ചതും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിച്ചതും 2022 ലെ ഇടതുപക്ഷ ജയം സാധ്യമാക്കിയ ഘടകങ്ങളിലൊന്നാണ്.
ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ രാജ്യവും നാലാമത്തെ സാമ്പത്തിക ശക്തിയുമായ കൊളംബിയയിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ പട്ടിണിയിലാണ്. തൊഴിലവസരങ്ങളോ മികച്ച വിദ്യാഭ്യാസ സാധ്യതകളെ ഇല്ലാത്ത കൊളംബിയന്‍ ജനതയുടെ പ്രതിഷേധം 2018 ല്‍ തെരുവിലേക്കു വലിച്ചിഴക്കപ്പെട്ടിരുന്നു. വലതുപക്ഷ-മധ്യവര്‍ഗ്ഗ സർക്കാരുകൾക്ക് കൊളംബിയയുടെ സാമൂഹിക- സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിന് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിഞ്ഞില്ല. അവിടെയാണ് പെട്രോസിന്റെ ഇടതുപക്ഷ നിലപാടുകള്‍ സ്വീകാര്യമായത്.
കൊളംബിയന്‍ പ്രസിഡന്റിനേക്കാള്‍ പ്രശസ്തരായ ലഹരിമാഫിയ തലവന്മാര്‍ ഉണ്ടായിരുന്ന കൊളംബിയ ലോക കൊക്കൈന്‍ നിര്‍മ്മാണത്തിന്റെ തലസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് അറുതിവരുത്താന്‍ കൊക്കൈന്‍ നിര്‍മ്മാണത്തിന് ആവശ്യമായ കോക്കാ (Coca) നിയമവിധേയമാക്കി ജനങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചനയിലുണ്ട്.

അമേരിക്ക എന്ന പ്രതിഭാസം
ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം എല്ലാകാലത്തും അമേരിക്കയുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്ന ഇടമാണ്. ലാറ്റിനമേരിക്കയെ തങ്ങളുടെ ഇടം ആയി കാണുന്ന അമേരിക്കന്‍ രാഷ്ട്രീയ നയം ആണ് പലപ്പോഴും ലാറ്റിനമേരിക്കയിലെ പ്രതിവിപ്ലവത്തെ ത്വരിതപ്പെടുത്തിയത്. പലപ്പോഴും ഈ പ്രതി വിപ്ലവത്തിന്റെ പ്രഭവസ്ഥാനം ആയിരുന്നു കൊളംബിയ.
കൊളംബിയന്‍ രാഷ്ട്രീയമാറ്റം കൊളംബിയന്‍-അമേരിക്കന്‍ ബന്ധത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റമെന്ത് എന്ന് കാത്തിരുന്നു കാണേണ്ടി വരും. കൊളംബിയയില്‍ ഏകദേശം ഏഴോളം അമേരിക്കന്‍ സേനാ താവളങ്ങള്‍ ഉണ്ട്. പെട്രോസിന്റെ സാമ്പത്തിക, വിദേശ നയങ്ങള്‍ അമേരിക്കയ്ക്കു ഹിതകരമാകാന്‍ സാധ്യതയില്ല. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത സര്‍ക്കാരുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ ലാറ്റിനമേരിക്കന്‍ നയങ്ങളെ എതിര്‍ത്തു തോല്‍പ്പിച്ചാല്‍ മാത്രമേ കൊളംബിയയിൽ ചുവപ്പു വസന്തം നീണ്ടു നില്‍ക്കുകയുള്ളൂ. പെട്രോസിന്റെ വിജയത്തെ അഭിനന്ദിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൊളംബിയ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന പ്രത്യാശയാണ് പ്രകടിപ്പിച്ചത്.
അയലത്തെ വെനെസ്വേല
പതിനാറാം നൂറ്റാണ്ടു മുതല്‍ സ്പാനിഷ് കോളനികള്‍ ആയിരുന്നു സാന്‍ഡ് മാര്‍ട്ട (ഇപ്പോഴത്തെ കൊളംബിയ) ന്യൂ ആന്‍ഡ ലൂസിയ (ഇപ്പോഴത്തെ വെനസ്വേല) സൈമണ്‍ ബൊളിവറുടെ നേതൃത്വത്തില്‍ സ്‌പെയിനില്‍ നിന്ന് വിമോചനം നേടി ഏകരാജ്യ രൂപീകരണം സാധ്യമായി എങ്കിലും ഏറെ താമസിയാതെ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ ആയി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും അത്ര ഹൃദ്യം ആയിരുന്നില്ല. ഹ്യൂഗോ ഷാവേസിന്റെ കാലഘട്ടത്തില്‍ വെനസ്വേലയും ആയി കൊളംബിയയുടെ ബന്ധം അത്ര സുഖകരമായിരുന്നില്ല. എല്ലാകാലത്തും വെനസ്വേലന്‍ പ്രതിവിപ്ലവത്തെ പിന്തുണക്കുന്ന നയമായിരുന്നു കൊളംബിയയുടെത്. പലപ്പോഴും അമേരിക്കന്‍ താത്പര്യ സംരക്ഷണം ആയിരുന്നു കൊളംബിയന്‍- വെനസ്വേലന്‍ നയതന്ത്രം. നിക്കോളോ മറുഡോയുടെ വെനസ്വേലയും ഗുസ്‌തോവ പെട്രോസിന്റെ കൊളംബിയയും ചേര്‍ന്ന് പുതിയ വികസന സങ്കല്പം ലാറ്റിനമേരിക്കയ്ക്ക് സമ്മാനിക്കുമോ എന്നു ലോകം ഉറ്റുനോക്കുന്നു.
അമേരിക്കന്‍ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് എതിരായി ലാറ്റിനമേരിക്കന്‍ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ വെനസ്വേല-കൊളംബിയന്‍ സഹകരണം സഹായകമാകും.
1991 ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് പാശ്ചാത്യലോകം പറഞ്ഞ സോഷ്യലിസ്റ്റ്/ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആഗോളവല്‍ക്കരണത്തിന് വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ് എന്ന് സൂചിപ്പിക്കുന്നതാണ് ലാറ്റിനമേരിക്കന്‍ ചുവപ്പ് വസന്തം.അവസാനം കൊളംബിയയില്‍ വരെ എത്തുന്നത് എന്നുള്ളത് ഇടതുപക്ഷ നിലപാടുകള്‍ക്ക് ആഗോള രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതാണ്.
ഫ്രാന്‍സിസ് ഭുഖ്യാമയുടെ 'എന്‍ഡ് ഓഫ് ദി ഹിസ്റ്ററി ആന്‍ഡ്ദി ലാസ്റ്റ് മാന്‍', സാമുവല്‍ ഹണ്ടിംഗ്ടണ്ണി ന്റെ 'ക്ലാഷസ് ഓഫ് സിവിലൈസേഷന്‍ ആന്‍ഡ് ദി റീ മാര്‍കിംഗ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍' ഉം ഉണര്‍ത്തിവിട്ട പ്രത്യയശാസ്ത്ര-ബൗദ്ധിക മണ്ഡലത്തില്‍ അഭിരമിക്കുന്ന മൂലധന രാഷ്ട്രീയത്തിന് ലിബറല്‍ ലെഫ്റ്റ് ഡെമോക്രാറ്റിക് വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. സ്‌പെയിനിലും ജര്‍മനിയിലും അടക്കം അധികാരത്തിലെത്തുന്ന ഈ പുത്തന്‍ രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ ഇടതുപക്ഷ ചിന്തകള്‍ക്ക് നല്‍കുന്ന ഉണര്‍വ് വലുതാണ്.
(ലേഖകന്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ്.)
Content Highlights: Ex-rebel fighter Gustavo Petro who promised social change wins Colombia’s presidency, social


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..