ap
പാരീസ്: പുതുവർഷം ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ ഇറാൻ ഭരണകൂടം നടപ്പാക്കിയത് 55 പേരുടെ വധശിക്ഷയെന്ന് റിപ്പോർട്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ (ഐ.എച്ച്.ആർ.) സംഘടനയുടെ വെളിപ്പെടുത്തൽ.
വധശിക്ഷ കൂടുതൽ നടപ്പാക്കുന്നത് സർക്കാർവിരുദ്ധപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭയം ജനിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണെന്നും സംഘടന പറയുന്നു. ഇതിൽ നാലുപേരെ തൂക്കിലേറ്റിയത് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ്. 37 പേർ ലഹരിക്കേസുകളുമായി ബന്ധപ്പെട്ടാണ് തൂക്കുകയറിനിരയായത്. വിവിധ കേസുകളിലായി 107 പേർ നിലവിൽ വധശിക്ഷ കാത്തുകഴിയുന്നുണ്ടെന്നും ഐ.എച്ച്.ആർ. പറയുന്നു.
എല്ലാ വധശിക്ഷയും രാഷ്ട്രീയപ്രേരിതമാണെന്നും സമൂഹത്തിൽ ഭയവും ഭീകരതയും വളർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. അതേസമയം, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് മൂന്നുചെറുപ്പക്കാരെ ഇറാൻ വധിച്ചെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. അതിൽ 18 വയസ്സുകാരനുമുണ്ട്. തടവുകാലയളവിൽ ഇവർ കടുത്തപീഡനം നേരിട്ടുവെന്നും ആംനെസ്റ്റി പറയുന്നു.
ശിരോവസ്ത്രം ശരിയായരീതിയിൽ ധരിച്ചില്ലെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരി മഹ്‌സ അമീനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർമുതൽ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.
പ്രക്ഷോഭകർക്കുനേരെയും സ്ത്രീകൾക്കുനേരെയും ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരേ അന്താരാഷ്ട്രതലത്തിൽ ഇറാൻ കടുത്ത ഒറ്റപ്പെടലാണ് നേരിടുന്നത്.
Content Highlights: Death penalities in Iran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..