പ്രതീകാത്മക ചിത്രം
രക്തക്കറ പുരണ്ട പാവാടയും പിന്നീട് ചുരിദാറിന്റെ ടോപ്പുമൊന്നും ആരും കാണാതെ പിടിച്ചും ക്ലാസിൽ കുടിക്കാനായി കൊണ്ടുപോയ ചൂടുവെള്ളം ആരും കാണാതെ വയറ്റിൽവെച്ചും വേദന സഹിച്ചിരിക്കുമ്പോൾ അവധി കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ച ഒരു പാട് പെൺകുട്ടികളുണ്ടാവണം. എന്നാൽ, ആ അവധി ഇന്ന് നേടിയെടുത്തിരിക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾ. എസ്.എഫ്.ഐ. വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരമാണ് സർവ്വകലാശാലയുടെ തീരുമാനം. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് സർവ്വകലാസാല കൊണ്ടുവന്നിരിക്കുന്നത്.
കുസാറ്റിലെ എല്ലാ വിദ്യാർഥികളും ആർത്തവ അവധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത്തരമൊരു മാറ്റം വന്നതോടെ മറ്റ് പല കോളേജുകളിൽ നിന്നുള്ളവരും എങ്ങനെയാണ് പ്രോപ്പോസൽ കൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി യൂണിയനെ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച് സർക്കാരിന് ഒരു പ്രോപ്പോസൽ നൽകാൻ ഒരുങ്ങുകയാണ് യൂണിയനിപ്പോൾ. ആർത്തവ അവധിയെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയാണ് കുസാറ്റിലെ അധ്യാപക വിദ്യാർഥി സമൂഹം.
ഡിസംബർ 22-നാണ് പുതിയ യൂണിയൻ അധികാരമേറ്റത്. തൊട്ടടുത്ത ദിവസം തന്നെ ഈ ആവശ്യവുമായി രജിസ്ട്രാറെ സമീപിച്ചപ്പോൾ വളരെ പോസിറ്റീവായ സമീപനമാണ് ഉണ്ടായത്. എഴുതി നൽകാൻ ആവശ്യപ്പെട്ട പ്രകാരം അടുത്ത പ്രവൃത്തി ദിവസം തന്നെ പ്രോപ്പോസൽ നൽകി. പക്ഷേ അവധി നൽകുന്നത് എത്തരത്തിൽ പ്രാവർത്തികമാക്കും എന്നതായിരുന്നു അവരുടെ പ്രശ്നം. ഒടുവിൽ രണ്ട് ശതമാനം റിലാക്സേഷൻ നൽകാമെന്ന തീരുമാനം അധികാരികൾ തന്നെ മുന്നോട്ട് വെക്കുകയായിരുന്നുവെന്ന് പറയുന്നു വിദ്യാർഥി യൂണിയൻ ചെയർപേഴ്സണായ നമിത ജോർജ് .

"രൂക്ഷമായ ആർത്തവപ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ സുഹൃത്തുക്കളും അതേ വിഷമം പറഞ്ഞ് കേട്ടിരുന്നു. ആർത്തവ ദിവസങ്ങളിൽ ഒരു അവധി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇന്ന് അത് സാധ്യമായതിൽ സന്തോഷമുണ്ട്. ആർത്തവമെന്നോ വയറുവേദനയെന്നോ പറയാൻ മടിച്ചിരുന്നവരോ അല്ലെങ്കിൽ നാണക്കേട് വിചാരിച്ചിരുന്നവരോ ആണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒരു യൂണിവേഴ്സിറ്റി തന്നെ ഇത്തരമൊരു നീക്കം നടത്തുമ്പോൾ ആർത്തവമെന്നത് നോർമലൈസ് ചെയ്യപ്പെടുകയാണ്. ഇത്തരമൊരു മാറ്റം വന്നതോടെ മറ്റ് പല കോളേജുകളിൽ നിന്നുള്ളവരും എങ്ങനെയാണ് പ്രോപ്പോസൽ കൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി ഞങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച് സർക്കാരിന് ഒരു പ്രോപ്പോസൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ." നമിത പറയുന്നു.

"പെൺകുട്ടികളുടെ ഇടയിൽ രഹസ്യമായി വെക്കേണ്ട ഒന്നാണ് ആർത്തവമെന്നും അതുമായി ബന്ധപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകൾ പെൺകുട്ടികളുടെ വിധിയാണെന്നുമുള്ള തെറ്റിധാരണയെ മാറ്റിമറിക്കുന്നതാണ് ഇപ്പോഴുണ്ടായ തീരുമാനം. മനുഷ്യരിലെ സാധാരണമായ ഒരു പ്രക്രിയയാണെന്നുള്ള വാസ്തവം എല്ലാവരിലേക്കും എത്തിക്കാൻ ഈ തീരുമാനത്തിലൂടെ കഴിയും. സ്ത്രീശാക്തീകരണമെന്ന വലിയ ലക്ഷ്യത്തെ വെറുംവാക്കിൽ ഒതുക്കാതെ അത് പ്രവർത്തിപഥത്തിൽ എത്തിച്ചിരിക്കുകയാണ് കുസാറ്റ്. കുസാറ്റ് പോലെ രാജ്യത്തെ തന്നെ അറിയപ്പെടുന്ന സർവ്വകലാശാലയിലെ ഈ ചരിത്രപരമായ തീരുമാനം രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും അനുകരിക്കുമെന്നാണ് പ്രതീക്ഷ." കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.അബേഷ് രഘുവരൻ പറഞ്ഞു.
"ആർത്തവം എന്നത് ഒരു സോഷ്യൽ ടാബൂ ആണ് ഇന്നും സമൂഹത്തിൽ. പിരീയഡ്സ് ദിവസം വീട്ടിൽ ബുദ്ധിമുട്ടുന്ന അമ്മയെ കണ്ടിട്ടുണ്ട്. തലവേദനയായും വയറു വേദനയായും ക്ലാസിലിരിക്കുന്ന സുഹൃത്തക്കളെ കണ്ടിട്ടുണ്ട്. മാനസികമായും ശാരീരികമായും പല ബുദ്ധിമുട്ടുകളും ആർത്തവ ദിവസങ്ങളിൽ അവരെല്ലാം അനുഭവിക്കുന്നത് അടുത്ത്റിഞ്ഞിട്ടുണ്ട്. മിക്ക കുട്ടികളും അറ്റൻഡൻസിന് വേണ്ടി മാത്രമാണ് ആ ദിവസങ്ങളിലെല്ലാം ക്ലാസിൽ വരുന്നത്. കുസാറ്റികൾക്ക് ഇനി ആ ദിവസങ്ങളിൽ വിശ്രമിക്കാം. പക്ഷേ അവർക്ക് മാത്രമല്ല സംസ്ഥാനത്തെ സ്കൂൾ തലം മുതലുള്ള വിദ്യാർഥിനികൾക്ക് അവധി നൽകണം. കാരണം സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന സമയമാണ്. അപ്പോൾ കൂടുതൽ ആശങ്കകളാണ് അവർക്ക് ഉണ്ടാകുക. അവർക്ക് ഒരു ആശ്വാസം എന്ന നിലയിൽ സ്കൂൾ തലം മുതൽ നടപ്പാക്കുകയാണെങ്കിൽ അത് സമൂഹകത്തിന്റെ കാഴ്ചപ്പാട് മാറുന്നതിനും സഹായിക്കും" വിദ്യാർഥിയായ ദശരഥ് അഭിപ്രായം വ്യക്തമാക്കി.

"ഓരോ സ്ത്രീകൾക്കും ആർത്തവം ഓരോ രീതിലാണ്. ഒരു ദിവസം രണ്ട് ഗുളിക എന്ന നിലയിൽ പെയിൻ കില്ലർ ഉപയോഗിച്ചാണ് എന്റെ ആർത്തവ ദിനങ്ങൾ കടന്നുപോകുന്നത്. അപ്പോൾ ഇങ്ങനെയൊരു ലീവ് കിട്ടുന്നത് തികച്ചും ആശ്വാസമാണ്. രാജ്യത്തിനകത്ത് പല സ്ഥലങ്ങളിലും പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നതിന് പരിമിതികളുണ്ട്. കേരളത്തിൽ കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നുണ്ട്. അവർക്കെല്ലാം അനുകൂലമായിട്ടുള്ള ഒരു അന്തരീക്ഷം ക്യാംപസിനകത്ത് ഉണ്ടാകണം. അതിന്റെ ഭാഗമാണ് ഇത്തരം നടപടി", അനഘ കെ ബി.( എം എസ് സി ഇന്റഗ്രേറ്റഡ് വിദ്യാർഥിനി)
Content Highlights: Cusat gives Menstrual leaves for girls,responses, social, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..