നമ്മൾ ഭരണഘടനയ്ക്ക് ഏറെ പിന്നിലായിപ്പോയതിനു കാരണം? കാണാതെപോകുന്ന സാമൂഹികവിപ്ലവത്തിന്റെ സാധ്യത


ഡോ. അരുൺകുമാർ കെ.Photo: PTI

‘‘1950 ജനുവരി 26-ാം തീയതി ഇന്ത്യ ഒരു സ്വതന്ത്രരാജ്യമായിത്തീരും. അവളുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും? അവൾക്ക് അവളുടെ സ്വാതന്ത്ര്യം നിലനിർത്താൻ കഴിയുമോ അതോ അവൾക്കത് വീണ്ടും നഷ്ടപ്പെടുമോ?’ എഴുപത്തിമൂന്ന് വർഷംമുമ്പ്, 1949, നവംബർ ഇരുപത്തിയഞ്ചാം തീയതി, ഭരണഘടനയെ നമുക്കായി നമ്മൾ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും പ്രദാനം ചെയ്യുകയും ചെയ്ത ദിവസത്തിന് തലേന്ന്‌ പാർലമെന്റിലെ സെൻട്രൽഹാളിൽ ഭരണഘടനാ നിർമാണ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഭീം റാവു അംബേദ്കർ പങ്കുവെച്ച ആശങ്കയാണിത്.

രാഷ്ട്രം എഴുപത്തിരണ്ടാം ഭരണഘടനാദിനത്തിൽ എത്തിനിൽക്കുമ്പോൾ അബേദ്കർ പങ്കുെവച്ച ആശങ്കകൾക്കൊപ്പം പ്രധാനപ്പെട്ട ഒരു ചോദ്യംകൂടി നമ്മൾ നമ്മളോട് ഭരണഘടനയെ മുൻനിർത്തി ചോദിക്കേണ്ടതുണ്ട് ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു രാഷ്ട്രീയ, സമൂഹികജീവിതത്തിലേക്ക് നാം എന്തുകൊണ്ട് വളരാതെ പോയി? അഥവാ എന്തുകൊണ്ടാണ് ഭരണഘടന ബഹുകാതം മുൻപേ നടക്കുകയും നമ്മൾ ഏറെ പിന്നിലാവുകയും ചെയ്തത്? എന്തുകൊണ്ടാണ് ജനാധിപത്യം പുലരാൻ വേണ്ട അനിവാര്യഘടകമെന്ന് അംബേദ്കർ വിശേഷിപ്പിച്ച ഭരണഘടനാ ധാർമികതയുടെ വ്യാപനം സമൂഹത്തിൽ സാധ്യമാകാതെ പോയത്? ഒരർഥത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനകാല പ്രതിസന്ധിയിലുണ്ട്.

നിലപാടുകളുടെ സങ്കലനം

കാബിനറ്റ് മിഷന്റെ 1946 മേയ് ­16­-ലെ പദ്ധതി പ്രകാരം പതിനൊന്ന് ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിലെ ലെജിസ്‌ലേറ്റീവ് അസംബ്ലികളിൽനിന്ന് ആനുപാതിക പ്രാതിനിധ്യംവഴി തിരഞ്ഞെടുക്കപ്പെട്ട 292 അംഗങ്ങളും നാലു ചീഫ് കമ്മിഷണർ പ്രവിശ്യകളിൽനിന്നുള്ള നാലംഗങ്ങളും നാട്ടുരാജ്യങ്ങളിൽനിന്ന് നാമനിർദേശം ചെയ്യപ്പെട്ട 93 അംഗങ്ങളും അടക്കം 389 അംഗങ്ങളായിരുന്നു വിഭജനത്തിനുമുമ്പുള്ള ഭരണഘടനാ നിർമാണ സഭയുടെ ഘടന. പ്രത്യക്ഷത്തിൽ സവർണ-ഫ്യൂഡൽ ഘടനയുള്ള ഈ നിർമാണസഭയുടെ ഉത്പന്നമാണ് സാമൂഹികനീതിയുടെ ചാർട്ടറായ ഇന്ത്യൻ ഭരണഘടന എന്നത് ഭരണഘടനാ വിദഗ്‌ധരെ തെല്ലൊന്നുമല്ല അദ്‌ഭുതപ്പെടുത്തിയത്.

ഘടനാപരമായി വർണ വരേണ്യ, ആൺകോയ്മാ സ്വഭാവമുള്ള നിർമാണ സഭയിൽനിന്ന് എങ്ങനെയാണ് സമത്വാധിഷ്ഠിതവും നീതിബോധവും ലിബറൽ സ്വാതന്ത്ര്യവാഞ്ഛയുമുള്ള ഒരു ഭരണഘടന ഉരുവം കൊണ്ടത്‌ എന്നതിന് ചില നിരീക്ഷണങ്ങൾ നിലവിലുണ്ട്. നിർമാണസഭയെ ഒരു പ്രക്രിയയായി കാണുകയും ദേശീയപ്രസ്ഥാനം മുന്നോട്ടുെവച്ച ഭരണഘടനാ ധർമനീതിയുടെ ചട്ടക്കൂടിൽ ഇങ്ങനെയൊരു ഭരണഘടന മാത്രമേ രൂപപ്പെടുകയുള്ളൂ എന്നതുമാണ് അവയിൽ ഏറ്റവും ശ്രദ്ധേയമായത്. പ്രക്രിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടു വർഷവും പതിനൊന്ന് മാസവും പതിനേഴ് ദിവസവും നീണ്ട കാലയളവിൽ നടത്തപ്പെട്ട 165 ദിവസത്തെ ചർച്ചകൾ എന്നർഥത്തിൽ മാത്രമല്ല, പകരം വ്യത്യസ്ത ശബ്ദങ്ങളുടെയും നിലപാടുകളുടെയും സങ്കലനം എന്ന അർഥത്തിൽകൂടിയാണ്.

സമവായത്തിന്റെ ചാരുത

ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങളെ അവരുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായിത്തിരിക്കാം. സോഷ്യൽ ഡെമോക്രാറ്റായ നെഹ്രുവിന്റെ പക്ഷം, ലിബറൽ ഡെമോക്രാറ്റായ അംബേദ്കറുടെ പക്ഷം, അർധ കമ്യൂണിറ്റേറിയനും ഐഡിയലിസ്റ്റുമായ ഗാന്ധി പക്ഷം, കെ.ടി. ഷായെപോലെ, സോമനാഥ് ലാഹിരിയെപ്പോലുള്ള (സഭയിലെ ഏക കമ്യൂണിസ്റ്റംഗം) ചുരുക്കം ഇടതുപക്ഷം പിന്നെ പാരമ്പര്യവാദികളായ ജയ്‌കാറിനെപ്പോലെ, പുരുഷോത്തം ദാസിനെപോലെയുള്ള തീവ്രവലതു പക്ഷവും. മൂർച്ഛിച്ച അഭിപ്രായ അനൈക്യങ്ങൾക്കൊടുവിൽ ഈ അഞ്ചു പക്ഷവും എത്തിച്ചേർന്ന ഒത്തുതീർപ്പിലെ സമവായ ചാരുതയാണ് ഒരു സങ്കലിത ബഹുമുഖ സമൂഹമെന്ന നിലയിൽ ഭരണഘടന നൽകുന്ന നമുക്കുള്ള രാഷ്ട്രീയപാഠം.

ഭരണഘടനാ നിർമാണസഭ സമ്മേളിച്ച രണ്ടാംദിനം 1946 ഡിസംബർ 11-ന് അധ്യക്ഷനായി രാജേന്ദ്രപ്രസാദ് ചുമതലയേൽക്കുമ്പോൾ അന്ന് സഭയിൽ മുസ്‌ലിംലീഗ് അംഗങ്ങൾ ഉണ്ടായിരുന്നില്ല. അവരുടെ ബഹിഷ്കരണത്തെക്കുറിച്ച് ആശങ്കപ്പെട്ട ഡോ. എസ്. രാധാകൃഷ്ണനോട് രാജേന്ദ്രപ്രസാദ് പറഞ്ഞ മറുപടി ഇങ്ങനെയാണ്: ‘‘മുസ്‌ലിം സഹോദരങ്ങളുടെ അസാന്നിധ്യം നമ്മുടെ ചുമതല ഇരട്ടിയാക്കിയിരിക്കുന്നു. ഒാരോ പടവിലും അവർ ഉണ്ടാകുമായിരുന്നെങ്കിൽ അവർ എങ്ങനെ ചിന്തിക്കുമായിരുന്നു എന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്.’’ ആരാണോ വിട്ടുനിൽക്കുന്നത് ആ അസാന്നിധ്യത്തിൽപ്പോലും അവർക്കായി നമ്മൾ ചിന്തിക്കണം എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ദർശനം.

പരിവർത്തനോന്മുഖമായ ഭരണഘടന

മറ്റേതൊരു ഭരണഘടനയും നിറവേറ്റിയ ദൗത്യത്തിനുമപ്പുറം സവിശേഷമായ ഒരു ഉത്തരവാദിത്വം ഇന്ത്യൻ ഭരണഘടനയ്ക്കുണ്ടായിരുന്നു. പരിവർത്തനോന്മുഖമായ ഭരണഘടന എന്ന ആശയത്തിലൂടെ എഴുത്തുകാരനായ ഗൗതം ഭാട്ടിയ നിരീക്ഷിക്കുന്നതുപോലെ രാഷ്ട്രത്തിന്റെ അധികാരത്തിനുമപ്പുറം ശക്തമായ സമ്മർദശക്തിയായി സ്വത്വബോധങ്ങളും ജാതി, മത സമുദായാചാരങ്ങളും വ്യക്തിയെ നിയന്ത്രിച്ച ഒരു കാലമായിരുന്നു അത്. അവകാശത്തെക്കുറിച്ച് ബോധ്യമില്ലാതിരുന്ന പ്രജകളുടെ കാലം. ഇവിടെയാണ് പ്രജാത്വത്തിൽനിന്ന് അവകാശത്തെക്കുറിച്ച് ബോധ്യമുള്ള ആധുനിക ജനാധിപത്യരാഷ്ട്രത്തിലെ പൗരത്വത്തിലേക്കുള്ള പരിവർത്തനം ഭരണഘടന നിറവേറ്റാൻ ശ്രമിച്ചത്. രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധത്തിലെ ലംബമായ ഈ പരിവർത്തനം ഉറപ്പുവരുത്താൻ മൗലികാവകാശങ്ങൾ അമേരിക്കയിലെ ബിൽ ഓഫ് റൈറ്റ്‌സിന്റെ മാതൃകയിൽ എഴുതിച്ചേർത്തു. നിയമത്തിനുമുന്നിലെ സമത്വം ഉറപ്പുവരുത്തിയ അനുച്ഛേദം 14-ഉം, പൊതുയിടങ്ങളിലെയും പൊതു തൊഴിലവസരങ്ങളിലെയും വിവേചനം വിലക്കിയ അനുച്ഛേദം 15-ഉം 16-ഉം, അഭിപ്രായപ്രകടനമടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകി. അനുച്ഛേദം 19 അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകി. അനുച്ഛേദം 21 മൗലികാവകാശങ്ങളിലൂടെ രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം നെയ്തെടുത്തു. ഒരർഥത്തിൽ ഒരു രാഷ്ട്രത്തെയും അതിനുള്ളിലെ പൗരന്മാരെയും ഒരുമിച്ചു സൃഷ്ടിച്ചു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത. അതേസമയംതന്നെ പൗരന്മാരും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ തിരശ്ചീനമായ പരിവർത്തനവും ഭരണഘടന ഉറപ്പാക്കാൻ ശ്രമിച്ചു. വിവേചനം തടഞ്ഞ അനുച്ഛേദം 15, തൊട്ടുകൂടായ്മ വിലക്കിയ അനുച്ഛേദം 17, മനുഷ്യക്കടത്ത്‌ വിലക്കിയ അനുച്ഛേദം 23, 24 തുടങ്ങിയ മൗലികാവകാശങ്ങളിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ലക്ഷ്യംവെച്ച മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിച്ച് ഒരു സാമൂഹികവിപ്ലവത്തിനു കളമൊരുക്കി

ഭരണഘടന എന്ന കരുത്ത്

ഒരു രാഷ്ട്രശരീരത്തിനപ്പുറം ഭരണഘടനയുടെ തത്ത്വങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തു ധർമമാണ് നിർവഹിക്കാനുള്ളത്. ഉദാഹരണത്തിന് പരമാധികാരം എന്ന സങ്കല്പമെടുക്കുക. അത് കേവലം രാഷ്ട്ര പരമാധികാരം എന്നർഥത്തിലല്ലാതെ രാഷ്ട്രത്തിലെ വ്യക്തികൾക്ക് അവരുടെ ചിന്തയിന്മേലും ശരീരത്തിനു മേലുമുള്ള പരമാധികാരം എന്ന അർഥംകൂടി കല്പിച്ചാൽ, അതു നാം അംഗീകരിച്ചാൽ നമ്മൾക്ക് കുറെക്കൂടി വിശാലവും സ്വതന്ത്രവും അന്തസ്സുമുള്ള അസ്തിത്വങ്ങളാകാൻ കഴിയില്ലേ. ജാതി-മത ആചാരനിഷ്ഠമായ അടുക്കുകളേറെയുള്ള പരമാധികാരത്തെ തിരസ്കരിച്ച് നമ്മിലേക്ക് നോക്കാൻ ഭരണഘടന ആവശ്യപ്പെടുന്നുണ്ട്. ആമുഖത്തിന്റെ ചർച്ചാ വേളയിൽ രാജ്യത്തിന്റെ ഐക്യത്തിനുമുമ്പ് വ്യക്തിയുടെ അന്തസ്സ് ഉൾപ്പെടുത്തിയതിനെ പട്ടാഭി സീതാരാമയ്യ എതിർക്കുന്നുണ്ട്. ഇതിനു മറുപടിയായി ഭരണഘടനാ ഉപദേശകനായ ബി.എൻ. റാവു പറയുന്നത് അന്തസ്സുള്ള വ്യക്തികൾക്കുമാത്രമേ രാജ്യത്തിന്റെ ഐക്യം ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്നാണ്.

നിർദേശകതത്ത്വങ്ങളിലെ സാമൂഹിക, സാമ്പത്തിക തുല്യാവകാശങ്ങളാകട്ടെ, വൃദ്ധരുടെ പരിചരണമാകട്ടെ, ഭരണഘടനയുടെ ധർമനീതി മറ്റേത് ധർമനീതിയെക്കാളും ഒരു പടി മുന്നിലും വൈയക്തിക ജീവിതത്തിന് മികച്ച മാതൃകകളായും ജ്വലിച്ചു നിൽക്കുന്നു. സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന സങ്കല്പം (അനുച്ഛേദം 39, ഡി) നമ്മുടെ വീടകങ്ങളിലെ ഗൃഹജോലികളിൽ വരുത്തുന്ന മാറ്റം എത്രമാത്രം ലിംഗസൗഹൃദമുള്ളതായിരിക്കും! മാറ്റത്തിനു ഞാൻ തയ്യാറെന്ന് പറയുന്ന ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 368 നമ്മളോടും ചിലതു പറയുന്നുണ്ടല്ലോ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ജീവിതങ്ങൾക്ക് വേറിട്ട എന്നാൽ, ഒരുമിച്ചുള്ള ദേശീയജീവിതം കല്പിക്കുന്ന ഭരണഘടനയുടെ വേറിട്ട എന്നാൽ, ഒപ്പം നിർത്തിയുള്ള സവിശേഷ പരിചരണം എന്നത് നമുക്ക് നമ്മുടെ ബന്ധങ്ങളിൽ അനുവർത്തിക്കേണ്ട പാഠങ്ങളാണ്.

നല്ല പാഠങ്ങളുടെ രാഷ്ട്രീയപുസ്തകത്തെ വീടിനു പുറത്താക്കുകയും മറ്റു പ്രമാണങ്ങളെ ഉള്ളിലിരുത്തുകയും ചെയ്തതല്ലേ നമ്മൾ ഭരണഘടനയ്ക്ക് ഏറെ പിന്നിലായിപ്പോയതിനു കാരണം? ഭരണഘടനാ വിദഗ്‌ധനായ ഗ്രാൻ വിൽ ഓസ്റ്റിൻ ചൂണ്ടിക്കാട്ടുംപോലെ ഭരണഘടനയുടെ തത്ത്വചിന്തയ്ക്കപ്പുറം ജീവിതത്തിന്റെ തത്ത്വം തേടിയിറങ്ങുമ്പോൾ ഒരർഥത്തിൽ ഒരു സാമൂഹികവിപ്ലവത്തിന്റെ സാധ്യതയെയാണ് നമ്മൾ കാണാതെപോകുന്നത്; കസ്തൂരി മാനുകളെപ്പോലെ.

കേരളസർവകലാശാല പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ അസി. പ്രൊഫസറാണ്‌ ലേഖകൻ

Content Highlights: Constitution Day 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented