പരപ്പനങ്ങാടി ജാഗ്രതാസമിതിയുടെ വിവാദ നോട്ടീസ്
മലപ്പുറം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ അവസാനിക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയ പരപ്പനങ്ങാടി നഗരസഭാ തീരുമാനം വിവാദത്തില്‍. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനും നടപടികള്‍ ശക്തമാക്കുന്നതിനും നഗരസഭയും പോലീസും ചേര്‍ന്ന് രൂപീകരിച്ച ജാഗ്രതാസമിതിയുടെ നോട്ടീസാണ് വിവാദത്തിലായത്. സമീപകാലത്ത് പരപ്പനങ്ങാടിയില്‍ നടന്ന ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന വിശദീകരണം.
നഗരസഭാ ചെയര്മാന് എ.ഉസ്മാന്റെയും പരപ്പനങ്ങാടി സ്റ്റേഷന് ഓഫീസര്‍ ഹണി.കെ.ദാസിന്റെയും നേതൃത്വത്തിലാണ് ജാഗ്രതാസമിതി രൂപീകരിച്ച് നോട്ടീസ് പുറത്തിറക്കിയത്. പരീക്ഷ അവസാനിക്കുന്ന ഏപ്രില്‍ 26, 29 തിയ്യതികളില്‍ മാതാപിതാക്കള്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് പോകണമെന്നാണ് നോട്ടീസിലെ ആവശ്യം. കൂട്ടം കൂടിയുള്ള ആഘോഷപരിപാടികളും പടക്കം പൊട്ടിക്കലും നിരോധിച്ചതായും പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ നോട്ടീസിനെതിരേ വ്യാപക പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നുണ്ടായത്. യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്സും ഡി.വൈ.എഫ്.ഐ യും സമിതിക്കെതിരേ രംഗത്തെത്തി. ജാഗ്രതാ സമിതി എന്ന പേരില്‍ സദാചാര സമിതി ഉണ്ടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മുകളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമമാണിതെന്നും തീരുമാനം പിന്‍വലിച്ച് സമിതി ചെയര്മാന് മാപ്പുപറയണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ മൂലമുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കുലര്‍ മറയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തുന്ന സദാചാര പോലീസിങ് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

എന്നാല്‍, അധ്യാപകരും പിടിഎ പ്രതിനിധികളും പോലീസും പരപ്പനങ്ങാടി ഭരണസമിതി അംഗങ്ങളും അടക്കം ഉള്‍പ്പെടുന്നതാണ് ജാഗ്രതാസമിതിയെന്ന് പരപ്പനങ്ങാടി സ്റ്റേഷന് ഓഫീസര്‍ ഹണി.കെ.ദാസ് മാതൃഭൂമി.കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ രണ്ട് കുട്ടികള്‍ റിമാന്റില്‍ പോയിരുന്നു.സ്കൂള്‍ അടയ്ക്കുന്ന ദിവസം 25000-രൂപയ്ക്ക് വരെ പടക്കങ്ങള്‍ വാങ്ങി പൊട്ടിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ജാഗ്രതാസമിതി രൂപീകരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു
എന്നാല്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ആണ്-പെണ് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മോറല്‍ പോലീസിങ്ങിന്റെ ഭാഗമാണെന്നും പരപ്പനങ്ങാടി സാംസ്കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു. സര്‍ക്കുലറിനെതിരേ നിരവധിയാളുകള്‍ ഒപ്പിട്ട പ്രതിഷേധക്കുറിപ്പും സാസ്കാരിക കൂട്ടായ്മ പുറത്തിറക്കി. പ്രാദേശിക ഭരണകൂടവും പോലീസും ഒത്തുചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാനവികതയേയും സൗഹാര്ദത്തേയുമാണെന്ന് കുറിപ്പില്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഇതിനെതിരേ കാമ്പെയിന് നടത്തുമെന്നും സാംസ്കാരിക കൂട്ടായ്മ അറിയിച്ചു.
പോസ്റ്റ് കോവിഡ് കാലത്ത് വളരെ കുറച്ച് ക്ലാസുകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ളത്. പഠനത്തോടൊപ്പം വളര്‍ന്നുവരേണ്ട സൗഹൃദങ്ങളും സാമൂഹ്യ ജീവിതവും ഇക്കാലയളവില്‍ ഉണ്ടായിട്ടുമില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിയന്ത്രിക്കുന്ന നടപടി ശരിയല്ലെന്നും പറഞ്ഞാല്‍ മനസിലാകാത്തവരല്ല കുട്ടികളെന്നും ഒരുപക്ഷം രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.
Content Highlights: Committe to control students; Parappanangadi municipality in controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..