തിരുവനന്തപുരം: തങ്ങള്‍ പറയുന്നത് അനുസരിക്കുന്നില്ലെങ്കില്‍ ചന്ദ്രനിലേക്ക് പോവാനാണ് അസഹിഷ്ണുതയുള്ളവര്‍ പറയുന്നതെന്നും ഈ ഭീഷണി കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അടൂരിനെതിരായ ബിജെപി നേതാവിന്റെ ഭീഷണിക്കെതിരേ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കലാകാരന്‍മാരെ നിശബ്ദരാക്കാനുള്ള അര്‍ധ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള പൊതുവായ നീക്കങ്ങളുടെ ഭാഗമായി വേണം അടൂര്‍ ഗോപാലകൃഷ്ണനു നേരെയുണ്ടായ ഭീഷണി. ഫാല്‍ക്കെ അവാര്‍ഡ് നേടിയ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കള്‍ തങ്ങളുടെ സംസ്‌കാര രാഹിത്യമാണ് വെളിവാക്കിയതന്നെും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സര്‍ഗ്ഗാത്മക രംഗത്ത് വ്യാപരിക്കുന്നവരെ കേരളവും കേരള ജനതയും സര്‍ക്കാരും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

സാമുദായിക ചേരിതിരിവ് രൂക്ഷമാകുന്ന ഇക്കാലത്ത് വിശാല മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകള്‍ പ്രേത്സാഹിക്കപ്പിക്കപ്പെടേണ്ടതുണ്ട്.കഴിഞ്ഞ കുറെകാലമായി ചലച്ചിത്രലോകത്ത് വര്‍ഗ്ഗീയതയുടെ വിദ്വേഷം പടര്‍ത്താനുള്ള ശ്രമങ്ങള്‍ ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.ചലച്ചിത്രകലാകാരന്‍മാര്‍ ഗുരുവായി കാണുന്ന ദിലീപ് കുമാറിനു പോലും വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഭീഷണി നേരിടേണ്ടി വന്നു. കമല്‍ ഹാസന്‍, ആനന്ദ്പട്വര്‍ധന്‍, ദീപമേഹ്ത്ത, ഷബാന ആസ്മി തുങ്ങിയ വിഖ്യാത ചലച്ചിത്രപ്രതിഭകള്‍ക്ക് ഭീഷണിയോ ആക്രമണമോ ഉണ്ടായി. ഇങ്ങനെ കലാകാരന്‍മാരെ നിശബ്ദരാക്കാനുള്ള അര്‍ധ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള പൊതുവായ നീക്കങ്ങളുടെ ഭാഗമായി വേണം അടൂര്‍ ഗോപാലകൃഷ്ണനു നേരെയുണ്ടായ ഭീഷണിയെ കാണാന്‍. തങ്ങള്‍ പറയുന്നത് അനുസരിക്കുന്നില്ലെങ്കില്‍ ചന്ദ്രനിലേക്ക് പോവാനാണ് അസഹിഷ്ണുതയുള്ളവര്‍ പറഞ്ഞത്. ഈ ഭീഷണി കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ലെന്ന് അറിയിക്കട്ടെ. 

കേരളം ഇന്ത്യക്കും ഇന്ത്യ ലോകത്തിനും നല്‍കിയ ചലച്ചിത്ര സംഭാവനയാണ് അടൂരിന്റെ വ്യക്തിത്വം. കേരളത്തിന്റെ യശസ്സ് മൗലികവും സര്‍ഗ്ഗാത്മകവും ആയ രീതിയില്‍ സാര്‍വ്വദേശീയ ചലച്ചിത്ര രംഗത്ത് തിളക്കമുള്ളതാക്കിയ കലാകാരനാണ്് അദ്ദേഹം. ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഈ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വര്‍ഗ്ഗീയ ശക്തികളുടെ വക്താക്കള്‍ തങ്ങളുടെ സംസ്‌കാര രാഹിത്യമാണ് വെളിവാക്കിയത്. 

നിര്‍ഭയമായി അഭിപ്രായം പറയുന്നവര്‍ ഒഴിവായി കിട്ടിയാലേ തങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോവാനാവൂ എന്ന നിലക്കുള്ള ഭീരുത്വമാണ് ഇവര്‍ വെളിവാക്കുന്നത്. ഇവരുടെ ഭീകരതയ്ക്കും ഭീരുത്വത്തിനും കേരളം കീഴടങ്ങില്ല. സര്‍ഗ്ഗാത്മക രംഗത്ത് വ്യാപരിക്കുന്നവരെ കേരളവും കേരള ജനതയും സര്‍ക്കാരും സംരക്ഷിക്കും.അവര്‍ക്ക് സ്വതന്ത്രവും ഭയരഹിതവുമായ രീതിയില്‍ തുടര്‍ന്നും സംഭാവനകള്‍ നല്‍കാനുള്ളഅന്തരീക്ഷം ഉറപ്പാക്കും.  കലാകാരന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ചലച്ചിത്രരംഗത്തുള്ളവര്‍ എല്ലാ വിഭാഗീയതയ്ക്കും വേര്‍തിരിവിനും അതീതമായി നില്‍ക്കണം എന്ന് അഭ്യര്‍ഥിക്കട്ടെ.

ഒരുമിച്ച് നില്‍ക്കുന്ന ചലച്ചിത്രലോകത്തിനൊപ്പം സര്‍ക്കാര്‍ എല്ലാ അര്‍ഥത്തിലും ഉണ്ടാകും.

content highlights: CM Pinarayi Vijayan speech about B Gopalakrishnan's comment on Adoor Gopalakrishnan