ഈ ദശാബ്ദത്തിലെ സെന്‍സസ് വിസ്മൃതിയിലേക്കോ?


ഡോ. ജെ. രത്‌നകുമാര്‍ ഡോ. കെ.പി. വിപിന്‍ ചന്ദ്രന്‍

സെന്‍സസ് വൈകുന്നത് ബാധിക്കുന്ന സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് ക്ഷേമപദ്ധതികളുടെ യഥാര്‍ഥ ഗുണഭോക്താക്കളെ കണ്ടെത്തലാണ്

മുബൈ ജുഹു ബീച്ചിൽ നിന്നുള്ള ദൃശ്യം| പ്രതീകാത്മക ചിത്രം-AP

കാലാനുസൃതമായ ഡേറ്റയുടെ അഭാവം വിവിധ മേഖലകളില്‍ നയരൂപവത്കരണത്തിന് പ്രതിബന്ധങ്ങള്‍ ­സൃഷ്ടിക്കും. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളും ഗവേഷകരുംമറ്റും പഠനങ്ങള്‍ക്കും ­ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനും ഒരു ദശാബ്ദത്തിന്റെ പഴക്കമുള്ള ജനസംഖ്യാക്കണക്കുകളെ ­ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്

കോവിഡ് വ്യാപനം സമസ്തമേഖലയെയും സ്തംഭിപ്പിച്ച സാഹചര്യത്തില്‍ 2021-ലെ സെന്‍സസ് പ്രവര്‍ത്തനങ്ങളും മാറ്റിവെക്കേണ്ടിവന്നു. എന്നാല്‍, അത് എന്നുമുതല്‍ തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സെന്‍സസ് വൈകുന്നതുകൊണ്ട് ജനസംഖ്യയുടെ യഥാര്‍ഥചിത്രം ലഭിക്കില്ലെന്നുമാത്രമല്ല, കാലാനുസൃതമായ ഡേറ്റയുടെ അഭാവം വിവിധ മേഖലകളില്‍ നയരൂപവത്കരണത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളും ഗവേഷകരുംമറ്റും പഠനങ്ങള്‍ക്കും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനും ഒരു ദശാബ്ദത്തിന്റെ പഴക്കമുള്ള ജനസംഖ്യാക്കണക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.



സെന്‍സസ് നീളുമ്പോള്‍

സാംപിള്‍ സര്‍വേകളെ അപേക്ഷിച്ച് എല്ലാ ജനങ്ങളില്‍നിന്നും വിവരശേഖരണം സാധ്യമാകുന്നു എന്നത് സെന്‍സസ് വിവരങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സെന്‍സസ് വിവരങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന വിള്ളലുകള്‍ നികത്താന്‍ പര്യാപ്തമായ മറ്റൊരു വിവരശേഖരണസംവിധാനം രാജ്യത്ത് നിലവിലില്ല എന്നാണ് പൊതുവേ കരുതുന്നത്.

ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പ്രവചിച്ച ജനസംഖ്യാക്കണക്കുകള്‍ ലഭ്യമായതുകൊണ്ടുമാത്രം സെന്‍സസ് നടക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുക സാധ്യമല്ല. ഇത്തരം കണക്കുകള്‍ക്ക് കൃത്യതവരുത്താനാകാത്തത് ന്യൂനതയാണ്. വയസ്സിന്റെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം, വ്യത്യസ്ത പ്രായമുള്ള ജനങ്ങളുടെ ശതമാനം, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, തൊഴിലാളികള്‍ എന്നീ ജനവിഭാഗങ്ങളുടെ അനുപാതത്തിലുള്ള മാറ്റം, ലിംഗാനുപാതം, നഗരവത്കരണത്തിന്റെ തോത് തുടങ്ങിയവ സെന്‍സസ് മുടങ്ങിയതിനാല്‍ ലഭിക്കാത്ത പരമപ്രധാനമായ വിവരങ്ങളില്‍ ചിലതുമാത്രമാണ്.

എല്ലാ സാമൂഹികശാസ്ത്രജ്ഞരും ഓരോ സെന്‍സസ് ഫലപ്രഖ്യാപനത്തിലും സസൂക്ഷ്മം വീക്ഷിക്കുന്ന സൂചികയാണ് ലിംഗാനുപാതത്തിലെ മാറ്റം. കണക്കുകളുടെ അഭാവം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഫലപ്രാപ്തിക്ക് വിഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. സാമൂഹികഘടനയില്‍ സ്വാധീനംചെലുത്താന്‍ ശേഷിയുള്ള മറ്റൊരു സുപ്രധാന ഘടകം കുടിയേറ്റമാണ്. ഇതിലേക്ക് വെളിച്ചംവീശുന്ന ഔദ്യോഗിക ഡാറ്റയുടെ ഏക ഉറവിടമാകട്ടെ, സെന്‍സസും. വളരെയധികം സാംപിളുകള്‍ ആവശ്യമായതിനാല്‍ ദേശീയ സാംപിള്‍ സര്‍വേയില്‍ (എന്‍.എസ്.എസ്.)പോലും അപൂര്‍വമായിമാത്രമേ കുടിയേറ്റത്തെ സംബന്ധിച്ച വിവരശേഖരണം നടത്താറുള്ളൂ.

പ്രതിഫലനങ്ങള്‍

സെന്‍സസ് വൈകുന്നത് ബാധിക്കുന്ന സുപ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് ക്ഷേമപദ്ധതികളുടെ യഥാര്‍ഥ ഗുണഭോക്താക്കളെ കണ്ടെത്തലാണ്. 2011-നുശേഷം ജനസംഖ്യയിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ക്ഷേമപദ്ധതികളുടെ നടത്തിപ്പില്‍ എന്തെല്ലാം മാറ്റങ്ങള്‍വേണമെന്ന് വിലയിരുത്തേണ്ടതുണ്ട്.

രാജ്യത്തെ മൂന്നില്‍ രണ്ടുപേരും (67 ശതമാനം) ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെട്ടവരാണെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍, 2011-ലെ സെന്‍സസ്പ്രകാരം ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഏകദേശം 80 കോടി കവിയും.

കഴിഞ്ഞ ദശാബ്ദത്തിലെ ജനസംഖ്യയുടെ വളര്‍ച്ചകൂടി പരിഗണിച്ച് ഇത്തരം സാമൂഹികസുരക്ഷാപദ്ധതികളുടെ സുരക്ഷാവലയം പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. ആയുഷ്മാന്‍ ഭാരത് അടക്കമുള്ള പല കേന്ദ്രപദ്ധതികളുടെയും ഗുണഭോക്താക്കളെ കണ്ടെത്തുന്നത് ഗ്രാമവികസനമന്ത്രാലയം 2011-ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിനെ അടിസ്ഥാനമാക്കിയാണ്.

ഇനി അമാന്തിക്കരുത്

ഇപ്പോള്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന അമാന്തം 2031-ലെ സെന്‍സസ് പ്രവര്‍ത്തനങ്ങളെയും മന്ദീഭവിപ്പിച്ചേക്കാം. രാഷ്ട്രീയപ്രാതിനിധ്യം ഉള്‍പ്പെടെ സുപ്രധാനവിഷയങ്ങളില്‍ 2031-ലെ ജനസംഖ്യാ കണക്കുകള്‍ ഉപയോഗിക്കേണ്ടിവരും. അതിനാല്‍, അടുത്ത ദശാബ്ദത്തിലെ സെന്‍സസ് കണക്കിന് സവിശേഷപ്രാധാന്യമാണ് രാഷ്ട്രീയനിരീക്ഷകര്‍ കല്പിച്ചിരിക്കുന്നത്. നിയമസഭാ-ലോക്സഭാ മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഭരണഘടനാപരമായ തടസ്സം 2026-ല്‍ മാറിക്കിട്ടും. തുടര്‍ന്ന് സാമാജികരുടെ എണ്ണം തിട്ടപ്പെടുത്തുന്നത് 2031-ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. മണ്ഡല പുനഃക്രമീകരണപ്രക്രിയയ്ക്ക് വാര്‍ഡ് തലത്തിലുള്ള ജനസംഖ്യയുടെ ലഭ്യതകൂടി ഉറപ്പുവരുത്തണം. പ്രാതിനിധ്യം പുനര്‍നിര്‍ണയിക്കല്‍ അത്യന്തം സങ്കീര്‍ണമായതിനാല്‍ സെന്‍സസിനുണ്ടാകുന്ന അമാന്തം ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കും. ജനപ്രതിനിധികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളേജിന്റെ വോട്ടുമൂല്യവും പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്.

സെന്‍സസ് റദ്ദുചെയ്യുന്ന സാഹചര്യം വന്നാല്‍ എന്‍.എസ്.എസ്. മാതൃകയില്‍ സാംപിള്‍ സര്‍വേയിലൂടെ രാജ്യത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കാം

ബദല്‍മാര്‍ഗങ്ങള്‍

സാമ്പത്തിക-സാമൂഹിക-ജനസംഖ്യാ മേഖലകളിലെ സൂചികകള്‍ ഒരു പരിധിവരെ കൃത്യതയോടും സമയബന്ധിതമായും സാംപിള്‍ സര്‍വേയിലൂടെ കണ്ടെത്താന്‍ പ്രാപ്തിയുള്ള സംഘടിതസംവിധാനം രാജ്യത്തുണ്ട്. ഈ സംവിധാനത്തിന്റെ സംഭാവനകളെ വിലകുറച്ചുകാണേണ്ടതില്ല. 1971 മുതല്‍ ആരംഭിച്ച സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്.ആര്‍.എസ്.) വിവരങ്ങള്‍ ശേഖരിച്ച് ദേശീയ-സംസ്ഥാന തലങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നു. ജനന-മരണ-ശിശുമരണ-മാതൃമരണ നിരക്കുകള്‍, പ്രത്യുത്പാദനനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങി ഒട്ടുമിക്കസൂചികകളും നല്‍കുന്നുണ്ട്.

ജനസംഖ്യാസൂചികകള്‍ പ്രദാനംചെയ്യുന്നതില്‍ 1992-'93 മുതല്‍ നടത്തിവരുന്ന ദേശീയ കുടുംബാരോഗ്യസര്‍വേയുടെ പങ്കും ശ്ലാഘനീയമാണ്. സാമ്പത്തിക വിവരങ്ങള്‍ നല്‍കാന്‍ നാഷണല്‍ സാംപിള്‍ സര്‍വേ (എന്‍.എസ്.എസ്.ഒ) 1950 മുതല്‍ വ്യത്യസ്തവിഷയങ്ങളെ ആസ്പദമാക്കി സര്‍വേകള്‍ നടത്തിപ്പോരുന്നു.

സെന്‍സസ് റദ്ദുചെയ്യുന്ന സാഹചര്യം വന്നാല്‍ എന്‍.എസ്.എസ്. മാതൃകയില്‍ സാംപിള്‍ സര്‍വേയിലൂടെ രാജ്യത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കാം. ഇത് വിവരശേഖരണത്തിന്റെ കാലദൈര്‍ഘ്യവും ചെലവുകളും കുറയ്ക്കാന്‍ സഹായകമാകും. അത്തരത്തിലുള്ള ശ്രമം സെന്‍സസ് തടസ്സപ്പെട്ടതിലൂടെ വിവരശോഷണം സംഭവിച്ച മേഖലകളിലേക്ക് പുതുവെളിച്ചം വീശാന്‍ പര്യാപ്തമാകുമെന്ന് പ്രത്യാശിക്കാം.

പരിഷ്‌കരിക്കാം

രാജ്യത്തെ വികസനപ്രക്രിയയില്‍ സെന്‍സസിന്റെ കാലികപ്രസക്തി നഷ്ടപ്പെട്ടുതുടങ്ങിയോ എന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. മുന്‍ദശകങ്ങളിലെ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങള്‍ എത്രത്തോളം ഫലപ്രദമായി ഉപയോഗിച്ചെന്ന് വിശകലനംചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി അതിവേഗം മാറുന്ന സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. ഒരു ദശാബ്ദമെന്നത് വളരെ ദീര്‍ഘമായ കാലയളവായതിനാല്‍, ശേഖരിച്ച പല വിവരങ്ങളും പെട്ടെന്നുതന്നെ കാലഹരണപ്പെട്ടുപോകും. രാജ്യത്തെ ജനസംഖ്യാവളര്‍ച്ചനിരക്കുകള്‍ താരതമ്യേന ഉയര്‍ന്നതായതിനാല്‍ പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഇത് വിലങ്ങുതടിയായി മാറും. കഴിഞ്ഞ സെന്‍സസില്‍ ശേഖരിച്ച കുടിയേറ്റമടക്കമുള്ള സുപ്രധാന വിവരങ്ങള്‍ എട്ടുവര്‍ഷത്തിനുശേഷമാണ് പ്രസിദ്ധപ്പെടുത്തിയത്. 2001-നും 2011-നും ഇടയില്‍ കുടിയേറ്റത്തെക്കുറിച്ച് ശേഖരിച്ച വിവരങ്ങള്‍ പുതിയ സെന്‍സസിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന വിജ്ഞാനം കാലഹരണപ്പെട്ടതാകുന്നു.

ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ, അയര്‍ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ സെന്‍സസിന്റെ ഇടവേള അഞ്ചുവര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. ഈ മാതൃക നമുക്കും സ്വീകരിക്കാവുന്നതാണ്.

മറ്റു വിവരസ്രോതസ്സുകളെക്കൂടി ആശ്രയിക്കുന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ സെന്‍സസ് ജനസംഖ്യാവിവരശേഖരണം മാത്രമാക്കുകയും സാംപിള്‍സര്‍വേയിലൂടെ ലഭിക്കാത്ത വിവരങ്ങളിലേക്കുമാത്രമായി നിജപ്പെടുത്തുകയും ചെയ്യാവുന്നതാണ്. അത് വിവരശേഖരണത്തിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും ഏറ്റവും പുതിയ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാനും സഹായിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി വിവരശേഖരണം, വിശകലനം, അന്തിമഫലങ്ങള്‍ എന്നിവ സമയബന്ധിതമായി ചുരുങ്ങിയ ചെലവില്‍ പുറത്തുവിടാനും ചുവടുവെപ്പുണ്ടാകണം.

(ഡോ. ജെ. രത്‌നകുമാര്‍ ന്യൂഡല്‍ഹി സ്പീക്കേഴ്സ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് സെല്ലിലെ റിസര്‍ച്ച് ഫെലോയും ഡോ. കെ.പി. വിപിന്‍ ചന്ദ്രന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍സ്മാരക ഗവ. വനിതാകോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)


23-11-22 മാതൃഭൂമി പത്രം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Census delay and it's adverse effect in welfare programmes and policies, social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented