ദോഹ : അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കില്ലെന്ന സൂചന നല്‍കി താലിബാന്‍. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതിന് പിന്നാലെയാണ് ബുര്‍ഖ നിര്‍ബന്ധമാക്കിയേക്കില്ലെന്ന പ്രസ്താവന താലിബാന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.

തലമുതല്‍ കാല്‍ വരെ ശരീരം മറച്ച് കാഴ്ചയ്ക്കായി മാത്രം കണ്ണിന് മുന്‍പില്‍ അല്‍പ ഭാഗം ഒഴിച്ചിടുന്ന വസ്ത്രധാരണ രീതിയാണ് ബുര്‍ഖ. 

അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ സ്ത്രീകളുടെ അവകാശത്തിനു മേൽ നിരവധി നിയന്ത്രണങ്ങള്‍ വരുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്നും സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് വിലക്ക് തുടങ്ങിയ നിയന്ത്രണങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കിയേക്കില്ല എന്നാണ് താലിബാന്‍ വക്താവ് അറിയിച്ചിരിക്കുന്നത്. അതേസമയം സ്ത്രീകളെല്ലാം ഹിജാബ്(തട്ടം) ധരിക്കുന്നത് നിര്‍ബന്ധമാണെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

1996 മുതല്‍ 2001 വരെയുള്ള അഫ്ഗാനിലെ താലിബാന്‍ വാഴ്ചയുടെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് യാത്രാവിലക്കും തൊഴില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ പൊതുസ്ഥലങ്ങളില്‍ ദേഹമാസകലം മൂടുന്ന ബുര്‍ഖയും നിര്‍ബന്ധമായിരുന്നു. ഇത് ഇത്തവണയും ആവർത്തിക്കുമെന്ന ഭയത്തിലാണ് അഫ്ഗാനിലെ സ്ത്രീകളിൽ ഭൂരിഭാഗവും.

"ബുര്‍ഖ മാത്രമേ ധരിക്കാവൂ എന്നില്ല. ബുര്‍ഖയിലേക്ക് മാത്രം പരിമിതപ്പെടുത്താവുന്നതല്ല തലമറയ്ക്കണമെന്ന നിബന്ധന. വിവിധ തരത്തിലുള്ള തലമറയ്ക്കല്‍ രീതികളുണ്ട്", താലിബാന്റെ ദോഹയിലെ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. അതേ സമയം താലിബാന് സ്വീകാര്യമായ തലമറയ്ക്കല്‍ രീതി എന്താണെന്ന് ഷഹീന്‍ വ്യക്തമാക്കിയിട്ടില്ല.

താലിബാന്‍ ഭരണമേറ്റെടുത്തതോടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടും എന്ന വാര്‍ത്തയോടും ഷഹീന്‍ പ്രതികരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും ഉയര്‍ന്ന വിദ്യാഭ്യാസവും ലഭ്യമാക്കുമെന്നും ഈ നയം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷഹീന്‍ പറഞ്ഞു.

content highlights: Burqa may not be Mandatory For Women in Afghan , says Taliban