illustration : V Balu
ബ്ലേഡ് മാഫിയയുടെ വേരുകള്‍ സംസ്ഥാനത്ത് വീണ്ടും ആഴത്തില്‍ വേരൂന്നിയതിന്റെ സൂചനകളാണ് കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് ആത്മഹത്യ ചെയ്ത സംഭവം. എട്ടു വര്‍ഷം മുന്‍പ് സ്വകാര്യവ്യക്തികളില്‍നിന്ന് കടമെടുത്ത 12 ലക്ഷത്തിന്റെ കടം പലിശ കയറി 40 ലക്ഷം രൂപയായതാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല്‍ കാര്‍ത്തിക വീട്ടില്‍ രമേശന്(48), ഭാര്യ സുലജ കുമാരി(46), മകള്‍ രേഷ്മ(23) എന്നിവരുടെ ആത്മഹത്യയിലെത്തിച്ചത്. മുതല്‍ കൊടുത്തെങ്കിലും ആ കുടുംബത്തിന് പലിശ കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരാള്‍ക്കു മാത്രം 46,000 രൂപ മാസം പലിശ കൊടുത്തിരുന്നുവെന്നും ഇത്തരത്തില്‍ 22 പേര്‍ക്കാണ് പണം നല്കാനുണ്ടായിരുന്നവെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പലിശയിനത്തില്‍ ഭീമമായ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവരില്‍ നിന്നെല്ലാം ഭീഷണിയുണ്ടായി. പണം കടം നല്കിയവര് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും അയല്‍വാസികള്‍ വ്യക്തമാക്കുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആത്മഹത്യയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ഇത്തരം കേസുകള്‍ പുറംലോകം അറിയുന്നുള്ള എന്നതാണ് സത്യം. ഓപ്പറേഷന് കുബേരയെ തുടര്‍ന്ന് താത്കാലികമായി ഉള്‍വലിഞ്ഞ സംഘങ്ങള്‍ പോലീസ് നടപടി നിലച്ചതോടെ വീണ്ടും സജീവമാണ്. നോട്ട് നിരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും പിന്നാലെയെത്തിയ കോവിഡ് മഹാമാരിയുമാണ് ഇവര്‍ക്ക് കൂടുതല്‍ സഹായകമായത്. നഗരങ്ങളില്‍ ബിസിനസ് ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ബ്ലേഡ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ടവരെയും ചെറുകിട കച്ചവടക്കാരുമാണ് ഏറെയും വലയില്‍ പെടുന്നത്. 1000 രൂപ ഒരാള്‍ക്ക് നല്കുമ്പോള് 10 ദിവസം കൊണ്ട് 1250 രൂപ തിരിച്ചു കിട്ടുന്ന രീതിയിലാണ് ഇടപാട്. ഒരിക്കല്‍ വലയില്‍ അകപ്പെട്ടാല്‍ പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പ്രയാസമാണ്.
പണം വാങ്ങിയാല്‍ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ ഇരട്ടി മടക്കി നല്കിയാലും കടം തീരാത്ത വിധം ചതിക്കുഴികള്‍ നിറഞ്ഞതായിരിക്കും ഇടപാടുകള്‍. വായ്പ നല്കുന്ന പണത്തിന് ഈടായി വീടിന്റെയും വസ്തുക്കളുടെയും പ്രമാണങ്ങളാണ് ചില സംഘങ്ങള്‍ വാങ്ങുന്നത്. പണവും പലിശയും തീര്‍ത്തടച്ചാലും പ്രമാണങ്ങള്‍ തിരികെ കൊടുക്കാറില്ല. അതുവെച്ചു പിന്നെയും ഇടപാടുകാരെ ചൂഷണം ചെയ്യും. മാത്രമല്ല, ഇറക്കിവിട്ടു വീട്ടുകാരെ വഴിയാധാരമാക്കുകയും ചെയ്യും. ആ കണ്ണിയിലെ അവസാനത്തെ ഇര മാത്രമാണ് രമേശനും കുടുംബവും. ടാക്സി ഡ്രൈവര്‍മാര്‍ തൊട്ട് കൂലിപണിക്കാര് വരെയും പാർട് ടൈം സ്വീപ്പര്‍മാര്‍ മുതല്‍ ഓഫീസര്‍മാര്‍ വരെയുളള പലതരം ആളുകള്‍ ബ്ലേഡ് രംഗത്ത് സജീവമായുണ്ട്. നാടന്‍ ബ്ലേഡുകള്‍ക്ക് പുറമെ തമിഴ്നാട്ടുകാരെയും ഉത്തരേന്ത്യക്കാരുടെയും ബ്ലേഡും ഉള്‍നാടുകളില്‍ സജീവമാണ്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളില്‍ തുക വീട്ടിലെത്തിച്ച് കൊടുക്കുമെന്നതാണ് ഇവരുടെ പ്രചാരം കൂടാന്‍ കാരണം.
10,000 രൂപയുടെ പേരില്‍ തൂങ്ങിമരിച്ച പ്രവീണ്‍ എന്ന യുവാവ്
പലിശക്കാരുടെ ഭീഷണി മൂലമുള്ള ആത്മഹത്യകള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 നവംബറില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ കോട്ടയം പറളി കിണാവല്ലൂര്‍ അനശ്വര നഗറില്‍ കാരക്കാട്ട് പറമ്പില്‍ പ്രവീണ്‍ എന്ന 29-കാരന് തൂങ്ങിമരിച്ചത് വട്ടിപ്പലിശക്കാരില്‍നിന്നു പലപ്പോഴായി വാങ്ങിയ 10,000 രൂപയുടെ പേരിലായിരുന്നു. തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനാല്‍ പലിശ ഇരട്ടിച്ച് വന്‍തുകയായി. മരിക്കുന്നതിന്റെ തലേന്ന് വൈകുന്നേരം വട്ടിപ്പലിശക്കാരനായ ഒരാള്‍ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേന്ന് രാവിലെ ഏഴിനകം 10,000 രൂപ വീട്ടിലെത്തിക്കണമെന്നും അല്ലാത്തപക്ഷം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. ഇതിനു ശേഷം ആകെ അസ്വസ്ഥനായിരുന്ന പ്രവീണിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രവീണിന്റെ മക്കളായ മൂന്നു വയസ്സുകാരിയായ പ്രഖിയ, ഒന്നര വയസ്സുകാരന് പ്രഫുലുമാണ് അന്ന് അനാഥരായത്.
Also Read
5000 രൂപയ്ക്ക് പ്രതിദിനം 300 രൂപ പലിശ, രമേശിന്റെ ജീവനെടുത്ത കണക്ക്
2021 നവംബറിലാണ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ പെയിന്റിങ് തൊഴിലാളിയായ രമേശിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടിക ജാതിക്കാരനായ രമേശ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അയല്‍വാസിയില്‍നിന്ന് 5000 രൂപ കടം വാങ്ങിയിരുന്നു. അന്ന് രാത്രി അയല്‍വാസി പണം നല്‍കിയത് പലിശക്കാണെന്നും ദിവസം 300 രൂപ പലിശ തരണമെന്നും അറിയിച്ചു. രണ്ട് തവണയായി 4000 രൂപയും 4500 രൂപയും തിരിച്ചടവായി നല്‍കിയെന്ന് രമേശിന്റെ ഭാര്യ കവിത നല്കിയ മൊഴിയിലുണ്ട്. കവിതയുടെ കയ്യില്‍നിന്ന് പിന്നീട് 6200 രൂപയും അയല്‍വാസി ഈടാക്കി. വീണ്ടും പണം ആവശ്യപ്പെട്ട് ദിവസം 10 തവണയെങ്കിലും വിളിച്ച് ഭീഷണി മുഴക്കാന്‍ തുടങ്ങിയതോടെയാണ് രമേശ് മാനസിക സമ്മര്ദ്ദത്തിലാവുന്നതും ആത്മഹത്യ ചെയ്തതുമെന്നുമാണ് കവിത നല്കിയ പരാതിയിലുള്ളത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം പ്രതിഷേധവുമായി എത്തിയെങ്കിലും കേസില്‍ പിന്നീട് പുരോഗതി ഒന്നും ഉണ്ടായില്ല.
ഇരയായവരില്‍ കര്‍ഷകരും
പലിശക്കാരുടെ നിരന്തര ഭീഷണിയുടെ മറ്റൊരു രക്തസാക്ഷിയാണ് പാലക്കാട് കൊല്ലങ്കോടുള്ള കണ്ണന്‍കുട്ടി. 2021 ജൂലൈ 21-നാണ് കണ്ണന്‍കുട്ടി എന്ന കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൃഷിക്കായി കണ്ണന്‍കുട്ടി വട്ടിപ്പലിശക്കാരില്‍നിന്ന് വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വട്ടിപ്പലിശ സംഘം ഭീഷണിപ്പെടുത്തി. ഒന്നര ലക്ഷം രൂപ എടുത്തതിന് മൂന്ന് ലക്ഷം രൂപ നല്‍കിയെങ്കിലും വീണ്ടും നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് പലിശ സംഘം നടത്തിയ ഭീഷണിയാണ് ആ കര്‍ഷകന്റെ ജീവനെടുത്തത്. തിങ്കളാഴ്ച കാലത്ത് പലിശ നല്‍കിയില്ലെങ്കില്‍ വീട്ടില്‍നിന്ന് ഇറക്കിവിടുമെന്ന് ഭീഷണി നിലനില്‍ക്കെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണന്‍കുട്ടി ജീവനൊടുക്കിയത്. എന്നാല്‍, കണ്ണന്‍കുട്ടിയുടെ ആത്മഹത്യ വിവരം അറിയാതെ മറ്റൊരു ബ്ലേഡ് പലിശ സംഘം രാവിലെ കണ്ണന്‍കുട്ടിയുടെ വീട്ടിലെത്തി.10,000 രൂപയ്ക്ക് ആഴ്ചയില്‍ 1000 രൂപ പലിശയാണ് ബ്ലേഡ് പലിശ സംഘം വാങ്ങിയിരുന്നത്. ഒരു പലിശ സംഘത്തിന് തിരിച്ചടവ് മുടങ്ങുമ്പോള്‍ അവരുടെ തന്നെ മറ്റൊരു പലിശ സംഘം വന്ന് ആദ്യ പലിശ സംഘത്തിന് നല്കുവാനുള്ള തുക വായ്പ നല്കി പലിശ കെണിയില്‍ കുടുക്കുകയാണ് ചെയ്തത്. ഇതിനായാണ് മരണദിവസം മറ്റൊരു സംഘം ഈ കര്‍ഷകനെ തിരഞ്ഞെത്തിയത്.
2020-ല്‍ രാജ്യത്ത് 10,677 കര്‍ഷകരും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും ആത്മഹത്യ ചെയ്തുവെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ പ്രകാരം കേരളത്തിലെ ഓരോ കര്‍ഷക കുടുംബത്തിന്റെയും ഒരു വര്‍ഷത്തെ ശരാശരി കടം 2,42,000 രൂപയാണ്. ദേശീയ ശരാശരിയേക്കാളും കൂടുതലാണിത്. കര്‍ഷകരുള്‍പ്പെട്ട സമൂഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ജപ്തികളും നിയമ നടപടികളും നിര്‍ത്തി വെച്ച് കടക്കെണിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരോടപ്പം നില്ക്കാന് പദ്ധതികള്‍ ആവിഷ്ക്കരിക്കരിക്കാനുള്ള സന്മനസാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്.
കണ്ണന്‍കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് ജില്ലയിലെ വളളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിനായി വട്ടിപ്പലിശക്കാരില്‍നിന്ന് മൂന്ന് ലക്ഷം രൂപ കടമെടുത്തു. തിരികെ 10 ലക്ഷം രൂപ അടച്ചെങ്കിലും 20 ലക്ഷം നല്‍കണം എന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാരായ പ്രകാശന്, ദേവന് എന്നിവര്‍ ഭീഷണിപ്പെടുത്തിയതാണ് ആ മരണത്തിന് കാരണമായത്. 2017 ജൂലൈയില്‍ ആറാട്ടുപുഴ കൂട്ടില്‍ തെക്കതില്‍ രാധാമണിയും ആ വര്‍ഷം ആഗസ്തില്‍ ആലപ്പുഴ ചേര്‍ത്തല തിരുനെല്ലൂര്‍ സ്വദേശി അജിതും ആത്മഹത്യ ചെയ്തത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു.
ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി സെയ്തുമുഹമ്മദും കുടുംബവും മുന്‍ ബാങ്ക് മാനേജരും
2018ലാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ ആത്മഹത്യയുടെ വക്കിലായ കുടുംബം നീതി തേടുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. എറണാകുളം പട്ടിമറ്റം കൈതക്കാട് സ്വദേശി സെയ്തുമുഹമ്മദും കുടുംബവുമാണ് ബ്ലേഡ് മാഫിയയുടെ ഭീഷണി കാര്യം തുറന്ന് പറഞ്ഞ് പൊതുജന സഹായം തേടിയത്. പഴന്തോട്ടം ജങ്ഷനില്‍ പച്ചക്കറിക്കട നടത്തി വരികയായിരുന്നു ഈ കുടുംബം. കടയിലേക്ക് സാധനങ്ങള്‍ എടുക്കുന്നതിനും മറ്റുമായി ചിട്ടിയും പലിശ ഇടപാടും നടത്തുന്ന വെമ്പിളി സ്വദേശി സുരാജില്‍നിന്ന് പലപ്പോഴായി ഇവര്‍ 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പകരം ചെക്കും പ്രോമിസറി നോട്ടും ബ്ലാങ്ക് മുദ്രപത്രവും ഈടായി നല്കി. ഈ പണത്തിന് പ്രതിമാസം 45,000 രൂപ പലിശ നല്‍കിയിരുന്നു.
കൂടാതെ കാര്‍ വിറ്റ് നാല് ലക്ഷം രൂപയും സൂരജ് നടത്തിയിരുന്ന ചിട്ടിയില്‍ ചേര്‍ന്നതിന്റെ ആറ് ലക്ഷം രൂപയും ചേര്‍ത്ത് 10 ലക്ഷം രൂപ തിരികെ നല്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് ഇതില്‍നിന്നു മൂന്നര ലക്ഷം രൂപയും നല്കി. ഒന്നര ലക്ഷം രൂപ ബാക്കി നില്‍ക്കുമ്പോഴും ബ്ലേഡുകാരന് 25,000 രൂപ വീതം പലിശ വാങ്ങിക്കൊണ്ടിരുന്നു. ബന്ധുവിന്റെ പേരിലുളള ടാറ്റാ എയ്സ് പിക്കപ്പ് വാനിന്റെ ബുക്ക്, എയ്സ് ഐറിസിന്റെ ബുക്ക്, ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ ബുക്ക് എന്നിവയും ബ്ലേഡുകാരന് കൈക്കലാക്കി. വാങ്ങിയ തുകയ്ക്ക് പലിശയിനത്തില്‍ മാത്രം 52 ലക്ഷത്തോളം രൂപയും മുതലിലേക്ക് പതിമൂന്നര ലക്ഷവും അടച്ചു. ശേഷവും മൂന്നര ലക്ഷവും അതിന്റെ പലിശയും അടയ്ക്കാനുണ്ടെന്ന വാദവുമായി ബ്ലേഡുകാരന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇവര്‍ സഹായ അഭ്യര്‍ത്ഥന നടത്തുന്നത്. എന്നാല്‍ പലപ്പോഴും നാണക്കേട് ഭയന്ന് പലരും ഇക്കാര്യം തുറന്ന് പറയാറില്ല.
ബ്ലാങ്ക് ചെക്കുകള്‍ വാങ്ങി കള്ളക്കേസുകള്‍ ഉണ്ടാക്കിയും ബ്ലേഡ് മാഫിയക്കാര്‍ ഭീമമായ തുക കൈപ്പറ്റാറുണ്ട്. കേസിന്റെ നൂലാമാലകളില്‍ പെടുന്നതിന്റെ പ്രയാസം മനസ്സിലാക്കി നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും തുകയും പലിശയും നല്കിക്കൊണ്ടിരിക്കും. അവസാനം ആത്മഹത്യയില്‍ അവസാനിപ്പിക്കുകയും ചെയ്യും. ബ്ലേഡുകാരില്‍നിന്ന് മകന് വാങ്ങിയ രണ്ട് ലക്ഷം രൂപയ്ക്ക് മുന്‍ ബാങ്ക് മാനേജരും പാലക്കാട് കൊടുമ്പ് സ്വദേശിയുമായ മാരിമുത്തു 2021-ല്‍ തിരിച്ച് നല്‍കേണ്ടി വന്നത് 30 ലക്ഷത്തിലധികം രൂപയാണ്. ചുരുങ്ങിയ വിലയില്‍ 47 സെന്റ് സ്ഥലം ബ്ലേഡുകാര്‍ കൈക്കലാക്കി. മറ്റ് ബാധ്യതയൊഴിവാക്കാന്‍ ഏക വരുമാനമാര്‍ഗമായിരുന്ന കല്ല്യാണമണ്ഡപവും വില്‍ക്കേണ്ടി വന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലേഡുകാര്‍ വീട്ടിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതോടെയാണ് സകലതും എഴുതിനല്‍കിയത്.
മാരിമുത്തു ഒരു രൂപ പോലും വട്ടിപ്പലിശക്കാരില്‍നിന്ന് വാങ്ങിയിട്ടില്ല. മകന് ചിട്ടി പിടിച്ച് വാങ്ങിയ രണ്ട് ലക്ഷം രൂപയ്ക്ക് ഈടായി സ്വന്തം ഭൂമി എഴുതി നല്‍കിയതിലാണ് തുടക്കം. രണ്ട് ലക്ഷത്തിന്റെ പലിശ ബാധ്യതയൊഴിവാക്കാന്‍ വീണ്ടും മകന് കടം വാങ്ങി. അങ്ങനെ രണ്ട് ലക്ഷം ബ്ലേഡുകാരുടെ കണക്കില്‍ പത്ത് ലക്ഷം വരെയായി. ഭൂമി തിരിച്ച് നല്കണമെങ്കില് ഇരുപത് ലക്ഷം കൂടി നല്‍കണമെന്നായിരുന്നു മുന്നറിയിപ്പ്. വീട്ടിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തി 47 സെന്റ് ഭൂമി ഒരാഴ്ചയ്ക്കുള്ളില്‍ കൈക്കലാക്കി. ഒരു ലക്ഷത്തില്‍ താഴെ മാത്രം തുകയ്ക്ക് വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഏറെ ആഗ്രഹിച്ച് പണിതീര്‍ത്ത എണ്ണായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള ഓഡിറ്റോറിയവും നഷ്ടപ്പെട്ടു.നിയമനടപടിക്കായി ചിറ്റൂര്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് നടത്തിപ്പിനുള്‍പ്പെടെ വീണ്ടും 15 ലക്ഷത്തിനോടടുത്ത് ബാധ്യതക്കാരനായി മാറിയതും മാരിമുത്തുവിന്റെ അനുഭവം.
കൊള്ളപ്പലിശക്കാരുടെ രീതി ഇങ്ങനെ:
ദിവസം തിരിച്ചടക്കുന്നവര്‍ 10,000 രൂപ വായ്പയെടുത്താല്‍ 100 ദിവസം കൊണ്ട് 13,500 രൂപ തിരിച്ചടക്കണം. അതല്ലെങ്കില്‍ പതിനായിരം രൂപ ആവശ്യമുണ്ടങ്കില്‍ അവര്‍ക്ക് പണം കൊടുക്കുകയും അതിന് പകരം ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങുകയും പിന്നീട് മാസാമാസം മുതലും പലിശയും എന്നപേരില്‍ ഒരു നിശ്ചിത സംഖ്യ ഇവരില്‍നിന്ന് വാങ്ങുകയും ചെയ്യും. എന്നാല്‍, വാങ്ങുന്ന പണത്തിന് യാതൊരു രേഖയും ഇവര്‍ നല്‍കാറില്ല. അവസാനം മൂന്നോ നാലോ വര്‍ഷം തുടര്‍ച്ചയായി ഇങ്ങനെ തിരിച്ചടക്കേണ്ടി വരും. പതിനായിരം വാങ്ങിയവര്‍ തിരിച്ചടവ് തീരുമ്പോഴേക്കും മുപ്പതിനായിരമെങ്കിലും കവിഞ്ഞിട്ടുണ്ടാകും.ഏതെങ്കിലും വിധത്തില്‍ ഇതിനെ ചോദ്യ ചെയ്താല്‍ മുന്‍പ് ഒപ്പിട്ടു നല്കിയ ചെക്ക് വിനയാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നതോടെ വാങ്ങിയ ആള്‍ക്ക് തിരിച്ചടവ് തുടരുകയല്ലാതെ മറ്റു മാര്‍ഗമില്ലാതാകും. തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇഷ്ടമുള്ള തുക എഴുതി നിയമ നടപടി സ്വീകരിച്ച് ഇവരെ കുടുക്കുന്ന രീതിയാണ് കൊള്ളപ്പലിശക്കാര്‍ സ്വീകരിച്ചു വരുന്നത്.സ്ത്രീകള്‍ക്ക് വായ്പ നല്‍കിയശേഷം വായ്പ തുകയുടെ പതിന്മടങ്ങ് ഈടാക്കാന്‍ അവര്‍ക്കെതിരെ ചെക്ക് കേസ് നല്‍കുന്നത് പതിവാക്കിയ ബ്ലേഡ് സ്ഥാപന നടത്തിപ്പുകാരനെ അടുത്തിടെ തൊടുപുഴയില്‍ അറസ്റ്റ് ചെയ്തിരുന്നു.
പണപ്പിരിവ് നടത്താനെത്തുന്നത് ഗുണ്ടാസംഘങ്ങള്‍
പലപ്പോഴും പണപ്പിരിവ് നടത്താന്‍ വരുന്നത് ഗുണ്ടാസംഘങ്ങളാണ്. ഡിസംബര്‍ 2022-ല്‍ കൊല്ലം അഞ്ചലില്‍ നടുറോഡില്‍ യുവാവിനെ ബ്ലേഡ് മാഫിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചതാണ് ഇതിന്റെ അവസാന ഉദാഹരണം. ഏരൂര്‍ സ്വദേശിയായ വിഷ്ണു(28)വിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമിസംഘം വിഷ്ണുവിന്റെ തലയിലും ശരീരത്തും കല്ലുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.അഞ്ചല്‍ പനച്ചിവിളയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ഏരൂര്‍ സ്വദേശി ചിത്തിര സൈജുവിന്റെ പക്കല്‍ നിന്നും വിഷ്ണു പണം പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍, തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത്. കൊല്ലം അഞ്ചലില്‍ തന്നെ മുന്‍പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. പലിശപ്പണം നല്കാന് വൈകിയതിന് 90 വയസ്സുള്ള വൃദ്ധയും പതിനാലും ആറും വയസ്സുള്ള മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തെ വീട്ടില്‍നിന്ന് ഇറക്കി വിടുകയും വരാന്തയില്‍ തങ്ങിയതിന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത് 2018 ജനുവരിയിലാണ്.പരാതിയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കിക്കൊണ്ടിരിക്കെയായിരുന്നു സംഘത്തിന്റെ ആക്രമണമെന്നത് സംഘങ്ങളുടെ സ്വാധീനവും വ്യക്തമാക്കുന്നതാണ്.
കൊള്ളപ്പലിശ നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ട്
1958ലെ ''കേരള പണം കടം കൊടുപ്പുകാര്‍ നിയമ''പ്രകാരം വാണിജ്യ ബാങ്കുകളെക്കാള്‍ കൂടുതലായി പരമാവധി രണ്ട് ശതമാനം പലിശയേ കടം കൊടുക്കുന്നവര്‍ ഈടാക്കാന്‍ പാടുള്ളൂ. കൂടുതലായി വാങ്ങുന്നവര്‍ മൂന്നു വര്‍ഷം തടവിനും 50,000 രൂപ വരെ പിഴയൊടുക്കാനും അര്‍ഹരാണ്. നാല് മുതല്‍ 13 ശതമാനം വരെയാണ് അംഗീകൃത ബാങ്കുകള്‍ ഈടാക്കുന്ന വാര്‍ഷിക പലിശ. ബ്ലേഡുകാര്‍ ഈടാക്കുന്നതാകട്ടെ പത്ത് ശതമാനം ദിവസപ്പലിശയും 15 മുതല്‍ 25 ശതമാനം വരെ മാസാന്ത പലിശയും. വര്‍ഷങ്ങളായി സംസ്ഥാനത്തെ നഗര, ഗ്രാമാന്തരങ്ങളില്‍ കൊള്ളപ്പലിശക്കാര്‍ യഥേഷ്ടം വിലസിയിട്ടും എത്ര പേര് നിയമ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട് സംസ്ഥാനത്ത്? നിലവിലുള്ള നിയമങ്ങള്‍ പ്രയോഗിക്കാന്‍ അധികൃതര്‍ സന്നദ്ധമായാല്‍ തന്നെ നിയന്ത്രിക്കാവുന്നതേയുള്ളൂ കൊള്ളപ്പലിശക്കാരെ. എന്നാല്‍, മിക്ക ബ്ലേഡ്മാഫിയകളും ഉന്നത രാഷ്ട്രീയക്കാരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളവരാണ്. ഈ ബന്ധത്തിന്റെ മറവിലാണ് ഇവര്‍ നിര്‍ഭയം പ്രവര്‍ത്തിക്കുന്നത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാവേണ്ട സര്‍ക്കാറും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിരവരുമാനമില്ലാത്തവരെ കയ്യൊഴിയുമ്പോഴാണ് പലിശ കുരുക്കുകളില്‍ സാധാരണക്കാര്‍ കുടുങ്ങുന്നത്. ഒടുവില്‍ ഗത്യന്തരമില്ലാതെ ആത്മഹത്യയിലേക്കുള്ള വഴി തേടും കടക്കെണിയില്‍പ്പെട്ട കര്‍ഷകരും മറ്റു സാധാരണക്കാരുമെല്ലാം. വന്‍കിടക്കാര്‍ക്കും കുത്തകകള്‍ക്കും ശതകോടികളുമായി മുങ്ങാന്‍ ഒത്താശ ചെയ്യുകയും കിട്ടാക്കടത്തിന്റെ മറവില്‍ അവരുടെ ബാധ്യതകള്‍ എഴുതിത്തള്ളാന്‍ അതീവ താല്പര്യവും കാണിക്കുന്ന ധനകാര്യസ്ഥാപനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കും മറ്റു സാധാരണ വായ്പക്കാര്‍ക്കും കുടിശ്ശികയുടെ പേരില്‍ ആശ്വാസം നല്കുന്നതിനു പകരം അവരെ വേട്ടയാടാനുള്ള മത്സരത്തില്‍ പല ധനകാര്യ സ്ഥാപനങ്ങളും അത്യുത്സാഹം കാണിക്കുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. നാട്ടിലെ സാധാരണക്കാര്‍ക്കും മറ്റും വേണ്ടിയാണ് പ്രവര്ത്തിക്കുന്നതെന്നതെന്ന് അവകാശപ്പെട്ടാണ് ഓരോ ധനകാര്യ സ്ഥാപനവും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും വായ്പകള്‍ നല്‍കുന്നതും. എന്നാല്‍, കര്‍ഷകരുള്‍പ്പെട്ട സമൂഹം പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന കാലത്ത് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഇത്തരം സ്ഥാപനങ്ങളില്‍നിന്നുള്ള അനുഭവമെന്നതാണ് സത്യം.
Content Highlights: blade mafia exploitation and suicides in kerala, social, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..