പ്രതീകാത്മകചിത്രം| Photo: Mathrubhumi
റേഷൻ കടക്കാരുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നതിലാണ് മൊത്തവിതരണക്കാരുടെ ആനന്ദം. ഭക്ഷ്യധാന്യവിതരണച്ചുമതലയിൽ നിന്ന് അവരെ പൂർണമായും ഒഴിവാക്കണം. വിതരണച്ചുമതല സപ്ലൈകോയെ ഏൽപ്പിക്കണം’ - പൊതുവിതരണരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് ഡി.പി. വാധ്വ കേരളത്തിലെ റേഷൻ ക്രമക്കേട് തടയാൻ നൽകിയ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്.
2010 ജൂലായിൽ വാധ്വാ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ചാണ് പൊതുവിതരണ രംഗത്തെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. 2013-ൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമം പാസാക്കി യു.പി.എ. സർക്കാർ പൊതുവിതരണരംഗത്തെ നവീകരണത്തിന് തുടക്കമിട്ടു.
റേഷൻ കടകൾ കംപ്യൂട്ടർവത്കരിച്ചു. ഇ-പോസ് യന്ത്രങ്ങൾ വഴി കാർഡുടമയുടെ വിരലടയാളം സ്വീകരിച്ച് ആധാർ അധിഷ്ഠിത റേഷൻ വിതരണവും തുടങ്ങി. ഓരോ കാർഡുടമയ്ക്കും എത്രയളവ് റേഷൻവിഹിതം ലഭിച്ചെന്ന് കേന്ദ്രസർക്കാരിനുപോലും അറിയാനാകുന്ന വിധത്തിൽ ഓൺലൈൻ ശൃംഖലയും ഒരുക്കി. എന്നിട്ടും നിയമത്തെയും സാങ്കേതിക വിദ്യകളെയും വെട്ടിച്ച് ക്രമക്കേടുകൾ തുടരുകയാണ്.
കോവിഡുകാല സഹായമെന്ന നിലയിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ.) പദ്ധതിയിൽപ്പെടുത്തി 2020 ഏപ്രിൽ മുതൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് കേന്ദ്രം അധികമായി അനുവദിച്ച ഭക്ഷ്യധാന്യമാണ് ഏറെയും കരിഞ്ചന്തയിലേക്ക് കടത്തപ്പെട്ടതെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
സാധാരണ റേഷനുപുറമെ, കാർഡിലെ ഓരോ അംഗത്തിനും മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം അധികം ലഭിക്കും. മഞ്ഞക്കാർഡുകാർക്ക് മാസം 35 കിലോ ഭക്ഷ്യധാന്യം സാധാരണ റേഷൻ വിഹിതം സൗജന്യമായുണ്ട്. ഒരംഗമായാൽപ്പോലും ഈ വിഹിതം ലഭിക്കും. അതുപോലെ പിങ്കുകാർഡുകാർക്കും കൂടുതൽ വിഹിതം ലഭിച്ചു. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് സാധാരണവിഹിതവും പി.എം.ജി.കെ.എ.വൈ. വിഹിതവും കൂടിച്ചേരുമ്പോൾ മാസം 50 കിലോ വരെ കിട്ടി. 40 ലക്ഷത്തിലധികം പേർക്ക് കേരളത്തിൽ മാത്രം ഇത്തരത്തിൽ അധികവിഹിതം ലഭിക്കുന്നുണ്ട്. ഈ സെപ്റ്റംബർവരെ അധികവിഹിതം തുടരും.
പ്രതീക്ഷിക്കാതെ ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യം വന്നുചാടിയപ്പോൾ തട്ടിപ്പിന് കരിഞ്ചന്തക്കാർ പുതുവഴികൾ കണ്ടെത്തി. ഒരുവിഭാഗം കാർഡുടമകളും റേഷൻ വ്യാപാരികളും ഉദ്യോഗസ്ഥരുമെല്ലാം കൂട്ടുനിന്നു. വേണ്ടെങ്കിലും മുൻഗണനാ വിഭാഗങ്ങൾ ഭക്ഷ്യധാന്യം മുഴുവനും വാങ്ങും. ആവശ്യമായത് എടുത്തശേഷം ചിലർ റേഷൻ വ്യാപാരിക്കുതന്നെ മറിച്ചുവിൽക്കും.
സൗജന്യമായി കിട്ടുന്ന അരിയായതിനാൽ, പത്തോ പതിനഞ്ചോരൂപ കിലോയ്ക്ക് നൽകിയാൽ കാർഡുടമയ്ക്കും സന്തോഷം. ചിലർ മറ്റു കടക്കാർക്കുനൽകും. പാവപ്പെട്ടവർക്ക് കിട്ടേണ്ട അരി അവരിലൂടെ തന്നെ കരിഞ്ചന്തയിലേക്ക്. കാർഡുടമകളിൽ നിന്ന് റേഷൻ വ്യാപാരികളും മറ്റുകടക്കാരും ശേഖരിക്കുന്ന ഭക്ഷ്യധാന്യം ചെന്നെത്തുന്നത് റേഷനരി കടത്തുസംഘത്തിനടുത്തേക്കാണ്. ഓരോ താലൂക്കും കേന്ദ്രീകരിച്ച് അവരുണ്ടാകും. ശേഖരിക്കുന്ന ഭക്ഷ്യധാന്യം രായ്ക്കുരാമാനം ഏതെങ്കിലും അഞ്ജാതകേന്ദ്രത്തിലേക്ക്. പിന്നീട് പുഴുക്കലരി, കുത്തരി, പച്ചരി എന്നിവ ഇനം തിരിച്ച് പുതിയ ചാക്കുകളിൽ നിറച്ചുകടത്തും. കൂടിയ വിലയ്ക്ക് ഇത് വിപണിയിലെത്തും.
പോലീസ് പിടിക്കും, സിവിൽ സപ്ലൈസ് രക്ഷിക്കും
ചിലയിടങ്ങളിൽ അരി കടത്ത് പോലീസ് പിടികൂടി. പക്ഷേ റേഷനരിയാണോയെന്ന് ഉറപ്പിക്കാൻ സിവിൽ സപ്ലൈസിന്റെ സഹായം വേണം. എഫ്.സി.ഐ.യുടെ ചാക്കിലല്ലായിരുന്നു അരിയെന്ന ഒറ്റക്കാരണത്താൽ സിവിൽ സപ്ലൈസ് കൈയ്യൊഴിയും. ഇതോടെ, കരിഞ്ചന്തക്കാർ രക്ഷപ്പെടും. ഇതോടെ ശാസ്ത്രീയ പരിശോധനകൾ വേണമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷൻ സപ്ലൈകോയോട് നിർദേശിച്ചിരുന്നു. ഒരു പ്രയോജനവുമുണ്ടായില്ല.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..