തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴില്‍ ശക്തി സമീപഭാവിയില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സാമ്പത്തിക അവലോകന സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ വേഗം കൂടുന്നതിനാല്‍ സംസ്ഥാനത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന വിഭാഗങ്ങളേക്കാള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2001നും 2011നും ഇടയിലുള്ള കാലയളവില്‍ സംസ്ഥാനത്ത് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ 1.1 ദശലക്ഷം വര്‍ധിച്ചു. ഈ വർധന അതേ കാലയളവിലെ തൊഴിലാളി വിഭാഗത്തിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017-2018 കാലയളവില്‍ നടത്തിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേയുടെയും സെന്‍സസ് കണക്കുകളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1.27കോടി തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പുരുഷന്മാരാണ്- 93.7 ലക്ഷം.  33.4 ലക്ഷം സ്ത്രീ തൊഴിലാളികളാണ്. ജനസംഖ്യാനുപാതികമായി തൊഴില്‍ രംഗത്ത് ഉണ്ടാകേണ്ട പങ്കാളിത്തത്തില്‍ ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം. പുരുഷന്മാര്‍ 50.5 ശതമാനം പങ്കാളിത്തം വഹിക്കുമ്പോള്‍ സ്ത്രീകളുടേത് വെറും 16.4 ശതമാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല കേരളത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ ആകെയുള്ള സ്ഥിതിവിവര കണക്കുകളേക്കാള്‍ വളരെ കൂടുതലാണ്. 23.2 ശതമാനമാണ് കേരളത്തിലെ സ്ത്രീകളിലെ തൊഴിലില്ലായ്മ നിരക്ക്.

സംസ്ഥാനത്തെ ആകെ തൊഴിലാളികളില്‍ 51.6 ശതമാനം പേരും സേവന മേഖലയിലാണ് തൊഴിലെടുക്കുന്നത്. സംസ്ഥാനത്തെ 33.4 ലക്ഷം സ്ത്രീ തൊഴിലാളികളില്‍ ഭൂരിഭാഗവും അതായത് 19.7 ലക്ഷം പേരും സേവന മേഖലയിലാണ്. വിദ്യാഭ്യാസ- ആരോഗ്യ മേഖലയില്‍ 8.1 ലക്ഷമാണ് സ്ത്രീ തൊഴിലാളികളുള്ളത്.

അതേസമയം താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ നൈപുണ്യവും ആവശ്യമുള്ള വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം, ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണല്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ആകെ 25.9 ലക്ഷം പേര്‍ തൊഴില്‍ ചെയ്യുന്നു. ഇതില്‍ 13.3 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ദേശീയ തലത്തില്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ 8.3 ശതമാനം വരും കേരളത്തിന്റെ സംഭാവന.

അതേസമയം കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്ത് തൊഴില്‍ കുറഞ്ഞുവരുന്നുവെന്നത് വലിയ  പ്രശ്നമാണ്. 21.3 ലക്ഷം (16.7 %) തൊഴിലാളികള്‍ മാത്രമാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. സംസ്ഥാനത്തെ തൊഴിലാളികളിലെ ഈ വൈരുധ്യം തലവേദന സൃഷ്ടിക്കാനാണ് സാധ്യത. കാരണം ആകെയുള്ള തൊഴിലാളികളില്‍ അധികവും കാര്‍ഷിക മേഖലയ്ക്ക് പുറത്തുള്ളവരാണ്. ഭാവിയില്‍ ഈ അന്തരം വര്‍ധിക്കുകയും കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള പ്രവണത കുറഞ്ഞുവരികയും ചെയ്യും. അങ്ങനെയെങ്കില്‍ കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നായി മാറും.

content highlights: Birth rate in kerala declines, state going to face shortage of human resources