ബില്‍ക്കീസിനെപ്പോലെ പൊരുതാനുള്ള ധൈര്യമൊന്നും ഞങ്ങള്‍ക്കില്ല, ഇവര്‍ പറയുന്നു


ഇ ജി രതീഷ്

വര്‍ഷാവസാനം നിയമസഭാ ­തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഗുജറാത്തിലെ രാഷ്ട്രീയകക്ഷികള്‍ ബില്‍ക്കീസ് ബാനു ­വിഷയത്തെ എങ്ങനെ ­സമീപിക്കുന്നുവെന്നതും ­ശ്രദ്ധേയമാണ്. ഭൂരിപക്ഷവോട്ട് നഷ്ടമാകരുതെന്ന ­കരുതല്‍ പ്രകടമാണ്

ഗുജറാത്ത് കത്ത്‌

ബിൽക്കിസ് ബാനു | Photo: ANI

ണ്‍ധിക്പുരിലെ സിംഗ്വാദില്‍നിന്ന് മുസ്‌ലിം കുടുംബങ്ങള്‍ ഒഴിഞ്ഞുപോയിത്തുടങ്ങി. മുപ്പത് കിലോമീറ്റര്‍ അകലെ ദഹോദ് ജില്ലയില്‍ത്തന്നെയുള്ള ദേവഗഢ് ബറിയയിലെ റഹീമാബാദ് റിലീഫ് കോളനിയാണ് അവരുടെ ലക്ഷ്യം... ''ഞങ്ങളെ ആരും നേരിട്ട് ഭീഷണിപ്പെടുത്തിയില്ല. പക്ഷേ, ജയില്‍ വിട്ടിറങ്ങിയവര്‍ക്ക് കിട്ടുന്ന അനുമോദനങ്ങള്‍ ഭയപ്പെടുത്തുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ബില്‍ക്കീസിനെപ്പോലെ പൊരുതാനുള്ള ധൈര്യമൊന്നും ഞങ്ങള്‍ക്കില്ല...'' സംഘാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇരുപതുവര്‍ഷം മുമ്പത്തെ ഗുജറാത്ത് കലാപകാലത്താണ് ഇവരില്‍ ചിലര്‍ ബില്‍ക്കീസിനൊപ്പം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപോലെ ഗ്രാമംവിട്ടത്. പിന്നാലെയെത്തിയ കാട്ടാളന്മാര്‍ പിടികൂടി. അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസിനെ ബലാത്കാരം ചെയ്തു. അവളുടെ മൂന്നര വയസ്സുകാരിയായ മകളെ നിലത്തടിച്ച് കൊന്നു. എട്ടു പേരാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ആറു പേരെക്കുറിച്ച് വിവരമൊന്നുമില്ല. അതിജീവിതയെന്ന മറപോലുമില്ലാത്ത കാലത്ത് ബില്‍ക്കീസ് അസാമാന്യ കരുത്തോടെ നീതിക്കായി പോരാടി. 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ച വിധി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയതോടെ കുറ്റവാളികള്‍ ഇവര്‍ക്കുമുന്നിലൂടെ സ്വതന്ത്രരായി നടക്കുന്നു... ചിലര്‍ മാലയിട്ട് സ്വീകരിക്കുന്നു... കുറ്റവാളികളില്‍ ബ്രാഹ്മണരുണ്ടെന്നും അവര്‍ കുറ്റം ചെയ്തിരിക്കാന്‍ ഇടയില്ലെന്നും ഒരു ഭരണകക്ഷി എം.എല്‍.എ. പരസ്യമായി പറയുന്നു... എന്തു വിശ്വസിച്ചാണ് കേസില്‍ സാക്ഷികളാവുകയും പ്രതികള്‍ക്കെതിരേ മൊഴികൊടുക്കുകയും ഒക്കെ ചെയ്തവര്‍ അതേ ഗ്രാമത്തില്‍ കഴിയുക..? ക്രമസമാധാന പ്രശ്‌നമൊന്നും ഇല്ലെന്ന് വ്യക്തമാക്കുന്ന പോലീസിന് മറുപടി പറയാനാവുന്നതല്ല ഈ ചോദ്യം.

പൊള്ളിക്കുന്ന കണ്ണുനീര്‍

''നിയമം നീതിയുടെ വാഹനമാണ്. അകത്ത് നീതിയില്ലെങ്കില്‍ നിയമംകൊണ്ട് കാര്യമില്ല...'' കുറ്റവാളികളെ സ്വതന്ത്രരാക്കിയ നടപടിയെ വിമര്‍ശിച്ച് റിട്ട. ജഡ്ജി യു.ഡി. സാല്‍വി പറഞ്ഞു. 2008ല്‍ മുംബൈ പ്രത്യേക കോടതി ജഡ്ജിയായിരുന്ന സാല്‍വിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ഗോധ്രയില്‍ സ്വീകരണം ഏറ്റുവാങ്ങിയിരുന്നു. ചില എന്‍.ജി.ഒ.കളുടെ കള്ളക്കേസില്‍ കുടുങ്ങിയവരാണ് തങ്ങളെന്നും അവര്‍ പരിതപിച്ചു. തടവുകാരുടെ അപേക്ഷയില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിട്ടയച്ചതെന്ന ന്യായീകരണമാണ് ഗുജറാത്തിലെ ബി.ജെ.പി. നേതൃത്വം നല്‍കുന്നത്. 1992ലെ ഇളവുനല്‍കല്‍ നിയമമാണ് പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ അറസ്റ്റിലായിരുന്നപ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിയമമാണിത്. 2014ല്‍ നിയമം പരിഷ്‌കരിച്ചപ്പോളാണ് ബലാത്കാരക്കേസിലെ കുറ്റക്കാര്‍ക്ക് ഇളവു നല്‍കരുതെന്ന നിബന്ധനവന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഇളവുനല്‍കിയ തടവുപുള്ളികളുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ നിബന്ധനവെച്ചിരുന്നു. 1992ല്‍ ഇതൊന്നും ബാധകമല്ലല്ലോയെന്ന പിടിവള്ളിയിലാണ് സര്‍ക്കാര്‍ തൂങ്ങുന്നത്. 1992ലെ നിയമമായാലും കുറ്റവാളികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഇരയുടെ സ്ഥിതി, കുറ്റവാളികളുടെ മനോഭാവം ഒക്കെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. രണ്ടു ബി.ജെ.പി. എം.എല്‍.എ.മാരും അംഗങ്ങളായ ജയില്‍ ഉപദേശകസമിതി മോചനത്തിന് ഏകകണ്ഠമായി നിര്‍ദേശിക്കുകയും അത് സര്‍ക്കാര്‍ അംഗീകരിക്കുകയുമാണുണ്ടായത്. സി.ബി.ഐ. അന്വേഷിച്ച കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടേണ്ടതായിരുന്നു. ബലാത്കാരത്തിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ പിന്തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കാതെ സംസ്ഥാനം രക്ഷിച്ചു.

വളച്ചൊടിക്കപ്പെടുന്ന നിയമങ്ങള്‍

''നിയമത്തില്‍ വെള്ളം ചേര്‍ക്കലാണിത്...'' റിട്ട. ജസ്റ്റിസ് സുജാത മനോഹര്‍ പറഞ്ഞു. 2003ല്‍ അഭയാര്‍ഥിക്യാമ്പില്‍ ബില്‍ക്കീസ് ബാനുവിന്റെ മൊഴിയെടുത്ത ദേശീയ മനുഷ്യാവകാശകമ്മീഷന്‍ സംഘത്തില്‍ സുജാതയും ഉണ്ടായിരുന്നു. കേസ് തുമ്പില്ലാതെ അവസാനിപ്പിച്ച പോലീസ് റിപ്പോര്‍ട്ട് ദാഹോദിലെ കോടതി സ്വീകരിച്ചപ്പോള്‍ കമ്മിഷനാണ് സി.ബി.ഐ. അന്വേഷണത്തിനായി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. മികച്ച അഭിഭാഷകനായ ഹരീഷ് സാല്‍വെയെ വാദിക്കാന്‍ ചുമതലപ്പെടുത്തി. ചാക്കുകണക്കിന് ഉപ്പിട്ട് മറവുചെയ്ത മൃതദേഹങ്ങള്‍ സി.ബി.ഐ. കുഴിച്ചെടുത്തപ്പോള്‍ സര്‍ക്കാര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സത്യങ്ങള്‍ പുറത്തുവന്നു. സാക്ഷികള്‍ക്ക് ഭീഷണിയുയര്‍ന്നതിനെത്തുടര്‍ന്നാണ് മുംബൈ കോടതിയിലേക്ക് വിചാരണ മാറ്റിയത്. ഇരുപത് ദിവസത്തെ ക്രോസ് വിസ്താരത്തില്‍ പതറാതെനിന്ന ബില്‍ക്കീസ് ബാനു പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. അവരില്‍ ചിലര്‍ അയല്‍ക്കാര്‍ തന്നെയായിരുന്നു. പ്രതികള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു സ്ത്രീയുടെ കണ്ണീര്‍ച്ചൂടറിഞ്ഞു. പിന്നീട് ഹൈക്കോടതി പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കും കൂടി ശിക്ഷ നല്‍കി വിധിയെ പൂരിപ്പിച്ചു. ''കുറ്റവാളികളെ വിട്ടയച്ചത് സ്ത്രീസുരക്ഷ സംബന്ധിച്ച് നല്ല സന്ദേശമല്ല നല്‍കുന്നത്...'' സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച സുജാത മനോഹര്‍ പറയുന്നു.

ചില എന്‍.ജി.ഒ.കളാണ് തങ്ങളെ കേസില്‍ കുടുക്കിയതെന്ന് പറയുമ്പോള്‍ തടവുപുള്ളികള്‍ ലക്ഷ്യമിടുന്നത് തീസ്ത സെതല്‍വാദിനെക്കൂടിയാണ്. ബില്‍ക്കീസിനെ തുടക്കത്തില്‍ ഇന്‍ര്‍വ്യൂ ചെയ്തത് പത്രപ്രവര്‍ത്തക കൂടിയായ തീസ്തയാണ്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ സെക്രട്ടറിയെന്ന നിലയില്‍ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നിയമസഹായം നല്‍കിയ തീസ്ത ജൂണ്‍ 25 മുതല്‍ സാബര്‍മതി ജയിലിലാണ്. മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറും അന്നു മുതല്‍ തടവിലാണ്.

തിരഞ്ഞെടുപ്പ് നോട്ടം

വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെ രാഷ്ട്രീയകക്ഷികള്‍ ഈ വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഭൂരിപക്ഷവോട്ട് നഷ്ടമാകരുതെന്ന കരുതല്‍ പ്രകടമാണ്. തീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെ ബി.ജെ.പി. സഹര്‍ഷം സ്വാഗതം ചെയ്തു. സോണിയാ ഗാന്ധിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിലേക്ക് അന്വേഷണസംഘം വിരല്‍ ചൂണ്ടിയപ്പോഴാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രതികരിച്ചത്. ബില്‍ക്കീസ്ബാനു കേസില്‍ കുറ്റക്കാരെ വിട്ടയച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. എന്നാല്‍, വര്‍ഗീയ കലാപത്തിന്റെ ഇര എന്നതിനെക്കാള്‍ ക്രൂരമായ പീഡനങ്ങള്‍ സഹിച്ച സ്ത്രീയെന്നതിനാണ് ഊന്നല്‍. സ്ത്രീകള്‍ക്കുവേണ്ടി സംസാരിച്ചവരുടെ തനിനിറം വെളിച്ചത്തായതോടെ ബി.ജെ.പി. നിശ്ശബ്ദമാണ്. മൂന്നാം കക്ഷിയായി സംസ്ഥാനത്ത് വരവറിയിച്ച ആം ആദ്മി പാര്‍ട്ടി ഈ രണ്ടുവിഷയങ്ങളും ഗൗനിച്ചിട്ടേയില്ല. മുസ്‌ലിം ന്യൂനപക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന വിദൂരച്ഛായപോലും വീഴരുതെന്ന വല്ലാത്ത കരുതലിലാണവര്‍.

Content Highlights: Bilqees Banu case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented