Representational image | Photo: AFP
ന്യൂഡല്‍ഹി : ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാണല്ലോ പഴമൊഴി. രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ ഡീസല്‍ വില 100തൊട്ടതോടെ ജീവിതച്ചിലവ് മുട്ടിക്കാനായി വിവിധ വഴികള്‍ തേടുകയാണ് ജനങ്ങള്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് പെട്രോള്‍ വാങ്ങാനായി അതിര്‍ത്തി കടന്ന് നേപ്പാളിലെത്തി ഇന്ധനം വാങ്ങുന്നത് ഇപ്പോൾ പതിവു കാഴ്ചയായിരിക്കുകയാണ്.
നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തില്‍ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച് മാഫിയയായും വളര്‍ന്നു
ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകൾ ഇന്ധനം ശേഖരിക്കുന്നത്. ചമ്പാരന്‍ ജില്ലയിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലാണ് ഇപ്പോള്‍ ഇന്ധനമെത്തുന്നത്.
അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ ഒരു വന്‍ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ രണ്ട് ഡസനിലധികം ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് സാഹചര്യമൊരുങ്ങിയത്.
നേപ്പാളില്‍ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാള്‍ രൂപ) ഇത് 69.50 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യന്‍ കറന്‍സിയില്‍ 58.88 രൂപയാണ്. 94.20 നേപ്പാള്‍ രൂപയാണ് അവിടെ ഡീസലിന്. ബീഹാറില്‍ പെട്രോളിന്റെ വില 92.51 രൂപയും ഡീസലിന് 85.70 രൂപയുമാണ്.
അതിര്‍ത്തി കടന്നുള്ള ഇന്ധനം വാങ്ങല്‍ മൂലം ഇവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന കുത്തനെ കുറഞ്ഞു. അതിനാല്‍ ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്.
"ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് തങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചുവെന്ന പോലീസും വ്യക്തമാക്കുന്നുണ്ട്.
ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചു. കള്ളക്കടത്തുകാരെ പിടികൂടുന്നതിനായി ഈ പ്രദേശങ്ങളില്‍ രാത്രി പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുകയാണ്", ഇറാന്വ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കുന്ദന്‍ കുമാര്‍ പറഞ്ഞു.
content highlights: As prices in India daily rises smuggling of fuel from Nepal rises
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..