370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് മൂന്ന് വര്‍ഷം; പുലര്‍ന്നോ കശ്മീരില്‍ സമാധാനം?


ശശി തരൂര്‍



Representative image: AFP

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി, സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ വെട്ടിമുറിച്ചിട്ട് ഓഗസ്റ്റ് അഞ്ചിന് മൂന്നു വര്‍ഷമാകുന്നു. അതിനുശേഷം, വൈരുധ്യമെന്നു പറയട്ടെ, കശ്മീര്‍ താഴ്‌വരയിലെ സ്ഥിതി ഒരേസമയം മെച്ചവും മോശപ്പെട്ടതുമായിക്കൊണ്ടിരിക്കുന്നു. മെച്ചപ്പെട്ടുവെന്ന് പറയാന്‍ കാരണം, ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ വലിയതോതില്‍ കശ്മീരിലെത്തുകയും അതിലൂടെ ആ മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുകയും ചെയ്തു. ഇതുവഴി സമ്പദ്‌വ്യവസ്ഥയിലേക്ക് പണമൊഴുകുകയും ചെയ്യുന്നു.

എന്നാല്‍, അതേസമയംതന്നെ കശ്മീരി മുസ്‌ലിങ്ങളോടുള്ള അന്യവത്കരണത്തിന്റെ കഥകള്‍ വര്‍ധിച്ചുവരുന്നു. കശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യം മാറ്റിവെച്ചാല്‍ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി നമ്മെ പഠിപ്പിച്ച പാഠങ്ങളെന്തെല്ലാമാണ്?

നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി നിര്‍ലജ്ജമാണ് ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞതെന്നത് നാം മറക്കരുത്. രാഷ്ട്രപതിഭരണത്തിലായിരിക്കുമ്പോഴാണ് കേന്ദ്രഭരണപ്രദേശമായി വിഭജിക്കാനുള്ള ജമ്മു കശ്മീരിന്റെ 'സമ്മതം' നേടിയത്. അതും കേന്ദ്രംതന്നെ നിയമിച്ച ഗവര്‍ണറെ 'സംസ്ഥാന'മായി കണക്കാക്കി ഭരണഘടന ഭേദഗതിചെയ്യാനുള്ള സമ്മതം സര്‍ക്കാര്‍ വാങ്ങിയെടുത്തു. സ്വന്തം തീരുമാനത്തിന് സ്വന്തം സമ്മതം വാങ്ങുന്നതുപോലെ! പ്രാദേശികപ്പാര്‍ട്ടികളുമായിപ്പോലും കൂടിയാലോചിക്കാതെയായിരുന്നു തീരുമാനം.

ജനാധിപത്യമര്യാദ ലംഘിക്കപ്പെട്ടയിടം

ഈ വിഷയം ഒത്തുതീര്‍ന്നുവെന്ന് എല്ലാവരും കരുതണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, മൂന്നുവര്‍ഷത്തിനിപ്പുറവും അതിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. മാത്രമല്ല, ഈ തീരുമാനത്തെ കൈയടിച്ചു സ്വീകരിച്ച പൊതുജനങ്ങളെ ഇതിനുപിന്നിലുള്ള നിയമപരമായ അഴിമതിയെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്.

അടിസ്ഥാനപരമായ കുറച്ചുകാര്യങ്ങള്‍: ജമ്മുകശ്മീരില്‍ ഭരണഘടനാ അസംബ്ലി നിലവില്‍വരുന്നതുവരെയുള്ള താത്കാലിക സംവിധാനമായാണ് 370ാം അനുച്ഛേദം വിഭാവനംചെയ്തത്. അതിനുശേഷം ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി സംസ്ഥാനത്തിനുണ്ടായിരിക്കേണ്ട ഭരണഘടനാപരമായ ബന്ധം എങ്ങനെയാകണം എന്നു നിര്‍ണയിക്കേണ്ട അവകാശം ഭരണഘടനാ അസംബ്ലിക്ക് കൈമാറി. അത്തരം കാര്യങ്ങളില്‍ പ്രഥമപരിഗണന ജനങ്ങള്‍ക്കാണ്. ജമ്മുകശ്മീര്‍ ഭരണഘടനാ അസംബ്ലിയുടെ അനുമതിനേടിയശേഷം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രമേ 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കാനാകൂവെന്ന് ­370ാം അനുച്ഛേദത്തിന്റെ മൂന്നാംവകുപ്പില്‍ വ്യക്തമാക്കുന്നു.

ജമ്മുകശ്മീര്‍ ഭരണഘടനാ അസംബ്ലി ആ സംസ്ഥാനത്തിനുവേണ്ടിയുള്ള ഭരണഘടന സജ്ജമാക്കി. ഇന്ത്യയുമായുള്ള ഭരണഘടനാപരമായ ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് ജമ്മുകശ്മീര്‍ നിയമസഭയെ തടയുന്ന 147 (സി) അനുച്ഛേദവും അവര്‍ ആ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയുമായി സ്ഥിരമായ ബന്ധം നിലനിര്‍ത്താന്‍ 370ാം അനുച്ഛേദവും അവര്‍ സ്വീകരിച്ചു. തുടര്‍ന്നുള്ള സുപ്രീംകോടതിവിധികളും ഈ തീരുമാനത്തെ ശരിവെച്ചു.

370ാം അനുച്ഛേദം വാഗ്ദാനംചെയ്യു ന്ന പ്രത്യേകപദവിയില്‍ ഭേദഗതിവരുത്തണമെങ്കില്‍ ഏതൊരു സര്‍ക്കാരിനും ജമ്മുകശ്മീര്‍ ജനതയുടെ സമ്മതം അവരുടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭ മുഖാന്തരം നേടേണ്ടതുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശയില്ലാതെ ആര്‍ക്കും ഈ അനുച്ഛേദം ഭേദഗതി ചെയ്യാനാവില്ലെന്ന് മൂന്നാം വകുപ്പില്‍ വ്യക്തമായി പറയുന്നുമുണ്ട്. എന്നാല്‍, ഭരണഘടനാ അസംബ്ലി നിര്‍ജീവമായിട്ട് ഏറെക്കാലമായി.

എന്തിനീ വളഞ്ഞവഴി?

ഭരണഘടനാ അസംബ്ലിയെന്ന അര്‍ഥത്തില്‍ നിയമനിര്‍മാണസഭയും ഉള്‍പ്പെടുമെന്ന ന്യായം പറഞ്ഞ് 370ാം അനുച്ഛേദത്തെ പരോക്ഷമായി ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അതിസമര്‍ഥമായി 367ാം അനുച്ഛേദം ഭേദഗതിചെയ്തു. ഇത്തരമൊരു ഭേദഗതിയുടെ ആവശ്യമെന്തായിരുന്നു? കാരണം, സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവില്‍വന്നതിനാല്‍ നിയമസഭയായി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം പാര്‍ലമെന്റിനാണെന്ന് കേന്ദ്രസര്‍ക്കാരിന് വാദിക്കാം. നിയമസഭ പിരിച്ചുവിട്ടതിനാല്‍, അതിന്റെ സ്ഥാനത്തുനിന്ന് ശുപാര്‍ശകള്‍ നല്‍കാന്‍ കേന്ദ്രത്തിനാകും.

എന്തായാലും, നിങ്ങള്‍ക്ക് നേരിട്ട് നേടാനാകാത്ത കാര്യം വളഞ്ഞവഴിയിലൂടെ നേടാനാവില്ലെന്ന നിയമത്തിലെ വിഖ്യാതനിലപാടിനെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു. ജമ്മുകശ്മീര്‍ ജനതയുടെ അനുമതിയില്ലാതെ അവര്‍ക്ക് 370ാം അനുച്ഛേദം റദ്ദാക്കാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ അനുമതിയില്ലാതെ പരോക്ഷമായും അത് ഭേദഗതിചെയ്യാനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ മറന്നു. ചില കാര്യങ്ങള്‍ ഔപചാരികമായി നിയമപരമാകുമെങ്കിലും അതിന്റെ അന്തഃസത്ത ഭരണഘടനാവിരുദ്ധമായിരിക്കുമെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഏറ്റുമുട്ടലിന് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ബുദ്ധിപരമായ തീരുമാനമെടുത്തു.

ചുരുക്കത്തില്‍, ജമ്മുകശ്മീര്‍ രാഷ്ട്രപതിഭരണത്തിലായിരിക്കുമ്പോള്‍, സംസ്ഥാനമെന്നാല്‍ മോദിസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ എന്ന അര്‍ഥത്തിലേക്ക് ചുരുക്കുകയും നിയമസഭയെന്നാല്‍ കശ്മീര്‍ ജനതയുടെ വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട സഭയല്ല, മറിച്ച് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. ശേഷം ജമ്മുകശ്മീര്‍ ജനതയുടെ അനുമതിയോടെയാണ് പ്രത്യേകപദവി റദ്ദാക്കിയതെന്ന് അവകാശപ്പെടുന്നത് അവിടത്തെ ജനങ്ങളോടും നമ്മുടെ രാഷ്ട്രീയസംസ്‌കാരത്തെ ജീവസ്സുറ്റതാക്കിനിര്‍ത്തുന്ന ജനാധിപത്യമര്യാദയുടെ മൂല്യങ്ങളോടുമുള്ള തികഞ്ഞ അവജ്ഞയാണ് കാണിക്കുന്നത്. ഇക്കാര്യങ്ങളെയെല്ലാം അവഗണിക്കുന്ന, കണ്ടില്ലെന്നു നടിക്കുന്ന രാജ്യത്തെ മറ്റു ഭാഗങ്ങളിലെ പൊതുജനങ്ങള്‍ ഇതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരവും നിര്‍ണായകവുമായ തീരുമാനമെന്ന് ശ്ലാഘിച്ചു. ഈ മാതൃക ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് ഏതൊരു സംസ്ഥാനത്തും രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയും അതിന്റെ പദവിയെയും പ്രദേശങ്ങളെയും ഇഷ്ടംപോലെ മാറ്റി കേന്ദ്രം നിയമിക്കുന്ന ഗവര്‍ണറുടെ 'സമ്മത'ത്തോടെ അവിടത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാനുമാകില്ലേ? നമ്മുടെ ഫെഡറലിസത്തില്‍ പിന്നെയെന്താണ് ബാക്കിയുള്ളത്?

പുലര്‍ന്നോ സമാധാനം?

ജമ്മുകശ്മീരില്‍ ജനാധിപത്യപ്പാര്‍ട്ടികളെയും അതിന്റെ നേതാക്കളെയും ആദ്യം തടവിലിടുകയും പിന്നീട് പാര്‍ശ്വവത്കരിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുശേഷവും അവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. മാത്രമല്ല, ജനാധിപത്യവിരുദ്ധ ശക്തികള്‍ക്ക് അവിടേക്ക് വഴിതുറക്കുകയും ചെയ്തു. ഭീകരരെ തുടച്ചുനീക്കിയെന്ന് അവകാശപ്പെടുമ്പോഴും ഭീകരരാല്‍ ഇന്ത്യന്‍ സൈനികരും പോലീസുകാരും കൊല്ലപ്പെടുന്നെന്ന വാര്‍ത്ത നമ്മള്‍ നിരന്തരം കേള്‍ക്കുന്നു. കശ്മീരി പണ്ഡിറ്റുകളെയും മറ്റ് ഹിന്ദുവിഭാഗക്കാരെയും തിരഞ്ഞുപിടിച്ചു കൊല്ലുന്നത് കൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതില്‍നിന്ന് അവിടത്തെ പ്രാദേശിക നേതാക്കളെ കേന്ദ്രത്തിന്റെ നടപടി അപ്രസക്തരാക്കി. അവരെ തീവ്രവാദത്തെ തടയാന്‍കഴിയാത്തവിധം അശക്തരാക്കി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍, ഇന്ന് ഭീകരര്‍ക്ക് അവര്‍ പുതുജീവനേകി, കേന്ദ്രം കാട്ടിയ അനീതി ഭീകരര്‍ക്ക് പുനരുജ്ജീവിക്കാനുള്ള വഴിയായി.

370ാം അനുച്ഛേദം ഇന്ന് വെറും ചരിത്രമാണ്. അതിനെ പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയില്‍ അത്രയേറെ പൊതുജന പിന്തുണയുണ്ടാകില്ലെന്നതും വ്യക്തം. കശ്മീരിലെ രാഷ്ട്രീയക്കാര്‍പോലും ഇക്കാര്യത്തില്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. എന്നാല്‍, 370ാം അനുച്ഛേദത്തെ തുടച്ചുമാറ്റിയ രീതി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് സുപ്രധാനമായ പാഠമാണ്. എന്നാല്‍, നാമെല്ലാം പഠിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ച വെറുമൊരു പാഠം മാത്രമല്ല അത്.

Content Highlights: Article 370 and Jammu Kashmir

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented