പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തില്‍ ദുരൂഹത. ആരോപണങ്ങളുമായി ഭാര്യയും ബന്ധുക്കളും രംഗത്ത്.

ആദിവാസിയായ കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ക്യാമ്പില്‍ ജാതി വിവേചനം ഉണ്ടായിരുന്നെന്നും കുമാറിന്റെ ഭാര്യ സജിനി ആരോപിക്കുന്നു. എന്നാല്‍ ജാതി വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി കുന്നാംചാള സ്വദേശി കുമാറിനെ രണ്ട് ദിവസം മുമ്പാണ് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ലക്കിടിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊര്‍ണ്ണൂര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെയാണ് ജാതി വിവേചനം എന്ന ഗുരുതര ആരോപണവുമായി ഭാര്യ സജിനി രംഗത്തെത്തിയത്. 

"ആദിവാസി വിഭാഗമായതിനാല്‍ ക്യാമ്പില്‍ ജാതീയമായ അധിക്ഷേപം നിരന്തരം ഉണ്ടായിരുന്നു. മാനസികമായി ഉപദ്രവിക്കുകയും ഡ്യൂട്ടി അധികമായി നല്‍കുകയും ചെയ്യുന്നതായി കുമാര്‍ പറഞ്ഞിരുന്നു", ഭാര്യ സജിനി ആരോപിച്ചു.

കുമാറിന് ക്യാമ്പില്‍ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവിയും പറയുന്നു. രണ്ടാഴ്ചയിലേറെ കുമാര്‍ അനുവാദമില്ലാതെ അവധിയിലായിരുന്നു. ഇതിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ജാതീയമായ വേര്‍തിരിവ് ക്യാമ്പിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

content highlights: AR Camp police man death, casteism related distinction, says relatives, policemen stress