അനീറ്റ ബിനോയ്
മഹാരാജാസ് കോളജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയായാണ് അനീറ്റ ബിനോയ് മഹാരാജാസ് കോളേജിന്റെ പടികള്‍ ഇറങ്ങുന്നത്. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേകം സീറ്റ് അനുവദിച്ചതിനു ശേഷം ഒട്ടേറെ വിദ്യാർഥികൾ മഹാരാജാസിലേക്ക് ബിരുദമോഹവുമായി കടന്നുവന്നിട്ടുണ്ട്. എന്നാൽ, മിക്കവരും പാതിവഴിയിൽ പഠനമുപേക്ഷിക്കുകയായിരുന്നു. അതവരുടെ നിർണയമായിരുന്നില്ല. ദാരിദ്ര്യം, ഒറ്റപ്പെടുത്തൽ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പലവിധ കാരണങ്ങളായിരുന്നു ആ കൊഴിഞ്ഞുപോക്കിന് പിന്നിൽ. പലവിധ പ്രതിസന്ധികൾക്കിടയിലും പക്ഷേ, അനീറ്റ പിടിച്ചുനിന്നു. സുഹൃത്തുക്കളും അധ്യാപകരും നൽകിയ സഹായം വിലമതിക്കാനാവാത്തതായിരുന്നു. ഒപ്പം ട്രാന്‍സ്‌ജെൻഡർ കമ്മ്യൂണിറ്റിയും. ആ പിന്തുണയിലാണ് എം.ജി. സർവകലാശാലയിൽനിന്ന് ബിരുദം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാവാനുള്ള ഭാഗ്യം തനിക്കു കൈവന്നതെന്ന് പറയുന്നു അനീറ്റ.
ഇത് അഭിമാനനിമിഷം
"വളരെയധികം അഭിമാനം തോന്നുന്ന നിമിഷങ്ങളാണിത്. എം.ജി. സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിനിയാണ് ഞാനെന്ന് അറിയുന്നതില്‍ വളരെയധികം അഭിമാനമുണ്ട്. പല സമയത്തും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നിട്ടും തളരാതെ നിന്നത് എന്നോട് തന്നെയുള്ള വാശി തീര്‍ക്കലായിരുന്നു. എന്റെ കൂടെയുള്ള നിരവധി പേര്‍ക്ക് മുന്നില്‍ ഒരു ചെറിയ ദിശാസൂചികയാവാനെങ്കിലും പറ്റുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.
18 വയസ്സിൽ പൂർണമായ മാറ്റം
ഇടുക്കി കട്ടപ്പനയിലെ സാധാരണ കുടുബത്തിലാണ് ജനിച്ചത്. ചെറുപ്പം മുതലേ എന്നിലൊരു സ്ത്രീയുണ്ടെന്ന് മനസിലായിരുന്നു. പക്ഷേ, അത് ശരിയാണോ അതോ എന്റെ തോന്നലാണോ തുടങ്ങി നിരവധി ആശയകുഴപ്പങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ ആരോട് പറയണം എന്ത് ചെയ്യണം എന്നറിയില്ലായിരുന്നില്ല. നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഞാനൊരു സ്ത്രീയാണെന്ന് മനസിലാക്കിയത്. അങ്ങനെ പതിനെട്ടാമത്തെ വയസ്സില്‍ സ്ത്രീ സ്വത്വത്തില്‍ തന്നെ ജീവിക്കാന്‍ ആരംഭിച്ചു. 2018-ലാണ് ഇത്തരത്തില്‍ ജീവിക്കാന്‍ ആരംഭിച്ചത്. വീട്ടില്‍ ആദ്യം വലിയ പൊട്ടിത്തെറിയാണുണ്ടായത്. ആരും എന്റെ ഒപ്പം നിന്നില്ല. പിന്നീട് പഠനത്തില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ എന്നെ ചേര്‍ത്തുപിടിച്ചു.
ആദ്യം മുടങ്ങി, അവിടെനിന്ന് വീണ്ടും തുടങ്ങി
പൊളിറ്റിക്കല്‍ സയന്‍സില്‍ മഹാരാജാസില്‍ തന്നെ ഡിഗ്രി ചെയ്യുമ്പോഴായിരുന്നു സ്ത്രീ സ്വത്വം സ്വീകരിക്കുന്നത്. അഞ്ച് സെമസ്റ്റര്‍ വരെ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയും അതുമായി ബന്ധപ്പെട്ട ശാരീരിക, മാനസിക പ്രശ്‌നങ്ങളാലും അത് തുടരാന്‍ സാധിച്ചില്ല. ലിംഗമാറ്റ ശസ്ത്രക്രിയ കാലത്ത് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. കഠിനമായ സമ്മര്‍ദം ആകെ തളര്‍ത്തിക്കളഞ്ഞു. ഉറക്കം നഷ്ടപ്പെട്ട നാളുകളായിരുന്നു അതെല്ലാം. ഒരു തരത്തിലും പഠനം മുന്നോട്ട് പോവാന്‍ പറ്റാതെയായപ്പോള്‍ നിര്‍ത്തുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം തന്നെ പൂര്‍ത്തിയാക്കണെമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വൈകിപ്പോയതിനാല്‍ നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ പഠനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു. അതിന് പിന്നാലെ ഓടി പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല.
ഇസ്ലാമിക്ക് ഹിസ്റ്ററി പഠനം
പഠനം പാതിവഴിയിലായത് എന്നെ വല്ലാതെ ഉലച്ചിരുന്നു. എന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ലെന്നും ജീവിതത്തില്‍ വിജയിക്കേണ്ടതും എനിക്ക് അത്യാവശ്യമായിരുന്നു. എന്നോട് തന്നെയുള്ളൊരു പോരാട്ടമായിരുന്നുവെന്ന് വേണം പറയാന്‍. അതിനാല്‍ അടുത്ത അധ്യയന വര്‍ഷം ഇസ്ലാമിക്ക് ഹിസ്റ്ററിയില്‍ ചേര്‍ന്നു. ഒരു മതപഠനമായി ഈ കോഴ്‌സിനെ കാണാനാവില്ല. ആശയപരമായി ആഴത്തില്‍ പഠിക്കാനുള്ള രസകരമായ വിഷയമാണ്. ഇസ്ലാമിക സാമുഹിക സാംസ്‌കാരിക അന്തരീക്ഷവും അതിന്റെ ജിയോ പൊളിറ്റിക്‌സും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചു. പഠിക്കാനായി ധാരാളമുള്ള വിഷയമായിരുന്നു.
പഠിക്കാന്‍ ഈ സാഹചര്യങ്ങള്‍ മാത്രം പോര
ട്രാന്‍സ്‌ജെന്‍ഡറുകളെ ചേര്‍ത്തുപിടിക്കുന്ന നിരവധി കാര്യങ്ങളുണ്ടെങ്കിലും അതെല്ലാം കൃത്യതയോടെ സമയത്ത് ലഭിക്കുന്നുണ്ടോയെന്ന് നോക്കേണ്ടതുണ്ട്. എനിക്ക് മുന്‍പേ തന്നെ കോളേജില്‍ ചേര്‍ന്ന നിരവധി പേരുണ്ട്. പലരും പാതിവഴിയില്‍ കോഴ്‌സ് ഉപേക്ഷിച്ച് പോയിട്ടുണ്ട്. അതിനൊരു പ്രധാന കാരണം സാമ്പത്തിക പ്രശ്‌നം തന്നെയാണ്. പേന വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ വരെ ഞങ്ങള്‍ക്കൊപ്പമുണ്ട്. സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പഠനാവശ്യത്തിനായി നല്‍കുന്ന ഫണ്ട് കൈയില്‍ കിട്ടുന്നത് അവസാന വര്‍ഷമായിരിക്കും. അത് വരെ എങ്ങനെ പിടിച്ചു നില്‍ക്കുമെന്നത് വലിയ ചോദ്യമാണ്. ഇക്കാലത്ത് അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ട്.
വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെയായിരിക്കും ഭൂരിഭാഗം ട്രാന്‍സ് വിഭാഗക്കാരും വരുന്നത്. അവര്‍ക്ക് പഠിക്കാനുള്ള വരുമാനവും ഒപ്പം ഉണ്ടാക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്. എന്റെ കാര്യത്തിലും സമാന ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഞാന്‍ വലഞ്ഞു പോയിട്ടുണ്ട്. ഇടക്കാലത്ത് വീട്ടുകാരുമായി അടുത്തെങ്കിലും അവര്‍ക്ക് സഹായിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു.അധ്യാപകരുടെയും കമ്മ്യൂണിറ്റിയിലെ സുഹൃത്തുകളുടെയും നല്ല മനസു കൊണ്ടാണ് എനിക്ക് പിടിച്ചുനില്‍ക്കാനായത്.
ഞാന്‍ പഠിച്ചത് സര്‍ക്കാര്‍ കോളേജിലെ ആര്‍ട്‌സ് വിഷയമാണ്. അപ്പോള്‍ എന്റെ കോഴ്‌സിനേക്കാള്‍ ചിലവു കൂടിയ മറ്റു പ്രൊഫഷണല്‍ കോഴ്‌സെടുക്കുകയെന്നത് അതിലും ബുദ്ധിമുട്ടാണ്. ഒരു ഡോക്ടറും എന്‍ജിനീയറും അല്ലെങ്കില്‍ അതിനുമപ്പുറമുള്ളവ ആവാനും താത്പര്യമുള്ളവര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. പക്ഷേ ഇതൊന്നും നടത്തി കൊണ്ടുപോവാനുള്ള പൈസയില്ലാത്തതിനാല്‍ എല്ലാവരും ആ സ്വപ്‌നങ്ങളെ കുഴിച്ചു മൂടുകയാണ് പതിവ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായൊരു താമസ സൗകര്യം ലഭ്യമാക്കിയാല്‍ അത് വലിയൊരു തീരുമാനമായിരിക്കും. പല ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഇന്നും വാടകയ്ക്ക് വീട് നല്‍കാത്തവരുണ്ട്. പഠനവകാശം ഉറപ്പാക്കുമ്പോള്‍ ഒപ്പം ലഭിക്കേണ്ട മറ്റ് ഭൗതിക ആവശ്യങ്ങള്‍ കൂടി ഉറപ്പാക്കേണ്ടതുണ്ട്
അധ്യാപികയാവണം
എനിക്ക് ഈ വിജയം നേടിതരാന്‍ കൂടെ നിന്നത് എന്റെ അധ്യാപകരാണ്. നല്ലൊരു അധ്യാപികയാവുകയെന്നത് തന്നെയാണ് ലക്ഷ്യം. ബി.എഡിന് പോകണം അധ്യാപികയാവണം. എന്റെ മാതാപിതാക്കള്‍ക്കൊരു തണലാവണം. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനാഗ്രഹിക്കുന്നില്ല. വലിയൊരു ആകാശം തന്നെ എന്റെ സ്വപ്‌നങ്ങളിലുണ്ട്."
Content Highlights: Anitta binoy interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..