കുറ്റിപ്പുറം റെയിൽവേസ്റ്റേഷന് സമീപം റെയിൽപ്പാളത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി
കുറ്റിപ്പുറം: റെയിൽപ്പാളത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റിപ്പുറം പഴയ റെയിൽവേഗേറ്റിന് സമീപം പ്രവർത്തിക്കുന്ന സെന്റർ നമ്പർ 87 അങ്കണവാടിക്കാണ് ചുറ്റുമതിൽ നിർമിക്കേണ്ടത്.
പിഞ്ചുകുട്ടികൾക്ക് മതിയായ സുരക്ഷ ആവശ്യമായിരിക്കേ 14 വർഷമായി റെയിൽപ്പാളത്തിനോട് ഏറ്റവും അടുത്തായാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്.
അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടം പഴയ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്. നേരത്തേ നിലവിൽ സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറ്റിയതിനെത്തുടർന്നാണ് പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റിയത്. പരിസരത്ത് എവിടെയെങ്കിലും ഭൂമി ലഭിച്ചാൽ കെട്ടിടം നിർമിച്ചുനൽകാൻ പഞ്ചായത്ത് തയ്യാറാണ്. എന്നാൽ സ്ഥലം ഇതുവരെയും കിട്ടിയിട്ടില്ല.
മതിൽ നിർമിക്കണമെന്ന ആവശ്യവും പഞ്ചായത്ത് പരിഗണിക്കാൻ തയ്യാറാണെങ്കിലും റവന്യൂവകുപ്പിന്റെ ഭൂമിയായതിനാൽ നിർമാണം നടത്താൻ റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കണം. എന്നാൽ റവന്യൂവകുപ്പിന്റെ അനുമതി നേടിയെടുക്കാൻ ആരും രംഗത്തിറങ്ങുന്നുമില്ല. ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രിയിൽ അങ്കണവാടി പരിസരം സമൂഹവിരുദ്ധരുടെ താവളവുമാണ്.
കുടിവെള്ളം കിട്ടാൻതന്നെ പ്രയാസം
:സെന്റർ നമ്പർ 84 അങ്കണവാടിയിൽ ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനും ഏറെ പ്രയാസമുണ്ട്. ജലനിധിയുടെ ജലവിതരണ സംവിധാനമാണ് ഇവിടെ ഏക ആശ്രയം. ആഴ്ചയിൽ രണ്ടുതവണയാണ് ജലനിധി വഴിയുള്ള വെള്ളമെത്തുക. പുറത്തുള്ള ജലനിധിയുടെ ടാപ്പിൽനിന്ന് വെള്ളം അങ്കണവാടി ജീവനക്കാർ ബക്കറ്റിൽ കൊണ്ടുവന്ന് പ്ളാസ്റ്റിക് ടാങ്കിൽ നിറയ്ക്കണം.
വെള്ളം നിറയ്ക്കുന്നതിനാവശ്യമായ ടാങ്കുകളും ഇവിടെയില്ല. ചെറിയ പ്ളാസ്റ്റിക് പാത്രങ്ങളിലാണ് ഇപ്പോൾ വെള്ളം ശേഖരിച്ചുവെക്കുന്നത്. വലിയ ഒരു പ്ളാസ്റ്റിക് ടാങ്ക് ലഭിച്ച് വെള്ളം അതിൽ ശേഖരിച്ചുവെക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം ഒരുപരിധിവരെ പരിഹരിക്കാൻ കഴിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..