Photo: Special arrangement
തിരുവനന്തപുരം: അങ്കണവാടിയിലെ കുട്ടികൾക്ക് എല്ലാ ദിവസവും പാലും മുട്ടയും നൽകാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഴ്ചയിൽ രണ്ട് ദിവസം വീതം പാലും മുട്ടയും നൽകാനാണ് സർക്കാർ തീരുമാനം. ഇത് എല്ലാ ദിവസവും നൽകാനുള്ള ഇടപെടൽ നടത്തണം. തദ്ദേശ സ്ഥാപനങ്ങൾ, സഹായിക്കാൻ സന്നദ്ധതയുള്ളവർ എന്നിവരെ ഇതിനായി സമീപിക്കണം. മിൽമ ലാഭമെടുക്കാതെയും എന്നാൽ നഷ്ടം വരാതെയും പാൽ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന ‘പോഷകബാല്യം’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശിശുസൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പോഷകാഹാര ലഭ്യതയുടെ ദേശീയ ശരാശരി 6.4 ശതമാനമാണെങ്കിൽ കേരളത്തിലത് 32.6 ശതമാനമാണ്. ഇതിനിയും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സ്ത്രീകളിലെ അനീമിയ പരിഹരിക്കാൻ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, മിൽമ ചെയർമാൻ കെ.എസ്.മണി, എം.ഡി. ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു, കൗൺസിലർ രാഖി രവികുമാർ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി.പ്രിയങ്ക എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..