കൊല്‍ക്കത്ത: രാജ്യമെങ്ങും ജനങ്ങളെ തല്ലാനുള്ള മുദ്രാവാക്യമായി 'ജയ് ശ്രീ റാം' മാറുകയാണെന്നു നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞു. ''ഇത്തരത്തിലുള്ള ജയ് ശ്രീ റാം വിളി ഞാന്‍ കേട്ടിട്ടില്ല. ഇതിപ്പോള്‍ ജനങ്ങളെ തല്ലാനാണ് ഉപയോഗിക്കുന്നത്. ഇതിനു ബംഗാളി സംസ്‌കാരവുമായി ഒരു ബന്ധവുമില്ലെന്നാണു ഞാന്‍ കരുതുന്നത്'' -കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ പൊതുചടങ്ങില്‍ പ്രസംഗിക്കവേ സെന്‍ പറഞ്ഞു.

ബംഗാളില്‍ രാമനവമി ആഘോഷിച്ചിരുന്നതായി കേട്ടിട്ടില്ലെന്നും ഇപ്പോള്‍ അതിനു പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ''നാലുവയസ്സുള്ള പേരക്കുട്ടിയോട് ആരാണു നിന്റെ ഇഷ്ടദൈവം എന്നു ഞാന്‍ ചോദിച്ചു. മാ ദുര്‍ഗ എന്നായിരുന്നു അവളുടെ മറുപടി. മാ ദുര്‍ഗയുടെ മാഹാത്മ്യത്തെ രാമനവമിയുമായി താരതമ്യപ്പെടുത്താനാകില്ല''- അദ്ദേഹം പറഞ്ഞു.

ചില മതത്തില്‍പ്പെട്ടവര്‍ പേടിയോടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ അതു ഗൗരവമുള്ള കാര്യമാണെന്നും സെന്‍ പറഞ്ഞു. പാര്‍ക്കിങ് സ്ഥലത്തിനായി ഇരുവിഭാഗം ആളുകള്‍തമ്മില്‍ കലഹിക്കുകയും ഓള്‍ഡ് ഡല്‍ഹിയില്‍ ക്ഷേത്രത്തിനു കേടുവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. പശ്ചിമബംഗാളിലെ മണിക്ഗഞ്ജില്‍ ജനിച്ച സെന്നിന് 1998-ലാണ് സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്.

പശ്ചിമബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ് അമര്‍ത്യ സെന്നിനെ വിമര്‍ശിച്ചു. ''അമര്‍ത്യ സെന്നിനു ബംഗാളെന്തെന്ന് അറിവുണ്ടാവില്ല. അദ്ദേഹത്തിനു ബംഗാളി സംസ്‌കാരമോ ഇന്ത്യന്‍ സംസ്‌കാരമോ അറിയുമോ? ജയ് ശ്രീ റാം വിളി എല്ലാ ഗ്രാമത്തിലുമുണ്ട്. ഇപ്പോള്‍ ബംഗാള്‍ മുഴുവനും അതു വിളിക്കുന്നു'' -അദ്ദേഹം പറഞ്ഞു.

മേയില്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 'ജയ് ശ്രീ റാം' വിളിച്ചവരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിമര്‍ശിച്ചിരുന്നു. ഈ വിളി ബി.ജെ.പി. രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്നും അവര്‍ പറയുകയുണ്ടായി.

content highlights: Amartyasen on Jaisriram slogans