രാഷ്ട്രപതി ഭവൻ | ഫോട്ടോ : പി.ടിഐ
രാഷ്ട്രപതി സ്ഥാനത്ത് രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ മാസത്തില്‍ അവസാനിക്കുകയാണ്. പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാഷ്ട്രീയ-ഭരണതലത്തില്‍ തുടക്കം കുറിച്ചിരുന്നു. രാജ്യത്തെ ഏറ്റവും സമുന്നതമായ പദവി ആയതിനാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യം ഉണ്ട്. ജൂലൈ-18ന് രാജ്യത്തെ 15ാ-മത് രാഷ്ട്രപതിയെ ഇലക്ട്റല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വോട്ടുമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തുക. ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷന് ജൂലൈ 21 ന് പ്രസിദ്ധപ്പെടുത്തും. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളുടെയും പ്രതിനിധ്യത്തില്‍ മാറ്റം വരുത്തുന്നതിന് 2026 വരെ വിലക്കുള്ളതിനാല്‍ രാഷ്ട്രപതി തിരഞ്ഞടുപ്പിന് ഉപയോഗിക്കുന്ന സൂത്രവാക്യത്തില്‍ ജനസംഖ്യാ-പ്രതിനിധ്യ വര്‍ദ്ധനവ് ഉള്‍പെടുത്താത്തത് ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യത്തില്‍ വന്‍ ഇടിവുണ്ടാക്കും. ഒരു പക്ഷെ, പ്രതിനിധ്യം 2026 നു ശേഷവും മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യം വീണ്ടും ഇടിയും. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ഉത്തര-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ അവരുടെ ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂല്യത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കും. ആയതിനാല്‍, 1971 ജനസംഖ്യ അടിസ്ഥാനമാക്കിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ട്റല്‍ കോളേജിന്റെ വോട്ടുമൂലത്തിലുണ്ടാകുന്ന പ്രവണതകള്‍ (1971-2047) മനസ്സിലാക്കുന്നതോടൊപ്പം ഇപ്പോള്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ വോട്ടിങ് ശതമാനം കൂടി ഇവിടെ പ്രവചിക്കുന്നു.
പ്രാതിനിധ്യം മരവിപ്പിക്കലും പ്രത്യാഘാതങ്ങളും
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് കരുതുന്ന ഇന്ത്യയില്‍, സംസ്ഥാനങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ഉന്നത ഭരണസിരാകേന്ദ്രങ്ങളായ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഉറപ്പുവരുത്തുക എന്നത് നമ്മുടെ ഭരണഘടനയുടെ മുഖമുദ്രയാണ്. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമ സഭകളിലേക്കും പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടേണ്ടത് ജനസംഖ്യയുടെ തുല്യമായ അനുപാതത്തില്‍ നിന്നായിരിക്കണം. ഉദാഹരണമായി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ലോക്സഭാംഗം (എം. പി) ഒരു കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു എങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു അംഗവും സമാന അളവില്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, സംസ്ഥാനങ്ങളുടെ ജനസംഖ്യക്ക് ആനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുക എന്നത് പ്രതിവിധിയില്ലാത്ത ഒരു സമസ്യയായി രാജ്യത്ത് ദശാബ്ദങ്ങളായി തുടര്‍ന്നു പോരുന്നു എന്നതാണ് സത്യം. ജനസംഖ്യാ വളര്‍ച്ചയില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത പ്രവണതകള്‍ നിലനില്ക്കുന്നതും ഇതിന് ആനുപാതികമായി പ്രാധിനിധ്യം സമയബന്ധിതമായി പുനര്‍:നിര്‍ണ്ണയിക്കപ്പെടാത്തതും പ്രാതിനിധ്യ അസമത്വത്തിലേക്ക് നയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
ചുരുക്കത്തില്‍, ചില വടക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ വളരെ വേഗം വളരുമ്പോള്‍ എല്ലാ തെക്കന്‍ സംസ്ഥാനങ്ങളിലും ഈ നിരക്കുകള്‍ താരതമ്യേന കുറവായ നിലയിലാണ്. ജനസംഖ്യാ വളര്‍ച്ചയിലുളള ഈ വ്യതിയാനം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ - പ്രത്യേകിച്ച് തെക്കും വടക്കും ഉളള സംസ്ഥാനങ്ങള്‍ തമ്മില്‍ - ജനസംഖ്യാ വര്‍ദ്ധനവില്‍ ഒരു അസമത്വം സൃഷ്ടിക്കാനുതകുന്ന ഒരു പ്രേരക ശക്തിയായി വര്‍ത്തിച്ചിട്ടുണ്ട്. 'നോര്‍ത്ത്-സൌത്ത് ഡെമോഗ്രാഫിക്ക് ഡിവൈഡ്' (North-South Demographic Divide) എന്ന് ജനസംഖ്യാപഠന വിദഗ്ധര്‍ നാമധേയം നല്കിയിട്ടുളള ഈ പ്രതിഭാസം ഇപ്പോള്‍ തന്നെ വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നതിന് ഹേതുവായിട്ടുണ്ട്. ഇവയില്‍ ചിലതിന് പരിഹാരം പോലും അപ്രാപ്യമായ നിലയിലേക്ക് മാറുന്നത് തീര്‍ത്തും ആശങ്കാജനകമാണ്. ജനസംഖ്യാ വളര്‍ച്ച സൃഷ്ട്ടിക്കുന്ന ഈ രൂപത്തിലുള്ള അസമത്വം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വരും വര്‍ഷങ്ങളില്‍ ഉടലെടുക്കാന്‍ സാദ്ധ്യതയുള്ള വ്യത്യസ്ത തോതിലുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളെ നിസ്സാരമായി തള്ളിക്കളയാനാകില്ല. ഇത്തരം ജനസംഖ്യാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒരുപക്ഷെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ദശാബ്ദങ്ങളുടെ കാത്തിരുപ്പ് തന്നെ വേണ്ടി വന്നേക്കാം.
ലോക്സഭയിലേക്കുളള പ്രാതിനിധ്യം ജനസംഖ്യയ്ക്ക് ആനുപാതികമായി പുനര്‍:നിര്‍ണ്ണയം ചെയ്താല്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാമുഖ്യം നല്കി ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറച്ച കേരളം, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന മുതലായ തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ജനപ്രാതിനിധ്യത്തില്‍ വന്‍ ഇടിവ് വന്നുചേരും. അതേസമയം, ജനസംഖ്യാ വര്‍ദ്ധനവിനെതിരെ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ബീഹാര്‍ മുതലായ ജനസംഖ്യ കൂടിയ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ പ്രാതിനിധ്യം വര്‍ദ്ധിക്കുകയും ചെയ്യും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാതെ സീറ്റുകള്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി പുനര്‍വിന്യസിച്ചാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സംഭവിക്കേണ്ടിയിരുന്ന പ്രാതിനിധ്യത്തിലുള്ള ഇടിവ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യന്നതിന് കളമൊരുക്കിയേനെ. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഊഷ്മള ബന്ധം വഷളാകുന്നതിനും, രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെപ്പോലും അസ്ഥിരപ്പെടുത്താന്‍ പര്യാപ്തമായിരുന്നു എന്ന് വിദഗ്ദ്ധര്‍ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ ചെറിയ ഭരണ പ്രദേശങ്ങളായ ജില്ലകള്‍ക്കിടയില്‍ പോലും ജനസംഖ്യാ വളര്‍ച്ചയില്‍ പ്രകടമായ അന്തരം കാണാം. സമാന രീതിയില്‍, സംസ്ഥാനത്തിനുള്ളില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ലഘൂകരിച്ച ജില്ലകള്‍ക്ക് നിയമസഭയില്‍ സാമാജികരുടെ (എം.എല്‍.എ) എണ്ണം കുറയുമ്പോള്‍, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്ത ജില്ലകള്‍ നിയമസഭയില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും.
Also Read
ഈ പ്രതിസന്ധി താത്കാലികമായി പരിഹരിക്കുന്നതിന്റെ ഭാഗമായി 1977 മുതല്‍ എം.എല്‍.എ മാരുടെയും, എം.പി മാരുടെയും പ്രാധിനിധ്യം മാറ്റം വരുത്തുന്നത് ഭരണഘടനയുടെ നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ 2000 വരെ ആദ്യം മരവിപ്പിച്ചു. രണ്ടായിരത്തില്‍ പുറത്തുവന്ന ദേശീയ ജനസംഖ്യാ നയ പ്രകാരം, ലോകസഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് 2026 നു ശേഷം നടക്കുന്ന സെന്‍സസിലെ (2031) ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന് പ്രൊഫ.എം.എസ് സ്വാമിനാഥന് ചെയര്‍മാനായ കമ്മീഷന് ശുപാര്‍ശ ചെയ്തു. അതിലേക്കായി ഭരണഘടന വീണ്ടും ഭേദഗതി ചെയ്യുകയും (ആര്‍ട്ടിക്കിള്‍ 84) പ്രാതിനിധ്യത്തിലുള്ള പുനഃസംഘടന 2026 ന് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
ചുരുക്കിപറഞ്ഞാല്‍, കഴിഞ്ഞ നാലര ദശാബ്ദക്കാലമായി ലോകസഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള പ്രതിനിധികളുടെ അംഗസംഖ്യ മാറ്റമില്ലാതെ തുടരുന്നു. ഇത് അടുത്ത 9 വര്‍ഷത്തേക്കുകൂടി മാറ്റമില്ലാതെ തുടരും മിക്കവാറും 2031ലെ കനേഷുമാരിയുടെ ഫലപ്രസിദ്ധീകരണത്തിന് ശേഷമായിരിക്കും പ്രാതിനിധ്യം പുനഃക്രമീകരണം നടത്തുക എന്നാണ് കരുതപ്പെടുന്നത്. ലോക്സഭ-നിയമസഭ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം അതീവ സങ്കീര്‍ണ്ണവും, കാലതാമസം സൃഷ്ടിക്കുന്ന പ്രക്രിയകൂടിയാണ്. പരമ പ്രധാനമായി, ലോകസഭയിലേക്കും, സംസ്ഥാന നിയമസഭയിലേക്കുമുള്ള പ്രതിനിധികളുടെ ഘടനാമാറ്റം സംബന്ധിച്ച വിഷയത്തില്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ നയപരമായ തീരുമാനം കൂടി എടുക്കേണ്ടതായി വരും. രാഷ്ട്രീയമായ മാനങ്ങള്‍ ഏറെയുള്ള വിഷയമായതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഐക്യവും, പ്രതിഷേധവും ഈ വിഷയത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുമെന്നുറപ്പാണ്. 15ാ-മത് ധനകാര്യകമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര-സംസ്ഥാന ധനകാര്യ കൈമാറ്റത്തിന് 2011 സെന്‍സസ് ജനസംഖ്യ കണക്കുകള്‍ അടിസ്ഥാനമാക്കിയത് തെക്കന്‍ സംസ്ഥാനങ്ങളുടെ ഫണ്ട് വിഹിതം കുറക്കുകയും വിഷയം വിവാദമാകുകയും ചെയ്തിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രം
ആര്‍ട്ടിക്കിള്‍ 54 പ്രകാരം നമ്മുടെ രാഷ്ട്രപതിയെ പരോക്ഷ രീതിയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ജനങ്ങള്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ജനങ്ങള്‍ക്കായി രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നു എന്ന് സാരം. ഈ രീതിശാസ്ത്രം പിന്തുടരുന്നതിനാല്, രാഷ്ട്രപതി തിരഞ്ഞെടുപ്പ് പലപ്പോഴും ജനങ്ങളുടെ യഥാര്‍ത്ഥ വികാരത്തിന് വിരുദ്ധമായി ഫലിക്കാറുണ്ടെന്നുള്ള വാദം രാഷ്ട്രമീമാംസ വിദഗ്ധര്‍ പലപ്പോഴായി ഉയര്‍ത്തിയിട്ടുണ്ട്.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ഒഴിവാക്കി, പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങള്‍ 'കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട്' (Single transferable vote) എന്ന രഹസ്യ ബാലറ്റിങ്ങ് രീതിയിലൂടെയാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേസമയം മുന്‍ഗണനാക്രമം അനുസരിച്ച് വോട്ട് ചെയ്യാവുന്ന ഈ രീതിയാണ് രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്.
ജനപ്രതിനിധികളുടെ വോട്ടുമൂല്യവും മാനദണ്ഡങ്ങളും
രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന സൂത്രവാക്യത്തിന്റെ മുഖ്യഘടകങ്ങള്‍ 1971 സെന്‍സസ് അടിസ്ഥാനമാക്കിയ സംസ്ഥാനങ്ങളുടെ ജനസംഖ്യയും, അവരുടെ എം.പി മാരുടെയും, എം.എല്‍.എ മാരുടെയും എണ്ണവുമാണെന്ന് സൂചിപ്പിച്ചല്ലോ. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളുടെ വോട്ടുമൂല്യം നിര്‍ണ്ണയിക്കാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ് അവലംബിക്കുന്നത്.

സംസ്ഥാനങ്ങളുടെ വോട്ടുമൂല്യം എന്നത് സംസ്ഥാനത്തുനിന്നുള്ള എം.പി മാരുടെയും എം.എല്‍.എ മാരുടെയും വോട്ടുമൂല്യത്തിന്റെ സങ്കലനമായിരിക്കും. എം.പി മാരുടെ എല്ലാം വോട്ടുമൂല്യം ഒന്നായതിനാല്‍ ലോക്സഭാ അംഗത്തിന്റെയും രാജ്യസഭാ അംഗത്തിന്റെയും വോട്ടുമൂല്യം തമ്മില്‍ അന്തരമില്ല. സംസ്ഥാനതലത്തില്‍ ജനസംഖ്യാ കണക്കിലുള്ള വ്യതിയാനങ്ങള്‍ എം.എല്‍.എ മാരുടെ വോട്ടു മൂല്യത്തെ സ്വാധീനിക്കാറുണ്ട്. എന്നാല്‍, വോട്ടുമൂല്യം നിര്‍ണ്ണയിക്കുന്ന സൂത്രവാക്യത്തിന്റെ പ്രത്യേകത മൂലം എം.പി മാരുടെ വോട്ടുമൂല്യം രാജ്യത്താകമാനം സമാന സംഖ്യയായിരിക്കും. സംസ്ഥാന തലത്തില്‍ എം.പി മാര്‍ വ്യത്യസ്ത അളവില്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടെങ്കിലും ചെയ്താലും അവരുടെ വോട്ടുമൂല്യത്തില്‍ വ്യതിയാനങ്ങള്‍ പ്രതിഫലിക്കുന്നില്ല എന്ന് ചുരുക്കം.
രാജ്യത്തെ പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രപതിക്ക് സമാനമായ പരോക്ഷ രീതിയാണെങ്കിലും ഇലക്ട്റല്‍ കോളേജിലെ അംഗസംഖ്യയിലും വോട്ടുമൂല്യത്തിലും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. ലോക്സഭയിലെക്കും (543), രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും (233), നോമിനേറ്റ് ചെയ്യപെട്ട അംഗങ്ങളും (12) ഉള്‍പ്പെട്ട 788 അംഗങ്ങള്‍ മാത്രമുള്ള ഇലക്ട്റല്‍ കോളേജാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവിടെ എല്ലാ അംഗങ്ങളുടെയും വോട്ടുമൂല്യം ഒന്നായി നിജപ്പെടുത്തിയിരിക്കുന്നു. കൂടാതെ, പാര്‍ലമെന്റ് അംഗങ്ങള്‍ മാത്രമായതിനാല്‍ പ്രതിപക്ഷത്തെ അപേക്ഷിച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതുവില്‍ ഭരണകക്ഷിക്ക് അനുകൂലമാകാറാണ് പതിവ് .
(ലേഖകര്‍ ഡോ. ജെ. രത്നകുമാര്‍ ന്യൂഡല്‍ഹി സ്പീക്കേഴ്സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോയും, ഡോ. കെ.പി. വിപിന്‍ ചന്ദ്രന് കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവണ്മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..