മലയാളക്കരയെ ഐക്യകേരളമാക്കുന്നതിന് ആക്കംകൂട്ടിയ തൃശ്ശൂര്‍ സമ്മേളനത്തിന് 75 വയസ്സ്


മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

2 min read
Read later
Print
Share

നൂറാംവര്‍ഷം ആഘോഷിക്കുന്ന 'മാതൃഭൂമി'യാണ്, ഏപ്രില്‍ 27ന് സമ്മേളനത്തോടനുബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളും എട്ടുപേജുള്ള പ്രത്യേക പതിപ്പും പ്രസിദ്ധീകരിച്ചത്

Representative image

''തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളെ ഒന്നാക്കി ഐക്യകേരളം രൂപവത്കരിക്കണം''

കെ. കേളപ്പന്റെ അധ്യക്ഷതയില്‍നടന്ന ഐക്യകേരള സമ്മേളനത്തില്‍ അന്ന് കൊച്ചി ഭരിച്ചിരുന്ന കേരളവര്‍മ മഹാരാജാവ് നേരിട്ടെത്തി പ്രസ്താവിച്ചു. ഈ സമയത്ത് തിരുവിതാംകൂര്‍ രാഷ്ട്രീയം വേറൊരു ദിശയിലായിരുന്നു. മുമ്പ് ഹരിപുര കോണ്‍ഗ്രസ് തീരുമാനപ്രകാരം കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചി പ്രജാമണ്ഡലും രൂപവത്കരിച്ചിരുന്നു. ഈ സംഘടനകള്‍ സമരം ശക്തിമാക്കിയതോടെ അടിച്ചമര്‍ത്തല്‍ ശക്തമായി. കൊച്ചിയാകട്ടെ, കുറച്ചധികാരങ്ങള്‍ ജനപ്രതിനിധികളിലേക്ക് കൈമാറാന്‍ തയ്യാറായപ്പോള്‍ തിരുവിതാംകൂര്‍ വിട്ടുവീഴ്ചയില്ലാത്ത നയമാണ് സ്വീകരിച്ചത്. മാത്രമല്ല, ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ രാജകുടുംബത്തിന്റെ അനുമതിയോടെ തിരുവിതാംകൂറില്‍ 'നീക്കാനാവാത്ത എക്‌സിക്യുട്ടീവ് ഭരണ'വും അതുകഴിഞ്ഞ് തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള ശ്രമവും(1947 ജൂണ്‍ 2) ആണ് നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് കൊച്ചി മഹാരാജാവിന്റെ പ്രഖ്യാപനത്തിന് പരക്കേ പ്രശംസ ലഭിച്ചത്.

ഐക്യകേരളം എന്ന ആശയം സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നതിന് എത്രയോ മുമ്പുതന്നെ മലയാളികളുടെ സ്വപ്നമായിരുന്നു. തിരുവിതാംകൂറില്‍നിന്ന് പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി പത്രാധിപര്‍ രാമകൃഷ്ണപിള്ള ഇതേപ്പറ്റി പത്രത്തില്‍ ആദ്യം എഴുതിയവരിലൊരാളാണ്. 1938ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒരു നിവേദകസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ സമീപിച്ച്, ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ 'ഐക്യകേരളം' രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ചില പ്രമേയങ്ങള്‍ പാസാക്കുകയല്ലാതെ കാര്യമായൊന്നും നടന്നില്ല. എന്നാല്‍, 1946 മേയ് 26ന് കൂടിയ കെ.പി.സി.സി. പ്രവര്‍ത്തകകമ്മിറ്റി ഐക്യകേരളത്തെപ്പറ്റി ആലോചിക്കാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഒരു യോഗം എറണാകുളത്ത് കൂടിയെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. 1946 സെപ്റ്റംബറില്‍ കെ.പി.സി.സി. പ്രവര്‍ത്തകകമ്മിറ്റി താഴെപറയുന്ന പ്രമേയം അംഗീകരിച്ചു: 'ഐക്യകേരളം നടപ്പാക്കുന്നതിലേക്കായി മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുമായി ആലോചിച്ച്, അവയുടെ പ്രതിനിധികളുള്‍പ്പെടുന്ന സംയുക്തസമിതി രൂപവത്കരിക്കാനും പ്രായോഗികമായ മറ്റുനടപടികളെടുക്കാനും താഴെപറയുന്നവരടങ്ങിയ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുന്നു. ശ്രീ. കെ. കേളപ്പന്‍, ശ്രീ. യു. ഗോപാലമേനോന്‍ (കണ്‍വീനര്‍) , ശ്രീ. എ.കെ. ദാമോദരമേനോന്‍, ജനാബ് മൊയ്തുമൗലവി, ശ്രീ. കെ. മാധവമേനോന്‍, ശ്രീ. പി. കുഞ്ഞിരാമന്‍, കുമാരി കമലം, ശ്രീ. പി. മാധവന്‍, ജനാബ് ഇബ്രാഹിം.'

ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ 1946 ഒക്ടോബര്‍ 26ന് ചെറുതുരുത്തിയില്‍ കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം, കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കുകയും ഐക്യകേരളസമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് എറണാകുളത്ത് കോമാട്ടില്‍ അച്യുതമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാവിപരിപാടികള്‍ക്ക് കെ. കേളപ്പന്‍ അധ്യക്ഷനായും യു. ഗോപാലമേനോന്‍, കെ. അയ്യപ്പന്‍, പറവൂര്‍ ടി.കെ. നാരായണപിള്ള എന്നിവരെ െവെസ് പ്രസിഡന്റുമാരായും ഇ. ജോസ് കള്ളിവയലിനെ ഖജാന്‍ജിയായും ഇ. രാമന്‍മേനോന്‍, എം.പി. മാണി എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും നിശ്ചയിച്ചു. ഈ കമ്മിറ്റിയാണ് തൃശ്ശൂരില്‍ ഐക്യകേരള കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടിയത്. കൊച്ചി മഹാരാജാവ് കേരളവര്‍മ ഉദ്ഘാടനംചെയ്തു.

പ്രമേയം സര്‍വസമ്മതമായി പാസായി. തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ പിന്നീട് 101 അംഗങ്ങള്‍ അടങ്ങിയ ഒരു കൗണ്‍സിലിനെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തു. ഐക്യകേരളത്തിന്റെ ആദ്യത്തെ ആണിക്കല്ലായിരുന്നു തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍.

Content Highlights: aikya kerala sammelanam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
law

1 min

പിതൃസ്വത്തിൽ സ്ത്രീകൾക്കു പങ്ക്: പ്രചാരണത്തിന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Sep 20, 2023


Stray Dogs

1 min

തെരുവുനായകള്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഏറെ

Sep 17, 2022


chattambi swamikal

2 min

വേഷം കെട്ടലല്ല സന്യാസമെന്ന് ധരിച്ച, സിദ്ധികള്‍ പ്രദര്‍ശനത്തിനായി അവതരിപ്പിക്കാത്ത ചട്ടമ്പി സ്വാമി

Sep 14, 2022


Most Commented