Representational Image | Photo: AFP
അഫ്ഗാനിസ്താന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ ഇരുട്ടിലായത് സത്രീകളുടെജീവിതം കൂടിയാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ട അവരില്‍ പലരും ഇന്ന് വിദേശരാജ്യങ്ങളിലാണ് അഭയം കണ്ടെത്തുന്നത്. താലിബാനെ പേടിച്ച് ഇന്ത്യയില്‍ തുടര്‍പഠനത്തിനെത്തിയ അഫ്ഗാന്‍ യുവതി റാസിയ മുറാദിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍(VNSGU) നിന്ന് എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍ സ്വര്‍ണ്ണ മെഡലോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ മിടുക്കി.
'പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്താനിലെ എല്ലാ പെണ്‍കുട്ടികളെയും സ്ത്രീകളെയും കുറിച്ചും ഈ നിമിഷം ഞാന്‍ ചിന്തിക്കുന്നു.വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ പ്രതിനിധിയാണ് ഞാന്‍. സ്വര്‍ണ്ണമെഡല്‍ നേടാനായതില്‍ വളരെയധികം സന്തോഷമുണ്ട്.മൂന്നുവര്‍ഷത്തോളമായി കുടുംബത്തെ പിരിഞ്ഞിരിക്കുന്നതില്‍ വളരെയധികം വിഷമമുണ്ട്'. - റാസിയ പറഞ്ഞു. റാസിയ ഉള്‍പ്പെടെ നിരവധി അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടുബത്തെ കാണാനാവാതെ പഠിക്കുന്നുണ്ട്. തിരികെ നാട്ടിലേക്ക് പോവാന്‍ പലര്‍ക്കും താത്പര്യമില്ല.
അവസരം ലഭിച്ചാല്‍ അ്ഫ്ഗാന്‍ വിദ്യാര്‍ത്ഥിനികള്‍ വിവിധ മേഖലകളില്‍ തിളങ്ങുമെന്ന് റാസിയ ചടങ്ങില്‍ പറഞ്ഞു. പഠനകാലയളവ് സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നുവെന്നും തന്റെ കുടുബത്തിന്റെ സുരക്ഷയോര്‍ത്ത് ഭയന്നിരുന്നുവെന്നും റാസിയ പറഞ്ഞു. 'എന്റെ കുടുംബം എനിക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. നന്നായി പഠിക്കുകയെന്നാണ് അവര്‍ക്ക് വേണ്ടി ചെയ്യാനുള്ള പ്രഥമ പ്രവര്‍ത്തി. ഈ ചിന്തയാണ് എന്നെ മുന്നോട്ട് നയിച്ചത്' -റാസിയ പറയുന്നു.
2022 ല്‍ റാസിയ എംഎ പൂര്‍ത്തിയാക്കി. 8.60 ക്യുമിലേറ്റീവ് സ്‌കോര്‍ നേടിയാണ് റാസിയ വിജയം നേടിയത്. പിഎച്ച്ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റാസിയ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്‌കോര്‍ളര്‍ഷിപ്പിലാണ് റാസിയ ഇന്ത്യയില്‍ പഠിക്കാനെത്തുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സ്‌കോര്‍ളര്‍ഷിപ്പ് ലഭിച്ചിട്ടാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥിനികള്‍ ഏറെയും ഇന്ത്യയില്‍ പഠിക്കാനെത്തുന്നത്.
27-കാരിയായ റാസിയ രണ്ടുവര്‍ഷത്തോളമായി പഠനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ട്. അഡ്മിനിസ്‌ട്രേഷനും, നയരൂപീകരണവും ഇഷ്ടമായതിനാലാണ് റാസിയ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ തന്നെ തിരഞ്ഞെടുത്തത്. അഫ്ഗാനിസ്താനില്‍ ഇതിന് മുന്‍പ് നിരവധി സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് അനുഭവ പരിജ്ഞാനവും റാസിയയ്ക്കുണ്ട്.
രാജ്യത്ത് നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു, വികസനവും പുനരധിവാസവും നിന്നു. പുരോഗതിക്ക് പകരം രാജ്യം തകര്‍ച്ചയിലേക്കാണ് നടന്നുനീങ്ങുന്നത്. നമ്മളുടെ നിശബ്ദതയാണ് താലിബാന്റെ ആവശ്യം. എന്നാല്‍ അഫ്ഗാന്‍ സ്ത്രീയെന്ന നിലയില്‍ എന്റെ സമൂഹത്തിന് വേണ്ടി സംസാരിക്കാനുള്ള ഉത്തരവാദിത്ത്വം എനിക്കുണ്ട് റാസിയ മുറാദി പറഞ്ഞു
Content Highlights: Afghan woman who won university gold in India, Razia Muradi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..