ഗുലാബ് മിർ റഹ്മാനി
നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്തുതരാനാവുമോ..? രണ്ടു വര്‍ഷത്തോളമായി ഞാനെന്റെ ഭാര്യയെയും പൊന്നുമക്കളെയും കണ്ടിട്ട്- പൊട്ടിക്കരഞ്ഞു കൊണ്ട് ഗുലാബ് പറഞ്ഞു. കയറിയിറങ്ങാത്ത ഓഫീസില്ല, വിളിക്കാത്ത ദൈവങ്ങളില്ല.. ഇന്ത്യന്‍ ഗവണ്മെന്റിനോട് ഒന്നേ പറയാനുള്ളു ഞങ്ങളെ വേർപിരിക്കരുത്, വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അയാള്‍ വിങ്ങിപ്പൊട്ടി...
കേരള സര്‍വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഗവേഷണം ചെയ്യുന്ന അഫ്ഗാനിസ്താന് പൗരന് ഗുലാബ് മിര്‍ റഹ്മാനി ഒരു വര്‍ഷത്തോളമായി ഇന്ത്യയിലേക്ക് വരാനാവാതെ ഇറാനില്‍ കഴിയുകയാണ്. ഗുലാബിന്റെ ഭാര്യയും മക്കളും ഇന്ത്യയിലും കഴിയുന്നു. അഫ്ഗാന് സ്വദേശിനിയായ ഭാര്യ സംസമാ കേരള സര്‍വകലാശാലയിലെ ഫിസിക്സ് ഗവേഷണ വിദ്യാര്‍ഥിനിയാണ്. മൂത്ത മകള്‍ സാറ റഹ്മാനി (9), ഹവ റഹ്മാനി (8), യൂസഫ് റഹ്മാനി (3) എന്നിവര്‍ കേരളത്തില്‍ തന്നെയുണ്ട്.
സോഷ്യോളജിയിലാണ് ഗുലാബ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഗവേഷണം ചെയ്തിരുന്നത്. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ടതായിരുന്നു ഗവേഷണ വിഷയം. 2021 മാര്‍ച്ചില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനായി ഇദ്ദേഹം അഫ്ഗാനിസ്താനിലേക്ക് പോയി. പിന്നീട് ഇദ്ദേഹത്തിന്റെ വിസ റദ്ദാവുകയും ഇന്ത്യയിലേക്ക് വരാന്‍ കഴിയാതാവുകയുമായിരുന്നു. കുടുംബവുമായി ഒന്നിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍.
ഇങ്ങനെയൊക്കെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഉടനെ തിരികെ വരാമെന്ന് വാക്കുനല്കിയാണ് കുടുബത്തോട് യാത്രപറഞ്ഞ് ഇറങ്ങിയത്. ഇനി എനിക്ക് അവരെ കാണാനാവില്ലേ...? എനിക്കറിയില്ല... എന്റെ മക്കളെ കാണാതെ എനിക്കിരിക്കാനാവുന്നില്ല. ഫോണ്‍ വിളിക്കുമ്പോള്‍ അച്ഛന് എന്നുവരുമെന്ന് ചോദിച്ച് അവര്‍ ഉറക്കെ കരയുകയാണ്, എന്നെ രക്ഷിക്കണം...- ഗുലാബ് പറയുന്നു.
അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന് പിടിച്ചടക്കിയതോടെ എല്ലാം താറുമാറായി. നിരവധി പേര് എനിക്ക് മുന്നില്‍ കൊല്ലപ്പെട്ടു. ഇതിപ്പോള്‍ ഞാന്‍ വളര്‍ന്ന രാജ്യമല്ല. എല്ലാം മാറിമറിഞ്ഞിരിക്കുന്നു. അതിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കണ്മുന്നില് എല്ലാം തകരുന്നത് ഞാന്‍ മനസിലാക്കിയത്. അഫ്ഗാനിസ്താനുമായുള്ള നയതന്ത്ര രാഷ്ട്രീയ ബന്ധം ഇന്ത്യ നിര്‍ത്തിയതോടെ എനിക്ക് ഇന്ത്യയിലേക്ക് വരാനുള്ള എല്ലാ വാതിലുകളും അടഞ്ഞു. എന്റെ വിസ റദ്ദ് ചെയ്യപ്പെട്ടു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെറുമൊരു വിസ പുതുക്കല്‍ നടപടിയാണെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചത് എന്നാല്‍ പിന്നീടത് ഇങ്ങനെയൊക്കെയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തുടര്‍ന്ന് ഇറാനിലേക്കുള്ള വിസ ലഭിക്കുകയും ഞാന്‍ ഇറാനിലെത്തുകയും ചെയ്തു. ഇറാനിലെത്തിയാല്‍ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാവുമെന്നാണ് കരുതിയത്. അവിടെയും പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. ഇന്ത്യയിലേക്ക് ഇനി എന്ന് മടങ്ങിവരാനാവുമെന്ന് അറിയില്ല. ഭാഷ പോലും മര്യാദയ്ക്ക് അറിയാത്ത എന്റെ ഭാര്യയും കുഞ്ഞുമക്കളും അവിടെയുണ്ട്. ദയവുചെയ്ത് എന്നെ അവിടെയെത്തിക്കണം. സര്‍ക്കാരിനോട് ഞാന്‍ അപേക്ഷിക്കുന്നു, ഗുലാബ് പറയുന്നു.
അഫ്ഗാനിസ്താനിലെ ബഗ്ലാന്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ജോലിയുണ്ടായിരുന്നതാണ് ഗുലാബിന്. താലിബാന് നിയന്ത്രണം ഏറ്റെടുത്തതോടെ ആ ജോലിയും നഷ്ടമായി. ഒരോ ദിവസവും തള്ളിനീക്കാന്‍ വളരെയധികം കഷ്ടപ്പെടുകയാണ്. ഭാര്യ പൈസ അയയ്ക്കുന്നുണ്ടെങ്കിലും അവള്‍ക്ക് ലഭിക്കുന്നത് കേരളത്തിലെ ചിലവിന് തന്നെ തികയാറില്ല, ഗുലാബ് പറയുന്നു. കടംചോദിക്കാന്‍ പോലും ഞങ്ങള്‍ക്കാരുമില്ല. നാടും ഭാഷയും അറിയാത്തൊരു സ്ത്രീ, മൂന്ന് കുഞ്ഞുമക്കളെയും കൊണ്ട് നിങ്ങളുടെ രാജ്യത്തുണ്ട്...അവര്‍ അവിടെ കഷ്ടപ്പെടുന്നത് എനിക്കറിയാം, ഗുലാബ് പറയുന്നു.
'അച്ഛനെന്നാണ് വരിക...' കുഞ്ഞുമക്കള്‍ ചോദിക്കുന്നു
ഞങ്ങള്‍ അച്ഛനെ വളരെയധികം മിസ് ചെയ്യുന്നു. അദ്ദേഹം എന്നാണ് വരിക - ഒന്‍പതുവയസ്സുകാരി സാറ വികാരാധീനയായി ചോദിക്കുന്നു. അച്ഛനെ കാണാനായി കാത്തിരിക്കുന്ന മക്കള്‍ക്ക് മുന്നില്‍ നല്‍കാനായൊരു ഉത്തരത്തിനായി തിരയുകയാണ് ഗുലാബിന്റെ ഭാര്യ സംസമ.
എന്റെ അവസ്ഥ നിങ്ങള്‍ക്ക് എത്രത്തോളം മനസിലാവുമെന്ന് അറിയില്ല. ഇങ്ങനെയൊരവസ്ഥ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. മൂന്ന് മക്കളെയും കൊണ്ടുള്ള ഇവിടെ ജീവിതം പലപ്പോഴും ദുസ്സഹമാവാറുണ്ട്. കോവിഡ് ബാധിതയായ സമയത്ത് വളരെയധികം ബുദ്ധിമുട്ടിയിരുന്നു. നേരെ നില്ക്കാന് പോലും വയ്യാതായിരുന്നു. ആരെ വിളിക്കും, എന്തു ചെയ്യും ഒന്നും അറിയാത്ത സ്ഥിതി, സംസമ പറയുന്നു. കുഞ്ഞുങ്ങളെ ശ്രദ്ധിക്കണം, പഠനം ശ്രദ്ധിക്കണം, അദ്ദേഹത്തിന് ഇന്ത്യയിലേക്കെത്താനുള്ള ശ്രമങ്ങള്‍ നടത്തണം... ഓടിയോടി തളര്‍ന്നു പോയി ഞാന്‍, കിതയ്ക്കുന്ന ശബ്ദത്തില്‍ സംസമ കൂട്ടിച്ചേര്‍ക്കുന്നു.
ഇത് കോഴ്സിന്റെ നാലാം വര്‍ഷമാണ്. ഇനി കോഴ്സിന്റെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് മുന്നോട്ട് പോവേണ്ടതുണ്ട്. അദ്ദേഹമില്ലാതെ എനിക്കാവുന്നില്ല, അവർ പറയുന്നു. അച്ഛന്റെ ശബ്ദം പോലും പലപ്പോഴും കേള്‍ക്കാനാവുന്നില്ല. റേഞ്ച് പ്രശ്നമാണെന്നാണ് പറയുന്നത്. ഞങ്ങള്‍ക്ക് അച്ഛനെ കാണണം, മകള്‍ സാറ പറയുന്നു.
സര്‍വകലാശാല വഴി സര്‍ക്കാരിന് കത്തുനല്‍കിയതാണ്. പോലീസ് വെരിഫിക്കേഷന് ശേഷം വിസ ലഭിക്കുമെന്നും പറഞ്ഞതാണ് എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അഫ്ഗാനിസ്താനില്‍ ഇവരുടെ കുടുബം സാമൂഹികമായി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോവുന്നതിനാല്‍ അവിടെനിന്ന് ആരും സഹായിത്തിനായി വരില്ല. സര്‍വകലാശാല മുഖേന മുഖ്യമന്ത്രിയുമായും ഇതുമായി ബന്ധപ്പെട്ട അധികൃതരുമായും നിരന്തരമായി സംസമ ബന്ധപ്പെട്ടങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
2015-ലാണ് ഗുലാബ് പഠനത്തിനായി ഇന്ത്യയിലേക്ക് വരുന്നത്. ഒസ്മാനിയ സര്‍വകലാശാലയില്‍നിന്നാണ് എം.എ., പി.എച്ച്ഡി. എന്നിവ പൂര്‍ത്തിയാക്കിയത്. ഭാര്യ സംസമയും ബിരുദാനന്തര ബിരുദം ഒസ്മാനിയയില്നിന്നാണ് നേടിയത്. പിന്നീട് കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിനായി ചേരുകയായിരുന്നു.
ജൂലായില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുലാബിന്റെ വിസ പ്രക്രിയയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നല്കിയ കത്ത്
Content Highlights: Afghan national Gulab mir Rahmany stranded abroad without visa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..