Photo: mathrbhumi
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റുക, ശ്രീലേഖ ഐപിഎസിന്റെ ഗൂഢാലോചനയ്‌ക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച എറണാകുളത്ത് 'അതിജീവിതയ്‌ക്കൊപ്പം' കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. എറണാകുളം വഞ്ചി സ്‌ക്വയര്‍ പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുക.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കൂട്ടായ്മ ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള തെളിവുകള്‍ വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങള്‍ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്.
സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയതായി ഡിജിപി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നുവെന്ന പ്രസ്താവന സര്‍വീസില്‍ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനല്‍ പ്രതിയെ സംരക്ഷിച്ചുവെന്ന വെളിപ്പെടുത്തലാണ്. സര്‍വ്വീസിലിരിക്കെ പ്രതികളെ സംരക്ഷിച്ചതിന് ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നുണപ്രചരണം നടത്തുന്ന യൂട്യൂബ് വീഡിയോ റിമൂവ് ചെയ്യണമെന്നും 'അതിജീവിതയ്‌ക്കൊപ്പം' കൂട്ടായ്മ ആവശ്യപ്പെട്ടു.
നടിയെ അക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നേരത്തെ തന്നെ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് അതീവ രഹസ്യസ്വഭാവമുള്ള ഒരു മെമ്മറി കാര്‍ഡ് അനധികൃതമായി ചോര്‍ന്നിട്ടുണ്ടെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിചാരണക്കോടതി ജഡ്ജിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഈ ജഡ്ജിയുടെ കീഴില്‍ കോടതി നടപടികള്‍ നീതിപൂര്‍വ്വമാകാനുള്ള സാധ്യതയില്‍ ആശങ്കയുണ്ടെന്നും കൂട്ടായ്മ ആരോപിച്ചു.
Content Highlights: Actress attack case, r sreelekha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..