വിനായകൻ | Photos: facebook.com/vinayakanactor
''എന്റെ ജീവിതത്തിൽ പത്തു പെണ്ണുങ്ങളുമായി സെക്സിലേർപ്പെട്ടിട്ടുണ്ട്. ഈ പത്തുപേരോടും ഞാനാണ് എന്റെ കൂടെ റിലേഷൻഷിപ് നടത്താമോ എന്നു ചോദിച്ചിട്ടുള്ളത്. ഇത് നിങ്ങൾ പറയുന്ന മീ ടൂ ആണെങ്കിൽ ഞാൻ ഇനിയും ചോദിക്കും.''
നടൻ വിനായകൻ 'ഒരുത്തീ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കവേ പങ്കുവെച്ച വാക്കുകളാണിത്. മീടൂ പ്രസ്ഥാനത്തെക്കുറിച്ച് അറിയില്ലെന്നും പെണ്ണുടൽ രാഷ്ട്രീയത്തെ കണ്ടില്ലെന്നും നടിക്കുന്ന വിനായകൻ പത്തു സ്ത്രീകളുമായി അനുവാദത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നു വീരസ്യത്തോടെ പറയുകയാണ്. ലൈംഗികബന്ധത്തിലേർപ്പെടാനുള്ള തന്റെ താൽപര്യം ഒരു സ്ത്രീയോട് ഏത് സമയത്തും ചോദിക്കാമെന്നും അനുവാദം ചോദിച്ചു കഴിഞ്ഞാൽ ലൈംഗിക കയ്യേറ്റങ്ങളൊന്നും മീ ടൂ അല്ല എന്നും പ്രഖ്യാപിക്കുകയാണ് വിനായകൻ. പവർ പൊളിറ്റിക്സ് കൊണ്ട് ലൈംഗിക കയ്യേറ്റത്തിന് വിധേയരാവുന്ന, അനന്തരഫലങ്ങളെ ഭയന്ന് നോ പറയാൻ കഴിയാത്ത ഗതികെട്ട സ്ത്രീകൾക്ക് മുന്നിലേക്കാണ് ഈ ആൺ പ്രിവിലേജ് വർത്തമാനങ്ങൾ വിനായകൻ പറയുന്നത്. ഇപ്പോഴും നേരിട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇൻബോക്സുകളിലൂടെയും ഒരു പരിചയവുമില്ലാത്തവർ പോലും 'കിട്ടുമോ, കൊടുക്കുമോ' എന്നു ചോദിക്കുമ്പോൾ നിർവികാരരായിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ കാലത്താണ് വിനായകന്റെ ഈ ചോദ്യങ്ങൾ. കൺസെന്റ് ചോദിക്കുന്ന സാഹചര്യങ്ങളും ഇടങ്ങളുമൊക്കെ നിസ്സാരവൽക്കരിച്ചുകൊണ്ടുള്ള വിനായകന്റെ പരാമർശവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി, സിനിമാ പ്രവർത്തക കുഞ്ഞില, സോഷ്യൽ വർക്ക് വിദ്യാർഥിയും മീ ടൂ വിഷയങ്ങളിൽ സജീവ ഇടപെടലുകളും നടത്തുന്ന ആർഷ എന്നിവർ.
പറഞ്ഞത് അശ്ലീവും ആഭാസത്തരവും- എസ്. ശാരദക്കുട്ടി
.jpg?$p=5c0d37c&&q=0.8)
അൽപത്തം, അറിവില്ലായ്മ, അഹന്ത, ആണത്ത ഹുങ്ക് എന്നിങ്ങനെ എല്ലാ വൃത്തികേടുകളും നിറഞ്ഞ സംസാരരീതി ആയിരുന്നു വിനായകന്റേത്. ഒരു മികച്ച സ്ത്രീപക്ഷ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വേദിയിലാണല്ലോ ഇത് സംഭവിച്ചത് എന്ന ദുഖമുണ്ട്. വിനായകന്റേതു മാത്രമല്ല അതുകേട്ട് കയ്യടിച്ചവരുടെയും ചിരിച്ചവരുടെയുമൊക്കെ മാനസികാവസ്ഥ വളരെ നിരാശയുണ്ടാക്കി. ചാനലിൽ വന്നിരുന്ന് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ എന്തും പറയുന്ന രാഷ്ട്രീയ നേതാക്കളുണ്ട്, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. അതൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്. വിനായകൻ വിരൽ ചൂണ്ടുന്ന ഒരു സ്ത്രീയെയോ അതല്ലെങ്കിൽ മുമ്പിലിരിക്കുന്ന ഒരു സ്ത്രീയെയോ മാത്രമല്ല ഇത് ബാധിക്കുന്നത്, കേൾക്കുന്ന ഓരോ സ്ത്രീയെയുമാണ്. എനിക്കിങ്ങനെയൊക്കെ ആവാം, ഞാൻ ആണാണ് എന്ന് ഹുങ്കോടെ വിളിച്ചു പറയുകയാണ് അയാൾ. സ്ത്രീകളെ മാത്രമല്ല ആണുങ്ങളെയും ബാധിക്കുന്ന വിഷയമാണിത്. അവർ കൂടി തലകുനിച്ച് നടക്കേണ്ട അവസ്ഥയാണ്. പറഞ്ഞത് അശ്ലീവും ആഭാസത്തരവുമാണ്. ഒരു പുരുഷൻ എന്നല്ല ഒരു മനുഷ്യൻ പറയരുതാത്ത ഭാഷയാണ് അയാൾ പറഞ്ഞത്.
പേടിപ്പിക്കാനും അപമാനിക്കാനും ഉദ്ദേശിച്ച് ചെയ്തത്- കുഞ്ഞില
വിനായകന്റേതു പോലെ ഇങ്ങനെയല്ലാതെ ഞങ്ങളെങ്ങനെയാണ് സെക്സിന് താൽപര്യമുണ്ടോ എന്നു ചോദിക്കുക എന്ന് പറയുന്നവരുണ്ട്. അതല്ല ഇവിടുത്തെ വിഷയം. സെക്ഷ്വൽ ഹരാസ്മെന്റ് അല്ലെങ്കിൽ സെക്ഷ്വൽ വയലേഷൻ നടത്തിയിട്ടുള്ള സമയത്ത് അത് അനുവാദം ചോദിക്കലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിക്കഴിഞ്ഞാൽ അതിനെ സമൂഹം തെറ്റായി കാണില്ല എന്ന ധാരണയോടെയാണ് വിനായകൻ പറയുന്നത്. ഞാൻ നിന്നെ കൊന്നോട്ടെ എന്ന് ഒരാളോട് അനുവാദം ചോദിക്കാം. അവിടെയും അനുവാദം ചോദിക്കലാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ ഇത് പേടിപ്പിക്കുക, അപമാനിക്കുക, അന്തസ്സിനെ ചോദ്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ മാത്രം ചെയ്തിട്ടുള്ള കാര്യമാണ്. ഇൻബോക്സിലൂടെയും മറ്റും കൊടുക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കും വേണമെങ്കിൽ ഞങ്ങൾ അനുവാദം ചോദിക്കുകയേ ചെയ്തുള്ളു എന്നു പറയാം. പക്ഷേ എന്തിനാണ് യാതൊരു പരിചയവുമില്ലാത്ത ആളുടെ ഭാഗത്തുനിന്ന് കൊടുക്കുമോ എന്ന ചോദ്യം നേരിടേണ്ടത്? ഞാൻ ബസ് കാത്തുനിൽക്കുന്ന സമയത്ത് എന്റെ റേറ്റ് എത്രയാണ് എന്നു ചോദിക്കുന്നത് കൺസെന്റായി കരുതാൻ പറ്റുമോ? വിനായകന്റെ രീതിയിൽ അതും അനുവാദം ചോദിക്കലാണല്ലോ. ഏതൊരു സ്ത്രീ ആയാലും എന്തിനാണ് അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത്?ജെൻഡറിന്റെ കാര്യത്തിൽ അത് മനസ്സിലാക്കാൻ കൂട്ടാക്കാത്ത ആൺവാശിയാണ് വിനായകന്റേത്. മനസ്സിലാക്കിയാൽ അത് ഒരു ഉത്തരവാദിത്തമാണ്, അതിൽ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമായിട്ടാണ് ഈ തെറ്റിദ്ധരിപ്പിക്കലൊക്കെ നടത്തുന്നത്.
സിഗരറ്റ് വലിക്കുക, ചെറിയ വസ്ത്രങ്ങൾ ധരിക്കുക, സെക്ഷ്വാലിറ്റിയെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു സംസാരിക്കു എന്നിവയൊക്കെ ചെയ്യുന്ന സ്ത്രീകളോട് സെക്സ് ചോദിക്കാൻ അവകാശമുണ്ട് എന്നു കരുതുന്ന നിരവധി പേരുണ്ട്. ഇത്തരം വയലേഷൻ ഒന്നുമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നത് മനോഹരമാണ്. ഡേറ്റിങ് ആപ്പുകളിലൂടെയെല്ലാം എത്രപേർ കണ്ടുമുട്ടുകയും സമ്മതം ചോദിക്കുകയും സെക്സിലേർപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്.
ആണധികാര ബോധത്തിന്റെ പ്രയോഗങ്ങൾ തന്നെയാണ് പ്രസ് മീറ്റിലുടനീളം വിനായകൻ കാണിച്ചത്. നിങ്ങളൊരു പൊട്ടനാണ് എന്ന് ഒരു മാധ്യമപ്രവർത്തകനോട് പറയുന്നുണ്ട്. ഫിലിം സ്കൂളുകളിൽ ഉൾപ്പെടെ പല ആൺസദസ്സുകളിലും കാലങ്ങളായി കേൾക്കുന്നതാണ്. ഫിലിം സ്കൂളിൽ പഠിക്കുന്ന കാലത്ത് സിനിമാ ചർച്ചകൾക്കിടെ എന്റെ ഒരു സഹപാഠിയോട് അവിടുത്തെ ആൺകൂട്ടം പെരുമാറിയത് ഇതേപോലെയായിരുന്നു. നീ അധികം അഭിപ്രായമൊന്നും പറയണ്ട, നീ ആദ്യം വിർജിനിറ്റി കളഞ്ഞിട്ട് വാ എന്നായിരുന്നു. എത്ര സ്ത്രീകളുടെ കൂടെ കിടന്നു എന്നത് ഒരു ട്രോഫി പോലെയുള്ള സംഭവമാണ് എന്ന ബോധ്യത്തോടെ നടക്കുന്നവരുണ്ട്. അതിനു സമാനമായ ചോദ്യമാണ് വിനായകൻ മാധ്യമപ്രവർത്തകനോടും ചോദിച്ചത്.
ഏതൊക്കെ സാഹചര്യങ്ങളിൽ ആരോടൊക്കെയാണ് അനുവാദം ചോദിക്കുന്നത് എന്നത് പ്രധാനം- ആർഷ
.jpg?$p=85e9fab&&q=0.8)
പത്തു സ്ത്രീകളോട് സെക്സിന് അനുവാദം ചോദിച്ചിട്ടുണ്ട് എന്ന് പറയുന്നതിലല്ല തെറ്റ്. മറിച്ച് ഏതൊക്കെ സാഹചര്യങ്ങളിലാണ്, തൊഴിലിടങ്ങളിലാണോ അല്ലെങ്കിൽ അതുപോലെ പവർപ്ലേ നടക്കുന്ന ഇടങ്ങളിൽ വച്ചാണോ ചോദിച്ചിട്ടുള്ളത് എന്നതാണ് പ്രധാനം. നോ പറഞ്ഞാൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ഇടങ്ങളിൽ ചിലപ്പോൾ സ്ത്രീകൾക്ക് പ്രതികരിക്കാൻ കഴിയണം എന്നില്ല. അവിടെ കൺസെന്റ് എന്നു പറയുന്നത് കെട്ടിച്ചമയ്ക്കപ്പെടുന്നതാണ്.
ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകളുടെ ട്രോമ വാക്കുകൾക്കതീതമാണ്. എല്ലാവർക്കും നോ പറയാനുള്ള മാനസികാവസ്ഥയോ ധൈര്യമോ ഉണ്ടാകണമെന്നില്ല. വിനായകനെപ്പോലെ ഒരു നടൻ ചോദിക്കുമ്പോൾ മറുത്ത് പറയാൻ കഴിയാത്ത ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ഉള്ളവരുണ്ടാകും. ആ ഒരു നോ പറച്ചിലിനു ശേഷമുണ്ടാകുന്ന ഫലങ്ങളെ അഭിമുഖീകരിക്കാൻ എത്രപേർക്ക് ധൈര്യം കാണും? മീ ടൂ എന്നത് സെക്സിലേർപ്പെടുക എന്നാണ് വിനായകൻ മനസ്സിലാക്കി വച്ചിരിക്കുന്നത്. ഏത് സ്ഥലത്തും സെക്സ് ചോദിക്കുന്നതിനെ വളരെ നോർമലൈസ് ചെയ്ത് സംസാരിച്ചതാണ് ആ വീഡിയോയിലെ ഏറ്റവും പ്രശ്നം. പ്രായപൂർത്തിയല്ലാത്ത കുട്ടികളോട് അനുവാദം ചോദിച്ചിരുന്നു എന്നു പറയുന്നതിൽ അർഥമില്ലല്ലോ. ഏതു സ്പേസിലൊക്കെയാണ് സ്ത്രീകളെ സമീപിച്ചിരിക്കുന്നത് എന്നു പറഞ്ഞിട്ടില്ല.
Content Highlights: actor vinayakan controversial press meet, me too movement, sexual harassement, oruthee movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..