'രസികപ്രിയ' ആന്തത്തിൽ നിന്നുള്ള രംഗം, മൈത്തിരി ശ്രീകാന്ത്
"സ്ത്രീധനത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമായി കാതോരത്ത് എത്തിയപ്പോഴാണ് ഇതിനൊരു മാറ്റം വേണമെന്ന് മൈത്തിരി ശ്രീകാന്തിന് തോന്നുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്‍കാതെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യം ഒപ്പമുണ്ടായിരുന്നു. അങ്ങനെയാണ് 'രസികപ്രിയ' എന്ന ആന്തം പിറവി കൊള്ളുന്നത്. ഫാഷനും സാമൂഹിക പ്രസക്തിയേറിയ ഒരു വിഷയവും സമന്വയിപ്പിച്ചാണ് ആന്തം തയ്യാറാക്കിയിരിക്കുന്നത്. രാഗ സൊസൈറ്റി എന്ന എന്‍ജിഒ ആണ് ആന്തത്തിന് പിന്നില്‍.
ആന്തം പിറക്കുന്നതിങ്ങനെ...
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആന്തത്തിന്റെ പണികള്‍ തുടങ്ങുന്നത്. മൈത്തിരിയുടെ മനസ്സില്‍ വിരിഞ്ഞ ആശയത്തിന് എന്‍ജിഒ അംഗങ്ങള്‍ പൂര്‍ണ പിന്തുണയുമായി എത്തുകയായിരുന്നു. പല ടീമുകളായിട്ടാണ് സംഘം ആന്തത്തിനായി പ്രവര്‍ത്തിച്ചത്. ദൃശ്യ ഭംഗിക്കായി കാഞ്ചീപുരം സാരികളാണ് ഉപയോഗിച്ചത്. അപര്‍ണ രാജീവ്, വിജയ് യേശുദാസ് എന്നിവരാണ് കവര്‍ സോങ് ആലപിച്ചിരിക്കുന്നത്. ഒരു കല്യാണ മൂഡിലാണ് ആന്തം ഒരുക്കിയിരിക്കുന്നത്.
നെടുംതൂണ്‍ ഡയലോഗുകള്‍
ഡയലോഗുകളാണ് ആന്തത്തിന്റെ നട്ടെല്ല്. ഒരാണിന്റെ കൂടി വീക്ഷണം ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് വിജയ് യേശുദാസിനെ ഗാനം ആലപിക്കാനായി ക്ഷണിക്കുന്നത്. പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാന്‍സ് അറിയണമെന്നത് മാത്രമാണ് ഉപാധിയായി വെച്ചിരുന്നത്. തിരുവനന്തുപുരത്തും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു വീഡിയോ ഷൂട്ട്. ഇതിനായി മൂന്ന് ദിവസത്തോളമെടുത്തു.
സംഘടനയിലെ മറ്റ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കിയതിനാലാണ് ഇത്തരമൊരു ആന്തം പുറത്തിറക്കാന്‍ കഴിഞ്ഞതെന്ന് മൈത്തിരി പറയുന്നു. ഫെബ്രുവരി 14-ന് പുറത്തിറങ്ങിയ ആന്തം ഇതിനോടകം ജനലക്ഷങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
"കല്യാണസമയങ്ങളില്‍ മാത്രമല്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം ഏറ്റുവാങ്ങുന്നുണ്ട്", അഭിഭാഷക കൂടിയായ മൈത്തിരി കൂട്ടിച്ചേര്‍ത്തു. 'ഫസ്റ്റ് ഫാഷന്‍ ക്യാംപയിന്‍ ഇന്‍ ഇന്ത്യ വിത്ത് ആന്‍ ആന്റി ഡൗറി മെസേജ്' എന്ന വിശേഷണത്തോടെയാണ് ആന്തം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ഓഡിയോ ഉപയോഗിക്കാനുള്ള അനുമതി സരിഗമയില്‍ നിന്നും നല്‍കിയിരുന്നു. ഇതേ സംഗീതം റീ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു പിന്നീട്. സ്ത്രീധന നിരോധന സന്ദേശങ്ങള്‍ പലപ്പോഴും സ്ത്രീകളുടെ കാഴ്ചപ്പാടില്‍ നിന്നും മാത്രമാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമാണ് 'രസികപ്രിയ'.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള സന്ദേശം കൂടിയാണ് രസികപ്രിയയെന്ന് മൈത്തിരി സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ എല്ലാ പ്രേക്ഷകരിലേക്കും എത്താന്‍ വേണ്ടിയാണ് ആന്തത്തില്‍ സബ്‌ടൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡോക്യുമെന്ററി ആകുമ്പോള്‍ എല്ലാവരും കാണണമെന്നില്ല. അതിനാലാണ് ആന്തമൊരുക്കിയത്, മൈത്തിരി പറയുന്നു.

ആര്‍ട്ട്, ഫാഷന്‍, മ്യൂസിക് എല്ലാ സമം ചേര്‍ത്ത് ചാലിച്ചാണ് 'രസികപ്രിയ' ഒരുക്കിയിരിക്കുന്നത്. സ്ത്രീധനം വാങ്ങാതെ തന്നെ നല്ലരീതിയില്‍ കല്യാണം നടത്താമല്ലോ...പിന്നെ എന്തിനാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.
സ്ത്രീകളാണ് 'നോ' പറയാന്‍ പഠിക്കേണ്ടതെന്നും മൈത്തിരി പ്രതികരിച്ചു. ആന്തം പുറത്തിറങ്ങിയതോടെ സമൂഹത്തിന്റെ നാനാതുറകളിലും നിന്നും അഭിനന്ദനപ്രവാഹമാണ് അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം സ്ത്രീധന നിരോധന (1961) നിയമപ്രകാരം രാജ്യത്ത് 13,534 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020-ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 25 % വര്‍ധനവ്. 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പ്രതിദിനം സ്ത്രീധന സംബന്ധമായ 20 ഓളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: about rasikapriya, an anti dowry anthem by raga society
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..