പ്രതീകാത്മക ചിത്രം
എന്താണ് ഇന്ത്യൻ ഭരണഘടനയിൽ നിലീനമായ ദേശീയതാസങ്കല്പം? ഭരണഘടനാ അസംബ്ലിയിൽ ഒത്തുചേർന്ന നിയമപണ്ഡിതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ബുദ്ധിയിലും ഭാവനയിലും ഉദയംചെയ്തതാണോ ഇന്ത്യൻ ഭരണഘടന? ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ-സാമൂഹിക അഭിലാഷങ്ങളുമായി ഏതുവിധത്തിലാണത് ബന്ധപ്പെട്ടിരിക്കുന്നത്? ഇന്ത്യൻ ഭരണഘടനയും ദേശീയതയും; ഒരവലോകനം
''1949 നവംബര്‍ 26-ന് ഭരണഘടനയുടെ കരടിന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളില്‍ത്തന്നെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ അതിനുനേരെ നിശിതവിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. മൂന്നുവിമര്ശനമാണ് അതില്‍ പ്രധാനമായി ഉന്നയിക്കപ്പെട്ടത്. ഹിന്ദുസ്ഥാന്‍, ഭാരതവര്‍ഷം, ഭാരതം തുടങ്ങിയ പേരുകളൊന്നും സ്വീകരിക്കാതെ ഇന്ത്യ എന്ന പേര് സ്വീകരിച്ചതാണ് ഒന്നാമത്തെ വിമര്‍ശനം. പരമ്പരാഗതവും ചിരപുരാതനവുമായ ഭാരതീയമായ ഭരണഘടനാമൂല്യങ്ങള്‍ ഒന്നുംതന്നെ പ്രതിഫലിക്കാത്തതാണ് പുതിയ ഭരണഘടന എന്നതായിരുന്നു രണ്ടാമത്തേത്. പാശ്ചാത്യ ആശയങ്ങള്‍ കുത്തിനിറയ്ക്കപ്പെട്ടതും അതുകൊണ്ടുതന്നെ ദേശീയമായ ഉള്ളടക്കമില്ലാത്തതുമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. അതുപോലെ 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍നിന്നും അമേരിക്കന്‍, ഫ്രഞ്ച്, കനേഡിയന്‍ ഭരണഘടനകളില്നിന്നുമെല്ലാം വലിയതോതില്‍ ആശയങ്ങള്‍ കടംകൊണ്ടതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ആ നിലയിലും അതിന് ദേശീയസ്വഭാവമില്ലെന്നും വിമര്‍ശനമുയര്‍ന്നു.
.jpg?$p=0a7106f&&q=0.8)
ഭരണഘടനാ ധാര്‍മികത
ഒരര്‍ഥത്തില്‍ ഈ വിമര്‍ശനങ്ങളെല്ലാം സാധുതയുള്ളവയായിരുന്നു. ഭാരതവര്‍ഷം, ഹിന്ദുസ്ഥാന്‍ തുടങ്ങിയ പേരുകളെല്ലാം തിരസ്കരിച്ചുകൊണ്ടാണ് ഭരണഘടനാ അസംബ്ലി അംബേദ്കര്‍ നിര്‍ദേശിച്ച 'ഇന്ത്യ അഥവാ ഭാരതം' എന്ന പ്രയോഗം അംഗീകരിച്ചത്. ഭാരതം എന്ന പേര് ആദ്യം വരണം എന്ന ഭേദഗതിയും അംഗീകരിക്കപ്പെട്ടില്ല. ചിരപുരാതനമായ ഭാരതീയ ഭരണഘടനാമൂല്യങ്ങള്‍ എന്ന് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ കരുതിപ്പോരുന്നവയൊന്നും ഇന്ത്യന്‍ ഭരണഘടനയില്‍ ഇടംനേടിയില്ല. അത്തരം മൂല്യങ്ങളുടെ സംഭരണിയായ മനുസ്മൃതി പരസ്യമായി കത്തിക്കുന്നതിന് 1927-ല്‍ നേതൃത്വംനല്‍കിയ അംബേദ്കറായിരുന്നു ഭരണഘടനയുടെ കരടുകമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചത് എന്നതുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മനുസ്മൃതിയും മറ്റും മുന്നോട്ടുവെക്കുന്ന വര്‍ണ-ജാതി ധര്‍മത്തിനെതിരേ, ആധുനികമായ ഭരണഘടനാധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുകയാണ് അംബേദ്കര്‍ ചെയ്തത്. അതുപോലെ 1935 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് അടക്കമുള്ളവയില്‍നിന്ന് ഇന്ത്യന്‍ ഭരണഘടന വലിയൊരളവില്‍ ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്. സഹസ്രാബ്ദങ്ങളായി ജാതിബദ്ധവും അസമത്വപൂര്ണവുമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന് ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ സഹജമായി ഉള്‍ക്കൊള്ളാനാവില്ലെന്ന് അംബേദ്കര്‍ കരുതി. ഭരണനിര്‍വഹണം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിപരീതമാവാനുള്ള സാധ്യത ഇന്ത്യയിലേറെയുണ്ടെന്നും അദ്ദേഹം കരുതി. ഇതിനെതിരായ കരുതല്‍ എന്ന നിലയില്‍ ഭരണഘടനാധിഷ്ഠിതമായ ഭരണനിര്‍വഹണത്തിന്റെ വിശദാംശങ്ങള്‍ ഭരണഘടനയുടെതന്നെ ഭാഗമായി ഉള്‍പ്പെടുത്തണമെന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടു. ആ കാഴ്ചപ്പാടാണ് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗീകരിച്ചത്. അതിന്റെ വിശദാംശങ്ങള്‍ 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍നിന്ന് അംബേദ്കര്‍ സ്വീകരിക്കുകയുംചെയ്തു. ഭരണനിര്വഹണത്തിനുതകുന്ന നിര്‍ദേശങ്ങള്‍ അങ്ങനെ കൈക്കൊള്ളുന്നതില്‍ തെറ്റായൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒറ്റക്കല്‍ ശില്പമല്ല ദേശീയത
നിര്‍ണായകമായ ചില ചോദ്യങ്ങളിലേക്ക് ഇത് നമ്മെ കൊണ്ടുപോകുന്നുണ്ട്. മേല്‍പ്പറഞ്ഞതാണ് വസ്തുതയെങ്കില്‍ എന്താണ് ഇന്ത്യന്‍ ഭരണഘടനയില്‍ നിലീനമായ ദേശീയതാസങ്കല്പം? ഭരണഘടനാ അസംബ്ലിയില്‍ ഒത്തുചേര്‍ന്ന നിയമപണ്ഡിതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ബുദ്ധിയിലും ഭാവനയിലും ഉദയംചെയ്തതാണോ ഇന്ത്യന്‍ ഭരണഘടന? ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ-സാമൂഹിക അഭിലാഷങ്ങളുമായി ഏതുവിധത്തിലാണത് ബന്ധപ്പെട്ടിരിക്കുന്നത്? ഹൈന്ദവരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ വിമര്ശിക്കാറുള്ളതുപോലെ പാശ്ചാത്യവിദ്യാഭ്യാസം നേടിയ ഇന്ത്യന്‍ ഉപരി-മധ്യ വര്‍ഗത്തിന്റെ വീക്ഷണങ്ങളാണോ ഇന്ത്യന്‍ ഭരണഘടനയുടെ അടിപ്പടവായത്? അന്തിമമായി എന്താണ് ഭരണഘടനയും ഇന്ത്യന്‍ ദേശീയതയും തമ്മിലുള്ള ബന്ധം?
ഈ ചോദ്യങ്ങളെ ശരിയായി അഭിസംബോധനചെയ്യണമെങ്കില് ഇന്ത്യന്‍ ദേശീയതയുടെ സാമൂഹികാടിസ്ഥാനങ്ങളെയും അതിന്റെ ചരിത്രപരിണാമങ്ങളെയും നാം പരിശോധിക്കേണ്ടതുണ്ട്. തുടക്കംമുതല്‍ ഒടുക്കംവരെ പരിവര്ത്തനങ്ങളേതുമില്ലാതെയും ഒറ്റക്കല്ലില്‍ കൊത്തിയ ശില്പംപോലെയും നിലകൊണ്ട ഒന്നല്ല ഇന്ത്യന്‍ ദേശീയത. അത് തിരിച്ചറിയാനായാല്മാത്രമേ ഇന്ത്യന്‍ ദേശീയതയുടെ ആഭ്യന്തരസ്വരൂപവുമായി ഭരണഘടനാമൂല്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാകൂ.
ഇന്ത്യന്‍ ദേശീയതയുടെ സാമൂഹികാടിസ്ഥാനങ്ങളെക്കുറിച്ചുള്ള തന്റെ അതിവിപുലമായ പഠനത്തില്‍ ചരിത്രപണ്ഡിതനായ എ.ആര്. ദേശായ് അതിന്റെ അഞ്ചുഘട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ ആധുനികവിദ്യാഭ്യാസം നേടിയ ഇന്ത്യന്‍ ഉപരി-മധ്യ വര്‍ഗത്തിന്റെ പുതിയ സാമൂഹിക-രാഷ്ട്രീയ അവബോധം എന്നനിലയിലാണ് അതാദ്യം പൊട്ടിക്കിളിര്ക്കുന്നത്. പിന്നാലെ നികുതിവ്യവസ്ഥയെച്ചൊല്ലി കോളനിഭരണകൂടവുമായി രൂപംകൊണ്ട തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വാണിജ്യമുതലാളിത്തം ദേശീയത എന്ന ആശയത്തെ മറ്റൊരു വിതാനത്തിലേക്ക് വികസിപ്പിക്കുന്നതാണ് രണ്ടാംഘട്ടം. ആദ്യഘട്ടത്തില്‍ കേവലാശയത്തിന്റെ രൂപത്തില്‍ നിലനിന്ന ദേശീയതാസങ്കല്പത്തിന് ഭൗതികവും സാമൂഹികവുമായ അടിത്തറ രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്.
ഇതിനുപിന്നാലെ ഇരുപതാം ശതകത്തിന്റെ പ്രാരംഭദശകങ്ങളിലാണ് ദേശീയതയ്ക്ക് പ്രസ്ഥാനരൂപവും ജനകീയവ്യാപനവും സംഭവിക്കുന്നത്. ബംഗാള്‍ വിഭജനവും സ്വദേശിപ്രസ്ഥാനവും ഉയര്‍ത്തിക്കൊണ്ടുവന്ന ആവേശമാണ് ദേശീയപ്രസ്ഥാനത്തെ ജനകീയമായ അടിത്തറയും വ്യാപ്തിയുമുള്ള ഒന്നാക്കി മാറ്റിയത്. ഈ സവിശേഷഘട്ടത്തിന്റെ സമുന്നത പ്രതിനിധിയായിരുന്നു ബാലഗംഗാധരതിലകന്‍. ഗാന്ധിക്കുമുന്പ് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി ഉയര്‍ന്നുവന്നതും തിലകനാണ്. സായുധവും വിധ്വംസകവുമായ മുന്നേറ്റങ്ങളിലൂടെ കോളനിഭരണത്തെ വെല്ലുവിളിക്കാന്‍ തുനിഞ്ഞ സ്വദേശി പ്രസ്ഥാനത്തിന്റെ അലയൊലികളും ഈ ഘട്ടത്തില്‍ ദേശീയപ്രസ്ഥാനത്തില്‍ ഉയര്‍ന്നുവന്നു.
ജനകീയവ്യാപ്തി കൈവരിച്ചു എന്നിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിന് ഈ ഘട്ടത്തില്‍ ഗൗരവമേറിയ ഒരു പരിമിതിയുണ്ടായിരുന്നു. അടിസ്ഥാനപരമായി അത് മതാത്മകമായിരുന്നു. എ.ആര്. ദേശായ് ബലിഷ്ഠ ഹൈന്ദവദേശീയത എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ബലത്തിലും മതത്തിലും അധിഷ്ഠിതമായ ഒരു ദേശീയഭാവനയാണ് ഈ ഘട്ടത്തില്‍ പ്രബലമായിരുന്നത്. ഗണേശോത്സവം അടക്കമുള്ള ആഘോഷങ്ങള്‍ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കപ്പെടുന്നതും ഈ ഘട്ടത്തിലാണ്. ബ്രിട്ടനില്‍നിന്നുള്ള രാഷ്ട്രീയസ്വാതന്ത്ര്യത്തെ പ്രധാനമായി പരിഗണിച്ച തിലകന്, നവോത്ഥാനപരവും പരിഷ്കരണപരവുമായ ശ്രമങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഗാന്ധിജി എന്ന പ്രതീകം
ദേശീയപ്രസ്ഥാനം ഈ ഇടുങ്ങിയ ഉള്ളടക്കത്തില്‍നിന്ന് പുറത്തുകടക്കുന്നത് 1920-കളോടെയാണ്. മതനിരപേക്ഷവും ജനാധിപത്യപരവും ജനകീയവുമായ അടിത്തറയില്‍ ഉയര്‍ന്നുവരുന്ന ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന്റെ ഘട്ടമാണിത്. ഗാന്ധിജിയാണ് ദേശീയതയുടെ ഈ സവിശേഷഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ പ്രതീകം. പ്രൊഫസര്‍ ഇര്ഫാന് ഹബീബ് നിരീക്ഷിക്കുന്നതുപോലെ, അമൂര്‍ത്തമായ രാഷ്ട്രീയമുദ്രാവാക്യങ്ങള്ക്കുപകരം സാധാരണജനങ്ങളുടെ ഭൗതികമായ മൂര്ത്തപ്രശ്നങ്ങളില്നിന്ന് സമരമാരംഭിക്കുക എന്ന രാഷ്ട്രീയതന്ത്രം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ഒരാള്‍കൂടിയായിരുന്നു ഗാന്ധിജി. ചമ്പാരന്‍ സത്യാഗ്രഹം, ഉപ്പുസത്യാഗ്രഹം, അയിത്തോച്ചാടനം, ഖാദി തുടങ്ങിയവയെല്ലാം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയത് ഈ ഘട്ടത്തിലാണ്. മതപരമോ ജാതീയമോ ആയ വിഭജനങ്ങള്‍ക്ക് കുറുകെ നീങ്ങിയ ഭൗതികപ്രശ്നങ്ങളായിരുന്നു ഇവയുടെയെല്ലാം അടിസ്ഥാനം. അതോടൊപ്പം കര്‍ഷകപ്രസ്ഥാനങ്ങള്‍, തൊഴിലാളിസംഘടനകള്‍, വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകാര്‍ തുടങ്ങിയവരെല്ലാം സാമ്രാജ്യത്വ വിരോധത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ള സമരമുഖത്ത് ഉയര്‍ന്നുവന്നു. സ്വാതന്ത്ര്യം, രാഷ്ട്രീയസ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികസ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവുമായി പുനര്‍വിഭാവനം ചെയ്യപ്പെട്ടത് ഈ ഘട്ടത്തിലാണ്. അതോടെ, ജനാധിപത്യപരവും മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ സമൂഹം എന്ന ആശയത്തിലേക്ക് ദേശീയപ്രസ്ഥാനവും വഴിതിരിഞ്ഞെത്തി. പില്ക്കാലത്ത് ഭരണഘടനയില്‍ സന്നിവേശിപ്പിക്കപ്പെട്ട മൂല്യങ്ങളുടെ അടിത്തറയായിത്തീര്ന്നതും മറ്റൊന്നല്ല.
.jpg?$p=21b7371&&q=0.8)
മതാത്മകമായ വിഭജനയുക്തിക്കും പുറംതള്ളലിനും പകരം മതനിരപേക്ഷമായ ഉള്‍ക്കൊള്ളലിനെയും ബ്രിട്ടനില്‍നിന്നുള്ള രാഷ്ട്രീയസ്വാതന്ത്ര്യത്തിനപ്പുറം ജാതിവിവേചനങ്ങളില്നിന്നുള്ള സാമൂഹികസ്വാതന്ത്ര്യത്തെയും നഗരങ്ങളിലെ ഉപരി-മധ്യ വര്‍ഗത്തിനുപകരം ഭൂരിപക്ഷംവരുന്ന ഗ്രാമീണകര്ഷകസമൂഹത്തെയും കേന്ദ്രമാക്കുന്ന 1920-'40 കാലയളവിലെ ദേശീയപ്രസ്ഥാനത്തെയാണ് ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനപരമായി ഉള്‍ക്കൊണ്ടിരിക്കുന്നത്. 'നമ്മള് ഇന്ത്യയിലെ ജനങ്ങള്‍' എന്ന വിഖ്യാതമായ അതിന്റെ പ്രാരംഭവാക്യം വാസ്തവത്തില്‍ ഭരണഘടനയുടെ ഇത്തരത്തിലുള്ള സ്വഭാവനിര്വചനംകൂടിയാണ്. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സമ്പൂര്‍ണമായ ഉടമാവകാശത്തിനുമേലാണ്, അതല്ലാതെ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ മൂല്യവ്യവസ്ഥയുടെയോ സംസ്കാരത്തിന്റെയോ മുകളിലല്ല രാഷ്ട്രം നിലകൊള്ളുന്നത് എന്നുകൂടിയാണ് ആ പ്രാരംഭവാക്യം വ്യക്തമാക്കുന്നത്. ഭരണഘടന ദൈവനാമത്തില്‍ ആരംഭിക്കണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളിയതിനുശേഷമാണ്, 'നമ്മള് ഇന്ത്യയിലെ ജനങ്ങള്‍' എന്ന പ്രാരംഭവാക്യം ഭരണഘടനാ അസംബ്ലി അംഗീകരിച്ചത് എന്നുകൂടി ഓര്‍മിച്ചാല്‍ മേല്പറഞ്ഞ വസ്തുതയുടെ പ്രാധാന്യം കൂടുതല്‍ വ്യക്തമാകും. ഇങ്ങനെനോക്കിയാല്‍, ഇന്ത്യന്‍ ഭരണഘടന ഉള്‍ക്കൊള്ളുന്ന ദേശീയതാസങ്കല്പമെന്ത് എന്ന ചോദ്യത്തിന് സുനിശ്ചിതമായ ഉത്തരം അതില്‍ത്തന്നെ നിലീനമായിട്ടുണ്ട് എന്ന് വ്യക്തമാകും.
Content Highlights: about indian constituency and nationality
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..