കോട്ടയം: അടുത്തനാള്‍വരെ കോട്ടയം പള്ളിക്കത്തോട് വട്ടപ്പറമ്പില്‍ സൂരജ് ആകാശദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമേ ഹെലിക്യാം ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ ഹെലിക്യാം വഹിക്കുന്ന ഡ്രോണ്‍, ദുരന്തമുഖങ്ങളില്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞ പ്രളയകാലത്ത് അദ്ദേഹം തെളിയിച്ചു. നാവികസേനയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു സേവനപ്രവര്‍ത്തനങ്ങള്‍. ചെങ്ങന്നൂരിനടുത്ത് പാണ്ടനാട്ടും തിരുവല്ലയ്ക്കടുത്ത് കുറ്റൂരും പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഡ്രോണില്‍ എത്തിച്ചുനല്‍കി. 

സിനിമാഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ഡി.ജെ.ഐ. ഇന്‍സ്പയര്‍ 2 എന്ന ഡ്രോണിലാണ് ഇവ നല്‍കിയത്. ഡ്രോണിന്റെ കോഡ്കോപ്ടറില്‍ (കാലുകളില്‍) കെട്ടിവെച്ച പി.വി.സി. പൈപ്പില്‍ തൂക്കിയിട്ടാണ് സാധനങ്ങളെത്തിച്ചത്.

നാവികസേനയുടെ ബോട്ടിലാണ് സൂരജും കൂട്ടരും ഡ്രോണുമായി പോയത്. ബോട്ടുകള്‍ക്ക് എത്താനാകാത്ത സ്ഥലങ്ങളിലേക്ക് അതില്‍നിന്ന് ഡ്രോണ്‍ പറത്തി. ജി.പി.എസ്. സംവിധാനംകൊണ്ട് സ്ഥലവും ക്യാമറയുടെ സഹായത്തോടെ ആളുകളെയും കണ്ടെത്താനായി.

പൈപ്പില്‍ രണ്ടു കിലോഗ്രാം വരെ ഭാരമുള്ള പൊതികള്‍ തൂക്കിയിട്ട്, വീടിന് മുകളില്‍ നില്‍ക്കുന്നവരുടെ അടുത്തെത്തിച്ചു. റിമോട്ട് കണ്‍ട്രോളറിന്റെ സഹായത്തോടെ രണ്ട് കിലോമീറ്റര്‍ അകലെവരെ ഡ്രോണ്‍ പറത്താന്‍ കഴിഞ്ഞു.

കോട്ടയത്ത് ലൈവ് മീഡിയ എന്ന സ്ഥാപനം നടത്തുന്ന സൂരജ്, ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ആദ്യം ദുരിതബാധിതപ്രദേശങ്ങളില്‍ പോയത്. ചെങ്ങന്നൂരിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ ലെയ്‌സല്‍ നിര്‍ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. നാവികസേനാ ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച അഭിനന്ദനം, സൂരജും സഹപ്രവര്‍ത്തകരായ ഷൈജി ജോര്‍ജും നവാസ് ഷാനും ജോബി കെ.ജോര്‍ജും വലിയ അംഗീകാരമായി കാണുന്നു.

25 സിനിമകള്‍ക്കുവേണ്ടി ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്. ബി.കോം പഠനത്തിനുശേഷം വീഡിയോ എഡിറ്ററായി ജോലി ചെയ്യുമ്പോഴാണ്, ഇന്റര്‍നെറ്റില്‍നിന്ന് ഡ്രോണുകളെക്കുറിച്ച് മനസ്സിലാക്കുന്നത്. രഞ്ജുവാണ് ഭാര്യ. സരയുവും ശ്രാവണുമാണ് മക്കള്‍.