കളിച്ചും പഠിച്ചും നടക്കേണ്ട പ്രായം: 2019 ല്‍ കേരളത്തില്‍ അമ്മമാരായത് 20,000ത്തിലധികം കൗമാരക്കാര്‍


നിലീന അത്തോളി

ഹിന്ദു കുടുംബത്തില്‍ നിന്ന് 4285 കൗമാരക്കാരായ പെണ്‍കുട്ടികളാണ് അമ്മമാരായത്. മുസ്ലിം കുടുംബത്തില്‍ നിന്ന് 16089 പെണ്‍കുട്ടികളും ക്രസ്ത്യന്‍ സമുദായത്തില്‍ നിന്ന് 586 പെണ്‍കുട്ടികളും കൗമാരപ്രായത്തില്‍ അമ്മമാരായി

പ്രതീകാത്മക ചിത്രം

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെക്കുറിച്ചും സ്വപ്‌നം കണ്ടുനടക്കേണ്ട പ്രായത്തില്‍ കേരളത്തില്‍ 2019ല്‍ അമ്മമാരായത് 20,995 കൗമാരക്കാര്‍. സംസ്ഥാന എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. 4.80 ലക്ഷം(4,80,113) കുട്ടികളാണ് 2019ല്‍ കേരളത്തില്‍ ജനിച്ചത്. ഇതില്‍ 20,995 പേര്‍ക്ക് ജന്‍മം നല്‍കിയത് 15നും 19നും ഇടയിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളാണ്. 2019ല്‍ സംസ്ഥാനത്ത് അമ്മമാരായ സ്ത്രീകളിൽ 4.37 ശതമാനം പേർ കൗമാരക്കാരാണ് . ഇതേ വർഷം 15 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികൾ കേരളത്തിൽ അമ്മമാരായെന്നും കണക്കുകൾ പറയുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ ലേഖനങ്ങള്‍ വായിക്കാന്‍ JOIN Mathrubhumi Social and environmental Whatsapp group

2018(20,461)നക്കാള്‍ കൂടുതലാണ് 2019(20,995)ൽ അമ്മമാരായ കൗമാരക്കാരുടെ എണ്ണം. അതേ സമയം 2015(23,893), 2016(22,934), 2017(22,552) വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015നും 2020നുമിടയില്‍ കേരളത്തില്‍ അമ്മമാരായത് 1.10ലക്ഷം കൗമാരക്കാരായ പെണ്‍കുട്ടികളാണ്(1,10,835).

pregnant
കൗമാരക്കാരായ അമ്മമാരിൽ 72.62 ശതമാനവും കേരളത്തിലെ നഗരങ്ങളിൽ വസിക്കുന്നവർ.

ഗ്രാമങ്ങളേക്കാള്‍ കൂടുതല്‍ കേരളത്തിലെ നഗരങ്ങളിലാണ് കൗമാരക്കാര്‍ അമ്മമാരായത്. 15നും 19നും ഇടയില്‍ 5747 കൗമാരക്കാരാണ് ഗ്രാമപ്രദേശങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയതെങ്കില്‍ നഗരങ്ങളില്‍ അത് 15,248 ആണ്. അതായത് 2019ൽ കൗമാരക്കാരായ അമ്മമാരിൽ 72.62 ശതമാനവും കേരളത്തിലെ നഗരങ്ങളിലാണെന്ന് സാരം.

കൗമാരപ്രായത്തിലെ 20,995 പ്രസവങ്ങളില്‍ 20,597 പേരുടേത് ആദ്യ പ്രസവമായിരുന്നു. 316 പേരുടേത് രണ്ടാമത്തെ പ്രസവും 59 പേരുടേത് മൂന്നാമത്തെ പ്രസവവുമായിരുന്നു. ഇതില്‍ 16 പേരുടേത് നാലാമത്തെ പ്രസവമാണ്. അതായത് ചുരുങ്ങിയത് 16 പേര്‍ 15ാം വയസ്സിലും 59 പേര്‍ 16ാം വയസ്സിലും 316 പേര്‍ 17ാം വയസ്സിലും കേരളത്തില്‍ അമ്മമാരായിട്ടുണ്ടെന്ന് അനുമാനിക്കാം.

ഡോ. ജയശ്രീ, കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ആന്റ് എച്ച്ഒഡി, ഗവ മെഡിക്കല്‍ കോളേജ് കണ്ണൂര്‍

"കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളെ കല്ല്യാണം കഴിപ്പിക്കുന്നത് കുട്ടികളുടെ അവകാശത്തിനുമേലുള്ള കടന്നു കയറ്റമാണ്. കുടുംബം പുലര്‍ത്തുക എന്ന ഉത്തരവാദിത്വങ്ങള്‍ പേറാതെ സ്വതന്ത്രരായി കുട്ടികൾ നടക്കേണ്ട സമയമാണത്. കുട്ടികളുടെ തീരുമാനത്തിനോ ആഗ്രഹത്തിനോ ഒന്നും വിലകൊടുക്കാതെയാണ് ഈ വിവാഹങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്. ഒരു തരത്തില്‍ മക്കളുടെ വിവാഹത്തിന് അമിത പ്രാധാന്യം നല്‍കുന്ന രക്ഷിതാക്കളുടെ Anxietyയുടെ ഇരകളാണ് ഈ 20,995 കുട്ടികളും. 20 വയസ്സിനു ശേഷം പ്രസവം നടത്തുന്നതാണ് ഉചിതം. പ്രത്യുത്പാദന അവയവങ്ങളുടെ വളര്‍ച്ചയും മാനസികമായുള്ള വളര്‍ച്ചയുമെല്ലാം പൂര്‍ണ്ണമാവണമെങ്കില്‍ കൗമാരപ്രായം കടക്കണം. മാത്രവുമല്ല മാനസിക പക്വത പാരന്റിങ്ങിന് അവശ്യമാണ്. ചെറിയ കുട്ടികളെ പാരന്റിങ്ങ് ഉത്തരവാദിത്വത്തിലേക്ക് വിടുന്നത് ആ പെണ്‍കുട്ടിക്ക് മാത്രമല്ല, വളര്‍ന്നു വരുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും ഗുണകരമാവില്ല".

കൗമാരക്കാരായ അമ്മമാരുടെ കണക്ക് സമുദായാടിസ്ഥാനത്തില്‍

ഹിന്ദു വിഭാഗത്തിൽ നിന്ന് 4,285 കൗമാരക്കാരായ പെണ്‍കുട്ടികളാണ് അമ്മമാരായത്. മുസ്ലിം സമുദായത്തിൽ നിന്ന് 16,089 പെണ്‍കുട്ടികളും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 586 പെണ്‍കുട്ടികളും കൗമാരപ്രായത്തില്‍ അമ്മമാരായി.

ഗ്രാമീണ മേഖലയിലെ കൗമാരക്കാരായ അമ്മമാരുടെ കണക്ക്

ഹിന്ദു സമുദായം1153
മുസ്ലിം സമുദായം4364
ക്രിസ്ത്യന്‍ സമുദായം219

നഗരമേഖലയിലെ കൗമാരക്കാരായ അമ്മമാരുടെ കണക്ക്

ഹിന്ദു കുടുംബം3132
മുസ്ലിം11725
ക്രിസ്ത്യന്‍367

കുട്ടി അമ്മമാരുടെ വിദ്യാഭ്യാസം

20,995 കൗമാരക്കാരായ അമ്മമാരില്‍ 1463 പേര്‍ 10ാം ക്ലാസ്സ് പാസ്സാവാത്തവരാണ്. 38 പേര്‍ പ്രൈമറി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 57 കൗമാരക്കാരായ അമ്മമാര്‍ നിരക്ഷരരാണ്. 16139 പേര്‍ പ്ലസ്ടുവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പക്ഷെ ബിരുദധാരികളല്ല.

ഡോ. നിജി ജസ്റ്റിന്‍, ഗൈനക്കോളജിസ്റ്റ്, പ്രൊഫ എൻ.ഡി ജോര്‍ജ്ജ് മെമ്മോറിയല്‍ സെന്റര്‍, ഈസ്റ്റ്‌ഫോര്‍ട്ട് തൃശ്ശൂര്‍

"കൗമാരത്തില്‍ കുട്ടികളുടെ ശാരീരിക വളര്‍ച്ചാ വികസനവും അസ്ഥി വികാസവും പൂര്‍ണ്ണമായിട്ടുണ്ടാവില്ല. രക്ത സമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ പ്രായം കുറഞ്ഞവരിലും പ്രായം കൂടിവരിലും ഗര്‍ഭകാലത്ത് കൂടുതലായിരിക്കും. രക്തക്കുറവ് മൂലമുള്ള വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ കൗമാരക്കാരായ അമ്മമാര്‍ക്കുണ്ടാവും. ഇത് കുട്ടികളുടെ വളര്‍ച്ചക്കുറവിലേക്കെത്തിക്കും. ഗര്‍ഭത്തില്‍ പ്രശ്‌നമുണ്ടായാല്‍ പ്രസവം നേരത്തെയാകും. അത് ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും".

പ്രസവം എങ്ങനെ, കുഞ്ഞുങ്ങളുടെ ആരോഗ്യം

abortion
കൗമാരക്കാരായ അമ്മമാരില്‍ 14747 പേരുടേത് സാധാരണ പ്രസവവും 5239 പേരുടേത് സിസേറിയനുമായിരുന്നു. 1107 പേരുടെ പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കാന്‍ ഫോര്‍സിപ്‌സോ വാക്ക്വമോ ഉപയോഗിക്കേണ്ടി വന്നു . 15നും 19നും ഇടയിലുള്ള പെൺകുട്ടികൾ പ്രസവിച്ച 99 കുഞ്ഞുങ്ങൾ ചാപിള്ളകളെയായിരുന്നു.

കൗമാരക്കാരായക്കാരായ പെണ്‍കുട്ടികള്‍ പ്രസവിച്ച 169 കുട്ടികളുടെ ഭാരം ഒന്നരകിലോയില്‍ താഴെയായിരുന്നു. 405 കുട്ടികളുടെ ഭാരം രണ്ട് കിലോയിലും താഴെയായിരുന്നു. ചുരുങ്ങിയത് രണ്ടരക്കിലോയാണ് നവജാതശിശുക്കളുടെ അഭികാമ്യമായ ഭാരം.

content highlights: 20,995 teenager girls gave birth to baby in Kerala in 2019


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented