നൂറുദിനംകൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ കര്‍മപദ്ധതിയുടെ ഭാഗമായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴി 12,799 തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് തൊഴില്‍, നൈപുണ്യ, എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ.  

എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴി നടപ്പാക്കുന്ന സ്വയം തൊഴില്‍പദ്ധതികളായ ശരണ്യയിലൂടെ 2,200-ഉം കൈവല്യ പദ്ധതിയിലൂടെ  7449-ഉം തൊഴില്‍ സൃഷ്ടിക്കും. 25 ജോബ് ക്ലബ്ബുകള്‍ മുഖേന 50 പേര്‍ക്കും കെസ്റു പദ്ധതിയിലൂടെ 400 പേര്‍ക്കും തൊഴിലവസരം നല്‍കും. വിവിധ ഒഴിവുകളിലേക്കായി 2700 ഉദ്യോഗാര്‍ഥികള്‍ക്ക് നൂറു ദിവസത്തിനിടയില്‍ നിയമനം നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

"വൈവിധ്യവത്കരണത്തിന്റെയും ആധുനികീകരണത്തിന്റെയും പാതയിലൂടെ കേരളത്തിലെ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ തൊഴിലും പരിശീലനവും വ്യക്തിത്വവികാസവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ നൈപുണ്യവികസനകേന്ദ്രങ്ങള്‍ കൂടിയായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി രൂപം നല്‍കിയ കരിയര്‍നയം ഉടന്‍ പ്രഖ്യാപിക്കും. 

എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴി നടത്തേണ്ട ഒരു നിയമനവും കുടുംബശ്രീ അടക്കമുള്ള ഏജന്‍സികള്‍ക്ക്  വിട്ടുകൊടുത്തിട്ടില്ല. 100 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സര്‍ക്കാര്‍ ഓഫീസില്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേനയാണ് സ്വീപ്പര്‍മാരെ നിയമിക്കുന്നത്. 100 ചതുരശ്ര മീറ്ററില്‍ താഴെയുള്ളവ മാത്രമാണ് കുടുംബശ്രീ വഴി നിയമിക്കുന്നത്.

കേന്ദ്രാവിഷ്‌കൃതപദ്ധതികളിലേക്കുള്ള നിയമനങ്ങളും എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് വലിയതോതിലുള്ള  ആധുനികീകരണനടപടികളാണ് എംപ്ലോയ്മെന്റ് വകുപ്പ് സ്വീകരിച്ചത്. രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, രജിസ്ട്രേഷന്‍ പുതുക്കല്‍,  തുടങ്ങി എല്ലാ സേവനവും ഇ-എംപ്ലോയ്മെന്റ് മുഖേന നിര്‍വഹിക്കാന്‍ കഴിയും. കൂടുതല്‍ പേരിലേക്ക് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളുടെ സേവനമെത്തിക്കാന്‍ തൊഴില്‍ദാതാക്കളെക്കൂടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്", ടിപി രാമകൃഷ്ണൻ പറഞ്ഞു.

Content Highlights: 12799 jobs in 100 days says TP Ramakrishnan