നസംഖ്യാ നിരക്കിലുണ്ടാകാന്‍ പോകുന്ന വ്യതിയാനം ഭാവിയില്‍ കേരളത്തെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 'മാറുന്ന കേരളം, മായുന്ന മലയാളം?' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനം ചര്‍ച്ച ചെയ്യുന്നത് ജനസംഖ്യാനിരക്കിലെ വ്യതിയാനം സംസ്ഥാനത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലകളിലുണ്ടാക്കുന്ന ചലനത്തെ കുറിച്ചാണ്. 

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

മാറുന്ന കേരളം, മായുന്ന മലയാളം?

ലോകത്തെ ഏറ്റവും പഴയതും പ്രശസ്തവുമായ ആധുനിക വൈദ്യത്തിന്റെ ജേര്‍ണല്‍ ആണ് The Lancet. 1823 മുതല്‍ പ്രസിദ്ധീകരിക്കുന്നതാണ്.

കഴിഞ്ഞ നവംബറില്‍ ഈ ജേര്‍ണലില്‍ വളരെ പ്രധാനപ്പെട്ട ഒരു ലേഖനം വന്നു. 'Population and fertility by age and sex for 195 countries and territories, 1950-2017'.

ലോകത്തെ 195 രാജ്യങ്ങളിലെ ജനസംഖ്യയെ അവലോകനം ചെയ്ത ആ ലേഖനം സാമൂഹ്യശാസ്ത്ര ഗവേഷണം നടത്തുന്നവര്‍ക്കുള്ള ഒരു സ്വര്‍ണ്ണ ഖനിയാണ്. Demography is Desitny എന്നത് ഒരു പുതിയ ചൊല്ലാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങള്‍ ലോകത്തെ എങ്ങനെയാണ് മാറ്റാന്‍ പോകുന്നതെന്ന് അതില്‍ നിന്ന് വായിച്ചെടുക്കാം. നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തെക്കുറിച്ചുള്ള ഒറ്റ ലേഖനവും കേരളത്തിലെ ഡോക്ടര്‍മാരില്‍ നിന്നോ സാമൂഹ്യശാസ്ത്രജ്ഞരില്‍ നിന്നോ കണ്ടില്ല.

ഈ റിപ്പോര്‍ട്ടില്‍ ഞാന്‍ ഏറ്റവും ശ്രദ്ധിച്ചത് ലോകത്ത് കഴിഞ്ഞ അറുപത് വര്‍ഷത്തിലുണ്ടായ Total Fertility Rate എന്ന സൂചികയിലെ മാറ്റമാണ്. പോപ്പുലേഷന്‍ സയന്‍സ് പഠിക്കുന്നവര്‍ക്ക് പരിചിതമാണെങ്കിലും സാധാരണക്കാരുടെ നോട്ടത്തില്‍ വരുന്ന ഒന്നല്ല.

'The number of children who would be born per woman (or per 1,000 women) if she/they were to pass through the childbearing years bearing children according to a current schedule of age-specific fertility rates.' ഇതാണ് TFR ന്റെ നിര്‍വ്വചനം.

സംഗതി അല്‍പം സങ്കീര്‍ണ്ണമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ശരാശരി സ്ത്രീക്ക് അവരുടെ (കുട്ടികള്‍ ഉണ്ടാകാവുന്ന) ജീവിതകാലത്ത് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണമാണിത്. (മലയാളത്തില്‍ ഇതിന് ഇതില്‍ കൂടുതല്‍ കൃത്യമായ നിര്‍വ്വചനം ഉണ്ടെങ്കില്‍ കമന്റില്‍ എഴുതിയാല്‍ മതി, എന്നോട് വാദിക്കാന്‍ വരേണ്ട).

ലോകത്തെ മൊത്തമായി കണക്കിലെടുത്താല്‍ 1950ല്‍ ഇത് 4.7 ആയിരുന്നു. ഇപ്പോള്‍ അത് 2.4 ആയി. മനുഷ്യ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത കുറവാണിത്. ഇത് നമുക്കും ചിന്തിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ. പണ്ടൊക്കെ കേരളത്തില്‍ ഒരു കുടുംബത്തില്‍ ശരാശരി നാലോ അഞ്ചോ കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ രണ്ടാണ്. മൂന്നിന് മുകളില്‍ അപൂര്‍വ്വമാണ്, ഒന്ന് എന്നത് അപൂര്‍വ്വമല്ലാതെയും ആകുന്നു.

ഇത്രത്തോളം സംഗതി കുഴപ്പമില്ല. ഇനി പറയാന്‍ പോകുന്നത് ശ്രദ്ധിക്കണം.

ജനനസംഖ്യ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഒരു രാജ്യത്തെ TFR എന്നത് 2.05 എന്നത് പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. അതിന് 'റീപ്ലേസ്മെന്റ്' എന്ന് പറയും. അതായത് ഒരു രാജ്യത്തെ TFR 2.05 ആണെങ്കില്‍ ആ രാജ്യത്തെ ജനസംഖ്യ ഒരേ നിലയില്‍ നില്‍ക്കും. അതില്‍ കൂടുതലാണെങ്കില്‍ അത് വളരും. അതില്‍ കുറവാണെങ്കില്‍ ജനസംഖ്യ താഴ്ന്നു തുടങ്ങും. (ചിലര്‍ ഈ നിരക്ക് 2.1 എന്നും എടുക്കുന്നു). പുറമേ നിന്നും ആളെ എടുക്കേണ്ടി വരും ജനസംഖ്യ കുറയാതിരിക്കാന്‍. (ഇതിലൊക്കെ കുറച്ചു കൂടി സങ്കീര്‍ണ്ണമായ കാര്യങ്ങളുണ്ട്, അല്‍പം ലഘൂകരിച്ചതാണ്).

ലോകരാജ്യങ്ങളിലെ ഇപ്പോഴത്തെ TFR നിലയില്‍ 7.1 ഉള്ള നൈജര്‍ ആണ് ഏറ്റവും മുന്നില്‍. സൈപ്രസിലെ TFR ആകട്ടെ 1 ആണ്.

1950 മുതലുള്ള കാലത്ത് വലിയ തോതിലുള്ള കുറവ് TFR ല്‍ ഉണ്ടായി എന്ന് പറഞ്ഞല്ലോ. അന്ന് ലോകത്ത് ഒരു രാജ്യത്ത് പോലും TFR റീപ്ലേസ്മെന്റിന്റെ താഴെ ആയിരുന്നില്ല. പക്ഷെ 2017 ആകുമ്പോള്‍ ലോകത്തെ പകുതി രാജ്യങ്ങളിലും TFR റീപ്ലേസ്മെന്റിന്റെ താഴെ എത്തിയിരിക്കുന്നു. ലോകത്തെ പകുതി ജനസംഖ്യ ജീവിക്കുന്ന രാജ്യങ്ങളിലെ കാര്യവും ഇത് തന്നെയാണ്.

അതായത് ഈ കണക്കിന് പോയാല്‍ പുറമേ നിന്നും ആളുകള്‍ അങ്ങോട്ട് കുടിയേറിയാല്‍ മാത്രമേ അവിടുത്തെ ജനസംഖ്യ അതേ നിലയില്‍ ദീര്‍ഘകാലം നിലനില്‍ക്കൂ.

ജനസംഖ്യ കുറയുന്നത് ഒരു നല്ല കാര്യമാണെന്നൊക്കെ പ്രത്യക്ഷത്തില്‍ തോന്നാം. സാധാരണ സമ്പദ്വ്യവസ്ഥകളില്‍ തൊഴിലെടുക്കാന്‍ ആളുകള്‍ കൂടുതലുണ്ടായാല്‍ മാത്രമേ ആ രാജ്യത്തിന് സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ പറ്റൂ. കുട്ടികളെ വളര്‍ത്തുന്നതിനും വൃദ്ധരെ നോക്കുന്നതിനുമുള്ള സാമ്പത്തിക സുരക്ഷ ഉണ്ടാകുന്നത് തൊഴില്‍ എടുക്കുന്നവര്‍ ആവശ്യത്തിനുള്ളപ്പോളാണ്. അപ്പോള്‍ കുട്ടികളുടെ എണ്ണം കുറയുകയും വയസ്സായവരുടെ എണ്ണം കൂടുകയും ചെയ്താല്‍ കാര്യങ്ങള്‍ കുഴയും. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും ഈ സ്ഥിതിയിലാണ്. അമേരിക്കയും, ജപ്പാനും, സിംഗപ്പൂരും നേരിടാന്‍ പോകുന്ന ഒരു പ്രശ്‌നമാണ്. ഇവിടെ എല്ലാം TFR രണ്ടിലും താഴെയാണ്.

സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയുള്ള രാജ്യങ്ങളില്‍ സ്വാഭാവികമായോ നയങ്ങള്‍ മാറ്റിയോ മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വഴി ജനസംഖ്യ നിലനിര്‍ത്താന്‍ ശ്രമിക്കാം. കുടിയേറ്റം ഒട്ടും ഇഷ്ടമില്ലാത്ത ജപ്പാനൊക്കെ നിയമം മാറ്റാന്‍ പോകുന്നത് ഇതുകൊണ്ടാണ്. പല സമ്പന്ന രാജ്യങ്ങളും നാട്ടില്‍ എതിര്‍പ്പുകളുണ്ടെങ്കിലും കുടിയേറ്റത്തോട് അനുഭാവനയം എടുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലും TFR രണ്ടില്‍ താഴെ ആണ് (1.5). കുടിയേറ്റം മുഖേന ജനസംഖ്യ നിലനിര്‍ത്തുക എന്നത് ചൈനക്ക് സാധ്യമായ കാര്യമല്ല. ഒറ്റക്കുട്ടി നയം മാറ്റി 'Have children for the country' എന്ന് അവിടെ സര്‍ക്കാര്‍ പരസ്യപ്പെടുത്തുന്നത് ചുമ്മാതല്ല. എന്നിട്ടും ചൈനയിലെ പുതിയ തലമുറ ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. കുട്ടികളുടെ എണ്ണം കൂടുന്നില്ല.

ലോകത്തില്‍ ജനസംഖ്യയുടെ കണക്കുകള്‍ വരുമ്പോള്‍ ആളുകള്‍ മതത്തെയും വിശ്വാസത്തേയും പറ്റി സംസാരിക്കാറുണ്ട്. കണക്കുകള്‍ കാണിക്കുന്നത് അതിലൊന്നും കാര്യമില്ല എന്നാണ്. എവിടെയൊക്കെ രാജ്യങ്ങള്‍ സാമ്പത്തികമായി പുരോഗതി പ്രാപിച്ചോ, എവിടെയൊക്കെ സ്ത്രീകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം കിട്ടിയോ, എവിടെയൊക്കെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായോ, എവിടെയൊക്കെ കുട്ടികളുടെ മരണ നിരക്ക് കുറഞ്ഞോ, എവിടെയൊക്കെ ഗര്‍ഭനിരോധന സംവിധാനങ്ങള്‍ കൂടുതല്‍ ലഭ്യമായോ അവിടെയൊക്കെ TFR കുറഞ്ഞു വരികയാണ്. ഇതിന് ഒന്നോ രണ്ടോ അപവാദങ്ങള്‍ ഉണ്ടായേക്കാമെങ്കിലും ഇതാണ് അടിസ്ഥാനം. ഇക്കാര്യത്തില്‍ കിഴക്കും, പടിഞ്ഞാറും, ജാതിയും, മതവും, വര്‍ഗ്ഗവും, വര്‍ണ്ണവും ഇല്ല.

ഇനിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചു വായിക്കേണ്ട ഭാഗം.

ഇന്ത്യയിലെ TFR ippol 2.1 ആണ്. അതായത് നിലവില്‍ നാം റീപ്ലേസ്മെന്റ് നിരക്കിന് മുകളിലാണ്. ആരോഗ്യ സംവിധാനങ്ങളില്‍ ഉണ്ടാകുന്ന വളര്‍ച്ച മൂലം ആളുകള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കും എന്നതിനാല്‍ ഇന്ത്യയുടെ ജനസംഖ്യ അടുത്ത പതിറ്റാണ്ടുകളോളം വര്‍ദ്ധിക്കുകയും ചെയ്യും. ചൈനയെ നമ്മള്‍ അടുത്ത പത്തു വര്‍ഷത്തിനകം കടത്തി വെട്ടും.

പക്ഷെ കേരളത്തിന്റെ കാര്യം പരുങ്ങലിലാണ്. കേരളത്തിലെ TFR 1.6 ആണ് എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. അതായത് റീപ്ലേസ്മെന്റിന്റെ താഴെ. അങ്ങനെ പോയാല്‍ കേരളത്തില്‍ ജനങ്ങള്‍ ഉണ്ടാകുമോ, മലയാളി ഉണ്ടാകുമോ, മലയാളം ഉണ്ടാകുമോ?. Demography is destiny എന്നത് ഓര്‍ക്കുക.

പുറമെ നിന്നുള്ള ആളുകള്‍ കേരളത്തിലേക്ക് കുടിയേറുന്നത് കൊണ്ട് തല്‍ക്കാലം ആളുകളുടെ എണ്ണത്തിനും സമ്പദ്വ്യവസ്ഥക്കും വലിയ കോട്ടം ഒന്നും വരില്ല (ഇപ്പോള്‍ തന്നെ അതാണല്ലോ സ്ഥിതി). പക്ഷെ സാമൂഹ്യമായി വലിയ മാറ്റങ്ങള്‍ അതുണ്ടാക്കും. ഇതിന് നമ്മള്‍ കരുതിയിരുന്നേ പറ്റൂ.

രാഷ്ട്രീയമായി ഉണ്ടാകാവുന്ന മാറ്റങ്ങള്‍ അതിലും സുപ്രധാനമാണ്. ഇന്ത്യയുടെ TFR 2.1 ആണെന്ന് പറഞ്ഞല്ലോ, കേരളത്തിന്റേത് 1.6 ആണ്. അപ്പോള്‍ ഇന്ത്യയില്‍ ഏറെ ഭാഗങ്ങളില്‍ TFR 2.1 ലും കൂടുതലാണ്. അവിടെ ജനസംഖ്യ കൂടിക്കൊണ്ടിരിക്കയാണ്, ഇനിയും കൂടിക്കൊണ്ടിരിക്കും.

ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യ ഭരണം ആണല്ലോ. ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. പക്ഷെ ഇന്ത്യയിലെ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം 1971 ലെ  ജനസംഖ്യ അനുസരിച്ചു തീരുമാനിച്ചതാണ്. അന്ന് വലിയ സംസ്ഥാനങ്ങളില്‍ മിക്കതിലും ഒരു നിയോജക മണ്ഡലത്തില്‍ ശരാശരി വോട്ടര്‍മാരുടെ എണ്ണം ഒപ്പമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാ നിരക്ക് വിവിധ രീതിയില്‍ ആയതോടെ കാര്യം ഏറെ മാറി. ഇന്നിപ്പോള്‍ കേരളത്തിലെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ പതിമൂന്ന് ലക്ഷം വോട്ടര്‍മാര്‍ ഉണ്ടെങ്കില്‍ വടക്കേ ഇന്ത്യയില്‍ പലയിടത്തേയും ശരാശരി പതിനഞ്ചു ലക്ഷത്തിന് മുകളിലാണ്. അതായത് അവരുടെ ഒരു വോട്ടിന് മുകളില്‍ വിലയുണ്ട് നമ്മുടെ ഓരു വോട്ടിന്.

ഇത് മുന്നില്‍ കണ്ടിട്ട് ജനസംഖ്യയിലെ മാറ്റങ്ങളനുസരിച്ച് വീണ്ടും മണ്ഡലങ്ങളുടെ എണ്ണത്തില്‍ 2001ല്‍ പുനര്‍ നിര്‍ണ്ണയം ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണ്. അതിപ്പോള്‍ 2026 ലേക്ക് മാറ്റി. രാഷ്ട്രീയമായി ഇതൊരു ചൂടന്‍ കിഴങ്ങാണ് (hot potato), ആളുകള്‍ തൊടാന്‍ മടിക്കും. പക്ഷെ എന്നെങ്കിലും ഈ വിഷയം കൈകാര്യം ചെയ്‌തേ പറ്റൂ. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ എംപി മാരുടെ എണ്ണം ആനുപാതികമായി കുറയും (പുതിയ രാഷ്ട്രീയ ഫോര്‍മുല ഒന്നും വന്നില്ലെങ്കില്‍). ഇന്ത്യന്‍ രാഷ്ട്രീയമായി ഇപ്പോള്‍ തന്നെ അപ്രസക്തമായ നമ്മുടെ എണ്ണങ്ങള്‍ കൂടുതല്‍ അപ്രസക്തമാകും.

'ഇതിനൊരു പരിഹാരം ഇല്ലേ ജ്യോത്സ്യരെ?'

ലോകത്തിലെ പകുതി രാജ്യങ്ങള്‍ ഈ വിഷയത്തിന് പരിഹാരം അന്വേഷിച്ച് നെട്ടോട്ടം ഓടുകയാണെന്ന് പറഞ്ഞല്ലോ. പരിഹാരമാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ആദ്യം അംഗീകരിക്കേണ്ടത് നമുക്ക് ഒരു പ്രശ്‌നം ഉണ്ടെന്നാണ്. ഇത്തരം വിഷയങ്ങള്‍ ഒക്കെയാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത്. അല്ലാതെ ആരാണ് റോഡ് പണിതത്, ആരാണ് കക്കൂസ് പണിയാത്തത് എന്നതൊന്നുമല്ല. അതിനൊക്കെ എന്‍ജിനീയര്‍മാര്‍ ഉണ്ടല്ലോ.

ഒരു കാര്യം ആദ്യമേ പറയാം. നമ്മുടെ നാട്ടില്‍/സമൂഹത്തില്‍/സമുദായത്തില്‍ കുട്ടികള്‍ കുറയുകയാണ്. അതുകൊണ്ട് നാട്ടുകാരേ നിങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കി വളര്‍ത്തണം എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പറയുന്നത് രാഷ്ട്രീയക്കാരാണെങ്കിലും മതനേതാക്കള്‍ ആണെങ്കിലും ആളുകള്‍ വകവെക്കാന്‍ പോകുന്നില്ല. അവര്‍ക്ക് സ്റ്റേജിലിരുന്നു പ്രസംഗിച്ചിട്ട് പോയാല്‍ മതി. നാപ്പി തുടങ്ങി കോളേജ് ഫീ വരെ മാതാപിതാക്കളാണ് കണ്ടെത്തേണ്ടത്.

കൃത്രിമബുദ്ധിയും റോബോട്ടുകളും തൊഴിലുകള്‍ മൊത്തമായി അടിച്ചു മാറ്റുന്ന കാലം തൊട്ടടുത്തെത്തിക്കഴിഞ്ഞു. മനുഷ്യന്‍ തന്നെ അപ്രസക്തമാകുമോ എന്ന് പോലും ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജനസംഖ്യയുടെ വളര്‍ച്ചയുടെ പ്രസക്തി എന്താണ്?

ആയുസ്സിന്റെ നീളം എണ്‍പതില്‍ നിന്നും നൂറ്റി അമ്പതാകുന്ന കാലം ഈ നൂറ്റാണ്ടില്‍ തന്നെ ഉണ്ടായേക്കാം. നമ്മുടെ ജനസംഖ്യ പ്രശ്‌നം കുറച്ചു നാളെക്കെങ്കിലും അത് മാറ്റിവെക്കും. എന്നാല്‍  കൂടുതല്‍ നാളുകള്‍ ആളുകള്‍ ജീവിക്കുന്ന ലോകത്ത് എങ്ങനെയായിരിക്കും കുട്ടികളും കുടുംബവും?

ചിന്തിക്കുന്നവര്‍ക്ക് ഒരു അന്തവുമില്ല, ചിന്തിക്കാത്തവര്‍ക്ക് ഒരു കുന്തവും.

തല്‍ക്കാലം നമുക്ക് കുന്തത്തേല്‍ പിടിക്കാം.

ആരവിടെ?

ഭടന്‍ കുന്തവുമായി പ്രവേശിക്കുന്നു,

ശേഷം ചിന്ത്യം.

മുരളി തുമ്മാരുകുടി

content highlights: muralee thummarukudy facebook post about tfr and population trends