maryna er gorbach/Instagram photos
ഇരുപത്തേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് ''ക്‌ളോന്‍ഡിക്'' (Klondike). യുക്രൈന്‍ സംവിധായിക മറീന എര്‍ ഗോര്‍ബച്ചിന്റെ ചിത്രം, 2014-ല്‍ റഷ്യ നടത്തിയ യുക്രൈന്‍ ആക്രമണത്തില്‍ ദുരന്തങ്ങളനുഭവിക്കുന്ന ഗര്‍ഭിണിയുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ഈവര്‍ഷം നടന്ന സണ്‍ഡെയ്ന്‍സ്, ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ''ക്‌ളോന്‍ഡിക്'', രണ്ടിടങ്ങളിലും പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഭര്‍ത്താവ് തുര്‍ക്കി സംവിധായകന്‍ മെഹ്മത് ബഹാദീറുമായി ചേര്‍ന്ന്, ബ്ലാക്ക് ഡോഗ്സ് ബാര്‍ക്കിങ് (2009), ലവ് മി (2013), ഒമര്‍ ആന്‍ഡ് അസ് (2019) എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്ത ഗോര്‍ബച്ച്, 2022-ലെ സണ്‍ഡെയ്ന്‍സ് ഫെസ്റ്റിവലില്‍ വേള്‍ഡ് സിനിമ ഡ്രമാറ്റിക് കോമ്പറ്റീഷനില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഈസ്താംബൂളില്‍ താമസിക്കുന്ന എര്‍ ഗോര്‍ബച്ച്, ബെര്‍ലിന്‍ മേളയില്‍ പങ്കെടുത്തശേഷം, കീവിലേക്കുള്ള യാത്രയ്ക്കിടെ സംസാരിക്കുന്നു. മാതൃഭൂമി ആഴ്ച്ചപതിപ്പ് ഡിസംബര്‍ 18 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
കരോലിന്‍ സ്ട്രോബില്‍:ഫെബ്രുവരി 20-ന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍വെച്ച് താങ്കളുടെ ചിത്രം ''ക്‌ളോന്‍ഡിക്കിന്'' പ്രേക്ഷകപുരസ്‌കാരം ലഭിച്ച്, വെറും രണ്ടുദിവസങ്ങള്‍ക്കുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ കിഴക്കന്‍ യുക്രൈനിലെ ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങള്‍ സ്വതന്ത്രമേഖലകളായി പ്രഖ്യാപിച്ചു. അതിനെ എങ്ങനെയാണ് വിലയിരുത്തിയത്?
മറീന: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ യുക്രൈനില്‍ നടന്ന സംഭവങ്ങളില്‍ എനിക്ക് അതിയായ ഉത്കണ്ഠയുണ്ട്. നിരപരാധികളായ കുട്ടികളും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ റഷ്യ നടത്തുന്ന റോക്കറ്റാക്രമണങ്ങളിലും മറ്റ് ഭീതിപരത്തുന്ന അക്രമങ്ങളിലും ധാരാളം പേര്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകരും പ്രൊഫസര്‍മാരും മനശ്ശാസ്ത്രജ്ഞരും പുതിന്റെ യുക്തിയെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇത്തരത്തിലുള്ള വിശകലനങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയൊന്നുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യരാശിക്കുനേരേയുള്ള ഒരു ക്രിമിനല്‍ കുറ്റമായാണ് ഞാനിതിനെ കാണുന്നത്.
2014-ലെ യുക്രൈനില്‍, ഡോണ്‍ബാസ്സ് പ്രദേശമാണ് താങ്കളുടെ ''ക്‌ളോന്‍ഡിക്'' പശ്ചാത്തലമാക്കുന്നത്. ചിത്രത്തിലെ ഒരു ദൃശ്യം എപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നു: കേന്ദ്രകഥാപാത്രങ്ങളായ ഇര്‍കയുടെയും ടോലിക്കിന്റെയും വീട് റോക്കറ്റാക്രമണത്തില്‍ തകരുന്നു. ആക്രമണത്തില്‍ അവരുടെ ലിവിങ് റൂമിന്റെ ചുമരില്‍ വലിയൊരു ദ്വാരം വീണിരിക്കുന്നു. അത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാഴ്ചയാണ്. ചുമരില്‍ ഒട്ടിച്ചുവെച്ചിരുന്ന ചിത്രക്കടലാസുകളുടെയും മുറിയില്‍ തൂക്കിയിരുന്ന കര്‍ട്ടനുകളുടെയും അവശിഷ്ടങ്ങളും നിങ്ങള്‍ക്ക് കാണാം. യുദ്ധത്തിന്റെ വാര്‍ത്തകളില്‍ മുഴുവന്‍ അത്തരം ദൃശ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ചിത്രം നിര്‍മിക്കുമ്പോള്‍ യുക്രൈനും റഷ്യയും തമ്മിലൊരു യുദ്ധം താങ്കള്‍ മുന്‍കൂട്ടി കണ്ടിരുന്നോ?
ഈ യുദ്ധം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നില്ല. കാരണം, പുതിന് യുക്രൈന്‍ കീഴടക്കണമെന്ന് ആഗ്രഹമുണ്ടെന്ന് എല്ലാവരെയും പോലെ എനിക്കുമറിയാം. ഡോണ്‍ബാസ്സില്‍ യുദ്ധമവസാനിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കില്‍ ക്‌ളോന്‍ഡിക് പോലൊരു യുദ്ധവിരുദ്ധചിത്രം ഞാന്‍ നിര്‍മിക്കുമായിരുന്നില്ല. എങ്കില്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടതായും വരില്ല. എന്നാല്‍, എന്റെ ദീര്‍ഘദൃഷ്ടി എന്നോടുപറഞ്ഞു: ഇതൊരു തുടക്കം മാത്രമാണ്.
''ക്‌ളോന്‍ഡിക്കില്‍'', പെട്ടെന്നാണ് യുദ്ധം കേന്ദ്രകഥാപാത്രങ്ങളുടെ ജീവിതത്തില്‍ പൊട്ടിവീഴുന്നത്. അതിന്റെ സൂചനയായി, ഒരു ശവശരീരവും തകര്‍ന്ന ഒരു വിമാനത്തിന്റെ സീറ്റും അവര്‍ കാണുന്നു. ഇത് പലരും മറന്ന ഒരു സംഭവം നമ്മുടെ ഓര്‍മയിലെത്തിക്കുന്നു. 2014-ല്‍, 298 യാത്രക്കാരുമായി സഞ്ചരിച്ച മലേഷ്യന്‍ വിമാനം യുക്രൈനില്‍ തകര്‍ന്നുവീണ ദുരന്തമാണത്.
ഞാനത് വ്യക്തമായി ഓര്‍മിക്കുന്നുണ്ട്. ആ ദിവസം, ജൂലായ് 17 എന്റെ ജന്മദിനംകൂടിയാണ്. പിന്നീട്, അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ഞാന്‍ വാര്‍ത്തകളില്‍ പരിശോധിക്കാന്‍ തുടങ്ങി. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കടന്നുപോയി, ഒന്നും സംഭവിച്ചില്ല. അത്തരമൊരു ഭീകരസംഭവത്തിന്റെ പേരില്‍ ആരും ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍, ഡോണ്‍ബാസ്സില്‍ സാധാരണക്കാരായ പാവപ്പെട്ടവരുടെ നേര്‍ക്കുള്ള ആക്രമണത്തില്‍ ആര്‍ക്കാണ് താത്പര്യമുണ്ടാവാന്‍ പോകുന്നതെന്ന് ഞാന്‍ ചിന്തിച്ചു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഇര്‍ക ഗര്‍ഭിണിയാണ്. അവരുടെ ഭര്‍ത്താവ് ടോലിക്, റഷ്യന്‍ അനുകൂല വിമതരെ സഹായിക്കാന്‍ നിര്‍ബന്ധിതനാകുകയാണ്. ഇര്‍കയോട് സ്ഥലംവിടാന്‍ അയാള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയ്യാറാകുന്നില്ല. തന്റെ ബാല്യകാലവസതിയും ഭാവിപരിപാടികളും ഉപേക്ഷിക്കാന്‍ ഇര്‍കയ്ക്ക് കഴിയുന്നില്ല.
2014-ല്‍ യുദ്ധമുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല. ഇന്ന് നിങ്ങളോടു പറയുന്നു: ആരും പുറത്തിറങ്ങരുത്, വാതിലുകളും ജനലുകളും അടച്ച്, വീടിനകത്തിരിക്കുക. യുദ്ധത്തിന് ഒരു പേര്‍ ലഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്രമാധ്യമങ്ങള്‍ അത് ആഘോഷിച്ചുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചമുന്‍പ് അതായിരുന്നില്ല അവസ്ഥ. റഷ്യക്കും യുക്രൈനുമിടയില്‍ 'സംഘര്‍ഷങ്ങളു'ണ്ടെന്ന് മാത്രമായിരുന്നു ലോകത്തിലെ സംസാരം.
താങ്കള്‍ ''ക്‌ളോന്‍ഡിക്'' സ്ത്രീകള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്താണതിന് കാരണം?
ഇര്‍കയുടെ അതിജീവനശ്രമങ്ങള്‍ യുദ്ധത്തെക്കാള്‍ തീവ്രമാണ്. അതുകാരണമാണ് ചിത്രം സ്ത്രീകള്‍ക്ക് സമര്‍പ്പിച്ചത്. അമ്മയില്ലാതെ പട്ടാളക്കാരനോ ഇരയോ ഉണ്ടാവുകയില്ലല്ലോ... അവര്‍ക്കുപിന്നില്‍ എപ്പോഴും സ്ത്രീകളുടെ സാന്നിധ്യങ്ങളുണ്ട്. സ്വന്തം വിശ്വാസങ്ങള്‍ക്കായി ആരും യുദ്ധം ചെയ്യില്ല, യുക്രൈനില്‍ പൊരുതുന്നവര്‍ അമ്മമാരില്‍നിന്നും ഭാര്യമാരില്‍നിന്നും കുട്ടികളില്‍നിന്നുമാണ് കരുത്തുനേടുന്നത്.
വര്‍ഷങ്ങളായി താങ്കള്‍ ഈസ്താംബൂളിലാണല്ലോ താമസം. യുക്രൈനിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി അടുപ്പം തുടരുന്നുണ്ടോ?
ഉണ്ട്. ഇന്റര്‍നെറ്റ് ഇടയ്ക്കിടെ തകരാറിലാവുമെങ്കിലും, പതിവായി അവരുമായി ബന്ധപ്പെടാറുണ്ട്. ''ക്‌ളോന്‍ഡിക്കിന്റെ'' ചില അണിയറപ്രവര്‍ത്തകര്‍ യുദ്ധം കാരണം കുടുംബങ്ങള്‍ക്കൊപ്പം യുക്രൈനില്‍നിന്ന് താമസം മാറ്റിയിട്ടുണ്ട്. അന്ന് ഞങ്ങള്‍ക്കൊന്നിച്ച് ജോലിചെയ്തവര്‍ക്കുവേണ്ടി ഞങ്ങളിപ്പോള്‍ സുരക്ഷാ ഉടുപ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധകാലത്തെ സന്നദ്ധപ്രവര്‍ത്തകരായി ഞങ്ങള്‍ ജോലിചെയ്യുന്നു. സഹായങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്താനും അവര്‍ക്കാവശ്യമുള്ള വസ്തുക്കളും പണവും എത്തിച്ചുകൊടുക്കാനുമായി, കുറഞ്ഞത്, ദിവസത്തിന്റെ മൂന്നിലൊരുഭാഗമെങ്കിലും ഞങ്ങള്‍ ഇപ്പോള്‍ ചെലവഴിക്കുന്നുണ്ട്. അങ്ങനെയാണ് ഞാന്‍ യുദ്ധത്തിന്റെ വാര്‍ത്തകളില്‍നിന്ന് മാറിനില്‍ക്കുന്നത്. ആ വാര്‍ത്തകള്‍ അറിയുകയും യുദ്ധരംഗത്തെ ഭീതിയുണ്ടാക്കുന്ന ഫോട്ടോകള്‍ കാണുകയും ചെയ്യുമ്പോള്‍ ഞാന്‍ മാനസികമായി തകര്‍ന്നുപോകാറുണ്ട്.
യുദ്ധമാരംഭിച്ചപ്പോള്‍, ബെര്‍ലിനാലെയടക്കമുള്ള പല സാംസ്‌കാരിക കൂട്ടായ്മകളും യുക്രൈന്‍ സംവിധായകന്‍മാര്‍ക്കും സംവിധായികമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. താങ്കള്‍ക്കെന്തെങ്കിലും സഹായം ലഭിച്ചിരുന്നോ?
അതെനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. അതോടെ, വേദനയില്‍ ഞാന്‍ തനിച്ചല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ടാങ്കുകളും പട്ടാളക്കാരും നിരന്നപ്പോള്‍, യുക്രൈനിലെ അവസ്ഥയെക്കുറിച്ച് ബെര്‍ലിനില്‍വെച്ച് പലരും എന്നോട് ചോദിച്ചിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു രാജ്യത്തിലെ ഒരാളായി തോന്നുന്നതായി ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍, യുദ്ധം ആരംഭിച്ചപ്പോള്‍ എല്ലാവരും ഞങ്ങള്‍ക്ക് സഹായങ്ങളുമായി മുന്‍പോട്ടുവന്നു. കുറച്ചുകാലം കഴിഞ്ഞാല്‍ ഇതൊക്കെ എല്ലാവരും മറക്കും. എന്നാല്‍, ഞങ്ങളുടെ ഓര്‍മകളില്‍ ഇതെപ്പോഴും നിലനില്‍ക്കുമെന്ന് തീര്‍ച്ചയാണ്.
പുതിനുമായി സൗഹൃദമുള്ള കലാകാരന്മാര്‍ക്ക് യുക്രൈന്‍ നിരോധനമേര്‍പ്പെടുത്തിയതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
പുതിനെ പിന്തുണയ്ക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും കലാപ്രവര്‍ത്തകരെ തരംതിരിക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അത് ശരിയായ ഒരു കാഴ്ചപ്പാടല്ല. ഞങ്ങള്‍ യുദ്ധത്തിലാണ്. യുദ്ധത്തിന്റെ ഭീകരതകളെ ഞങ്ങള്‍ പ്രതിരോധിക്കുന്നു. യുക്രൈനിലെ കലാകാരന്മാര്‍ റഷ്യക്കാരെ സെന്‍സര്‍ചെയ്യുന്നവരല്ല. യുദ്ധം കഴിഞ്ഞാല്‍, കലാകാരന്മാരെയും കലാകാരികളെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.
പുതിയ സിനിമ നിര്‍മിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ?
''ക്‌ളോന്‍ഡിക്'' നിര്‍മിച്ചപ്പോള്‍ ഒരുകാര്യം എനിക്ക് ബോധ്യപ്പെട്ടു. ലോകത്തില്‍ രണ്ടുതരത്തിലുള്ള ആളുകളുണ്ട്, സൃഷ്ടി നടത്തുന്നവരും യുദ്ധം വഴി നാശമുണ്ടാക്കുന്നവരും. ആദ്യത്തെ വിഭാഗത്തില്‍പ്പെടാനാണ് എനിക്ക് താത്പര്യം. എന്റെ അടുത്ത പദ്ധതി, കുട്ടികളുടെ ക്രിയേറ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള ഒരു ആര്‍ട്ട് ഹൗസ് ചിത്രമാണ്. പഴയൊരു പ്രമേയമായി തോന്നാമെങ്കിലും, നമ്മുടെ കുട്ടികള്‍ യുദ്ധവുമായി ബന്ധപ്പെട്ട ധാരാളം ഗെയിമുകള്‍ കളിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. യുദ്ധം വിനോദത്തിനായുള്ള ഒരു വിഷയമല്ല, മനുഷ്യജീവന്‍ വളരെ വിലപ്പെട്ടതാണ്
Content Highlights: Film maker Maryna Er Gorbach interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..