jashim vijayarajamallika
തീക്ഷണമായ ജീവിതത്തെ തന്റെ തൂലികത്തുമ്പിലൂടെ വരച്ചിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രിയാണ് വിജയരാജമല്ലിക. എഴുത്തിലൂടെയുള്ള മല്ലികയുടെ പോരാട്ടം ട്രാന്‍സ് സമൂഹത്തിന് വേണ്ടി കൂടിയാണ്. വസന്തസേനന്‍ എന്ന് മല്ലിക സ്‌നേഹത്തോടെ വിളിക്കുന്ന ഭര്‍ത്താവ് ജാഷിമിനെ ഇരുകൈയും നീട്ടിയാണ് സാംസ്‌ക്കാരിക ലോകം വരവേറ്റത്. എന്നാല്‍ ട്രാന്‍ജെന്‍ഡര്‍ സ്ത്രീയെ വിവാഹം ചെയ്ത ജാഷിമിന് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗും ഒളിഞ്ഞുനോട്ടവും ചെറുതല്ല. ഒന്നിനും പ്രതികരിക്കാത അദ്ദേഹം ശാന്തമായി ഇരുന്നു. തങ്ങളുടെ പ്രണയമാണ് ഏറ്റവും വലുതെന്ന് അടിയുറച്ച് വിശ്വസിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെ ഒരു സിസ്‌ജെന്‍ഡര്‍ പുരുഷന്‍ വിവാഹം കഴിക്കുന്നത്/ പങ്കാളിയായി തിരഞ്ഞെടുക്കുന്നത് ഔദാര്യമോ അല്ലെങ്കില്‍ പ്രശ്‌നമോ അല്ല, വളരെ നോര്‍മലാണെന്ന് പറയുകയാണ് ജാഷിം. തന്റെ പ്രണയവഴിയെയും നിലപാടുകളെയും കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കുകയാണ് അദ്ദേഹം
വിജയരാജമല്ലികയുമായി പരിചയപ്പെടുന്നതും അത് വിവാഹത്തിലേക്കെത്തുന്നതും എങ്ങനെയാണ്, ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ വിവാഹം കഴിക്കുന്നത് വീട്ടുകാർ എതിർക്കാനുള്ള സാധ്യതയും കൂടുതലാണല്ലോ. എങ്ങനെയാണ് ഈ കുടുംബ സംഘർഷങ്ങളെ കൈകാര്യം ചെയ്തത്?
ആദ്യം കണ്ടപ്പോള്‍ കവിയാണെന്നോ, സാമൂഹ്യസേവികയാണെന്നോ ഒന്നും അറിവില്ലായിരുന്നു. ഒട്ടും ഒരുങ്ങി നടക്കാത്ത ഒരു പെണ്ണ്. ആദ്യപ്രളയ കാലത്ത് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ വെച്ച് ഒരു മിന്നായം പോലെ കണ്ടു. മല്ലിക എന്നെ കണ്ടോ എന്ന് അറിയില്ല. പിന്നീട് ഒരിക്കല്‍ തൃശൂര്‍ റൗണ്ടിലെ കറന്റ് ബുക്ക് സ്റ്റാളില്‍ വെച്ച് കണ്ടു, പക്ഷെ തിരക്കിലായിരുന്നു. പിന്നീട്, വളരെ യാദൃശ്ചികമായി സാഹിത്യ അക്കാദമി പരിസരത്ത് വെച്ച് കണ്ടു. അന്ന് എന്നോട് ഒന്ന് മിണ്ടി. മല്ലിക ജോലി ചെയ്തിരുന്നത് അന്ന് വനിതാ പോലീസ് സ്റ്റേഷനില്‍ പി എല്‍ വി ആയിട്ടായിരുന്നല്ലോ. പലപ്പോഴും തിരക്കുകൂടിയ ബസ്സില്‍ കയറാതെ നില്‍ക്കുമ്പോള്‍ ഞാന്‍ ബൈക്കില്‍ സീറ്റ് ഓഫര്‍ ചെയ്യാന്‍ തുടങ്ങി. വൈകാതെ യാത്രകളില്‍ മല്ലി എന്നെയും കൂട്ടി തുടങ്ങി.ഏതാണ്ട് ഒരു വര്‍ഷം മല്ലി എന്നിലെ കാമുകനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതറിഞ്ഞ ശേഷം എന്റെ വീട്ടുകാരുടെ പ്രതീക്ഷകളെ തകര്‍ക്കാതിരിക്കാന്‍ എന്നെ ഈ ബന്ധത്തില്‍നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
സ്വന്തം അച്ഛന് അസുഖം രൂക്ഷമായ സമയത്താണ് മല്ലിക്ക് കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. ഒരിക്കല്‍ മല്ലിയെ കോയമ്പത്തൂരേ വേല ആശുപത്രിയില്‍ കൊണ്ടുപോയി. ക്രിയാറ്റീനിന്റെ അളവ് ക്രമാതീതമായി കൂടിയതും ആ സമയത്തായിരുന്നു. ആ സമയത്താണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. തന്റെ എഫ്ബിയിലൊക്കെ എന്റെ പേരോ, ചിത്രങ്ങളോ വരാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു മല്ലിക. മറുത്തപ്പോള്‍ എന്റെ വീട്ടുകാരേ ഓര്‍ത്തിട്ടാണെന്ന് എന്നോട് പറഞ്ഞു.
മല്ലികയയോട് പ്രണയം തോന്നിയ ആദ്യ നാളുകളില്‍ അത് എങ്ങനെ തുറന്നു പറയും എന്നായിരുന്നു. ഒരു യാത്രയില്‍ ആ പ്രണയം എങ്ങനെയോ തുറന്നു പറഞ്ഞു. മല്ലിക ആദ്യം ചിരിച്ചു. പിന്നെ നിഷേധിച്ചു. പിന്നെ പ്രണയവുമായി മുന്നോട്ട് പോയാല്‍ എനിക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു തന്നു. എന്റെ സേഫ് സോണുകള്‍ നഷ്ടപ്പെടും എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. ഏത് പ്രതികൂല സാഹചര്യവും ധൈര്യപൂര്‍വ്വം തരണം ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞങ്ങളുടെ ബന്ധം അറിഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. വിലക്കുകള്‍ വന്നു. മല്ലികയാണ് തമ്മില്‍ കാണാതെയിരിക്കാം എന്ന് പറയുന്നത്. എന്നാല്‍ എനിക്ക് കാണാതെ പറ്റില്ലായിരുന്നു.മണിക്കൂറുകള്‍ തികഞ്ഞില്ല,വിലക്കുകള്‍ ഭേദിക്കപ്പെട്ടു.സിനിമകാണാന്‍ പോകാന്‍ ഇഷ്ടമില്ലാതിരുന്ന മല്ലികയെ എല്ലാ പുതിയ പടത്തിനും കൊണ്ടുപോകാന്‍ തുടങ്ങി.മല്ലിക ഒരുങ്ങാന്‍ തുടങ്ങി.ആ കണ്ണുകളിലെ തിളക്കം കൂടുന്നത് ഞാന്‍ കണ്ടു. തിരക്കിട്ട പൊതു വേദികളില്‍പ്പിന്നെ മല്ലി എന്നെയും കൂട്ടാന്‍ തുടങ്ങി.
2019 ഓഗസ്‌റ് 30ന് മല്ലിയുടെ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ വെച്ച് എന്റെ വീട്ടുകാര്‍ എന്നെ ബലമായി പിടിച്ചു മണ്ണുത്തിയിലെ വീട്ടില്‍ കൊണ്ടുചെന്നു. അവരുടെ ഭയം എനിക്ക് മനസിലായി.അവരുടെ കാഴ്ച്ചപാടില്‍ മല്ലിക 'ആണും പെണ്ണും കെട്ട ഹിജഡ'ആയിരുന്നു. അത്തരം ഭാഷ പ്രയോഗങ്ങള്‍ എന്നെ പലപ്പോഴും വേദനിപ്പിച്ചു.ഞാന്‍ രൂക്ഷമായി പ്രതികരിക്കുമായിരുന്നു.
വിജയരാജമല്ലിക എന്ന വ്യക്തിയില്‍ നിന്ന് എന്ത് കാര്യമാണ് കൂടുതല്‍ സ്വാധീനിച്ചത്
വിജയരാജമല്ലികയുടെ കുട്ടിത്തമായിരുന്നു എന്നെ ഏറെ ആകര്‍ഷിച്ചത്. നിഷ്‌കളങ്കമായും നര്‍മം കലര്‍ന്ന ഭാഷയിലുമാണ് മറ്റുള്ളവരോട് മല്ലിക കാര്യങ്ങള്‍ അവതരിപ്പിക്കാറ്. എല്ലാത്തിനുമേറെ എന്ത് കാര്യവും ആരുടേയും മുഖത്ത് നോക്കി പറയുവാന്‍ മടി കാണിക്കാത്ത സ്വഭാവമാണ്. ഇതെല്ലാമാണ് എന്നെ മല്ലികയിലേക്ക് അടുപ്പിച്ചത്. അഹങ്കാരി എന്നും കര്‍ക്കശക്കാരി എന്നും പലരും കരുതാറുണ്ടെങ്കിലും മല്ലിക ആള് പാവമാണ്.

വിജയരാജമല്ലികയാണോ ആദ്യ പ്രണയം
മല്ലിക ആയിരുന്നില്ല ആദ്യപ്രണയം, പ്രണയങ്ങള്‍ പലതും വന്നുപോയിട്ടുണ്ട്. അത് അങ്ങനെയല്ലേ.
വീട്ടുകാര്‍ തടങ്കലില്‍ ഇട്ടിരുന്നുവെന്ന് കേട്ടിരുന്നു എങ്ങനെയാണ് ആ പ്രതിസന്ധി ദിനങ്ങളെ മറികടന്നത് ?
മല്ലികയുടെ രണ്ടാമത്തെ കവിതാസാമാഹാരമായ 'ആണ്‍നദി' യുടെ പ്രകാശനം തിരൂര്‍ മലയാളം സർവ്വകലാശാലയിൽ വെച്ചായിരുന്നു. അന്ന് ചടങ്ങ് നടക്കുന്ന ഹാൾ പരിസരത്തുവെച്ച് കുടുംബ സുഹൃത്തായ ചേട്ടന്‍ കൈയില്‍ കയറി പിടിക്കുകയും അവരുടെ കൂടെ വന്നില്ലെങ്കില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പ്രശ്‌നം ഉണ്ടാക്കുമെന്നും പറഞ്ഞു. വീട്ടുകാര്‍ എന്നെ അവിടെ നിന്ന് ഇരിങ്ങാലക്കുടയിലുള്ള ബന്ധുവീട്ടിലേക്ക് മാറ്റാനും പൂട്ടിയിടാനും പദ്ധതിയിട്ടു. ബാംഗ്ലൂരിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് ഞാന്‍ എന്റെ സര്‍ട്ടിഫിക്കേറ്റുകളും കുറച്ച് വസ്ത്രങ്ങളുമായി വീട്ടിൽ നിന്നിറങ്ങി ഉറ്റ സുഹൃത്തിന്റെ വീട്ടിലഭയം തേടി. അപ്പോഴേക്കും മല്ലിക തിരൂര്‍ പോലീസ് സ്റ്റേഷനില്‍ കാണാതായതിന് പരാതി കൊടുത്തിരുന്നു. അടുത്ത ദിവസം ഞാനും മല്ലികയും തിരൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജറാക്കുകയും പരസ്പര സമ്മതത്തോടെ ജീവിക്കാന്‍ പോവുകയാണ് എന്നു എഴുതി നല്‍കുകയും ചെയ്തു. ഇതെല്ലാം മല്ലിക ആത്മകഥയില്‍ പറഞ്ഞിട്ടുമുണ്ട്.
.jpeg?$p=9df3524&&q=0.8)
വിവാഹത്തിന് ശേഷം സാമൂഹിക ഒറ്റപ്പെടല്‍ നേരിട്ടിരുന്നോ? എങ്ങനെയാണ് അതിനെ മറികടന്നത്?
സാമൂഹ്യമായി ഒറ്റപ്പെട്ടുപോയിട്ടില്ല. അങ്ങനെ ഉണ്ടോയെന്ന് ചിന്തിക്കാനുള്ള സമയം പോലും കിട്ടിയിട്ടില്ല. പുരോഗമനമായി ചിന്തിക്കുന്ന ഒരു സമൂഹം കൂടെതന്നെ ഉണ്ട്. കൂടെ പഠിച്ചവരും വളര്‍ന്നവരുമൊക്കെ അവരുടെ പല ആഘോഷങ്ങൾക്കും ഞങ്ങളെ ഒരുമിച്ച് ക്ഷണിക്കാറുണ്ട്. മല്ലിയുടെ കുടുംബം എന്നെ അധികം അകറ്റി നിര്‍ത്തിയിട്ടില്ല. തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെയുള്ള മല്ലികയുടെ കുടുംബവീടുകളില്‍ എനിക്ക് ഒരിടമുണ്ട്. മറ്റുള്ളവരെപോലെതന്നെ ജോലി ചെയ്ത് ജീവിക്കുമ്പോള്‍ നമ്മള്‍ എങ്ങനെ ഒറ്റപ്പെട്ടുപോകാനാണ്?

ട്രാൻസ്ജെൻഡറുമായുള്ള വിവാഹം തൊഴിലിനെ ബാധിച്ചിരുന്നോ?
ബി ടെക് ഇലട്രാണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് ഞാൻ.അഖില(മല്ലിക)യേ പരിചയപ്പെടുമ്പോള്‍ ഞാന്‍ ഫ്രീലാന്‍സ് വേബ് ഡവലപ്പരാണ്.വിവാഹത്തിന് ശേഷം തിരുവന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയുടെ പ്രോജക്റ്റില്‍ ജോലി ചെയ്തു. പിന്നീട് ഒരു സ്റ്റാര്‍ട്ട് അപ്പില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ലഭിച്ചിരുന്നു, എന്നാല്‍ ഒരാഴ്ചയ്ക്കകം കാരണം പോലും അറിയിക്കാതെ അവിടെ നിന്നും പിരിച്ചു വിട്ടു. തുടര്‍ന്ന് തൃശൂര്‍ നിയമ സഹായവേദിയില്‍ പി എല്‍ വി ആയി ജോലി ലഭിച്ചിരുന്നു. പക്ഷെ കോവിഡ് കാലമായതിനാല്‍ ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരനാണ്.
സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങൾ മാനസികമായി തളര്‍ത്തിയിരുന്നോ?
സാമൂഹിക മാധ്യമങ്ങളിൽ ഞാൻ അത്ര സജീവമല്ല. സോഷ്യല്‍ മീഡിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്റെ ഭാര്യ ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യാതെ സ്ത്രീ വേഷം ധരിച്ചു സമൂഹത്തെയും ഭരണകൂടത്തേയും ഒരു പോലെ വഞ്ചിച്ചു നടക്കുന്നു എന്ന് ഇന്നും പറഞ്ഞു നടക്കുന്നവരുമുണ്ട്. ഞങ്ങളുടെ ലൈംഗികതയിലും കുടുംബജീവിതത്തിലും ഞങ്ങള്‍ക്കില്ലാത്ത കരുതലാണ് പലപ്പോഴും ഇക്കൂട്ടര്‍ക്ക്. ഭാര്യയെകാള്‍ പൊക്കം കുറഞ്ഞു, പ്രായം കുറഞ്ഞു, പെണ്ണിനെ കിട്ടിയില്ലേ ട്രാന്‍സ്‌ജെന്‍ഡറിനെ കെട്ടാന്‍ എന്നൊക്കെ വന്ന കമ്മെന്റുകള്‍ ചില അടുത്ത സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോര്‍ട് എടുത്തയച്ചു തന്നിരുന്നു. മറ്റൊരാളുടെയും ജീവിതങ്ങള്‍ വിലയിരുത്താന്‍ ഞാനോ അഖില(മല്ലി)യോ പോകുന്നില്ല. പിന്നെ അവരൊക്കെ എന്തിനിങ്ങനെ പെരുമാറുന്നുവെന്ന് ചിന്തിക്കാറുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയോട് ഒരു സിസ് ജെന്‍ഡര്‍ പുരുഷന് തോന്നുന്ന പ്രണയം നിലനിൽക്കുന്നതല്ല, ആത്മാർഥമല്ല എന്ന ചിന്താഗതിയും സമൂഹത്തിലുണ്ട്?
രണ്ടു മനുഷ്യര്‍ പരസ്പര ബഹുമാനത്തോടെ പ്രണയിച്ചു ജീവിക്കുന്നതില്‍ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുന്നവര്‍ക്ക് മാനസികമായ വളര്‍ച്ച കൈവരിച്ചിട്ടില്ല അല്ലങ്കില്‍ അവര്‍ പിന്തുടര്‍ന്നു വരുന്ന മൂല്യങ്ങള്‍ അവരെ അതിനു പ്രാപ്തരാക്കുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാപട്യം ഉണ്ടാകാം, എല്ലാത്തിലും നല്ലതും ചീത്തയുമില്ലേ? അവയെ വേറിട്ടുകാണാനല്ലേ നമ്മുടെ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നത്. ആരെ വിവാഹം ചെയ്യണം, ആരുടെ കൂടെ താമസിക്കണം എന്നൊക്കെ ഉള്ളത് ഓരോ പൗരന്റെയും സ്വകാര്യ താല്പര്യങ്ങളല്ലെ? എല്ലാത്തിലും കുഴപ്പം കാണുന്ന ആളുകളോട് പോവാന്‍ പറയു.. ജെന്‍ഡര്‍, പ്രായം,നിറം, വര്‍ഗ്ഗം, അങ്ങനെ പ്രണയത്തിന് ഒന്നും തടസ്സമല്ല, അതിനും അതീതമാണ് പ്രണയം.
ഹെട്രോസെക്ഷ്വല്‍ ബന്ധങ്ങളിലെ പോലുള്ള ഇണക്കങ്ങളും പിണക്കളും ഇതിലും സ്വാഭാവികമാണ്. ചിലപ്പോള്‍ ഒന്നിച്ച് ജീവിതം ആരംഭിച്ച് ഒത്തുപോവുന്നില്ലെന്ന് കണ്ട് പിരിയുന്നവരുമുണ്ടാവും അതിന് അര്‍ത്ഥം ഇത്തരം വിവാഹങ്ങള്‍ കള്ളത്തരമാണെന്നല്ല
ജെന്‍ഡറിന്റെ അനന്തമായ വ്യാപ്തിയെ കുറിച്ച് ഇന്നും സമൂഹത്തിന് ബോധ്യമില്ല. ജെൻഡർ , ക്വീർ വിദ്യാഭ്യാസത്തിന്റെ അഭാവം സമൂഹത്തിനുണ്ടെന്ന തോന്നുന്നില്ലേ?
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ അനിവാര്യം. ജന്‍ഡര്‍ എക്‌സ്‌പേര്‍ട്ട്‌സിനെ കേള്‍ക്കാനും അവരുമായി മറ്റ് സോഷ്യല്‍ ഏജന്‍സിസികള്‍ക്ക് നിരന്തരം ഇടപെടാനുമുള്ള സാമൂഹിക സാഹചര്യം സംജാതമാകേണ്ടതുണ്ട് . എല്ലാത്തതിനുപ്പുറം നമ്മള്‍ക്ക് നമ്മളായി ഇരിക്കാം. സര്‍ക്കാര്‍ തന്നെ ധാരാളം ബോധവത്ക രണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മാറ്റം പെട്ടെന്നുണ്ടാകില്ലല്ലൊ
കുടുംബവുമായി ഇപ്പോള്‍ ബന്ധമുണ്ടോ? ഇല്ലെങ്കില്‍ അവരോട് എന്തെങ്കിലും പറയാനുണ്ടോ?
കുടുംബമായി ഇപ്പോള്‍ വലിയ ബന്ധമില്ല. ആദ്യം പറയാനുള്ളത് നന്ദിയാണ്. കാരണം അവരാരും എന്നെയോ മല്ലികയേയോ പിന്തുണര്‍ന്നു വരികയോ, അപായപ്പെടുത്താനോ ശ്രമിച്ചിട്ടില്ല.ഞങ്ങളുടെ ജീവിതത്തിലേക്ക് അവരാരും ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ല. ഞാന്‍ ഒരു ട്രാന്‍സ് സ്ത്രീയെ വിവാഹം ചെയ്തതു കൊണ്ട് എന്റെ ഉമ്മക്ക് നഷ്ടമായത് സ്വന്തം മകളെയും പേരക്കുട്ടികളെയുമാണ് എന്ന് അറിയുന്നതില്‍ സങ്കടമുണ്ട്. അതെന്നും മനസ്സില്‍ മുറിവായി നില്‍ക്കും. ഞാന്‍ ഇറങ്ങി വന്നതിന് എന്റെ കുടുംബത്തെ പഴിക്കുന്നവരുണ്ട്, ഒറ്റപ്പെടുത്തുന്നവരുണ്ട്, പരിഹസിക്കുന്നവരുമുണ്ട്. അവരൊക്കെ ഒരു സ്വയം വിമര്‍ശനത്തിന് വിധേയമാകുന്നത് നന്നായിരിക്കും.
പുതുജീവിതം എങ്ങനെയുണ്ട്?
ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ മുതുവറയിലുള്ള മല്ലികയുടെ വീട്ടിലാണ്. മല്ലികയുടെ അമ്മ എന്നെ ഒരു മരുമകനായല്ല, മകനായാണ് കാണുന്നത്. മല്ലിക നിലവില്‍ കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗവും എസ് സി ഇ ആര്‍ ടിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ്. മല്ലിയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ഇതുവരെ ഒരു സ്ഥിരജോലി ലഭിച്ചിട്ടില്ല. ചെറിയ രീതിയില്‍ കൃഷിയുണ്ട്. ലോണെടുത്ത് ചെറിയ ഡിടിപി സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കാന്‍ യാതൊരും മടിയും ഇല്ലാത്തവരാണ് ഞങ്ങള്‍. കവിതയും പ്രണയവും യാത്രയുമായി ഞങ്ങള്‍ ജീവിതം ആഘോഷിക്കുകയാണ്.
Content Highlights: Transgender Poet Vijayaraja malika Husband Jashim Interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..