Amala Ajithkumar
ആണ്ശരീരമാകുന്ന പ്യൂപ്പയ്ക്കുള്ളില്‍ നിന്ന് വാനിലേക്ക് പറന്നുയര്‍ന്ന ശലഭമാണ് അമല. താനൊരു സ്ത്രീയാണെന്ന് ചെറുപ്പത്തിലെ അമല മനസിലാക്കിയിരുന്നു. പെണ്‍ശരീരത്തിലേക്ക് ചേക്കേറിയതാവട്ടെ കോവിഡ് കാലത്തും. തന്റെ ഇന്‍സ്റ്റാഗ്രാം പേജ് വഴി ട്രാന്‍സ് ബോധവത്കരണം നടത്താനും അമല സമയം കണ്ടെത്തുന്നു. ബാംഗ്ലൂര്‍ നിഫ്റ്റിലെ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ അമലയ്ക്ക് പറയാനുള്ളത് ഒരു നീണ്ട കഥയാണ്
''ശരീരം ആണ്‍കുട്ടിയുടേതാണെങ്കിലും എന്റെ ഓര്‍മ്മ വെച്ച കാലം മുതലേ എന്നില്‍ സഹജമായി ഉണ്ടായിരുന്നത് ഒരു സ്ത്രീ ഭാവമായിരുന്നു. ഞാനെന്നെ കാണുന്ന പോലെയല്ല ലോകം എന്നെ കാണുന്നതെന്ന് മനസിലാക്കി'', കാതമേറെ താണ്ടിയ ആശ്വാസമുണ്ടായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ അമലയുടെ വാക്കുകളില്‍. നഴ്‌സിങ്ങ് പ്രൊഫസറായ അമ്മയും പോലീസുദ്യോഗസ്ഥനായ അച്ഛനും സഹാദരിയും ഒപ്പം നിന്നപ്പോള്‍ അമലയുടെ രണ്ടാം ജന്മം അവിടെ തുടങ്ങി. അന്ന് മുതല്‍ അവള്‍ ജീവിച്ച് തുടങ്ങിയെന്ന് വേണം പറയാന്‍
ആൺ ശരീരത്തിനുള്ളിൽ നിന്നുകൊണ്ട് പെണ്ണായി ജീവിക്കാനാഗ്രഹിക്കുന്നത് സാധാരണമല്ലെന്നാണ് അമല ആദ്യം കരുതിയത്.അതിനാൽ ഉള്ളിലൊതുക്കാനാണ് നോക്കിയത്. സ്വത്വം വെളിപ്പെടുത്തിയാല്‍ സ്‌കൂളില്‍ നിന്ന് കളിയാക്കലുകള്‍ വരുമെന്ന പേടി മൂലം സ്ത്രീ ഭാവങ്ങളെ പരമാവധി അടക്കിപിടിച്ചാണ് അമല വലിയൊരു കാലത്തോളം ജീവിച്ചത്. പക്വതയില്ലാത്ത കുട്ടിയുടെ ചിന്തമാത്രമാണിതെന്നും സമൂഹം പറയുന്നതനുസരിച്ച് മുന്നോട്ട് പോവണമെന്നുമാണ് കുട്ടിയായിരുന്നപ്പോൾ അവൾ ചിന്തിച്ചതത്രയും. അതനുസരിച്ച് താനൊരു ആണ്‍കുട്ടിയാണെന്ന് സ്വയം പഠിപ്പിക്കുകയായിരുന്നു. അന്നൊരു ഇന്റര്‍നെറ്റോ, ലോക വിവരമോ ലഭിച്ചിരുന്നെങ്കില്‍ പേടിച്ചരണ്ട കാലഘട്ടം തനിക്ക് ഉണ്ടാവില്ലായിരുന്നുവെന്നാണ് അമലയുടെ പക്ഷം."ഒരു കൂട്ടി സാമൂഹികമായും മാനസികമായും വളരെയധികം വികാസം പ്രാപിക്കേണ്ട കാലത്ത് എല്ലാം കൊണ്ടും ഒതുങ്ങികൂടുകയായിരുന്നു ഞാന്‍. അങ്ങനെയൊരു അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാവരുത്. ഞാന്‍ ഇക്കാലയളവിലാണ് ജനിക്കുന്നതെങ്കില്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ വരില്ലെന്ന് വിശ്വസിക്കുന്നു.'' അമല പറയുന്നു.
ജെന്‍ഡര്‍ ആകുലതകള്‍ അമലയെ ക്രൂരമായി അലട്ടിയിരുന്ന സ്‌കൂള്‍ കാലഘട്ടത്തിലാണ് ചാന്ത്‌പൊട്ട് എന്ന സിനിമ വന്നത്. അത് അമലയെ പോലുള്ളവര്‍ക്ക് സമ്മാനിച്ചത് കളിയാക്കലുകള്‍ മാത്രമാണ്. പെണ്ണന്‍, ചാന്ത്‌പൊട്ട്, തുടങ്ങിയ അശ്ലീലമായ പദപ്രയോഗങ്ങള്‍ വരെ അന്ന് അമല നേരിട്ടിരുന്നു,അതിനാൽ തന്നെ ഈ വിഷയത്തില്‍ സാമൂഹികമായി നിരവധി പരിഷ്‌കരണങ്ങള്‍ വരണമെന്ന അഭിപ്രായക്കാരിയാണ് അമല.
''ഉരുളക്കിഴങ്ങില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറഞ്ഞുകൊടുക്കുന്ന മികച്ച വിദ്യാഭ്യാസ സമ്പ്രാദയമാണ് നമുക്കുള്ളത്. എന്നാല്‍ ട്രാന്‍സായ ഒരു കുട്ടിയെ എങ്ങനെ മനസിലാക്കണം, എന്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിനെ കുറിച്ച് യാതൊന്നും പരാമര്‍ശിക്കുന്നില്ല. ജെന്‍ഡറിന്റെ വിവിധ തലങ്ങളെ കുറിച്ച് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ വ്യക്തമാക്കി കൊടുക്കണം.'' അമല പറയുന്നു
കോവിഡ് കാലം മാറ്റി മറിച്ച തീരുമാനങ്ങൾ
ഒരു ട്രാന്‍ജെന്‍ഡര്‍ വ്യക്തിക്ക് ഏറ്റവും പ്രധാനപ്പെട്ടത് കുടുബത്തിന്റെ അംഗീകാരമാണ്. അത്തരം പുരോഗമനപരമായ തീരുമാനമെടുത്ത അമലയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം ആദ്യ സല്യൂട്ട്. കോവിഡ് കാലഘട്ടത്തിലാണ് അമല തന്റെ പുരുഷശരീരത്തില്‍ നിന്ന് മോചിതയായത്.
''കോവിഡ് കാലത്തെ അടച്ചിടലാണ് മാറ്റമുൾക്കൊള്ളാൻ സഹായിച്ചത്. പുറത്ത് കടന്നാല്‍ എന്നെ വീട്ടുകാര്‍ സ്വികരിക്കില്ലെന്നും, സ്‌നേഹിക്കപ്പെടുന്നവരാല്‍ ഒറ്റപ്പെടുമെന്നുമാണ് ഞാന്‍ കരുതിയത്. എന്നാല്‍ നടന്നത് നേര്‍ വിപരീതമാണ്. എന്നെ അതിശയിപ്പിക്കുന്ന തരത്തിലാണ് അവര്‍ എന്നെ സ്വീകരിച്ചത്.വീട്ടുകാരും, കൂട്ടുകാരും എന്നെ ഇരു കൈയും നീട്ടി സ്വീകരിച്ചു. വളരെയധികം സന്തോഷപൂര്‍ണ്ണമായ ജീവിതമാണ് അതിന് ശേഷം ലഭിച്ചത്.നെഞ്ചത്ത് നിന്ന് വലിയൊരു ഭാരം നിലത്തിറക്കി വെച്ച പോലെയായിരുന്നു ആ നിമിഷങ്ങള്‍. അമ്മയോടാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. യാതൊരു കുഴപ്പവും ഇല്ലെന്നായിരുന്നു അമ്മയുടെ മറുപടി. ഈ രാജ്യത്ത് ഹോമോ സെക്ഷ്വല്‍ വിവാഹം പറ്റില്ലെങ്കില്‍ പുറത്ത് എവിടെയെങ്കിലും നമുക്ക് മാറി താമസിക്കാമെന്ന് വരെ അമ്മ പറഞ്ഞു. അത്രയ്ക്കും കംഫര്‍ട്ടബിളായിട്ടായിരുന്നു അമ്മയുടെ പ്രതികരണം'', അമല വാചാലയായി
അമ്മ നഴ്‌സിങ്ങ് പ്രേൊഫസറായത് കൊണ്ട് തന്നെ മെഡിസിന് പോവണമെന്നായിരുന്നു അമലയുടെ ആഗ്രഹം. സ്‌കൂളില്‍ തന്നെ മികച്ച മാര്‍ക്ക് നേടിയാണ് പാസായത്. എന്നാല്‍ ട്രാന്‍ജെന്‍ഡറായ തനിക്ക് ഈ ഫീല്‍ഡില്‍ മികച്ച സ്വീകരണം കിട്ടുമോയെന്ന സംശയം ഉടലെടുത്തതിനെ തുടർന്നാണ് ഫാഷന്‍ ലോകത്തേക്ക് അമല ചുവടുവെക്കുന്നത് .
"മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിന്റെ ഡിസൈനര്‍ ട്രാന്‍സായ സൈഷയാണ്. അത്തരം മികച്ച ഉദ്ദാഹരണങ്ങള്‍ ഇവിടെയുണ്ട്. ആ ചിന്തയിൽ നിന്നാണ് നിഫ്റ്റിന്റെ പ്രവേശന പരീക്ഷ എഴുതിയതും ബാഗ്ലൂരില്‍ സീറ്റ് ലഭിച്ചതും". ഫാഷന്‍ ഇന്‍ഡസ്ട്രി അങ്ങേയറ്റം ട്രാന്‍സ് സ്വീകാര്യതയുള്ള ഇടമാണെന്നും പറയുന്നു അമല.
സാമൂഹിക ബോധവത്കരണം
''ഹോമോ സെക്ഷ്വല്‍ വിവാഹം കാണുമ്പോള്‍ തൂങ്ങിചത്തൂടെ എന്നാണ് സമൂഹത്തിന്റെ ചോദ്യം. പലര്‍ക്കും ജെന്‍ഡര്‍ സാധ്യതകളെ കുറിച്ച് അറിയല്ല. കൃത്യമായ രീതിയിലുള്ള ബോധവത്കരണവും സമൂഹത്തില്‍ നടക്കണം. സിനിമ, പത്രമാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇതിനെ കുറിച്ച് വരുന്ന ലേഖനങ്ങള്‍ എല്ലാം ബോധവത്കരണത്തിന്റെ ടൂളായി ഉപയോഗിക്കാവുന്നതാണ്. ഞങ്ങളുടെ കമ്പനിയില്‍ നിങ്ങളെ ആവശ്യമില്ലെന്നാണ് ജോലിക്ക് പോവുമ്പോ കിട്ടുന്ന മറുപടി. ഇതിന് വ്യക്തമായ രീതിയില്‍ സാമൂഹിക ബോധവത്കരണം നടത്തണം. ശ്രുതി സിത്താരയെ പോലെയുള്ളവരുടെ നേട്ടങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ വരണം. ട്രാന്‍സ് പ്രണയ കഥകളും അതിജീവനങ്ങളും സിനിമകളാവണം. ഇത് നോര്‍മലാണെന്ന ബോധം സമൂഹത്തില്‍ വളര്‍ത്തണം'', അങ്ങനെ ചെയ്യേണ്ടതായ കാര്യങ്ങളുടെ നീണ്ട നിരതന്നെയുണ്ടെന്ന പറയുന്നു അമല.
അടുത്ത വര്‍ഷം തായ്‌ലാന്‍ഡില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനാണ് അമലയുടെ തീരുമാനം. ട്രാന്‍സ് ജെന്‍ഡറുകളെ കുറിച്ച് സ്വന്തം സോഷ്യല്‍ മീഡിയ വഴി ബോധവത്കരണം നടത്തണമെന്ന സ്വപ്നം കൂടിയുണ്ട് അമലയ്ക്ക്.
Content Highlights: Transgender Amala Sharing Her Life experience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..