ടി.ജെ.എസ്. ജോർജ് | ഫോട്ടോ: മധുരാജ്
1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്ത്തകന് ടി.ജെ.എസ്. ജോര്‍ജിനെ സര്‍ക്കാര്‍ ജയിലില്‍ അടച്ചിട്ടുണ്ട്. അന്ന് സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രപ്രവര്ത്തകന് എന്ന 'ബഹുമതി'ക്ക് ഇരയാവുമ്പോള്‍ ടി.ജെ.എസിന് പ്രായം മുപ്പത്തിയേഴ്. ഇന്ത്യന്‍ എക്സ്പ്രസില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന 'പോയിന്റ് ഓഫ് വ്യൂ' എന്ന കോളം നിര്‍ത്തി കഴിഞ്ഞ മാസം സജീവ പത്രപ്രവര്‍ത്തനത്തോട് വിടപറയുമ്പോള്‍ അദ്ദേഹം എത്തിനില്‍ക്കുന്നത് തൊണ്ണൂറ്റിനാലാം വയസ്സിലും. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ അമ്പത്തിയേഴ് വര്‍ഷങ്ങളാണ് കടന്നുപോവുന്നത്.ബെംഗളൂരു ബെന്സന് ക്രോസ് റോഡിലുള്ള വസതിയില്‍ വായനയിലും വിശ്രമത്തിലും സന്തോഷം കണ്ടെത്തുന്നതിനിടയിലാണ് ടി.ജെ.എസ്. സംസാരിക്കാന്‍ ഇരുന്നത്.
ബിജു രാഘവന്: അമ്പത് വര്‍ഷത്തിലേറെയായി പത്രപ്രവര്ത്തനരംഗത്തുള്ളയാളാണ് താങ്കള്‍. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ഈ രംഗത്തുണ്ടായ മാറ്റങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു. എന്താണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ടി.ജെ.എസ്.ജോര്‍ജ്: ഇന്നത് തുറന്നുപറഞ്ഞാല്‍ പലര്‍ക്കും ഇഷ്ടമാവില്ല. പണ്ട് പത്രക്കാര്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മാവ് നഷ്ടമായിരിക്കുന്നു. പണ്ട് ഉടമസ്ഥര്‍ വലിയ ആളുകളായിരുന്നപ്പോള്പ്പോലും പത്രപ്രവര്ത്തകനൊരു സവിശേഷവ്യക്തിത്വവും ബഹുമാന്യസ്ഥാനവുമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ പത്രങ്ങളിലും ഉടമസ്ഥരാണ് മുന്നില്‍നില്‍ക്കുന്നത്, അതൊരു പുറകോട്ടുള്ള പോക്കായിട്ടാണ് എനിക്ക് തോന്നുന്നത്. അധികാരികളെ പിണക്കരുത് എന്നുള്ള വിചാരം കൂടി. അതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോള്‍ കാണുന്നത്. മാധ്യമങ്ങളുടെ കാര്യത്തില്‍ സാമ്പത്തികത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് അധികാരികളെ ദേഷ്യപ്പെടുത്തരുതെന്നുള്ള വിചാരം. അതും സാമ്പത്തികവുമായി നേരിട്ട് ബന്ധമില്ല. ഒന്ന് രാഷ്ട്രീയമാണ്. മറ്റൊന്ന് സാമ്പത്തികവും. രാഷ്ട്രീയമായി ഇപ്പോള്‍ പ്രത്യേകമായൊരു അന്തരീക്ഷമുണ്ടെന്ന കാര്യം നമ്മള് മറക്കരുത്. അത് വളരെ പ്രകടമായിട്ട് കാണാം.
സ്വതന്ത്ര ഇന്ത്യയില്‍ പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ ആദ്യത്തെയാളാണ് താങ്കള്‍. പേടിയില്ലായിരുന്നോ?
എനിക്കൊരിക്കലും പേടിയുണ്ടായിട്ടില്ല. ഇന്നും പേടിയില്ല. അല്ലെങ്കിലും എന്നെ എന്ത് ചെയ്യാന്‍ സാധിക്കും? കൂടിപ്പോയാല്‍ ജയിലില്‍ ഇടാന്‍ അല്ലേ പറ്റൂ? അതിലൊന്നും പേടിച്ചിട്ട് കാര്യമില്ല. പേടിച്ചാല്‍ നമ്മള് തോറ്റു. പേടികൊണ്ടാണ് ആരും ഇങ്ങനെ ചെയ്യുന്നതെന്നൊന്നും തോന്നുന്നില്ല. അധികാരികള്‍ നമ്മളെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം. നമുക്കൊരു പ്രാധാന്യം കിട്ടണം. അധികാരികള്‍ സ്വീകരിച്ചാല്‍ നമ്മളും പ്രധാനപ്പെട്ടയാളായി എന്നുള്ളൊരു വിചാരം അടുത്തകാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്. പഴയകാലത്തും അതുണ്ടായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് അതൊരിക്കലും ഇല്ലായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍?
Also Read
അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് അധികം പറയാനുള്ള അവകാശം എനിക്കില്ല. അന്ന് ഞാന്‍ ഹോങ്കോങ്ങിലായിരുന്നു. ഇടയ്ക്കിടെ ഇവിടെ വന്നുപോവും എന്നല്ലാതെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരോട് നേരിട്ടൊരു ബന്ധം എനിക്കന്ന് ഉണ്ടായിരുന്നില്ല. ഞാനതിന്റെ കഷ്ടതകളോ ബുദ്ധിമുട്ടുകളോ ഒന്നും അനുഭവിച്ചിട്ടുമില്ല. പക്ഷേ, ആലോചിച്ചുനോക്കുമ്പോള്‍ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. ടെക്നിക്കലായിട്ട് വ്യത്യാസമുണ്ടാവാം. അന്നൊരു പക്ഷേ, പേടികൊണ്ടായിരിക്കും. ഇന്ന് പക്ഷേ, അധികാരികളെ പ്രീതിപ്പെടുത്താനുള്ള ഒരു സ്വാഭാവിക തോന്നല്‍കൊണ്ടാണ്. രണ്ടിന്റെയും ഫലം ഒന്നുതന്നെ.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതൊരു സങ്കല്പം മാത്രമായി മാറുകയാണല്ലേ?
ഇന്നത്തെ അവസ്ഥയില്‍ അങ്ങനെയാണെന്ന് സമ്മതിക്കേണ്ടി വരും. ഒന്നുകില്‍ ഉടമസ്ഥരുടെ ആവശ്യം കാരണം. അല്ലെങ്കില്‍ അധികാരികളെ പ്രീതിപ്പെടുത്തണം എന്നുള്ള നമ്മുടെതന്നെ വിചാരം കാരണം. എന്ത് കാരണംകൊണ്ടായാലും പത്രപ്രവര്‍ത്തനത്തിന് പഴയൊരു സ്വാതന്ത്ര്യമില്ല.
ഇന്ത്യന്‍ എക്സ്പ്രസില്‍ 25 വര്‍ഷത്തോളം തുടര്‍ച്ചയായി കോളം എഴുതിയിട്ടുണ്ട്. ആ കാലത്ത് അസ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ടോ?
ആ കോളത്തിന് പൊതുവേ നല്ല പ്രതികരണമാണ് വന്നിരുന്നത്. സ്വതന്ത്രമായി ആരുടെയും മുഖംനോക്കാതെ അഭിപ്രായം പറയുന്നൊരു കോളമിസ്റ്റ്. ഇങ്ങനെയൊരു വിലയിരുത്തല്‍ എനിക്ക് വായനക്കാരുടെ ഇടയില്‍നിന്ന് കിട്ടിയിരുന്നു. അതെനിക്ക് പ്രയോജനപ്പെട്ടു. എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തന്നു. പക്ഷേ, ഉടമസ്ഥരും അധികാരികളുമൊക്കെ എപ്പോഴും കുറച്ച് വിഷമത്തോടെയാണ് ഇതെല്ലാം നോക്കിക്കണ്ടത്. അവര്‍ക്ക് ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. ഇപ്പോഴത് നിര്‍ത്തിയപ്പോഴും ഒരുപാടുപേര് ആ കോളത്തെക്കുറിച്ച് സംസാരിച്ചു. അതോടെ എനിക്കൊന്ന് മനസ്സിലായി. സ്വതന്ത്ര അഭിപ്രായം ആവശ്യമാണെന്ന വിചാരം ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. അത് കിട്ടുന്നത് എവിടെയാണെന്നും അവര്‍ക്കറിയാം. വായനക്കാരെ താഴ്ത്തിക്കാണുക എന്നത് വലിയൊരു തെറ്റാണ്. വായനക്കാര്‍ നമ്മളെക്കാളൊക്കെ ബുദ്ധിയുള്ളവരാണ്. അവരെ കബളിപ്പിക്കാം എന്നൊക്കെ ഉടമസ്ഥര്‍ വിചാരിക്കുന്നുണ്ടെങ്കില് അത് തെറ്റാണ്.
അതുമാത്രമല്ല, സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് പത്ര ഉടമകളെയും എഡിറ്റര്മാരെയുമൊക്കെ തിരുത്തുകയാണ് വായനക്കാര്‍.
സോഷ്യല്‍മീഡിയ എന്താണെന്ന് എനിക്ക് വലിയ നിശ്ചയമില്ല. ഉള്ള കാര്യം പറയാമല്ലോ. എനിക്കീ പത്രമീഡിയയെ മാത്രമേ പരിചയമുള്ളൂ. സോഷ്യല്‍മീഡിയ എന്താണെന്ന് മനസ്സിലാവാത്തതുകൊണ്ട് ഞാനതില്‍ ഇടപെടാന്‍ പോവുന്നില്ല.
അതില്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണോ? എന്താണ് അതിനോട് ഇഷ്ടമില്ലാത്തത്?
സംഗതി മനസ്സിലാക്കണ്ടേ, അതില്‍ താത്പര്യം ഉണ്ടാവണമെങ്കില്‍. ഇപ്പോള്‍ നമ്മളീ സംസാരിക്കുമ്പോള്‍ പോലും എനിക്ക് അറിയില്ല, സോഷ്യല്‍മീഡിയ എന്താണെന്ന്. എനിക്ക് ഡിജിറ്റല്‍ അറിയില്ല. ഞാന്‍ പഴയ ആളാണ്.എന്താണതെന്ന് മനസ്സിലാവാതെ എങ്ങനെയാണ് അതിനോട് ദേഷ്യമോ സ്നേഹമോ ഉണ്ടാവുക. മാധ്യമം മനസ്സിലാക്കണ്ടേ, എനിക്ക് ഇന്നുവരെ സോഷ്യല്‍മീഡിയ എന്താണെന്ന് മനസ്സിലായിട്ടില്ല. മനസ്സിലാക്കണം എന്ന് വലിയ ആഗ്രഹവും തോന്നിയിട്ടില്ല. അയാം എ പ്രിന്റ് മാന്‍. പക്ഷേ, ഇന്നത്തെ പ്രിന്റ് മീഡിയയിലുള്ളവരും ഇത് മനസ്സിലാക്കേണ്ടത് ഒരു ആവശ്യമാണെന്ന് എനിക്കറിയാം.
പക്ഷേ, പ്രിന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍പോലും പ്രിന്റ് മീഡിയ മരിച്ചു, ഇനി സോഷ്യല്‍മീഡിയയുടെ കാലമാണെന്ന് പറയുന്ന സമയത്താണ് താങ്കള്‍ ഇപ്പോഴും പഴയ വിശ്വാസത്തില്‍ ജീവിക്കുന്നത്?
പ്രിന്റ് മീഡിയ മരിച്ചു എന്ന് മരിച്ചവരേ പറയത്തുള്ളൂ. ബുദ്ധിയുള്ള ആര്‍ക്കെങ്കിലും അങ്ങനെ പറയാനൊക്കുമോ? വേറെ മീഡിയ വളര്‍ന്നു എന്നുപറയാം. അല്ലാതെ പ്രിന്റ് മീഡിയ ഒരിക്കലും മരിക്കാന്‍ പോവുന്നില്ല. മരിക്കില്ല എന്നുമാത്രമല്ല, അതിന്റെ ശക്തി കുറയാനും പോവുന്നില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, അല്ലെങ്കില്‍ അധികാരസ്ഥാനത്ത് ഇരുത്താന്‍ പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ഒന്നിനെക്കൊണ്ടും എന്നെ ആകര്‍ഷിക്കാന്‍ ഒക്കില്ല. പണംകൊണ്ടും പറ്റില്ല, അധികാരംകൊണ്ടും ഒക്കില്ല, കാരണം എനിക്ക് ഇതിലൊന്നും ഒരു വിശ്വാസവുമില്ല. അധികാരമുള്ളവരും പണമുള്ളവരും അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് കാണുമ്പോള്‍ നമുക്ക് അതിനോട് ബഹുമാനം തോന്നില്ല.
ഇങ്ങനെയൊരു ആദര്‍ശം ഏത് പ്രായത്തിലാണ് മനസ്സില്‍ ഉറയ്ക്കുന്നത്?അന്നത്തെ പത്രപ്രവര്‍ത്തനത്തില്‍ ഏറ്റവുമധികം ആകര്‍ഷിച്ച കാര്യമെന്താണ്?
സ്കൂളില്‍ പഠിക്കുന്ന കാലംമുതലോ കോളേജില്‍ പഠിക്കുന്ന കാലംതൊട്ടോ ഒക്കെയാവും. ആദ്യംമുതലേ സ്വതന്ത്രമായി ചിന്തിക്കാനും ആ സ്വാതന്ത്ര്യം ഉപയോഗിച്ച് എന്റെ പത്രപ്രവര്‍ത്തനം നടത്താനുമുള്ള അവസരം എനിക്കുണ്ടായിരുന്നു. ഇത് ആ കാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ ഗുണമായിരിക്കാം. ആ കാലത്തെ ഉടമസ്ഥരുടെ ഗുണമായിരിക്കാം. ആ കാലത്തെ ജേണലിസത്തില്‍ എന്നെ സ്വാധീനിച്ച പ്രതിഭാശാലികളുടെ സ്വാധീനംകൊണ്ടാവും.
ഞാന്‍ വിദ്യാഭ്യാസം കഴിഞ്ഞ് ബോംബെയില്‍ ജോലിക്ക് പോയി. പലയിടത്തും ജോലി അന്വേഷിച്ചു. എയര്ഫോഴ്സില്വരെ അപേക്ഷ നല്‍കിയിരുന്നു. കൂട്ടത്തില്‍ ചില പത്രങ്ങളിലും. അങ്ങനെ ഫ്രീപ്രസ് ജേണലില്‍നിന്ന് നാളെ വന്ന് ജോലിക്ക് ചേരണം എന്നുപറഞ്ഞ് വിളിച്ചു. അതിന്റെ പത്രാധിപര്‍ എസ്. സദാനന്ദിന്റെ രീതി അതായിരുന്നു. ഞാന്‍ കുറെ വര്‍ഷങ്ങള്‍ ഫ്രീപ്രസ് ജേണലില്‍ ജോലിചെയ്തു. അവിടെനിന്ന് ജേണലിസം ശരിക്കും പഠിച്ചു.
പൊതുവേ ഇടതുപക്ഷ മനഃസ്ഥിതിയുള്ളവരാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ചേക്കേറുന്നതെന്ന് പറയാറുണ്ട്, താങ്കള്‍ക്ക് അങ്ങനെയൊരു ചായ്വ് ഉണ്ടായിരുന്നോ?
ഇടതും വലതും എന്നുപറയുന്നത് മിസ്ലീഡിങ്ങാണ്. ഇടതെന്ന് പറഞ്ഞാല്‍ വലതുകാര്ക്കും വലതെന്ന് പറഞ്ഞാല്‍ ഇടതുകാര്‍ക്കും ഉടനെ ദേഷ്യം വരും. അതിലൊന്നും കാര്യമില്ല. സ്വതന്ത്രചിന്ത എന്നുപറഞ്ഞാല്‍ ഇടതാണോ വലതാണോ?ആ കാലത്തെ സ്വതന്ത്രചിന്താഗതിക്ക് ഇടതെന്നൊരു സ്വഭാവവിശേഷം ആരൊക്കെയോ കണ്ടുപിടിച്ചിട്ടുണ്ടാവും. അതങ്ങനെ വന്നുപോയെന്ന് മാത്രം. വലതെന്നാല്‍ മോശമാണ് പിന്തിരിപ്പനാണ് എന്നൊക്കെയുള്ളൊരു അഭിപ്രായം എങ്ങനെയോ വളര്‍ന്നു. ഇങ്ങനെയുള്ള നിര്‍വചനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് എന്റെ വിചാരം. ചില ഇടത് ആശയങ്ങളും ചില വലത് ആശയങ്ങളുമെല്ലാം നല്ലതായിരിക്കാം. നമ്മള് ആദര്‍ശങ്ങള്‍ നോക്കി സംഭവവികാസങ്ങള്‍ നോക്കി അതിന് അനുസരിച്ച് സ്വയം നിര്‍വചിക്കണം എന്നാണെന്റെ പക്ഷം.
യാത്രകളാണോ താങ്കളിലെ പത്രപ്രവര്‍ത്തകനെ കൂടുതല്‍ പരിപോഷിപ്പിച്ചത്?
യാത്രകളാണ് ഏറ്റവുമധികം സ്വാധീനം ചെലുത്തിയത്. അന്നൊക്കെ ജോലി കിട്ടിക്കഴിഞ്ഞാല്‍ രാജിവെക്കുക എന്ന പരിപാടിയില്ല. ജോലി കിട്ടിയാല്‍ ആജീവനാന്തം അതില്‍ പിടിച്ചുനില്‍ക്കുക എന്നതാണ് രീതി. എന്നിട്ടും ഫ്രീപ്രസില്‍ ചേര്‍ന്ന് ഒന്നോരണ്ടോ വര്‍ഷത്തിനകം ഞാന്‍ രാജിവെച്ചു. ഒരു ഹാന്‍ഡ് ബാഗും എടുത്ത് ഇന്ത്യ ചുറ്റാന്‍ ഇറങ്ങി. അങ്ങനെ ഞാന്‍ കശ്മീരില്‍ പോയി. കല്‍ക്കട്ടയില്‍ പോയി. അതുകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വീണ്ടും ഫ്രീപ്രസില്‍ ജോലി കിട്ടി. രാജിവെച്ച് പോയി കുറച്ച് കഴിഞ്ഞ് വന്നപ്പോള്‍ പഴയ ജോലി കുറച്ചുകൂടെ സ്നേഹത്തില്‍ അവര്‍ എനിക്ക് തന്നു. പിന്നീടും അവസരങ്ങള്‍ വന്നപ്പോഴെല്ലാം ഞാന്‍ യാത്രചെയ്യാന്‍ പോയി. ഒരിക്കല്‍ ഒരു കപ്പലില്‍ കയറിപ്പോയി. അതൊരു മര്‍ച്ചന്റ് ഷിപ്പായിരുന്നു. അതില്‍ ഞാന്‍ കുശിനിക്കാരനായി ജോലിചെയ്തു. അങ്ങനെ പല നാടുകള്‍ കണ്ടു. വിമാനക്കമ്പനികള്‍ പുതിയൊരു റൂട്ട് തുറക്കുമ്പോള്‍ ഇനാഗുറേഷന് ഫ്ളൈറ്റ് എന്നൊരു പരിപാടി സംഘടിപ്പിക്കും. അതില്‍ പത്രക്കാരെയും കൊണ്ടുപോവും. ബോംബെയില്‍നിന്ന് പോയ സര്‍വ ഇനാഗുറേഷന് ഫ്ളൈറ്റിലും ഞാന്‍ കേറിയിട്ടുണ്ട്. അങ്ങനെ പല രാജ്യങ്ങള്‍ കാണാനിടയായി. പൊതുവേ യാത്ര എന്നത് ആദ്യകാലം മുതലേ എന്റെ സ്വഭാവ രൂപവത്കരണത്തില്‍ വലിയ പങ്ക് വഹിച്ചു. മനുഷ്യന്റെ മനസ്സ് വികസിക്കണമെങ്കില്‍ യാത്രചെയ്യണം. യാത്രയിലൂടെ മറ്റുള്ളവരെക്കുറിച്ച് അറിയണം. നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നറിയണം. ഇതൊക്കെ അത്യാവശ്യമുള്ള കാര്യങ്ങളാണ്. അതിന് യാത്രയല്ലാതെ വേറെ വഴിയില്ല.
നാടകത്തില്‍ അഭിനയിച്ചിരുന്നൊരു കാലമുണ്ടായിരുന്നല്ലോ?
അത് കോളേജില്‍ പഠിക്കുമ്പോള്‍. അന്ന് തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളില്‍, പഠനത്തിന്റെ പ്രധാനചേരുവയായിരുന്നു നാടകംകളി. കുറെ പ്രൊഫഷണല്‍ നാടകക്കമ്പനികളുണ്ടായിരുന്നു. അതിനിടയില്‍ വിദ്യാര്‍ഥികളുടെ നാടകങ്ങളും. ഇതിലെല്ലാം ഞാനുണ്ട്. നാടകത്തില്‍ ഞാന്‍ ഒരുപാടുവട്ടം സ്ത്രീവേഷം കെട്ടിയിട്ടുണ്ട്. മലയാറ്റൂരായിരുന്നു എന്റെ നായകന്.
എഴുത്തിനോടൊരു ആഭിമുഖ്യം തോന്നുന്നത് അപ്പോഴാണോ? ഘോഷയാത്രയും നാടോടിക്കപ്പലില്‍ നാലുമാസവുംപോലുള്ള മനോഹരഗദ്യം രചിച്ച താങ്കള്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്ന പുസ്തകങ്ങളേ എഴുതിയിട്ടുള്ളൂ?
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കിട്ടിയ ജോലി പത്രത്തിലാണ്. അപ്പോള്‍ സ്വാഭാവികമായും എഴുത്തിലേക്ക് തിരിഞ്ഞെന്നുമാത്രം. അന്ന്, ഫ്രീപ്രസ് ജേണലിന് ഒരു സായാഹ്ന ബുള്ളറ്റിനുണ്ടായിരുന്നു. ടാബ്ലോയ്ഡ് സൈസിലൊരു ചെറിയ പത്രം. അതിലെഴുതാന്‍ ധാരാളം അവസരം കിട്ടി. അതില്‍, ഗോസിപ്പ് കോളവും എഡിറ്റോറിയലുമുണ്ടായിരുന്നു. അവിടെയൊക്കെയാണ് എഴുതിപ്പഠിച്ചത്. ഇംഗ്ലീഷ് ജേണലിസത്തില്‍ പ്രവേശിച്ച് അവിടെയൊരു സ്ഥാനം കിട്ടിയപ്പോള്‍ ഞാന്‍ അവിടെയങ്ങ് ഉറച്ചെന്നേയുള്ളൂ. വര്‍ഷങ്ങള്‍ പോയപ്പോഴാണ് മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലല്ലോ എന്നൊരു തോന്നല്‍ വന്നത്. നമ്മുടെ ഹൃദയം മലയാളത്തിലാണെന്ന കാര്യം എനിക്കുതന്നെ മനസ്സിലാവുന്നത്. അത് നമ്മുടെ ഭാഷയാണല്ലോ, അതിന് സമ്പന്നമായൊരു പാരമ്പര്യമുണ്ടല്ലോ എന്നൊക്കെ ഓര്‍ത്തപ്പോള്‍ അതിലൊരു സ്ഥാനം കിട്ടാന്‍ എന്താണ് വഴിയെന്നായി ആലോചന. അങ്ങനെയാണ്, മലയാളം എഴുത്തിലേക്ക് കടക്കുന്നതുതന്നെ.
പത്രപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്തൊന്നും മലയാളി എഴുത്തുകാരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഞാന്‍ ഇംഗ്ലീഷുകാരനായിരുന്നു. ബോംബെക്കാരനായിരുന്നു. അന്ന് ഒരുവിധം അറിയപ്പെട്ട മലയാളി എഴുത്തുകാരൊക്കെ ഡല്‍ഹിയിലാണ്. കാക്കനാടനും മുകുന്ദനും എം.പി. നാരായണപിള്ളയുമൊക്കെ. ബോംബെയില്‍ അധികമാരുമില്ലായിരുന്നു. അതും ആദ്യകാലത്ത് മലയാളത്തിനോടൊരു അടുപ്പം വരാതിരിക്കാന്‍ കാരണമായിട്ടുണ്ട്.
എഴുതിയത് ഭൂരിഭാഗവും ജീവചരിത്രരചനകളായിരുന്നു?
ജീവചരിത്രമെഴുതുന്നതിനോടായിരുന്നു എനിക്ക് ആദ്യംമുതലേ അടുപ്പം തോന്നിയത്. എന്റെ ആദ്യത്തെ പുസ്തകമാണ് വി.കെ. കൃഷ്ണമേനോന്റെ ജീവചരിത്രം. ഞാനെഴുതിയതില്‍ ഏറ്റവും വിജയിച്ചത് സിങ്കപ്പൂര്‍ പ്രധാനമന്ത്രിയായിരുന്ന ലീ കോവിന്റെ ജീവചരിത്രമാണ്.
എന്തോ കാരണംകൊണ്ട് ജീവചരിത്രം എനിക്ക് താത്പര്യമുള്ള മേഖലയായി വളര്‍ന്നുവരികയായിരുന്നു. ഞാന്‍ ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയമില്ലായിരുന്നു.
എം.എസ്. സുബ്ബുലക്ഷ്മിയും ലീ ക്വാന്യുവും കൃഷ്ണമേനോനും തമ്മിലെന്താണ് ബന്ധം?
വ്യക്തികളുടെ പ്രാധാന്യം മാത്രം നോക്കിയാണ് ഞാന്‍ ഓരോരുത്തരെയും തിരഞ്ഞെടുത്തത്. ഒരിക്കല്‍ ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. ജീവചരിത്രം വളരെ പ്രൊഫഷണലായി എഴുതിയതുകൊണ്ടാണ് ടി.ജെ.എസ്. ജോര്‍ജ് പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ആളുകളെ അതിനായി തിരഞ്ഞെടുത്തതെന്ന്. അതുതന്നെയാണ് അതിന്റെ മേന്മയെന്നും.വലിയ പരിശ്രമമുണ്ട് ഓരോ പുസ്തകത്തിന്റെയും പിന്നില്‍. പ്രത്യേകിച്ച് സുബ്ബുലക്ഷ്മിയുടെ പുസ്തകം തയ്യാറാക്കുമ്പോള്‍. അവരെക്കുറിച്ച് സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
വി.കെ. കൃഷ്ണമേനോനെക്കുറിച്ച് എഴുതാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറായി പോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്?
കൃഷ്ണമേനോന്റെ കാര്യത്തില്‍ പൊതുവേ അത്ര വലിയ പ്രശ്നമുണ്ടായിട്ടില്ല. അദ്ദേഹമൊരു പബ്ലിക് ഫിഗറാണ്. ലണ്ടനില്‍ വലിയ സ്ഥാനമുള്ളയാളാണ്. അവിടെയൊരുപാട് സോഴ്സുകളുണ്ട്. സംസാരിക്കാന്‍ പറ്റിയവരുണ്ട്. റെക്കോഡ്സുണ്ട്. ഇന്ത്യയിലും കൃഷ്ണമേനോനെക്കുറിച്ചുള്ള രേഖകളുണ്ട്. പക്ഷേ, എം.എസിനെപ്പോലെയുള്ളവരുടെ കാര്യത്തില്‍ ഇതില്ല. എന്നാലും, നമ്മുടെ ശ്രമംകൊണ്ട് എങ്ങനെയെങ്കിലും കണ്ടുപിടിച്ചെഴുതുക.
നര്‍ഗീസിന്റെ കാര്യത്തിലോ?
ബോംബെയിലെ ചലച്ചിത്രലോകത്ത് ഒരുപാടാളുകള്‍ ഉണ്ടല്ലോ.അവരെല്ലാം നര്‍ഗീസിനെ പരിചയമുള്ളവരും. പലരോടും സംസാരിക്കാന്‍ പറ്റും. നര്‍ഗീസിന്റെ ഭര്‍ത്താവുതന്നെ ഒരുപാട് നേരം സംസാരിച്ചിട്ടുണ്ട്. എം.എസ്. സുബ്ബുലക്ഷ്മിയുമായി താരതമ്യം ചെയ്യുമ്പോള്‍ നര്ഗീസിന്റെത് എളുപ്പമായിരുന്നു.
എം.എസ്. സുബ്ബുലക്ഷ്മി ദേവദാസിയായതിനാല് ഒരുപാട് താഴ്ത്തപ്പെട്ടയാളാണ്. അവരെ കൂടുതല്‍ ബഹുമാനത്തോടെ കാണേണ്ടതാണെന്നൊരു തോന്നല്‍ എനിക്ക് ആദ്യംമുതലേ ഉണ്ടായിരുന്നു. പക്ഷേ, അന്നത്തെ ആളുകള്‍ക്ക് ആ ബഹുമാനമില്ലായിരുന്നു. അതെന്നെ ബാധിച്ചില്ല. ഒരു കലാകാരി എന്ന നിലയില്‍ അവര്‍ ഏറെ ഉന്നതിയിലുള്ളൊരാളാണ്. അവര്‍ ആളുകളുടെ ബഹുമാനം അര്‍ഹിച്ചിരുന്നു. അതായിരുന്നു എന്റെ സമീപനം.

ലോകം മൊത്തം പല ചര്‍ച്ചകള്‍ നടക്കുമ്പോഴും കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോഴും വേറിട്ട സ്വഭാവമാണ്. രാഷ്ട്രീയവും അതിലെ മാത്സര്യവും വ്യക്തിവിരോധവും. എന്തുകൊണ്ടാവും മലയാളി എല്ലാത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ഒരാളായി മാറുന്നത്?
അതില്‍ ഇടപെട്ട് അഭിപ്രായം പറയാനുള്ള കഴിവ് എനിക്കില്ല. ഈ പറഞ്ഞത് ശരിയാണെന്നറിയാം. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനല്ലേ മലയാളി എല്ലാ കാര്യത്തിലും? മലയാളി ചിന്തിക്കുന്നപോലെ വേറെയാരെങ്കിലും ചിന്തിക്കുന്നുണ്ടോ? കേരളത്തിലല്ലാതെ ഇന്ത്യയില്‍ എവിടെയെങ്കിലും കമ്യൂണിസ്റ്റുകാര്ക്കായൊരു സ്ഥലമുണ്ടോ. പിണറായിയെപ്പോലെ ഒരാള്‍ക്ക് വേറെ എവിടെയെങ്കിലും മുഖ്യമന്ത്രിയാവുന്നത് പോയിട്ട് മന്ത്രിയാവാനെങ്കിലും പറ്റുമോ? ഇങ്ങനെയുള്ളൊരു വിശേഷസ്ഥലമാണ് കേരളം.
കേരളത്തിലെ രാഷ്ട്രീയത്തിന് എന്തെങ്കിലും വഴിത്തിരിവ് ഉണ്ടായിട്ടുണ്ടോ?
അത് ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്തതാണെന്ന് ഞാന്‍ പറഞ്ഞല്ലോ. ഇവിടത്തെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. പലര്‍ക്കും അങ്ങനെ അല്ലായിരിക്കാം. പൊതുവെ ഇടത് കമ്യൂണിസ്റ്റ് ട്രെന്‍ഡ് കേരളത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍, ഉദാഹരണത്തിന് യു.പി.യിലൊക്കെ എന്താണ് നടക്കുന്നത്? ബി.ജെ.പി.ക്കാരനെ ചോദ്യം ചെയ്താല്‍ ജയിലില്‍ പോവും. അല്ലെങ്കില്‍ അടികൊള്ളും. അങ്ങനത്തെ സാഹചര്യമൊന്നും കേരളത്തില്‍ ഇല്ലല്ലോ. അതുകൊണ്ട് ഏത് കോണില്‍നിന്ന് നോക്കിയാലും കേരളം ഏറെ മുന്നേറിയൊരു സ്ഥലമാണെന്നാണ് എന്റെ വിശ്വാസം. അത് കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും നടക്കില്ലെന്നും എനിക്കറിയാം.
.jpg?$p=e142b0a&w=610&q=0.8)
നരേന്ദ്രമോദിയുടെ കാലത്തിനുശേഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്താവും?
അടുത്തൊരു നൂറുകൊല്ലംവരെ മോദി അവിടെയിരിക്കും. അദ്ദേഹം ഭരിച്ചുകൊണ്ടേയിരിക്കും. രാജ്യത്തിന്റെ മൗലികതത്ത്വങ്ങള്‍ എല്ലാം മാറ്റുകയല്ലേ ഇപ്പോള്‍. ജനാധിപത്യത്തിന്റെ നിര്‍വചനം മാറ്റി. തിരഞ്ഞെടുപ്പിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും നിര്‍വചനം മാറ്റി. എന്തിന് ഇന്ത്യയൊന്നാകെ മാറ്റി. എത്രനാള്‍ പിടിക്കും ഇത് പഴയ ഇന്ത്യയാവാന്‍ എന്നെനിക്ക് അറിഞ്ഞുകൂടാ. ഇനി നരേന്ദ്രമോദി എത്രകാലം ഭരിക്കും, ആ സമയത്തിനുള്ളില്‍ എന്തെല്ലാം അദ്ദേഹം ചെയ്യും എന്നതൊന്നും നമുക്കറിയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. എന്തായാലും മോദി ചെയ്ത പ്രവൃത്തികള്‍ കാരണം ഇന്ത്യ മാറിയെന്നാണ് എന്റെ വിചാരം. ആ മാറ്റം നല്ലതിനല്ല എന്നും എനിക്കറിയാം. ആ മാറ്റം ശാശ്വതമാകുമോ അതോ എത്രകാലം കഴിഞ്ഞ് തിരികെപ്പോവുമോ എന്നതൊന്നും പ്രവചിക്കാന്‍ പറ്റില്ല.
പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരു നല്ല കാര്യവും ചെയ്തില്ല എന്ന് പറയാന്‍ പറ്റുമോ?
നരേന്ദ്രമോദി ചെയ്ത നല്ല കാര്യം എന്തെന്ന് വളരെ ആലോചിക്കേണ്ടി വരും. ചിലപ്പോള്‍ എന്തെങ്കിലും കാണുമായിരിക്കും. പെട്ടെന്ന് ഒന്നും ഓര്മ വരുന്നില്ല. ബി.ജെ.പി.ക്ക് പല നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. സ്വന്തം സ്നേഹിതന്മാര്ക്കും പലതും ചെയ്തുകൊടുത്തിട്ടുണ്ട്. ഗുജറാത്തിലെ സ്നേഹിതന്മാര്ക്ക് അദ്ദേഹം ചെയ്തുകൊടുത്തിട്ടുള്ള സഹായങ്ങള്‍ പലതും ദേശദ്രോഹമാണ്. സുഹൃത്തുക്കളെ സഹായിക്കാനായി ഇന്ത്യക്കെതിരായിട്ടുള്ള പല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഇതൊന്നും ആരും പറയുന്നില്ല. സ്നേഹിതന്മാരെ സഹായിക്കാനായി ഇന്ത്യയെ ലേലംചെയ്യാന്‍ തയ്യാറായിട്ടുള്ളൊരു പ്രധാനമന്ത്രിയാണ് മോദി. അങ്ങനെയൊരു മനഃസ്ഥിതിയുള്ള പ്രധാനമന്ത്രിയെക്കുറിച്ച് നമുക്ക് എന്തുപറയാനൊക്കും, രാജ്യത്തിന്റെ കഷ്ടകാലം എന്നല്ലാതെ.
ഇന്ന് രാഷ്ട്രീയവും മതാധിഷ്ഠിതമായല്ലോ?
ബി.ജെ.പി. മതാധിഷ്ഠിതമാണെങ്കിലും അങ്ങനെയാണെന്ന് അവര്‍ സമ്മതിക്കുന്നില്ലല്ലോ. അതവരുടെ രാഷ്ട്രീയപ്രത്യയശാസ്ത്രമാണെന്നാണ് പറയുന്നത്. പക്ഷേ, മതമാണെന്ന് നമുക്കറിയാം. അവര്‍ മതം ഉപയോഗിക്കുന്നത് നിര്‍ത്താനും പോവുന്നില്ല. മതമല്ലെന്നൊരു മറയില്‍ മതം ഉപയോഗിച്ച് പോവുക എന്നതാവും ഇവരുടെ നയം. അതിന്റെ ദീര്‍ഘകാലഫലം എന്താവുമെന്ന് പറയാനൊക്കില്ല.
ബാബറി മസ്ജിദ് തകര്ക്കപ്പെട്ടതാണല്ലോ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ്. ഇന്ത്യ അതിനുമുന്പും പിന്‍പും എന്നൊരു കാലഗണനതന്നെ വന്നല്ലോ?
ചരിത്രപരമായി അങ്ങനെ പറയുന്നു എന്നേയുള്ളൂ. ഒരു പ്രശ്നം വന്നു. അപ്പോള്‍ അതൊരു ലാന്‍ഡ്മാര്‍ക്കായി എടുക്കുകയാണ്.അതില്‍ വലിയ കാര്യമൊന്നുമില്ല. ലാന്‍ഡ്മാര്‍ക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും കാര്യം കാര്യംതന്നെയല്ലേ? മതാധിഷ്ഠിത ചിന്ത വളര്‍ന്നു, ബി.ജെ.പി. എന്നൊരു ആശയം വളര്‍ന്നു എന്നതൊക്കെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടാലും ഇല്ലെങ്കിലും സംഭവിക്കും. ബാബറി മസ്ജിദ് അവര്‍ക്കൊരു സൗകര്യമായി എന്നതേയുള്ളൂ. അതൊരു ചരിത്രപരമായ അടയാളമായി എന്നുമാത്രം. അതില്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെത്തന്നെ നടന്നേനെ. മോദി എത്രകാലം അധികാരത്തിലിരിക്കും എന്നതാണ് ഇതിനെയൊക്കെ നിര്‍ണയിക്കുന്ന ഘടകം. ഇപ്പോള്‍ത്തന്നെ അടിസ്ഥാനകാര്യങ്ങള്‍ പലതും മാറിയിട്ടുണ്ട്. ഇനിയെന്തെല്ലാം മാറും, മാറിയ കാര്യങ്ങള്‍ എന്തെങ്കിലും തിരികെവരാന്‍ സാധ്യതയുണ്ടോ എന്നതൊക്കെ ഈശ്വരനറിയാം. ഈശ്വരനുതന്നെ അറിയാമോ എന്നെനിക്ക് സംശയമുണ്ട്.
ഇന്ത്യയുടെ അവസ്ഥ ആലോചിച്ച് ദുഃഖം തോന്നാറുണ്ടോ?
പലതും ആലോചിക്കുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. അതേസമയംതന്നെ ഇന്ത്യയൊരു മഹാപ്രസ്ഥാനമാണെന്ന ബോധ്യവുമുണ്ട്. ഇതൊരു ആഴമേറിയ സംസ്കാരമാണ്. അതിനെ തുടച്ചുമാറ്റാനോ കുഴപ്പത്തിലാക്കാനോ ഒരാള്‍ക്കും സാധിക്കില്ല. പക്ഷേ, എത്രത്തോളം മുറിവുകള്‍ ഉണ്ടായിക്കഴിഞ്ഞുവേണം ഇത് ശരിയായിവരാന്‍ എന്ന് നമുക്കറിയില്ല. ഇപ്പോള്‍ മുറിവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. ഇനിയും ഉണ്ടാക്കുകയും ചെയ്യും. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, അവസാനം ഇന്ത്യ ജയിക്കും, അതിലൊരു സംശയവുമില്ല.
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന അഭിമുഖത്തിന്റെ പൂർണ്ണ രൂപം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..