ടി.ജെ.എസ്. ജോർജ് | ഫോട്ടോ: മധുരാജ്
1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്ത്തകന് ടി.ജെ.എസ്. ജോര്‍ജിനെ സര്‍ക്കാര്‍ ജയിലില്‍ അടച്ചിട്ടുണ്ട്. അന്ന് സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രപ്രവര്ത്തകന് എന്ന 'ബഹുമതി'ക്ക് ഇരയാവുമ്പോള്‍ ടി.ജെ.എസിന് പ്രായം മുപ്പത്തിയേഴ്. ഇന്ത്യന്‍ എക്സ്പ്രസില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന 'പോയിന്റ് ഓഫ് വ്യൂ' എന്ന കോളം നിര്‍ത്തി കഴിഞ്ഞ മാസം സജീവ പത്രപ്രവര്‍ത്തനത്തോട് വിടപറയുമ്പോള്‍ അദ്ദേഹം എത്തിനില്‍ക്കുന്നത് തൊണ്ണൂറ്റിനാലാം വയസ്സിലും. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ അമ്പത്തിയേഴ് വര്‍ഷങ്ങളാണ് കടന്നുപോവുന്നത്. ബെംഗളൂരു ബെന്സന് ക്രോസ് റോഡിലുള്ള വസതിയില്‍ വായനയിലും വിശ്രമത്തിലും സന്തോഷം കണ്ടെത്തുന്നതിനിടയിലാണ് ടി.ജെ.എസ്. സംസാരിക്കാന്‍ ഇരുന്നത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നൽകിയ അബിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
ബിജു രാഘവന്: അമ്പത് വര്‍ഷത്തിലേറെയായി പത്രപ്രവര്ത്തനരംഗത്തുള്ളയാളാണ് താങ്കള്‍. സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ഈ രംഗത്തുണ്ടായ മാറ്റങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു. എന്താണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ടി.ജെ.എസ്.ജോര്‍ജ്: ഇന്നത് തുറന്നുപറഞ്ഞാല്‍ പലര്‍ക്കും ഇഷ്ടമാവില്ല. പണ്ട് പത്രക്കാര്‍ക്ക് ഉണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മാവ് നഷ്ടമായിരിക്കുന്നു. പണ്ട് ഉടമസ്ഥര്‍ വലിയ ആളുകളായിരുന്നപ്പോള്പ്പോലും പത്രപ്രവര്ത്തകനൊരു സവിശേഷവ്യക്തിത്വവും ബഹുമാന്യസ്ഥാനവുമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ പത്രങ്ങളിലും ഉടമസ്ഥരാണ് മുന്നില്‍നില്‍ക്കുന്നത്, അതൊരു പുറകോട്ടുള്ള പോക്കായിട്ടാണ് എനിക്ക് തോന്നുന്നത്. അധികാരികളെ പിണക്കരുത് എന്നുള്ള വിചാരം കൂടി. അതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോള്‍ കാണുന്നത്. മാധ്യമങ്ങളുടെ കാര്യത്തില്‍ സാമ്പത്തികത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് അധികാരികളെ ദേഷ്യപ്പെടുത്തരുതെന്നുള്ള വിചാരം. അതും സാമ്പത്തികവുമായി നേരിട്ട് ബന്ധമില്ല. ഒന്ന് രാഷ്ട്രീയമാണ്. മറ്റൊന്ന് സാമ്പത്തികവും. രാഷ്ട്രീയമായി ഇപ്പോള്‍ പ്രത്യേകമായൊരു അന്തരീക്ഷമുണ്ടെന്ന കാര്യം നമ്മള് മറക്കരുത്. അത് വളരെ പ്രകടമായിട്ട് കാണാം.
സ്വതന്ത്ര ഇന്ത്യയില്‍ പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ ആദ്യത്തെയാളാണ് താങ്കള്‍. പേടിയില്ലായിരുന്നോ?
എനിക്കൊരിക്കലും പേടിയുണ്ടായിട്ടില്ല. ഇന്നും പേടിയില്ല. അല്ലെങ്കിലും എന്നെ എന്ത് ചെയ്യാന്‍ സാധിക്കും? കൂടിപ്പോയാല്‍ ജയിലില്‍ ഇടാന്‍ അല്ലേ പറ്റൂ? അതിലൊന്നും പേടിച്ചിട്ട് കാര്യമില്ല. പേടിച്ചാല്‍ നമ്മള് തോറ്റു. പേടികൊണ്ടാണ് ആരും ഇങ്ങനെ ചെയ്യുന്നതെന്നൊന്നും തോന്നുന്നില്ല. അധികാരികള്‍ നമ്മളെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം. നമുക്കൊരു പ്രാധാന്യം കിട്ടണം. അധികാരികള്‍ സ്വീകരിച്ചാല്‍ നമ്മളും പ്രധാനപ്പെട്ടയാളായി എന്നുള്ളൊരു വിചാരം അടുത്തകാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്. പഴയകാലത്തും അതുണ്ടായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് അതൊരിക്കലും ഇല്ലായിരുന്നു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതൊരു സങ്കല്പം മാത്രമായി മാറുകയാണല്ലേ?
ഇന്നത്തെ അവസ്ഥയില്‍ അങ്ങനെയാണെന്ന് സമ്മതിക്കേണ്ടി വരും. ഒന്നുകില്‍ ഉടമസ്ഥരുടെ ആവശ്യം കാരണം. അല്ലെങ്കില്‍ അധികാരികളെ പ്രീതിപ്പെടുത്തണം എന്നുള്ള നമ്മുടെതന്നെ വിചാരം കാരണം. എന്ത് കാരണംകൊണ്ടായാലും പത്രപ്രവര്‍ത്തനത്തിന് പഴയൊരു സ്വാതന്ത്ര്യമില്ല.
പ്രിന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍പോലും പ്രിന്റ് മീഡിയ മരിച്ചു, ഇനി സോഷ്യല്‍മീഡിയയുടെ കാലമാണെന്ന് പറയുന്നു
പ്രിന്റ് മീഡിയ മരിച്ചു എന്ന് മരിച്ചവരേ പറയത്തുള്ളൂ. ബുദ്ധിയുള്ള ആര്‍ക്കെങ്കിലും അങ്ങനെ പറയാനൊക്കുമോ? വേറെ മീഡിയ വളര്‍ന്നു എന്നുപറയാം. അല്ലാതെ പ്രിന്റ് മീഡിയ ഒരിക്കലും മരിക്കാന്‍ പോവുന്നില്ല. മരിക്കില്ല എന്നുമാത്രമല്ല, അതിന്റെ ശക്തി കുറയാനും പോവുന്നില്ല.
പൊതുവേ ഇടതുപക്ഷ മനഃസ്ഥിതിയുള്ളവരാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ചേക്കേറുന്നതെന്ന് പറയാറുണ്ട്, താങ്കള്‍ക്ക് അങ്ങനെയൊരു ചായ്വ് ഉണ്ടായിരുന്നോ?
ഇടതും വലതും എന്നുപറയുന്നത് മിസ്ലീഡിങ്ങാണ്. ഇടതെന്ന് പറഞ്ഞാല്‍ വലതുകാര്ക്കും വലതെന്ന് പറഞ്ഞാല്‍ ഇടതുകാര്‍ക്കും ഉടനെ ദേഷ്യം വരും. അതിലൊന്നും കാര്യമില്ല. സ്വതന്ത്രചിന്ത എന്നുപറഞ്ഞാല്‍ ഇടതാണോ വലതാണോ? ആ കാലത്തെ സ്വതന്ത്രചിന്താഗതിക്ക് ഇടതെന്നൊരു സ്വഭാവവിശേഷം ആരൊക്കെയോ കണ്ടുപിടിച്ചിട്ടുണ്ടാവും. അതങ്ങനെ വന്നുപോയെന്ന് മാത്രം. വലതെന്നാല്‍ മോശമാണ് പിന്തിരിപ്പനാണ് എന്നൊക്കെയുള്ളൊരു അഭിപ്രായം എങ്ങനെയോ വളര്‍ന്നു. ഇങ്ങനെയുള്ള നിര്‍വചനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് എന്റെ വിചാരം. ചില ഇടത് ആശയങ്ങളും ചില വലത് ആശയങ്ങളുമെല്ലാം നല്ലതായിരിക്കാം. നമ്മള് ആദര്‍ശങ്ങള്‍ നോക്കി സംഭവവികാസങ്ങള്‍ നോക്കി അതിന് അനുസരിച്ച് സ്വയം നിര്‍വചിക്കണം എന്നാണെന്റെ പക്ഷം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..