'HIV ബാധിത മാത്രമല്ല തൊഴില്‍രഹിത എന്ന മുദ്രകൂടിയുണ്ട് ഇപ്പോഴെനിക്ക്, ഈ ലോകം എന്റേതുകൂടിയാണ്’


അക്ഷര/അരുൺ പി. ഗോപി

'രീതിശാസ്ത്രം മാറിയെന്നേയുള്ളൂ, വിവേചനം അതിപ്പോഴും പഴയതുപോലുണ്ട്. പ്രൈമറി സ്കൂളിൽ അക്ഷരങ്ങൾക്കുപോലും വിലക്കുകല്പിച്ചു. പിന്നീട് ഞങ്ങൾക്ക് പഠിക്കാൻമാത്രം നിങ്ങൾ ക്ലാസ്‌ മുറിയൊരുക്കി. സൈക്കോളജി പഠിക്കുമ്പോൾ എനിക്ക് ഹോസ്റ്റൽ നിഷേധിക്കപ്പെട്ടു...'

Interview

അക്ഷരയും അമ്മ ടി.കെ. രമയും ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തപ്പോൾ | ഫോട്ടോ: മധുരാജ്

സാക്ഷരകേരളം രണ്ട്‌ പതിറ്റാണ്ടുമുമ്പ് അക്ഷരപഠനത്തിനുപോലും വിലക്കുകല്പിച്ച കൊട്ടിയൂരിലെ എച്ച്.ഐ.വി. ബാധിതരായ അക്ഷരയെയും അനന്തുവിനെയും അവരുടെ അമ്മ രമയെയും നാം മറന്നുതുടങ്ങിയിട്ടുണ്ടാകും. അവർ പിന്നീട് എവിടെപ്പോയെന്നും എങ്ങനെ ജീവിക്കുന്നെന്നും നമ്മളാരും അന്വേഷിച്ചിട്ടില്ല. കുഞ്ഞുനാളിലേ സമൂഹം ഏൽപ്പിച്ച ആഘാതത്തിന്റെ ഞെട്ടൽ മാറാതെ, അധികമാർക്കും മുഖംകൊടുക്കാതെ അക്ഷര ഇപ്പോഴും നമുക്കിടയിലുണ്ട്. അവളുടെ അമ്മയ്ക്കും സഹോദരനുമൊപ്പം മൂന്നുവർഷംമുമ്പ്‌ പുറംതിരിഞ്ഞിരുന്നു​കൊണ്ട്‌ അവർ മാതൃഭൂമി വാരാന്തപ്പതിപ്പുമായി സംസാരിച്ചിരുന്നു. ഇപ്പോൾ വളർന്നതിനുശേഷം അക്ഷര അമ്മയുമൊത്ത്‌ ആദ്യമായി ലോകത്തിന്‌ മുഖം കാണിക്കുന്നു വാരാന്തപ്പതിപ്പിലൂടെത്തന്നെ...

പ്പോഴും ആളുകൾ എന്നോട് ചോദിക്കാറുണ്ട്, നീ എന്താണ് ഇനിയും പഠിക്കാൻ പോകാത്തതെന്ന്! ഇപ്പോൾ നിങ്ങളും എന്നോടത് ചോദിച്ചു. ഞാൻ ട്രോമാറ്റിക് എക്സ്പീരിയൻസിലൂടെ കടന്നുപോയൊരു വ്യക്തിയാണെന്ന് നിങ്ങൾ ബോധപൂർവം മറന്നുപോകുന്നു. പഴയകാര്യങ്ങൾ കഴിഞ്ഞില്ലേ, ഇനി അതൊക്കെ മറന്ന് നീ ഇത് ചെയ്യൂ എന്നൊക്കെ പലരും ഉപദേശിക്കാറുണ്ട്. ഇനിയിതുപോലുള്ള സംഭവങ്ങൾ വന്നാലും നിനക്ക് അഭിമുഖീകരിക്കാൻ കഴിയുമല്ലോയെന്നും ചിലർ പറയാറുണ്ട്. എന്നാൽ, ഇതുവരെയാരും നീ അനുഭവിച്ച ആഘാതത്തിന്റെ മുറിവുണങ്ങിയോയെന്ന് എന്നോടു ചോദിച്ചിട്ടില്ല. നിനക്ക് പുതിയതിനെ അഭിമുഖീകരിക്കാൻ കഴിയുമോയെന്നും ചോദിച്ചിട്ടില്ല. ജീവിതം തള്ളിനീക്കാനുള്ള പണം നിന്റെ പക്കലുണ്ടോയെന്നും ചോദിച്ചിട്ടില്ല. എനിക്കറിയാം അതാരും ചോദിക്കില്ലെന്ന്... ’

അക്ഷരയുടെ കണ്ണുകളിൽ രോഷത്തിന്റെയും അതിജീവനത്തിന്റെയും ഭൂതകാലം ഒളിഞ്ഞിരിപ്പുണ്ട്. മൂർച്ചയേറിയ വാക്കുകൾകൊണ്ട് അവൾ ചാട്ടുളിതീർക്കുമ്പോൾ സൗകര്യപൂർവമായ നമ്മുടെ മറവികളിലാണ് അത് ചെന്നുതറയ്ക്കുന്നത്. പതിനെട്ട് വർഷംമുമ്പ് ആ വീട്ടിലെത്തുമ്പോൾ കണ്ട അനാഥത്വവും ഏകാന്തതയും വേട്ടയാടിയ രണ്ട് കുട്ടികളുടെ മുഖം ഓർമയിൽ ഇന്നും മായാതെ കിടക്കുന്നുവെന്ന് യാത്രാമധ്യേ ഫോട്ടോഗ്രാഫർ മധുരാജ് പറഞ്ഞു. അക്ഷരയുടെ മുഖം പ്രകാശമാനത്തോടെ സമൂഹം കാണണമെന്ന ചിന്ത ഞങ്ങളിലുണ്ടായി. അക്ഷരയ്ക്കും അത് സമ്മതമായിരുന്നു. മധുരാജിന്റെ ക്യാമറയ്ക്കുമുന്നിൽ അവൾ പുഞ്ചിരിതൂകി നിന്നു. മറഞ്ഞിരിക്കേണ്ടവരല്ലെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് അവൾ. സംസാരമധ്യേ ആ പെൺകുട്ടി പറഞ്ഞു ‘എച്ച്.ഐ.വി. ബാധിത മാത്രമല്ല തൊഴിൽരഹിത എന്ന മുദ്രകൂടിയുണ്ട് ഇപ്പോഴെനിക്ക്...’

ക്യാമറയിൽനിന്ന്‌ മറഞ്ഞിരുന്നുള്ള അക്ഷരയെയാണ് വർഷങ്ങളായി മലയാളിസമൂഹം കാണുന്നത്, ഇന്നതിന് മാറ്റം സംഭവിച്ചിരിക്കുന്നു!
ശരിയാണ്, രണ്ടുപതിറ്റാണ്ടുകാലം ഞാൻ മറഞ്ഞിരുന്നു. ഞാൻ ഈ സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ്, ഇനി മറഞ്ഞിരിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം എനിക്കുണ്ടായി. പുറത്തുവരണമെന്ന് തോന്നിയതിൽ മറ്റൊരു കാര്യവുമുണ്ട്. ഞാൻ എവിടെ മറഞ്ഞിരുന്നാലും ആളുകൾ എന്നെയറിയും. അവർ വന്ന് അക്ഷരയല്ലേ എന്നുചോദിക്കാറുണ്ട്. അമ്മയ്ക്ക് സുഖമാണോയെന്നും മറ്റും ചോദിക്കാറുണ്ട്. അവർ പോസിറ്റീവ് ആയിട്ടായിരിക്കാം അത് ചോദിക്കാറുള്ളത്. ഞാൻ മറഞ്ഞിരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഈ ലോകം എന്റേതുകൂടിയാണ്, എല്ലാവരെയുംപോലെ സമൂഹത്തിൽ ഇറങ്ങി ജോലിചെയ്ത് ജീവിക്കാൻ എനിക്കും അവകാശമുണ്ട്.

കൊട്ടിയൂർ എസ്.എൻ.എൽ.പി. സ്‌കൂളിൽ എയ്ഡ്‌സ് ബോധവത്കരണ പരിപാടിക്കെത്തിയ നടൻ സുരേഷ് ഗോപിക്ക്‌ അനന്തു മുത്തം നൽകുന്നു, അടുത്ത്‌ അക്ഷര | ഫോട്ടോ: മധുരാജ് (2004)

സൈക്കോളജി പഠനത്തിനുശേഷം കുറച്ചുകാലം ജോലി ചെയ്തിരുന്നു, എന്തായിരുന്നു അനുഭവം?
സൈക്കോളജി 2020-ലാണ് ഞാൻ പൂർത്തിയാക്കിയത്. ഇതിനുപിന്നാലെ ഞങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ച് മാതൃഭൂമിയിൽ അടക്കം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിൻപ്രകാരം സർക്കാർ ഇടപെടുകയും വുമൺസ് പ്രൊട്ടക്‌ഷൻ ഓഫീസർ വീട്ടിലെത്തുകയും ചെയ്തു. അങ്ങനെ കണ്ണൂർ കളക്ടറേറ്റിലെ വുമൺ പ്രൊട്ടക്‌ഷൻ ഓഫീസിൽ വിഡോ ഹെൽപ് ഡെസ്ക് കോ-ഓർഡിനേറ്ററായി പത്തുമാസം താത്‌കാലിക ജീവനക്കാരിയായി ജോലിചെയ്തു. കേരള സർക്കാരിന്റെ കീഴിലുള്ള പ്രോജക്ടിനുവേണ്ടി ഫണ്ടിങ് നടത്തുന്നത് ഒരു വനിതാ ക്ലബ്ബായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ആദ്യ ജോലിയായിരുന്നു അത്. പ്രോജക്ടിന്റെ കാലാവധി തീർന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്, വീണ്ടും ഞാൻ തൊഴിൽരഹിതയായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ ഞങ്ങൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഇടപെടൽ ഉണ്ടായെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കളക്ടറുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥരെത്തി റിപ്പോർട്ട് തയ്യാറാക്കി. മാസങ്ങൾ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് മറ്റൊരു അറിയിപ്പും കിട്ടിയിട്ടില്ല. അത് ചുവപ്പുനാടയിൽ കുടുങ്ങിയോയെന്നാണ് എന്റെ ഭയം...

സാമ്പത്തിക സുസ്ഥിരതയില്ലാത്ത ജീവിതാവസ്ഥ, എച്ച്.ഐ.വി. ബാധിത - ഏതാണ് അക്ഷരയെ കൂടുതൽ ബാധിക്കുന്നത്
സാമ്പത്തിക സുരക്ഷിതത്വം ജീവിതത്തിൽ കുറച്ചുകാര്യത്തെ സാരമായി ബാധിക്കുന്നു. എച്ച്.ഐ.വി. പോസിറ്റീവ് എന്നത് ജീവിതത്തിൽ വേറെ കുറച്ച് കാര്യത്തെ ബാധിക്കുന്നു. ഇത് രണ്ടും പരസ്പര പൂരകംപോലെയാണ്. വിദ്യാഭ്യാസത്തിന് ഒരുപക്ഷേ, കുറച്ച് ഫീസ് മാത്രമേ ഉള്ളൂവെങ്കിൽ പഠിക്കാൻ കഴിഞ്ഞേക്കും. വിദ്യാഭ്യാസ ലോൺ എടുത്തിട്ടാണെങ്കിലും പഠിക്കാൻ കഴിയും. പക്ഷേ, എച്ച്.ഐ.വി. പോസിറ്റീവ് എന്ന സ്റ്റാറ്റസിൽ അതെനിക്ക് ചെയ്യാൻ കഴിയില്ല. മുൻകാല അനുഭവം എന്നെയത് ബോധവതിയാക്കിക്കഴിഞ്ഞിരിക്കുന്നു. പൊതു ഇടം നിഷേധിക്കപ്പെട്ടേക്കാം; ഹോസ്റ്റലും.

ടി.കെ. രമ മക്കളായ അക്ഷരയ്ക്കും അനന്തുവിനുമൊപ്പം പുറംതിരിഞ്ഞിരുന്ന്‌ എടുത്ത ഫോട്ടോ. (2019 ഡിസംബർ 8 മാതൃഭൂമി വാരാന്തപ്പതിപ്പ്‌) | ഫോട്ടോ: സി. സുനിൽകുമാർ

എന്റെ പൊതു ഇടങ്ങൾ
ഞാൻ അനുഭവിച്ച തീക്ഷ്ണമായ ജീവിതകാലം ഒരുപക്ഷേ, എന്റെ അനുജന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. കാരണം, അവനൊരു ആൺകുട്ടിയാണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് ഹോസ്റ്റൽ നിഷേധിക്കപ്പെട്ടു. എനിക്ക് പിരിയഡ്സ് ഉണ്ടാകും. ആൺകുട്ടികളെ സംബന്ധിച്ച് അവർക്കിതൊന്നും അനുഭവിക്കേണ്ടിവരില്ല. എനിക്ക് പിരിയഡ്സ് ഉണ്ടായാൽ ഞാൻ എങ്ങനെ ടോയ്‌ലറ്റ് ഉപയോഗിക്കും...? പഠനകാലം മുതൽക്കേ ഞാൻ ഇതൊക്കെ അനുഭവിച്ചുവന്ന വ്യക്തിയാണ്. ആൺകുട്ടികൾ ഇതുപോലുള്ള കാര്യത്തോട് കുറച്ചുകൂടി പോസിറ്റീവായാണ് പ്രതികരിക്കാറ്. അവർ മാറ്റം ഉൾക്കൊണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകൾ എപ്പോഴും കുടുംബമെന്ന തടവറയിലാണ്. കുടുംബം എന്ന തടവറയിൽ അവർ ചുറ്റപ്പെട്ടിരിക്കുന്നു. എന്റെ മകൾ എച്ച്.ഐ.വി. ബാധിച്ച ഒരുകുട്ടിക്കൊപ്പം പഠിച്ചാൽ നല്ല ആലോചനകൾ വരില്ലെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്റെ അനുജനെ ഇതിലേക്കൊന്നും വലിച്ചിടല്ലേയെന്ന് ഞാൻ അപേക്ഷിക്കാറുണ്ട്. അവൻ ബെംഗളൂരുവിലെ ഒരു സ്വകാര്യകമ്പനിയിൽ ചെറിയൊരു ജോലിചെയ്യുന്നുണ്ട്. നാട്ടിലുള്ള കുറെ കൂട്ടുകാർക്കൊപ്പമാണ് അവൻ ജോലിചെയ്യുന്നതും താമസിക്കുന്നതും. അവന്റെ ഐഡന്റിറ്റി എല്ലാവർക്കും അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ആ സുഹൃത്തുക്കൾ അവനെ ജോലിക്ക് കൊണ്ടുപോയതും ഒരുമിച്ചുതാമസിക്കുന്നതും.

മാറിയ രീതിശാസ്ത്രം; മാറാത്ത വിവേചനം
രീതിശാസ്ത്രം മാറിയെന്നേയുള്ളൂ, വിവേചനം അതിപ്പോഴും പഴയതുപോലുണ്ട്. പ്രൈമറി സ്കൂളിൽ അക്ഷരങ്ങൾക്കുപോലും വിലക്കുകല്പിച്ചു. പിന്നീട് ഞങ്ങൾക്ക് പഠിക്കാൻമാത്രം നിങ്ങൾ ക്ലാസ്‌ മുറിയൊരുക്കി. സൈക്കോളജി പഠിക്കുമ്പോൾ എനിക്ക് ഹോസ്റ്റൽ നിഷേധിക്കപ്പെട്ടു. അപ്പോൾ നിങ്ങൾ എനിക്കുവേണ്ടി മാത്രം ഒരു മുറിയൊരുക്കി. അവസാനം താത്‌കാലിക ജോലി നൽകിയപ്പോൾ നിങ്ങൾ എന്നെ പാർപ്പിച്ചത് എവിടെയായിരുന്നു? ഒരു നിർഭയാ ഹോമിൽ. ഹോസ്റ്റൽ കിട്ടാതായപ്പോൾ ഒരുമാസത്തോളം ഞാൻ കൊട്ടിയൂരിൽനിന്നും കണ്ണൂർ വരെ ബസിന് പോയിവരുകയായിരുന്നു. പിന്നെ കളക്ടറുടെ പ്രത്യേക അനുമതിപ്രകാരമാണ് പോക്സോ ഇരകളായ കുട്ടികൾക്കൊരുക്കിയ നിർഭയഹോമിൽ എന്നെ പാർപ്പിക്കുന്നത്. ആരുടെയെങ്കിലും ചെറിയ പിന്തുണയുണ്ടെങ്കിൽ ഞാൻ അതിജീവിച്ചുപോകും. എനിക്കൊപ്പം ഉണ്ടായിരുന്ന അന്തേവാസികളായ കുട്ടികളെ കാണുമ്പോൾ നെഞ്ചിടിപ്പുയരും. അവർ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന യാതന എനിക്കില്ലല്ലോയെന്ന് ഓർത്തുപോകാറുണ്ട്. സർക്കാർ ചെയ്തുതന്ന സഹായത്തെ കുറവാക്കുകയാണെന്ന് അർഥമാക്കരുത്, ഞാൻ എന്റെ ജീവിതാവസ്ഥ തുറന്നുപറഞ്ഞുവെന്നുമാത്രം. പഠനകാലത്ത് പൊതു ഇടങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ലൈബ്രറി മാത്രമായിരുന്നു എനിക്ക് ആശ്രയം. ഏകാന്തതയിൽ ഞാൻ എയ്തുപഠിച്ച അതിജീവനം ആ പുസ്തകങ്ങളും മാസികകളും മാത്രമായിരുന്നു. ഇപ്പോൾ പഠനം അവസാനിച്ചു... തൊഴിൽരഹിതയായി...

അക്ഷരയുടെ വായനയുടെ രീതി എങ്ങനെയാണ്?
എനിക്ക് ഇഷ്ടപ്പെട്ടത് മാത്രമാണ് വായിക്കാറുള്ളത്, വായിച്ചുതുടങ്ങുമ്പോൾ ഭാഷ ഇഷ്ടമായാൽ അതു തുടർന്ന് വായിക്കും. ഞാൻ ഇപ്പോൾ തേടിപ്പിടിച്ച് വായിക്കാറില്ല. എനിക്ക് ഏറെ ഇഷ്ടപ്പെട്ട നോവൽ ഖസാക്കിന്റെ ഇതിഹാസമാണ് നാലുതവണ ഞാനത് വായിച്ചിട്ടുണ്ട്. അത് പുനർവായന നടത്താൻ എന്തോ എനിക്കിഷ്ടമാണ്. മനുഷ്യരുടെ ട്രൂ സെൽഫ് എന്താണെന്ന് കാണിച്ചുതരുന്ന പുസ്തകമാണത്. എനിക്ക് പഴയ എഴുത്തുകാരെയാണ് ഇഷ്ടം. എം.ടി.യാണ് എന്റെ ഫേവറൈറ്റ് എഴുത്തുകാരൻ. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ എം.ടി.യുടെ നാലുകെട്ട് വായിക്കുന്നത്. പിന്നീട് എം.ടി.യുടെ കൃതികൾ തേടിപ്പിടിച്ച് വായിച്ചിട്ടുണ്ട്. കാലവും രണ്ടാമൂഴവും എനിക്ക് ഏറെ ഇഷ്ടമായി. സ്കൂളിൽ പഠിക്കുമ്പോൾ ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുക്കുമായിരുന്നു. അപ്പോഴൊക്കെ എം.ടി. വാസുദേവൻ നായർ എന്ന് പറഞ്ഞുകേൾക്കുമായിരുന്നു. ആരാണ് ഇയാൾ? എന്ന ചിന്ത എന്നിലുണ്ടായി. അങ്ങനെയാണ് നാലുകെട്ടിലേക്ക് എത്തുന്നത്. നാലുകെട്ട് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അപ്പുണ്ണി നടന്ന വഴികളും എന്റെ ഓർമയിലുണ്ട്. ഏകാന്തത നിറഞ്ഞ ബാല്യമായിരിക്കാം എം.ടി.യുടെ കഥാപാത്രങ്ങളോട് എന്നെ കൂടുതൽ അടുപ്പിച്ചത്. എന്റെ കോ​േളജ് കാലം ഏറ്റവും പ്രതിസന്ധി നിറഞ്ഞതായിരുന്നു. രാവിലെ വരുക, ഇന്റർവെൽ, ഉച്ചഭക്ഷണ സമയം, വൈകീട്ടത്തെ ഇന്റർവെൽ എന്നിങ്ങനെ എനിക്ക് കിട്ടുന്ന സമയത്തെല്ലാം ഞാൻ ലൈബ്രറിയിൽ പോകുമായിരുന്നു. സൗഹൃദമില്ലാത്തതുകൊണ്ട് മാത്രമല്ല, നമ്മളെ ഒഴിച്ചുനിർത്തുന്നുവെന്ന് ബോധ്യമുണ്ടായാൽ നമുക്ക് അടുക്കാനുള്ള താത്‌പര്യം നഷ്ടമാകുമല്ലോ! അപ്പോൾ എനിക്ക് ആശ്വാസം ലൈബ്രറി മാത്രമായിരുന്നു.

പുതിയ എഴുത്തുകൾ വായിക്കാറില്ലേ
ഇപ്പോൾ വായന കുറഞ്ഞുവെന്ന് പറഞ്ഞിരുന്നല്ലോ. പിന്നെ വായിച്ചിട്ടുള്ളതെല്ലാം പഴമയെ ആശ്രയിച്ചിട്ടുള്ളവയായിരുന്നു. പഴമയെയാണ് എനിക്ക് കൂടുതൽ സ്വീകരിക്കാനാവുക. പുതിയകാലത്തെ എഴുത്തുകാരിൽ എനിക്കിഷ്ടം സന്തോഷ് ഏച്ചിക്കാനത്തെയാണ്. അദ്ദേഹത്തിന്റെ എഴുത്തിൽ റിയാലിറ്റി അനുഭവിക്കാൻ കഴിയുന്നുണ്ട്. ബിരിയാണിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് കൊമാല എന്ന കഥയാണ്. മറാഠി ദളിത് എഴുത്തുകാരൻ ശരൺകുമാർ ലിംബാളയുടെ അക്കർമാശി എന്നെ പിടിച്ചുലച്ച പുസ്തകമാണ്. അത് വായിച്ചപ്പോൾ ആത്മകഥകൾ വായിക്കുന്നതിൽ എനിക്ക് പ്രിയം വർധിച്ചു. നടക്കില്ലെങ്കിലും ഞാൻ വെറുതേ ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്. എന്നെങ്കിലും ഒരു ആത്മകഥ എഴുതാൻ സാധിക്കുമെങ്കിൽ അക്കർമാശി പോലുള്ളൊരു ആത്മകഥയെഴുതണം. അത്രയ്ക്കും ട്രൂത്ത്ഫുൾ ആണത്. കരയുന്ന അവസ്ഥയിൽ അതെന്നെ കൊണ്ടുചെന്നെത്തിച്ചു. ഫൂലൻദേവിയുടെ ആത്മകഥ വായിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട ഒരുകാര്യം അവർ എന്തൊക്കെ ചെയ്തുവെന്നല്ല, അവർ അത്രയല്ലേ ചെയ്തുള്ളൂവെന്നാണ്. ഇപ്പോൾ അമീഷ് ത്രിപാഠിയെയാണ് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നത്. ഫാന്റസിയാണെങ്കിലും റാം, സീത, രാവൺ എന്നീ പുസ്തകങ്ങൾ എനിക്കിഷ്ടമാണ്.

ഇഷ്ടപ്പെട്ടൊരു പുസ്തകം വായിക്കുമ്പോൾ അക്ഷരയ്ക്ക് മനസ്സിൽ തോന്നുന്നതെന്താണ്?
കുറച്ചുകാലം ആ കഥാപാത്രങ്ങളുടെ കൂടെ നമ്മളും ഉണ്ടായിരുന്നുവെന്നൊരു തോന്നൽ. നമ്മുടെ റിയാലിറ്റി നമ്മൾ തന്നെ കൂടെനടന്ന് അവർക്കൊപ്പം കാണുന്നു. ഒരുകാലത്തെ മാത്രമല്ലല്ലോ ഒരുകഥ പ്രതിനിധാനം ചെയ്യുന്നത്‌. അനുഭവിച്ചറിയുന്ന കാര്യങ്ങൾ മുൻപേ കാണാനുള്ള അവസരം അവ ഉണ്ടാക്കിത്തരുന്നു. ജീവിതത്തിൽ പലകാര്യങ്ങളും ഇങ്ങനെ നടന്നിട്ടുണ്ടായിരുന്നുവെന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നുമുള്ള ബോധ്യം നമ്മളിൽ സൃഷ്ടിക്കുന്നു. അതാണ് നൊസ്റ്റാൾജിയയുടെ ഒരു പ്രത്യേകത. പണ്ടിങ്ങനെ നടന്നൂ. ഇപ്പോൾ കുറച്ചേ നടക്കുന്നുള്ളൂവെന്ന ആശ്വാസം. പഴമയെ വായിക്കാനെടുത്ത് പരാജയപ്പെട്ടത് തകഴിയുടെ ‘കയറി’ന് മുന്നിലാണ്. പിരിയോഡിക്സാണത്, അതിങ്ങനെ നീണ്ടുപോവുകയാണ്. വലിയൊരു ഹിസ്റ്ററികൂടിയാണ് കയർ. ആ ചരിത്രം വായിക്കാനുള്ള ക്ഷമവേണം എന്നുമാത്രം. ജീവിതത്തിൽ ഒരുപുസ്തകംപോലും എനിക്ക് ആരും സമ്മാനിച്ചിട്ടില്ല. എനിക്ക് കിട്ടുന്ന കാശ് സ്വരുക്കൂട്ടിവെച്ചാണ് ഞാൻ പുസ്തകങ്ങൾ വാങ്ങിയിട്ടുള്ളത്.

അമ്മയുടെ പോരാട്ടം ഇന്നെനിക്ക് സാധ്യമല്ല
അമ്മയുടെ പോരാട്ടവും അതിജീവനവും എന്നിലേക്കാണ് കൈമാറി വന്നത്. അപ്പോഴാണ് അതിന്റെ വ്യാപ്തി എനിക്ക് മനസ്സിലാകുന്നത്. എച്ച്‌.ഐ.വി. ബാധിതയെന്നറിയുമ്പോൾ അമ്മയെക്കാൾ ചെറുപ്പമായിരുന്നു ഞാൻ. 29 വയസ്സിൽ എച്ച്.ഐ.വി. സ്ഥിരീകരിക്കുമ്പോൾ അമ്മയ്ക്ക് ഈ ലോകത്ത് എന്തെങ്കിലും നടക്കുന്നുണ്ടെന്നെങ്കിലും ഊഹിക്കാനുള്ള കഴിവുണ്ടായിരുന്നു. പിന്നീട് അമ്മയ്ക്ക് രണ്ടു മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ചിന്തയായിരുന്നു. ആ ഒറ്റയാൾപ്പോരാട്ടം കണ്ടുവളർന്നവളാണ് ഞാൻ. അത് തുടർന്നുകൊണ്ടേയിരിക്കുന്നു. ഞാൻ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നുവെന്ന് താങ്കൾ ചിന്തിക്കുന്നുണ്ടാകും. അമ്മയുടെ കേൾവിശക്തി കുറഞ്ഞുവരുന്നു. ഇനിയവർക്ക് പൊരുതാനുള്ള ബാല്യമില്ല. ഇപ്പോഴും ചിലർ ചിന്തിക്കുന്നുണ്ട്. ഞങ്ങൾ സുഖമായാണ് ജീവിക്കുന്നതെന്ന്. (ചിരിക്കുന്നു)... അവർക്ക് എന്താണ് കുഴപ്പം... സമൂഹത്തിൽ ഇറങ്ങിനടക്കുന്നു, നല്ല വസ്ത്രങ്ങൾ ധരിക്കുന്നു. ഞാൻ ഇതെല്ലാം കേൾക്കുമ്പോൾ നിശ്ശബ്ദമായി ചിരിക്കാറുണ്ട്. നിങ്ങളും എന്നോടത് ചോദിച്ചുവല്ലോ, ഞങ്ങൾ എങ്ങനെയാണ് കഴിയുന്നതെന്ന്. ചില സുമനസ്സുകൾ ഞങ്ങൾക്കായി കരുതുന്ന ചെറിയ തുകകൊണ്ടാണ് ജീവിതം കരുപ്പിടിക്കുന്നത്. അവരുടെ ജീവിതത്തിലും പ്രതിസന്ധി ഉണ്ടായേക്കാം, ആ വാതിലും അടഞ്ഞാൽ? ഞങ്ങൾക്ക് പണമുണ്ടായിരുന്നുവെങ്കിൽ താങ്കൾ സാഹസപ്പെട്ട് കയറിവന്ന ഈ നടവഴി മാറ്റി ജീപ്പ് വരുന്ന ഒരു വഴിയെങ്കിലും വെട്ടിയേനെ...

തിരിച്ചിറങ്ങാൻ നേരമായിരിക്കുന്നു. പൊതുവേ വിഷാദച്ഛവി കലർന്ന അവളുടെ മുഖത്ത് നേരിയ പ്രത്യാശ കാണാമായിരുന്നു. ‘ഞാൻ എപ്പോഴും ശുഭാപ്തിവിശ്വാസി ആയിരുന്നു.’ -അക്ഷര പറഞ്ഞു

എന്താണ് ഭരണകൂടത്തിനോട് പറയാനുള്ളത്
വീട്ടിലേക്ക് വാഹനം എത്താൻ ഒരു വഴി, പിന്നെ തൊഴിൽരഹിത എന്ന മേൽവിലാസം മാറ്റാൻ ഒരു ജോലി. അത്രമാത്രം മതി.

Content Highlights: HIV infected family, Akshara Ananthu and Rama, AIDS, HIV positive, social, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented