'ഭീഷണികള്‍ വര്‍ധിച്ചു,മാധ്യമ സ്വാതന്ത്ര്യം മൂല്യമുള്ളതായിക്കാണുന്ന ഭരണകൂടമല്ല ഇപ്പോഴുള്ളത്'


അഭിലാഷ് മോഹനൻകേന്ദ്രസര്‍ക്കാരിനെ ഒറ്റ മാഗസിന്‍കവറിലൂടെ ശക്തമായി വിമര്‍ശിച്ചതിനാണ് റൂബന്‍ ബാനര്‍ജി എന്ന പ്രഗല്ഭനായ എഡിറ്റര്‍ക്ക് ഔട്ട്്‌ലുക്ക് മാഗസിനില്‍ നിന്ന് തന്റെ തൊഴില്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം Editor Missing - The media in today's India എന്ന പ്രശസ്തമായ പുസ്തകമെഴുതി. മാധ്യമ ഉടമസ്ഥര്‍ക്കെതിരേ പുസ്തകമെഴുതിയതു കൊണ്ട് റൂബന്‍ ബാനര്‍ജിക്ക് മറ്റാരും തൊഴില്‍ കൊടുത്തില്ല. മാതൃഭൂമി തിരുവനന്തപുരത്ത് നടത്തിയ SACRED FACTS എന്ന സംവാദപരിപാടിയില്‍എത്തിയപ്പോൾ റൂബനുമായി അഭിലാഷ് മോഹനൻ നടത്തിയ സംഭാഷണം...

interview

ഫോട്ടോ : ബിജു വർഗ്ഗീസ്

കാണാനില്ല!

പേര് - ഇന്ത്യാ ഗവണ്‍മെന്റ്

പ്രായം - 7 വയസ്സ്

കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്മാരെ വിവരമറിയിക്കുക

2021 മേയ് 24-ന് പുറത്തിറങ്ങിയ ഔട്ട്ലുക്ക് വാരികയുടെ മുഖചിത്രം ഇതായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗം നേരിടുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗതയും അലംഭാവവുമാണ് നിശിതവിമര്‍ശനമായി ഔട്ട്ലുക്ക് കവറില്‍ തെളിഞ്ഞത്. ആശുപത്രിക്കിടക്കയോ ഓക്‌സിജന്‍ സൗകര്യമോ കിട്ടാതെ നൂറുകണക്കിന് മനുഷ്യര്‍ ശ്വാസംമുട്ടിപ്പിടിഞ്ഞ ഭീതിദകാലത്തിലൂടെ രാജ്യം കടന്നുപോവുകയായിരുന്നു അന്ന്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നു. ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിലുള്ള ജനരോഷം ഔട്ട്ലുക്ക് കവറിലൂടെ പ്രതിഫലിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിചാരണചെയ്ത ആ ലക്കത്തിനുശേഷം ഔട്ട്ലുക്ക് എഡിറ്റര്‍ റൂബന്‍ ബാനര്‍ജിയുടെ ജീവിതം മാറിമറിഞ്ഞു. ധീരമായ ജേണലിസം എന്ന വാഴ്ത്തുപാട്ടുകള്‍ക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളൂ. സര്‍ക്കാരിനെ അലോസരപ്പെടുത്തിയ കവര്‍സ്റ്റോറിക്ക് ഉത്തരവാദിയായ എഡിറ്ററെ ഔട്ട്ലുക്ക് പുറത്താക്കി. പെട്ടെന്നൊരുനാള്‍ തൊഴില്‍രഹിതനായി മാറേണ്ടിവന്ന റൂബന്‍ ബാനര്‍ജി രാജ്യത്ത് അന്യംനിന്നുപോകുന്ന എഡിറ്റര്‍മാരെക്കുറിച്ച് ഒരു പുസ്തകമെഴുതി, എഡിറ്റര്‍ മിസ്സിങ് എന്നപേരില്‍. ഇന്ത്യയിലെ സമകാലിക മാധ്യമാവസ്ഥകളെക്കുറിച്ച് റൂബന്‍ ബാനര്‍ജി സംസാരിക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupഇന്നത്തെ ഇന്ത്യയില്‍ ഒരു മാധ്യമപ്രവര്‍ത്തകനായിരിക്കുക എന്നത് എന്താണ്?

നമ്മുടെ സമൂഹം വല്ലാതെ ധ്രുവീകരിക്കപ്പെട്ട അവസ്ഥയിലാണ്. അങ്ങനെയുള്ള സമൂഹത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുക എന്നത് തീര്‍ത്തും ദുഷ്‌കരമാണ്. വളരെ കുറച്ചു മാധ്യമങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍, നമ്മുടെ ന്യൂസ് റൂമുകള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പക്ഷംപിടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് അപകടകരമായ പ്രവണതയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ ചെറുക്കണം, പോരാടണം. അതുകൊണ്ട് എന്തു ഗുണമുണ്ടാകും എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും യുവമാധ്യമപ്രവര്‍ത്തകരോടുള്ള എന്റെ ഉപദേശം നിങ്ങള്‍ നന്നായി പോരാടണം എന്നുതന്നെയാണ്.

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം സാവധാനം മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് താങ്കള്‍ എഴുതി. പ്രതീക്ഷാനിര്‍ഭരമായി ഒന്നും കാണുന്നില്ലേ

സാവധാനം ശബ്ദഘോഷങ്ങളോടെ മരണത്തെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തനം. ഇത് ആദ്യമായി സംഭവിക്കുന്നതല്ല. നാലു പതിറ്റാണ്ടുമുമ്പ്, അടിയന്തരാവസ്ഥക്കാലത്ത് ഇത് സംഭവിച്ചിട്ടുണ്ട്. എല്‍.കെ. അദ്വാനി അന്ന് പറഞ്ഞിട്ടുണ്ടല്ലോ അവര്‍ കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ മുട്ടിലിഴിഞ്ഞു എന്ന്. അതുതന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. ഭരണകൂടത്തിന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ജയിലിലടയ്ക്കപ്പെടാം. യു.എ.പി.എ. കേസിലോ രാജ്യദ്രോഹക്കേസിലോ പ്രതിയാകാം. ഈ രാജ്യത്ത് വിയോജിക്കാനുള്ള സാധ്യതകള്‍ അടഞ്ഞുകൊണ്ടിരിക്കുകയാണ്. സമൂഹം അസഹിഷ്ണുതയിലേക്ക് ചുരുങ്ങിപ്പോയിക്കൊണ്ടിരിക്കുന്നു. ഈ അന്തരീക്ഷത്തില്‍ മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എനിക്ക് ജോലി നഷ്ടപ്പെട്ടത് ഞാന്‍ എഡിറ്റ് ചെയ്ത വാരികയുടെ കവര്‍സ്റ്റോറി നരേന്ദ്രമോദിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതായി എന്ന ഒരേയൊരു കാരണത്താലാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ ഞാന്‍ മോദിവിരുദ്ധനോ സര്‍ക്കാര്‍വിരുദ്ധനോ അല്ലതാനും. മാധ്യമപ്രവര്‍ത്തകന്‍ അങ്ങനെ ആകേണ്ട കാര്യമില്ല. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഒരു നിര്‍ണായകഘട്ടത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യമാണല്ലോ.

എഡിറ്റര്‍ മിസ്സിങ്' എന്ന താങ്കളുടെ പുസ്തകത്തില്‍ ഔട്ട്ലുക്ക് ഉടമസ്ഥന്‍ രാജന്‍ രഹേജയെ ആദ്യമായിക്കണ്ടത് വിവരിക്കുന്നുണ്ട്. എഡിറ്റോറിയല്‍ ചുമതല ഏല്‍പ്പിക്കുന്നതിനുമുമ്പ് അദ്ദേഹം നല്‍കിയ ഒരേയൊരു ഉപദേശം 'ആ രണ്ടുപേരെ സൂക്ഷിക്കണം' എന്നതായിരുന്നല്ലോ, താങ്കള്‍ അവരെ വേണ്ടത്ര സൂക്ഷിച്ചില്ലേ

ആരാണ് ആ രണ്ടുപേര്‍. താങ്കള്‍ക്ക് അറിയാമോ?

നരേന്ദ്രമോദിയും അമിത്ഷായും അല്ലേ

എനിക്കറിയില്ല. അദ്ദേഹം പേരുകള്‍ പറഞ്ഞില്ല. ആ രണ്ടുപേരെ സൂക്ഷിച്ചോളൂ എന്നു മാത്രമേ പറഞ്ഞുള്ളൂ. അത് ആരെക്കുറിച്ചാണ് എന്നത് നിങ്ങളുടെ നിഗമനത്തിന് വിടുന്നു. ഞാന്‍ കോണ്‍ഗ്രസോ ബി.ജെ.പി.യോ സി.പി.എമ്മോ ഒന്നുമായിരുന്നില്ല. എല്ലാ വശവും കേള്‍ക്കണം എന്നതാണ് എന്റെ തത്ത്വം. എല്ലാ നിലപാടുകള്‍ക്കും അര്‍ഹമായ പരിഗണനകൊടുക്കണം. എഡിറ്റോറിയല്‍ നിലപാടുകള്‍ എടുക്കാന്‍ മാധ്യമപ്രവര്‍ത്തകന് സ്വാതന്ത്ര്യമുണ്ട്, പക്ഷേ അയാളുടെ വാര്‍ത്ത ഏകപക്ഷീയമാവരുത്. വാര്‍ത്തയുടെ എല്ലാ വശങ്ങളും നല്‍കുമ്പോഴാണ് വായനക്കാരന് സ്വന്തംനിലയില്‍ അഭിപ്രായം രൂപവത്കരിക്കാന്‍ കഴിയുക. സമൂഹം ഇത്രമേല്‍ ധ്രുവീകരിക്കപ്പെട്ടുനില്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഏതെങ്കിലും ഒരു ധ്രുവത്തിലേക്ക് നീങ്ങാതിരിക്കുന്നതാണ് ഉചിതം. പക്ഷംപിടിച്ചാല്‍ വിഭജനത്തിന്റെ ആഴം കൂട്ടാനേ അത് ഉപകരിക്കൂ. സംവാദങ്ങളും സംഭാഷണങ്ങളുമാണ് വേണ്ടത്.

2019-നുശേഷം നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്ന രണ്ട് കവര്‍സ്റ്റോറികള്‍ ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈംമാഗസിന്‍ മോദിയെ ഡിവൈഡര്‍ ഇന്‍ ചീഫ് എന്ന് വിമര്‍ശിച്ചപ്പോള്‍, തിരഞ്ഞെടുപ്പാനന്തരം 'കോണ്‍ക്വറര്‍ ഇന്‍ ചീഫ്' എന്ന് മറുപടികൊടുത്തത് ഔട്ട്ലുക്ക് ആണ്. മോദി-ഷാ കൂട്ടുകെട്ടിനെക്കുറിച്ച് 'ജുഗല്‍ബന്ദി' എന്ന മറ്റൊരു കവര്‍ സ്റ്റോറിയും വന്നു. എഡിറ്റര്‍സ്ഥാനത്തുനിന്ന് പുറത്താക്കിയ വേളയില്‍ ഇതൊന്നും മാനേജ്മെന്റ് പരിഗണിച്ചില്ലേ

എഡിറ്റോറിയല്‍ നിലപാട് ഉടമസ്ഥന്റെ താത്പര്യത്തിനനുസരിച്ചുള്ളതാണെങ്കില്‍ പ്രശ്‌നമില്ല. അങ്ങനെയല്ലെങ്കില്‍ മിക്കസ്ഥാപനങ്ങളും ഇടപെടും. ഇന്നത്തെ കാലത്ത് എഡിറ്റോറിയല്‍ നിലപാട് രൂപവത്കരണം തീര്‍ത്തും ബുദ്ധിമുട്ടേറിയ ഒന്നാണ്. എഡിറ്റര്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. നിലപാട് ഉടമസ്ഥന്റെ ബിസിനസ് താത്പര്യത്തിന് വിരുദ്ധമായതാണെങ്കില്‍ എഡിറ്റര്‍ കുഴപ്പത്തിലാകും.

'സര്‍ക്കാരിനെ കാണാനില്ല' എന്ന കവര്‍ ആണോ അതോ നിശിതവിമര്‍ശനമടങ്ങിയ താങ്കളുടെ മുഖപ്രസംഗമാണോ യഥാര്‍ഥത്തില്‍ പ്രശ്‌നമായത്

അത് എനിക്കും അറിയില്ല. ഉടമകള്‍ പറഞ്ഞത് അവര്‍ കടുത്ത സമ്മര്‍ദത്തിലാണ് എന്നാണ്. കവറിന്റെ പേരിലാണോ എഡിറ്റോറിയലിന്റെ പേരിലാണോ ആ ലക്കത്തിലെ ലേഖനങ്ങളുടെ പേരിലാണോ സമ്മര്‍ദം ഉണ്ടായത് എന്ന് വ്യക്തമായി പറഞ്ഞില്ല. ആ ലക്കം ആകെ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം.

ആ മുഖപ്രസംഗത്തില്‍ താങ്കള്‍ പ്രധാനമന്ത്രിയുടെ 'അമ്പത്തിയാറിഞ്ച് നെഞ്ചളവി'നെ പരിഹസിച്ചു. ശക്തമെന്ന് പ്രചരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ ദുര്‍ബലമാണ് എന്ന് വിമര്‍ശിച്ചു. അതായിരിക്കില്ലേ പ്രകോപനമായത്?

ആ എഡിറ്റോറിയലില്‍ ഞാന്‍ നരേന്ദ്രമോദിയുടെയോ അമിത്ഷായുടെയോ പേര് പരാമര്‍ശിച്ചിട്ടില്ല. വലിയ നെഞ്ചളവുണ്ടെന്ന് അവകാശപ്പെടുന്ന നേതാക്കള്‍ ഒരു പ്രതിസന്ധിഘട്ടത്തില്‍ ദുര്‍ബലരായി എന്നാണ് ഞാന്‍ എഴുതിയത്. അവര്‍ ജനത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. അതായിരുന്നു എന്റെ വിമര്‍ശനം.

ആ ലക്കം ഇറങ്ങിയതിനുശേഷം വിവാദം ലഘൂകരിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നില്ലേ?

ഞാനത് പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കവര്‍ മാറ്റാന്‍ വലിയ സമ്മര്‍ദമുണ്ടായി. ഞാനതിനെ പ്രതിരോധിച്ചു. മുഖചിത്രം മാറ്റേണ്ടിവന്നാല്‍ അപ്പോള്‍ത്തന്നെ രാജിവെക്കുമെന്ന് മാനേജ്മെന്റിനെ അറിയിച്ചിരുന്നു.

പക്ഷേ, വെബ്‌സൈറ്റില്‍ വന്നപ്പോള്‍ ആ കവര്‍ missing ആയി!?

അത് അങ്ങനെയല്ല. കവറിനു പകരം ഒരു പ്രൊമോ വീഡിയോ അപ്ലോഡ് ചെയ്തു. മാസ്റ്റ് ഹെഡോ തീയതിയോ അതില്‍ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ അത് പുതിയ കവറാണെന്ന് പറയാന്‍ കഴിയില്ല. വിവാദം തണുപ്പിക്കാനാണ് അങ്ങനെ ചെയ്യേണ്ടിവന്നത്. അതൊരു കീഴടങ്ങലായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ പ്രൊമോ വീഡിയോയുടെ അവസാനം കവര്‍കൂടി ചേര്‍ത്തു. സാങ്കേതികമായി കവര്‍ മാറ്റി എന്ന് പറയാനാകില്ല. അത് മറച്ചു എന്നു പറയുന്നതാകും ശരി.

സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലക്കത്തിന്റെ മുഖചിത്രം ട്വീറ്റ് ചെയ്ത ഉടനെത്തന്നെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സന്ദേശം താങ്കള്‍ക്ക് കിട്ടിയിരുന്നല്ലോ. അതിനപ്പുറം സര്‍ക്കാരില്‍നിന്നോ ഭരണകക്ഷിയില്‍നിന്നോ നേരിട്ടുള്ള സമ്മര്‍ദമുണ്ടായിരുന്നോ

ഇല്ല. എല്ലാ സമ്മര്‍ദവും ഉടമസ്ഥരുടെ മേലായിരുന്നു.

ഔട്ട്ലുക്ക് ഉടമസ്ഥരുമായുള്ള സംഭാഷണത്തിനിടെ ഒരു ജേണലിസ്റ്റിന് അയാളുടെ സ്ഥാപനം ഉണ്ടെങ്കിലേ നിലനില്‍ക്കാന്‍ കഴിയൂ എന്ന് പറഞ്ഞിരുന്നല്ലോ. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നുണ്ടോ

പൂര്‍ണമായും ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് അയാളുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയും പ്രചാരവും നിലനില്‍പ്പും നിര്‍ണായകമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാടകകൊടുക്കാനും കുട്ടികളെ സ്‌കൂളില്‍ അയക്കാനുമൊക്കെ കഴിയണമെങ്കില്‍ ഒരു സ്ഥാപനം ഉണ്ടാകണമല്ലോ. ഒരു പ്രസിദ്ധീകരണം ഇല്ലെങ്കില്‍ നിങ്ങള്‍ എവിടെ മാധ്യമപ്രവര്‍ത്തനം നടത്തും.

പല മാധ്യമപ്രവര്‍ത്തകരും സ്വന്തംനിലയില്‍ ജേണലിസം ചെയ്യുന്നുണ്ടല്ലോ. ഡിജിറ്റല്‍ കാലത്ത് അതും സാധ്യതയാണ്.

ഉണ്ട്. സ്വന്തംനിലയില്‍ വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കും. എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. എല്ലാ വശങ്ങള്‍ക്കും ഇടമുള്ള മാധ്യമപ്രവര്‍ത്തനമാണ് എന്റെ രീതി. അതിനൊരു സ്ഥാപനം ആവശ്യമുണ്ട്. സെലിബ്രിറ്റി ജേണലിസത്തില്‍ എനിക്ക് വിശ്വാസമില്ല.

സോഷ്യല്‍ മീഡിയയുടെ കാലമാണ്. മാധ്യമപ്രവര്‍ത്തകര്‍ ആസൂത്രിതമായ വ്യക്തിഹത്യയ്ക്കും ആക്രമണങ്ങള്‍ക്കും ഇരയാകുന്നുണ്ട്, അവര്‍ ജോലിചെയ്യുന്നതിന്റെ പേരില്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഈ സൈബര്‍ബുള്ളിയിങ് ബാധിക്കുമോ?

അവഗണിക്കണം അത്. എനിക്ക് പലതവണ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞാന്‍ അത് കാര്യമാക്കിയിട്ടില്ല. ആസ്വദിച്ചിട്ടേയുള്ളൂ. വായിച്ച് ചിരിച്ച് വിടും.

താങ്കള്‍ ഒരു സെന്‍ട്രിസ്റ്റ് ആണ് എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ പക്ഷംപിടിക്കേണ്ടതുണ്ടോ?

മാധ്യമപ്രവര്‍ത്തകര്‍ എഡിറ്റോറിയല്‍ നിലപാട് എടുക്കുന്നതില്‍ ഒരു തെറ്റുമില്ല. ഒരു വാര്‍ത്തയുടെ എല്ലാ വശങ്ങളും നല്‍കിയിട്ടുവേണം അത്. ജേണലിസ്റ്റ് എല്ലാ വാദങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയതിനുശേഷം അഭിപ്രായം പറഞ്ഞാല്‍ എന്താണ് കുഴപ്പം? ഏകപക്ഷീയമാകരുത് അയാളുടെ റിപ്പോര്‍ട്ടിങ് എന്നേയുള്ളൂ.

ഒരു ദിവസം പെട്ടെന്ന് ജോലി നഷ്ടമായ ആളാണ് താങ്കള്‍. തൊഴില്‍രഹിതനായ ഒരു ജേണലിസ്റ്റിന്റെ ജീവിതം എങ്ങനെയാണ്?

കഷ്ടമാണ്. എന്റെ മനസ്സ് ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. വല്ലാത്ത അസ്വസ്ഥത തോന്നും. രാജ്യത്ത് ധാരാളം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് എഴുതാന്‍ പ്രസിദ്ധീകരണമില്ലാതായി. അത് വളരെ പ്രയാസകരമാണ്. ശമ്പളമില്ലാതായതിനെത്തുടര്‍ന്നുള്ള സാമ്പത്തികപ്രശ്‌നങ്ങള്‍ വേറെയും. ധാരാളം പണം സമ്പാദിക്കാനായല്ല ഒരാള്‍ മാധ്യമപ്രവര്‍ത്തകനാകുന്നത്. പക്ഷേ, മാന്യമായി ജീവിക്കണമല്ലോ. ജോലിയില്ലായ്മ നമ്മളെ സാമ്പത്തികമായി വല്ലാതെ ഞെരുക്കും.

ജോലി നഷ്ടപ്പെടുന്ന ആദ്യ എഡിറ്ററല്ല താങ്കള്‍. ഹിന്ദുസ്ഥാന്‍ ടൈംസില്‍ സഹപ്രവര്‍ത്തകനായിരുന്ന ബോബി ഘോഷിന് ജോലി നഷ്ടമായത് ഹെയ്റ്റ്ട്രാക്കര്‍ എന്നപേരില്‍ വിദ്വേഷ അക്രമങ്ങളെ പ്രതിപാദിക്കുന്ന കോളം തുടങ്ങിയതിനായിരുന്നല്ലോ. ഇന്ത്യയില്‍ എഡിറ്റര്‍മാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം കുറവാണ് എന്നാണോ ഇത് സൂചിപ്പിക്കുന്നത്?

പണ്ടും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അരുണ്‍ ഷൂരിയെ ഇന്ത്യന്‍ എക്‌സ്പ്രസ് രണ്ടുതവണ എഡിറ്റര്‍സ്ഥാനത്തുനിന്ന് പുറത്താക്കിയിട്ടുണ്ട്. എഡിറ്റര്‍മാരെ എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാവുന്ന ചരക്കായിട്ടാണ് പല ഉടമസ്ഥരും കാണുന്നത്. ഉടമസ്ഥര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ നിങ്ങളെ പറഞ്ഞുവിടും. ഈ കാലത്ത് എഡിറ്റര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്‌കരമായിമാറി. മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം മൂല്യമുള്ളതായിക്കാണുന്ന ഒരു ഭരണകൂടമല്ല ഇപ്പോഴുള്ളത്. ഭീഷണികള്‍ വര്‍ധിച്ചു. ഉടമസ്ഥര്‍ക്ക് സര്‍ക്കാരുമായുള്ള ബന്ധം ഉലയരുത് എന്ന നിര്‍ബന്ധബുദ്ധിയുണ്ട്. സര്‍ക്കാരിനെതിരേ മാധ്യമപ്രവര്‍ത്തകന്‍ ഒരു ചെറുവിരലനക്കം നടത്തിയാല്‍പ്പോലും പല ഉടമസ്ഥരും അസ്വസ്ഥരാകും. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തോട് ഇക്കാലത്തെ പല മാധ്യമ ഉടമകള്‍ക്കും പ്രതിപത്തിയില്ല. വളരെ കുറച്ച് അപവാദങ്ങള്‍ മാത്രമാണുള്ളത്. വിരലിലെണ്ണാവുന്ന ഉടമസ്ഥര്‍ മാത്രമാണ് പോരാട്ടത്തിന് പിന്‍ബലവും പിന്തുണയും നല്‍കുന്നത്. ബാക്കിയുള്ളവരെല്ലാം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നവരാണ്.

ഭാവി എന്ത് എന്ന് ആലോചിച്ചിട്ടുണ്ടോ?

എഴുതാന്‍ എനിക്ക് പ്രസിദ്ധീകരണമൊന്നുമില്ല. ജോലി പോയതിനുശേഷം പുസ്തകമെഴുത്തിലേക്ക് കടന്നു. അതിന്റെ തിരക്കുകളിലായിരുന്നു. പുസ്തകം നന്നായി സ്വീകരിക്കപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം. വായനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ട്. മാധ്യമ ഉടമസ്ഥര്‍ക്കെതിരേ പുസ്തകം എഴുതിയ എനിക്ക് വേറൊരു ജോലി കിട്ടാനുള്ള സാധ്യത വിരളമാണല്ലോ. കൂടുതല്‍ പുസ്തകങ്ങള്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്. പുതുതലമുറ മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്. അതിനുള്ള അവസരം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. മികച്ച പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞാല്‍ അത് നല്‍കുന്ന ആത്മസംതൃപ്തി വലുതായിരിക്കും.

(മാതൃഭൂമി വാരാന്തപ്പതിപ്പിൽ 16-10-22ന് പ്രസിദ്ധീകരിച്ചത്)

Content Highlights: rooben banerjee inetrview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented