അസമത്വത്തിനുള്ള പരിഹാരം സംവരണമല്ല; സമ്പത്തിന്റെ പുനര്‍വിതരണമാണ്- എം. കുഞ്ഞാമന്‍


കെ എ ജോണി

എല്ലാ തരത്തിലുമുള്ള സംവരണം അവസാനിപ്പിക്കുകയാണ് വേണ്ടത്. സാമ്പത്തിക സംവരണം ഭരണഘടന വിഭാവന ചെയ്തിട്ടില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഇനിയങ്ങോട്ട് ഒരു തരത്തിലുള്ള സംവരണവും ആവശ്യമില്ല എന്നാണെന്റ അഭിപ്രായം- എം. കുഞ്ഞാമനുമായി അഭിമുഖം

പ്രൊഫ. എം. കുഞ്ഞാമൻ | ഫോട്ടോ: പ്രവീൺ ദാസ് മാതൃഭൂമി

"ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനര്‍ത്തുകയാണ് സംവരണം ചെയ്യുന്നത്. സാമ്പത്തിക സമത്വത്തിലൂടെ മാത്രമേ ജാതീയത ഇല്ലാതാക്കാനാവുകയുള്ളു. സംവരണമല്ല അതിനുള്ള പരിഹാരം. നിലവിലുള്ള സംവരണം രണ്ട് തലമുറകള്‍ക്കായി പരിമിതപ്പെടുത്തണം. അതിനൊപ്പം സമ്പത്തിന്റെ പുനര്‍വിതരണത്തിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ തുടങ്ങുകയും വേണം. സംവരണം അനന്തകാലത്തേക്ക് തുടരാനാവില്ല."- കുഞ്ഞാമൻ

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയ്‌ക്കൊപ്പം സാമ്പത്തിക പരാധീനതയും സംവരണത്തിനുള്ള മാനദണ്ഡമാണെന്നും അത് ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് സുപ്രീം കോടതിയുടെ വ്യാഖ്യാനം. സംവരണം എന്ന പരികല്‍പനയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കൈവരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളില്‍ പുതിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫ. എം. കുഞ്ഞാമന്‍ ഈ വിഷയത്തില്‍ മാതൃഭൂമി ഡോട്ട്‌ കോമിനോട് പ്രതികരിക്കുന്നു.സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണെന്നും സാമൂഹ്യനീതിയുടെ നിഷേധമാണെന്നും നിരീക്ഷണമുണ്ട്. എന്താണ് പറയാനുള്ളത്?

എല്ലാ തരത്തിലുമുള്ള സംവരണം അവസാനിപ്പിക്കുകയാണ് വേണ്ടത്. സാമ്പത്തിക സംവരണം ഭരണഘടന വിഭാവന ചെയ്തിട്ടില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഇനിയങ്ങോട്ട് ഒരു തരത്തിലുള്ള സംവരണവും ആവശ്യമില്ല എന്നാണെന്റ അഭിപ്രായം.

സമൂഹത്തിന്റെ ഒരു തലത്തിലും സംവരണം വേണ്ടെന്നാണോ പറയുന്നത്?

അതെ! സംവരണമല്ല സമ്പത്തിന്റെ പുനര്‍വിതരണമാണ് വേണ്ടത്. സാമ്പത്തിക അസമത്വം ഇല്ലാതാക്കണം. എന്നാല്‍, അതിനുള്ള പരിഹാരം സംവരണമല്ല. സമത്വം കൊണ്ടുവരണമെങ്കില്‍ സമ്പത്തിന്റെ പുനര്‍വിതരണം നടക്കണം. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തലപ്പത്തുള്ളവരുടെ വര്‍ഗ്ഗതാത്പര്യം പക്ഷേ, ഈ പുനര്‍വിതരണത്തിന് എതിരാണ്.

സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനാണല്ലോ ഭരണഘടനയുടെ ശില്‍പികള്‍ സംവരണത്തെ അനുകൂലിച്ചത്. ആ അവസ്ഥ ഇപ്പോള്‍ ഇല്ലെന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?

അങ്ങനെയല്ല, സംവരണം എന്തിനാണ് കൊണ്ടുവന്നത്? സമൂഹത്തിലെ ചില വിഭാഗങ്ങളെ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്നു മാറ്റി നിര്‍ത്തിയിരുന്നു. അവര്‍ക്ക് ഈ പ്രക്രിയയില്‍ പങ്കാളിത്തവും പ്രാതിനിധ്യവും നല്‍കണമെന്ന ചിന്തയുടെ പുറത്താണ് സംവരണം ഏര്‍പ്പെടുത്തിയത്. അല്ലാതെ അസമത്വത്തിനുള്ള പരിഹാരം എന്ന നിലയ്ക്കല്ല. ഭരണഘടനാ അസംബ്ലിയിലെ പ്രസംഗങ്ങളിലും 'ജാതിയുടെ ഉന്മൂലനം,' 'അസ്പൃശ്യരോട് കോണ്‍ഗ്രസും ഗാന്ധിയും ചെയ്തത്' എന്നീ ഗ്രന്ഥങ്ങളിലും അംബദ്കര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പു വരുത്താനായോ? അങ്ങിനെ ഉറപ്പു വരുത്താനായിട്ടില്ലെങ്കില്‍ പിന്നെ സംവരണം വേണ്ടെന്ന് വെയ്ക്കാനാവുമോ?

രണ്ട്, മൂന്ന് മേഖലകളില്‍ പങ്കാളിത്തവും പ്രാതിനിധ്യവും ഇനിയുമുണ്ടായിട്ടില്ല. സൈന്യത്തിലും ഉന്നത ജുഡീഷ്യറിയിലും രാജ്യസഭയിലും ഇപ്പോഴും സംവരണമില്ല. തൊട്ടുകൂടായ്മയുടെ ഇരകളായിരുന്നതു കൊണ്ടാണ് ദളിതര്‍ക്ക് സംവരണം നല്‍കിയത്. ഭൂമിശാസ്ത്രപരമായി വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വരുന്നതു കൊണ്ടാണ് ആദിവാസകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സാമ്പത്തിക സംവരണം വ്യവസ്ഥ ചെയ്യുന്നതിലൂടെ ഈ അടിസ്ഥാനപരമായ സമീപനമാണോ കോടതി റദ്ദാക്കിയിരിക്കുന്നത്?

സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മോഹന്‍ ഗോപാല്‍ ഇക്കാര്യം സമര്‍ത്ഥിച്ചിട്ടുണ്ട്. ദളിതരേയും ആദിവാസികളേയും മറ്റ് പിന്നാക്ക വിഭാഗക്കാരേയും ഇപ്പോള്‍ കൊണ്ടുന്നിട്ടുള്ള സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് അടിസ്ഥാനപരമായി തെറ്റാണെന്നാണ് മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടിയത്.

സാമ്പത്തിക സംവരണം തത്വത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നാണോ താങ്കളുടെയും നിലപാട്?

ഞാന്‍ അതല്ല പറഞ്ഞുവരുന്നത്. സമത്വമുണ്ടാവണമെങ്കില്‍ സംവരണമല്ല; സമ്പത്തിന്റെ പുനര്‍വിതരണമാണുണ്ടാവേണ്ടത്. അതിനുള്ള സമൂര്‍ത്ത നടപടികളാണ് സംസ്ഥാന നിയമസഭകളും പാര്‍ലമെന്റും കൊണ്ടുവരേണ്ടത്. കൃഷിഭൂമിയുടെ പുനര്‍വിതരണം ഉള്‍പ്പെടെയുള്ള നടപടികളാണ് വേണ്ടത്. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി നിഷേധിച്ചവര്‍ക്ക് നീതിയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. പാര്‍ലമെന്ററി ജനാധിപത്യമാണ് നമ്മുടേതെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും നടക്കണം. അതിനായുള്ള നടപടിക്രമങ്ങൾക്കാണ്‌ തുടക്കമിടേണ്ടത്. വ്യക്തികള്‍ക്കല്ല, വിവിധ വിഭാഗങ്ങള്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തിയത്. സംവരണം എന്ന യഥാർത്ഥ പരികല്‍പനയില്‍ വ്യക്തികളില്ല, സമൂഹങ്ങളാണുള്ളത്. ഇപ്പോള്‍ ഈ വിധിയിലൂടെ സുപ്രീം കോടതി വ്യക്തികളെ സംവരണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വ്യക്തികള്‍ക്കാണ് പത്ത് ശതമാനം സംവരണം.

ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങളിലും ഉള്ളവര്‍ സാമൂഹികമായും സാമ്പത്തികമായും ഉന്നമനം കൈവരിക്കുന്നതോടെ ക്രീമിലെയറായി മാറുന്നുണ്ട്. ഇവരെ സംവരണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിന് നടപടികളുണ്ടാവുന്നുണ്ട്. ശരിക്കും പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് ഈ പ്രക്രിയ സഹായിക്കുന്നില്ലേ?

ആദിവാസികളില്‍ തന്നെ ഒരു വിഭാഗം സാമ്പത്തികമായി വളരെ ഉയര്‍ന്ന തലങ്ങളില്‍ ജീവിക്കുന്നവരുണ്ട്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കുറച്ച് കൊല്ലങ്ങള്‍ മുമ്പ് സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളിലുള്ള ആദിവാസികളില്‍ ( മലയരയ, കാണി വിഭാഗങ്ങളിലുള്ളവര്‍ ) വന്‍പണക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലെ അതിസമ്പന്നരില്‍ മൂന്ന് ശതമാനം ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അന്ന് ഞാന്‍ മുന്നോട്ടുവെച്ച ഒരു നിലപാട് സംവരണം ഒരു കുടുംബത്തിലെ രണ്ട് തലമുറകള്‍ക്കായി പരിമിതപ്പെടുത്തണമെന്നായിരുന്നു. അത് വലിയ ഒച്ചപ്പാടിനിടയാക്കി. കാര്യങ്ങള്‍ സമചിത്തതയോടെ , സംയമനത്തോടെ ചര്‍ച്ച ചെയ്യാന്‍ നമുക്കാവുന്നില്ല എന്നത് വലിയൊരു പ്രശ്‌നമാണ്.

സമത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. അദാനിക്കും പിച്ചക്കാരനും കടത്തിണ്ണയില്‍ കിടന്നുറങ്ങാന്‍ ഒരുപോലെ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അദാനിക്ക് ആ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്നാല്‍, പിച്ചക്കാരന് മുന്നില്‍ ആ ഒരൊറ്റ വഴിയേയുള്ളു. അങ്ങിനെ വരുമ്പോള്‍ ആ സ്വാതന്ത്ര്യത്തിലും അവകാശത്തിലും എന്തര്‍ത്ഥമാണുള്ളത്? അടിസ്ഥാനപരമായി നമ്മുടെ സമൂഹം നേരിടുന്ന ചോദ്യങ്ങളാണിത്. സമ്പത്തിന്റെ പുനര്‍വിതരണമാണ് ഇതിനുള്ള മുഖ്യ ഉത്തരം. അതിന് വേറെ കുറുക്കുവഴികളില്ല. അമേരിക്കയില്‍ 1787-ല്‍ നിലവിൽ വന്ന ഭരണഘടനയില്‍ എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. വെളുത്ത പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു അന്ന് വോട്ടവകാശം. കറുത്തവരും സ്ത്രീകളും അതില്‍ പെട്ടിരുന്നില്ല. അതാണ് ജനാധിപത്യത്തിനും ഭൂരിപക്ഷത്തിനും പുറത്ത് തീര്‍പ്പ് വരുത്തേണ്ട വിഷയങ്ങളുണ്ടെന്ന് എബ്രഹാം ലിങ്കണ്‍ പറഞ്ഞത്. ഭരണഘടന അസംബ്ലിക്ക് പുറത്താണ് സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം നേരിടേണ്ടി വരുന്നതെന്ന് അംബദ്കര്‍ പറഞ്ഞത് ഇതോട് ചേര്‍ത്ത് വായിക്കണം. നമ്മുടെ മക്കളുടെ അസുഖത്തിന് ശസ്ത്രക്രിയ വേണമോ വേണ്ടയോ എന്നത് ജനാധിപത്യപരമായി തീരുമാനിക്കാനാവില്ല. അത് വിദഗ്ദനായ ഒരു സര്‍ജന്റെ തീരുമാനത്തിന് വിടുകയാണ് വേണ്ടത്.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പരിമിതികളിലേക്കാണ് താങ്കള്‍ വിരല്‍ ചൂണ്ടുന്നത്?

അതെ! ബ്രസീലില്‍ ലുല തിരിച്ചുവന്നത് എങ്ങിനെയാണ്? ലുല കമ്മ്യൂണിസ്റ്റല്ല, ലെഫ്റ്റിസ്റ്റാണ്. കമ്മ്യൂണിസവും വര്‍ഗ്ഗസമരവും പറഞ്ഞിട്ടല്ല ലുല അധികാരം പിടിച്ചത്. അദ്ദേഹം അവിടത്തെ വരേണ്യ വിഭാഗക്കാരുമായി സന്ധി ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ പരിമിതിയാണത്. മര്‍ദ്ദകരുടെയും ചൂഷകരുടെയും സമ്മതം കൂടിയുണ്ടെങ്കിലേ ഇവിടെ പല വിഷയങ്ങളിലും തീരുമാനമെടുക്കാനാവുകയുള്ളു. കേരളത്തില്‍ ഇപ്പോള്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. ' ഒറ്റപ്പെട്ട സംഭവങ്ങള്‍ ' നോക്കാം. എല്ലാ ഒറ്റപ്പെട്ട സംഭവങ്ങളിലും ശിക്ഷിക്കപ്പെടുന്നത് പാവപ്പെട്ടവരാണ്. അട്ടപ്പാടിയിലെ മധു, വാളയാറിലെ കുട്ടികള്‍, ആറ്റിങ്ങലില്‍ പൊതുമദ്ധ്യത്തില്‍ പോലീസുകാര്‍ മോഷ്ടാവെന്ന് മുദ്ര കുത്തി അപമാനിച്ച എട്ടു വയസ്സുകാരി- ഇവരുടെ പൊതുഘടകം ഇവര്‍ പാവപ്പെട്ടവരാണെന്നതാണ്. Justice is not for the poor. നീതി ലഭിക്കുന്നില്ലെന്ന് അദാനിയോ അംബാനിയോ പറയാറുണ്ടോ? ആറ്റിങ്ങലിലെ കുട്ടിയുടെ പിതാവ് പറയും നീതി ലഭിച്ചില്ലെന്ന്, വാളയാറിലെ കുട്ടികളുടെ അമ്മ പറയും നീതി ലഭിച്ചില്ലെന്ന്. നീതി അവര്‍ക്കുള്ളതല്ല. ജുഡീഷ്യറിയെ നീതിന്യായ വ്യവസ്ഥയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. നീതിയുടെയല്ല ന്യായത്തിന്റെ വ്യവസ്ഥയാണത്. നിങ്ങളുടെ കേസ് നടത്താന്‍ അഭിഭാഷകരായ കെ.കെ. വേണുഗോപാലിനെയോ ഹരിഷ് സാല്‍വെയെയോ കപില്‍ സിബലിനെയോ കിട്ടുമോ?

സംവരണത്തെ വൈകാരികമായി സമീപിക്കരുത്. ഇവിടത്തെ പ്രശ്നം ഞാനല്ല. ഒരു സാമൂഹ്യ ശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് ഞാന്‍ ഈ വിഷയത്തെ സമീപിക്കുന്നത്. എനിക്കവരോട് പറയാനുള്ളത് അവര്‍ ശരിക്കും അംബദ്കറിന്റെ പാത പിന്തുടരണമെന്നാണ്. അദ്ദേഹം ശാസ്ത്രീയമായാണ് തന്റെ ചിന്താ പദ്ധതികള്‍ അവതരിപ്പിച്ചത്. ബ്രാഹ്‌മണര്‍ക്ക് അഴിമതി നടത്താമെങ്കില്‍ ദളിതര്‍ക്കും ആവാമെന്ന് മായാവതി പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തു. ഇത്തരം രാഷ്ട്രീയ നേതാക്കള്‍ പുറന്തള്ളപ്പെടണമെന്ന് ഞാന്‍ പറഞ്ഞു. ബിഎസ്പി ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. എന്നെ ശാരീരികമായി നേരിടും എന്ന് ഭീഷണിയുണ്ടായി
.

സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ കഴിയുന്നവര്‍ക്ക് ഒരു പോലെ മത്സരിക്കാനുള്ള പരിസരം സൃഷ്ടിക്കലാണ് സംവരണം എന്ന് പറയാറുണ്ട്. അങ്ങിനെയൊരു പരിസരം സംജാതമായിട്ടില്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് സംവരണം പിന്‍വലിക്കാനാവുക?

ജാതീയത ഇല്ലാതാക്കുകയല്ല ജാതീയത നിലനര്‍ത്തുകയാണ് സംവരണം ചെയ്യുന്നത്. സാമ്പത്തിക സമത്വത്തിലൂടെ മാത്രമേ ജാതീയത ഇല്ലാതാക്കാനാവുകയുള്ളു. സംവരണമല്ല അതിനുള്ള പരിഹാരം. നിലവിലുള്ള സംവരണം രണ്ട് തലമുറകള്‍ക്കായി പരിമിതപ്പെടുത്തണം. അതിനൊപ്പം സമ്പത്തിന്റെ പുനര്‍വിതരണത്തിനുള്ള നിയമനിര്‍മ്മാണ പ്രക്രിയ തുടങ്ങുകയും വേണം. സംവരണം അനന്തകാലത്തേക്ക് തുടരാനാവില്ല. വിഭവ ദരിദ്രരായവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമുണ്ടാവണം. സോഷ്യല്‍ സെക്യൂരിറ്റിയല്ല, ഇക്കണോമിക് സെക്യൂരിറ്റിയാണ് വേണ്ടത്. പെന്‍ഷനല്ല, ഭൂമിക്കുള്ള അവകാശമുണ്ടാവണം. തുടര്‍ന്ന് സമ്പത്തിന്റെ പുനര്‍വിതരണം നടക്കണം. ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ഭാഗമായി ഇത് വരണം. ജീവിക്കാനുള്ള അവകാശം. ഈ അവകാശത്തില്‍ നിന്നാണ് മറ്റെല്ലാമുണ്ടാവുന്നത്. റൈറ്റ് ടു ലൈഫ് സാര്‍ത്ഥകമാവണമെങ്കില്‍ ഉപജീവനത്തിനുള്ള അവകാശം വേണം. ഇക്കാര്യം സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇത് നല്‍കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. റൈറ്റ് ടു പ്രോപ്പര്‍ട്ടി മൗലിക അവകാശമാക്കണം. ഭരണഘടനയില്‍ രണ്ടവകാശങ്ങളെക്കുറിച്ച് പറയുന്നുണ്ട് - justiciable and non justiciable rights. നമുക്കൊരു വ്യക്തിയുടെ സ്വാതന്ത്ര്യം എടുത്തു കളയാന്‍ പറ്റില്ല. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടാല്‍ നമുക്ക് കോടതിയില്‍ പോകാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രണ്ട് സുപ്രധാന നിയമ നിര്‍മ്മാണങ്ങളുണ്ടായി. വിവരാവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ഗംഭീരമായ ചില മാറ്റങ്ങളുണ്ടാക്കാം എന്നതിനുള്ള ഉദാഹരണമായിരുന്നു ഇത്.

സമ്പത്തിന്റെ കേന്ദ്രീകരണവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. രാഷ്ട്രീയ പാര്‍ട്ടികളും മതസ്ഥാപനങ്ങളും കോര്‍പറേറ്റുകളും സമ്പത്ത് സമാഹരിക്കുകയും കുന്നുകൂട്ടുകയും ചെയ്യുന്നുണ്ട്. ഇവരുടെ കൈയ്യിലുള്ള സ്വത്തുക്കള്‍ പുനര്‍വിതരണം ചെയ്യണം. ശമ്പളം വാങ്ങുന്ന വിഭാഗക്കാരെ പിഴിയുകയല്ല വേണ്ടത്. ഇതിന് ഭരണഘടനയുടെ വഴികളിലൂടെ തന്നെ നീങ്ങാം. ഇതില്‍ ബഹുതലസ്പര്‍ശിയായ സമീപനം കൊണ്ടുവരാം. കൈയ്യില്‍ അടക്കിവെച്ചിരിക്കുന്ന സമ്പത്തിന്റെ പത്ത് ശതമാനം ദരിദ്രര്‍ക്ക് നല്‍കാന്‍ ഇവരോട് ആവശ്യപ്പെടാം. വെല്‍ത്ത് ടാക്‌സ് ഏര്‍പ്പെടുത്താം. പരമ്പരാഗതമായി കിട്ടുന്ന സ്വത്തിന് നികുതി പിരിക്കാം. കോര്‍പറേറ്റ് ടാക്‌സ് കൂട്ടാം. ഇതൊന്നും നടക്കില്ലെന്ന് പറയരുത്. നടക്കില്ലെന്ന് വിചാരിച്ച പലതും ഇവിടെ നടന്നിട്ടുണ്ട്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് അമേരിക്കയില്‍ വോട്ടവകാശം കിട്ടിയത് 1965-ലാണ്. ഇന്ത്യയില്‍ 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ എല്ലാവര്‍ക്കും വോട്ടവകാശം കിട്ടി. അത് ലോകത്തിന് തന്നെ വലിയൊരു പാഠമായിരുന്നു.

Content Highlights: reservation should be stopped, distribution of wealth, Kunhaman, interview, social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented