പ്രൊഫ. മോഹൻ ഗോപാൽ
ഭരണഘടനയെ ഹിന്ദു ഡോക്യുമെന്റായി കാണുന്ന രീതിശാസ്ത്രമാണ്തിയൊക്രാറ്റിക് ജഡ്ജിമാര്‍ ഉപയോഗിക്കുന്നതെന്നും അങ്ങനെയാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രം പദ്ധതി ഒരു തുള്ളി ചോര പൊടിയാതെ നടപ്പാക്കപ്പെടുന്നതെന്നും ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും നാഷനല്‍ ലോ സ്‌കൂള്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. മോഹന്‍ ഗോപാല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നത് സംഘപരിവാറിന്റെ തുറന്ന അജണ്ടയാണ്. ഇതിനുള്ള ഏറ്റവും വലിയ തടസ്സം ഇന്ത്യന്‍ ഭരണഘടനയാണ്. അതിന്റെ ഭാഗമായി എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് ഒമ്പത് തിയൊക്രാറ്റിക് ജഡ്ജിമാര്‍ നിയമിക്കപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടി.
സംഘപരിവാറിന്റെ ഭരണഘടനാ അട്ടിമറി പദ്ധതികളെ കുറിച്ച് മോഹന്‍ ഗോപാലിന്റെ സുക്ഷ്മ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്ന അഭിമുഖം വായിക്കാം
അടുത്തിടെ സി.ജെ.എ.ആറില്‍ ( ക്യാംപെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ്) നടത്തിയ പ്രഭാഷണത്തിലും പിന്നീട് പത്രപ്രവര്‍ത്തകന്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തിലും താങ്കള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വെളിച്ചം വീശുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തില്‍ സുപ്രധാനമാണ് ജുഡീഷ്യറിയില്‍ നടത്തുന്ന ഇടപെടലുകള്‍ എന്നാണ് താങ്കള്‍ വ്യക്തമാക്കിയത്. മതാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരുടെ ( theocratic judges) നിയമനത്തിലൂടെയാണ് സംഘപരിവാര്‍ ഈ ലക്ഷ്യം നേടുന്നതെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം ഇതാണെന്നും താങ്കള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. താങ്കളുടെ ഈ നിഗമനത്തിന്റെ അടിസ്ഥാനം എന്താണ്?
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നത് സംഘപരിവാറിന്റെ തുറന്ന അജണ്ടയാണ്. ഇതിനുള്ള ഏറ്റവും വലിയ തടസ്സം ഇന്ത്യന്‍ ഭരണഘടനയാണ്. ജാതി-മത ഭേദമന്യെ എല്ലാവര്‍ക്കും പൗരത്വവും തുല്ല്യപരിഗണനയും നല്‍കുന്ന ഭരണഘടനയാണ് നമ്മുടേത്. മതേതരത്വത്തിലും സമത്വത്തിലും സോഷ്യലിസത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഭരണഘടന. ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പവും ഇന്ത്യന്‍ ഭരണഘടനയും ഒരിക്കലും പരസ്പരം പൊരുത്തപ്പെട്ടുപോവില്ല.
അതായത് ഇന്ത്യന്‍ ഭരണഘടന ഈ രൂപത്തില്‍ നിലനില്‍ക്കുമ്പോള്‍ സംഘപരിവാറിന്റെ അജണ്ട നടപ്പിലാവില്ല?
അതെ! ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്, അടിസ്ഥാനം എന്ന് പറയുന്നത് മതരാഷ്ട്ര വിരുദ്ധമാണ്. ഭരണഘടന അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളും സംവാദങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. മതരാഷ്ട്രത്തിനനുകൂലമായ നിലപാടുകള്‍ തിരസ്‌കരിച്ചുകൊണ്ടാണ് അംബദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
പാക്കിസ്താന്‍ എന്ന മതരാഷ്ട്രം കണ്‍മുന്നില്‍ നില്‍ക്കെയാണ് നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന് അസ്തിവാരം തീര്‍ക്കുന്നത്. സ്വാഭാവികമായും ഇന്ത്യ ആ വഴിയിലൂടെ സഞ്ചരിക്കരുതെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നില്ലേ?
തീര്‍ച്ചയായും. ഇന്ത്യയുടെ വിഭജനം സൃഷ്ടിച്ച മുറിവ് അത്രയേറെ ഭീകരവും വേദനാജനകവുമായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് ഹോമിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ത്യ മതേതര രാഷ്ട്രമായാണ് നിലില്‍ക്കേണ്ടതെന്നതില്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ഭരണഘടന വിദഗ്ദനും പ്രമുഖ അഭിഭാഷകനുമായ ഫലി എസ്. നരിമാന്‍ ചൂണ്ടിക്കാണിക്കാറുള്ള ഒരു കാര്യം ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ്. ഇന്ത്യയിലുള്ള എല്ലാവരും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ന്യൂനപക്ഷമാണ്. മതപരമായി, സാംസ്‌കാരികമായി, പ്രാദേശികമായി... അങ്ങിനെ ഏതെങ്കിലും തരത്തില്‍ എല്ലാവരും തന്നെ ന്യൂനപക്ഷമാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നൊക്കെ വിശാലമായി പറയാമെങ്കിലും അതിനുള്ളില്‍ തന്നെ എത്രയോ വൈവിദ്ധ്യങ്ങളുണ്ട്. ഈ വൈവിദ്ധ്യങ്ങളത്രയും തള്ളിക്കളഞ്ഞുകൊണ്ട് ഒരു മജോറിറ്റേറിയന്‍ ഭരണം കൊണ്ടുവരാനുള്ള ആലോചന ചെറിയൊരു സവര്‍ണ്ണ - വരേണ്യ ഒലിഗാര്‍ക്കിയുടെ അജണ്ടയാണ്. ഈ അജണ്ടയും ഇന്ത്യന്‍ ഭരണഘടനയും സമാന്തര പാതകളാണ്.

ഈ സവര്‍ണ്ണ - വരേണ്യ അജണ്ട നടപ്പാക്കണമെങ്കില്‍ ഭരണഘടന അട്ടിമറിക്കാതെ കഴിയില്ല. അപ്പോള്‍ പിന്നെ എങ്ങിനെയാണ് ഈ അട്ടിമറി നടത്തേണ്ടതെന്നതാണ് സംഘപരിവാറിന് മുന്നിലുള്ള ചോദ്യം?
ഇക്കാര്യത്തില്‍ സംഘപരിവാറിന് മുന്നില്‍ മൂന്ന് വഴികളാണുള്ളത്. ഒന്ന് പുതിയൊരു ഭരണഘടനയ്ക്ക് രൂപം നല്‍കുക. 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ പാര്‍ലമെന്റിനെ ഭരണഘടന അസംബ്‌ളിയാക്കി മാറ്റാന്‍ സംഘപരിവാറിനാവും. ഭരണഘടന അസംബ്‌ളി ഒരേസമയം ലെജിസ്ലേച്ചറും ഇടക്കാല പാര്‍ലമെന്റുമായി പ്രവര്‍ത്തിച്ച ചരിത്രമുണ്ട്. തങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്നതിലൂടെ ജനങ്ങള്‍ ഇതിനായി തങ്ങളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടാന്‍ അവര്‍ക്കാവും. എന്നിട്ട് പുതിയൊരു മനുവാദി ഭരണഘടന കൊണ്ടുവരിക. രണ്ടാമത്തെ വഴി നിലവിലുള്ള ഭരണഘടനയില്‍ വ്യാപകമായ ഭേദഗതികള്‍ നടപ്പാക്കുക എന്നതാണ്. മതേതരത്വത്തില്‍ അധിഷ്ഠിതമായ ഭരണഘടനയെ മതാധിഷ്ഠിതമാക്കി മാറ്റുക. ഇന്ത്യന്‍ റിപ്പബ്ലിക്കിന് മതമില്ല എന്നതാണ് നിലവില്‍ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശില. ഇതിനെ പാക്കിസ്താന്‍ മാതൃകയിലേക്ക് മാറ്റുക. സ്വാതന്ത്ര്യം, സമത്വം എന്നിവയൊക്കെ സംരക്ഷിക്കുമെന്നും എന്നാല്‍ അതെല്ലാം ഇസ്ലാമിക മൂല്യങ്ങള്‍ക്ക് അനുസൃതമായി ആയിരിക്കുമെന്നുമാണ് പാക്കിസ്താന്‍ ഭരണഘടന പറയുന്നത്. ഇവിടെയും ഇവയെല്ലാം സംരക്ഷിക്കും. എന്നാല്‍, അതൊക്കെ സനാതന ധര്‍മ്മത്തിന്റെ വെളിച്ചത്തിലായിരിക്കും എന്ന ഭേദഗതി കൊണ്ടുവരും. സനാതന ധര്‍മ്മം ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയില്‍ രൂഢമൂലമാണ്. വേദങ്ങളെയും മറ്റും വിമര്‍ശിക്കുന്നത് കുറ്റമായി കണക്കാക്കും. ഭരണാധികാരിയെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് പറയും. ഹിന്ദുയിസം സ്റ്റേറ്റിന്റെ മതമായി മാറുന്ന ഭരണഘടന ഭേദഗതിയിരിക്കും അത്. പക്ഷേ, ഈ രണ്ട് വഴികളും സംഘപരിവാറിന് എളുപ്പമല്ല. കാരണം ഈ അജണ്ട നടപ്പാക്കുന്നവര്‍ ഒരു മൈക്രൊസ്‌കോപിക് ന്യൂനപക്ഷമാണ്. ഇതിനെതിരെ ഈ പറയുന്ന ഹിന്ദു വിഭാഗത്തില്‍നിന്ന് തന്നെ ശക്തമായ എതിര്‍പ്പുണ്ടാവും. അതുകൊണ്ട് തന്നെ ഈ രണ്ട് വഴികളും പ്രായോഗികമല്ല.
പുതിയ ഭരണഘടനയുണ്ടാക്കുന്നതും നിലവിലുള്ള ഭരണഘടന ഭേദഗതി ചെയ്യുന്നതും ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് തന്നെ നയിക്കാനുള്ള സാദ്ധ്യതയില്ലേ?
ആ സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാവുക ഹിന്ദു വിഭാഗത്തില്‍ പെട്ടവര്‍ക്ക് തന്നെയാണെന്നതാണ്. ക്രിസ്തുമതത്തിന്റെയോ ഇസ്ലാമിന്റെയൊ മതാത്മക ഉള്ളടക്കം മാറ്റിമറിക്കാന്‍ സംഘപരിവാറിനാവില്ല. കാരണം അത് രണ്ടും ആഗോള തലത്തിലുള്ള വിശ്വാസ സംഹിതകളാണ്. ബൈബിളിന്റെയും ഖുറാന്റെയും ഉള്ളടക്കം ഇന്ത്യന്‍ ഭരണകൂടത്തിന് മാറ്റാനാവില്ല. ഇതിന്റെ യഥാര്‍ത്ഥ ഭീഷണി നേരിടേണ്ടി വരിക ഹിന്ദു വിഭാഗത്തിലെ വൈവിദ്ധ്യമാര്‍ന്ന ജനസമൂഹങ്ങള്‍ക്കാണ്. അബ്രഹാമിക് ഇതര മതങ്ങളായ ജൈന, ബുദ്ധ, സിഖ് മതവിഭാഗങ്ങൾ ഉള്‍പ്പെടെയുള്ളവരുടെ വിശ്വാസ സംഹിതകള്‍ വെല്ലുവിളക്കപ്പെടും. ഇവയെയെല്ലാം തന്നെ മനുവാദി മതാത്മകതയിലേക്ക് ഏകോപിപ്പിക്കുക എന്ന അജണ്ട ഏറ്റവും വലിയ ഭീഷണിയാവുക വിശാല ഹിന്ദുസമൂഹത്തിന് തന്നെയാവും. ഇപ്പോള്‍ നമുക്ക് ഇത് മനസ്സിലാവില്ല. കുറെക്കഴിയുമ്പോള്‍ നമുക്കിത് വ്യക്തമാവും.
യൂണിഫോം സിവില്‍ കോഡ് കൊണ്ടുവരുന്നതില്‍നിന്നു ബി.ജെ.പി. ഭരണകൂടത്തെ തടയുന്നതും ഹിന്ദുയിസത്തിലെ ഈ വൈവിദ്ധ്യമല്ലേ?
അതെ! കേരളത്തില്‍ ഹിന്ദു സമുദായത്തിലുള്ളവര്‍ക്ക് ചിലയിടങ്ങളില്‍ ഫസ്റ്റ് കസിന്‍സിനെ വിവാഹം കഴിക്കാം. ഉത്തരേന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഇത് നിഷിദ്ധമാണ്. അത്രയേറെ വൈവിദ്ധ്യമാണ് ഹിന്ദുയിസത്തിലുള്ളത്. ആദിവാസി സമൂഹങ്ങളില്‍ എത്രയോ വ്യത്യസ്തമാര്‍ന്ന ജീവിതക്രമങ്ങളാണുള്ളത്. ഇവയെയയൊക്കെ യൂണിഫോം സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തുക എളുപ്പമല്ല. അതാണ് ഞാന്‍ പറഞ്ഞത്, ആദ്യ രണ്ട് വഴികളും ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്ക് തന്നെ വലിയ പ്രതിസന്ധി തീര്‍ക്കുമെന്ന്. മാത്രമല്ല ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകാന്‍ ഇത് കാരണമാവും. ഇറാനിലെപ്പൊലെ ഒരു സംഘം പുരോഹിതര്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുകയാണെന്നുള്ള വ്യാപകമായ പ്രചാരണമുണ്ടാവും. ഇതൊക്കെക്കൊണ്ടാണ് മൂന്നാമത്തെ വഴിയാണ് സംഘപരിവാര്‍ ഏറ്റെടുക്കുക എന്ന് പറയേണ്ടി വരുന്നത്. ആ വഴിക്കുള്ള സഞ്ചാരം അവര്‍ തുടങ്ങിക്കഴിഞ്ഞു.
പുതിയ ഭരണഘടനയ്ക്ക് രൂപം നല്‍കുക, നിലവിലുള്ള ഭരണഘടന വ്യാപകമായി ഭേദഗതി ചെയ്യുക എന്നീ വഴികള്‍ സംഘപരിവാറിന് പ്രായോഗികമല്ലെന്നും അതുകൊണ്ട് മൂന്നാമത്തെ വഴിയാണ് സംഘപരിവാര്‍ സ്വീകരിക്കുന്നതെന്നുമാണ് താങ്കള്‍ പറയുന്നത്. എന്താണ് ഈ മൂന്നാമത്തെ വഴി?
ഇന്ത്യന്‍ ഭരണഘടനയെ ജുഡീഷ്യറിയിലൂടെ ഒരു ഹിന്ദു ഡോക്യുമെന്റായി വ്യാഖ്യാനിക്കുക എന്നതാണിത്. സുപ്രീം കോടതി വെബ്‌സൈറ്റില്‍ ലഭ്യമായ കണക്ക് പ്രകാരം 2004-ലെ യു.പി.എ. സര്‍ക്കാര്‍ മുതല്‍ ഇന്നത്തെ എന്‍.ഡി.എ. സര്‍ക്കാര്‍ ( 2004- 2023) വരെ മൊത്തം 111 ജഡ്ജിമാരെയാണ് പുതുതായി സുപ്രീം കോടതിയില്‍ നിയമിച്ചിട്ടുള്ളത്. 56 പേര്‍ യു.പി.എയുടെ കാലത്തും 55 പേര്‍ എന്‍.ഡി.എയുടെ കാലത്തും. ഈ ജഡ്ജിമാര്‍ എഴുതിയ വിധികള്‍ പരിശോധിച്ചും വിശകലനം ചെയ്തുമാണ് ഇവര്‍ നീതിന്യായ തീര്‍പ്പുകളിലേക്ക് എത്തുന്നതിന് ഉപയോഗിക്കുന്ന രീതിശാസ്ത്രം ( methodology) ഞാന്‍ മനസ്സിലാക്കിയത്. കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജുഡീഷ്യല്‍ മെത്തഡോളജി, തിയൊക്രാറ്റിക് ജുഡീഷ്യല്‍ മെത്തഡോളജി എന്നിങ്ങനെ രണ്ടായിട്ടാണ് ഞാന്‍ ഇവയെ തരംതിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആധാരമാക്കിയും ഭരണഘടന വ്യാഖ്യാനങ്ങളുടെ സുസ്ഥാപിത കീഴ്വഴക്കങ്ങള്‍ പിന്തുടര്‍ന്നും വിധികള്‍ എഴുതുന്നതിനെയാണ് കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജുഡീഷ്യല്‍ മെത്തഡോളജി എന്ന് വിളിക്കുന്നത് . അതേസമയം, ഭരണഘടനയ്ക്ക് പുറത്ത് മതതത്വങ്ങളും വിശ്വാസങ്ങളും ആധാരമാക്കി നീതിന്യായ തീര്‍പ്പുകളിലേക്കെത്തുന്ന രീതിയാണ് തിയൊക്രാറ്റിക് ജുഡീഷ്യല്‍ മെത്തഡോളജി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിയമവാഴ്ചയുടെ നിരാകരണവും നിഷേധവുമാണ് ഈ രീതിശാസ്ത്രം പ്രയോഗിക്കപ്പെടുമ്പോൾ ഉണ്ടാവുന്നത്.

ജഡ്ജിമാരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ വെളിച്ചത്തിലല്ല, മറിച്ച് അവര്‍ പുറപ്പെടുവിക്കുന്ന വിധികളുടെ പരിശോധനയിലൂടെയാണ് ഈ ജഡ്ജിമാരെ തിരിച്ചറിയുന്നത്. വിധിയില്‍ അവര്‍ സ്വീകരിച്ചിട്ടുള്ള മെത്തഡോളജി (രീതിശാസ്ത്രം), ശൈലി എന്നിവ വിശകലനം ചെയ്താല്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നാണോ അതോ മതതത്വങ്ങളില്‍ നിന്നാണോ അവര്‍ അവരുടെ വിധികള്‍ക്ക് ആസ്പദമായുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതെന്ന് മനസ്സിലാക്കാനാവും. ഈ പരിശോധനയില്‍ ഞാന്‍ കണ്ടെത്തിയത് യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഒരു തിയൊക്രാറ്റിക് ജഡ്ജിയും നിയമിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള ഒമ്പത് ജഡ്ജിമാര്‍ നിയമിക്കപ്പെട്ടിട്ടുണ്ടെന്നുമാണ്.
ഈ ജഡ്ജിമാര്‍ അവരുടെ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരാണ്. ഇവര്‍ നിയമ വിജ്ഞാനീയത്തില്‍ പാണ്ഡിത്യമുള്ളവരാണെന്നതിലും തര്‍ക്കമില്ല. പക്ഷേ, ഇവര്‍ ഉപയോഗിക്കുന്നത് ഭരണഘടനയെ ഹിന്ദു ഡോക്യുമെന്റായി കാണുന്ന രീതിശാസ്ത്രമാണ്. ഇവിടെയാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രം എന്ന പദ്ധതി ഒരു തുള്ളി ചോരപോലും പൊടിയാതെ നടപ്പാക്കപ്പെടുന്നത്. ഒരു ചെറിയ ചെറുത്തുനില്‍പിനുപോലും ഇടം നല്‍കാതെ തങ്ങളുടെ പദ്ധതി നടപ്പാക്കുന്ന സംഘപരിവാര്‍ തന്ത്രമാണിത്. നൂറു കണക്കിനും ആയിരക്കണക്കിനും പേജുകള്‍ വരുന്ന വിധികള്‍ പലപ്പോഴും അഭിഭാഷകര്‍ തന്നെ പൂര്‍ണ്ണമായും വായിച്ചെന്നു വരില്ല. സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് രാജ്യത്തെ നിയമമാണ്. ഭരണഘടന ഹിന്ദു ഡോക്യുമെന്റായി സുപ്രീം കോടതി ജഡ്ജിമാര്‍ വായിച്ചാല്‍ ഹിന്ദുരാഷ്ട്ര സ്ഥാപനമാണ് എല്ലാ അര്‍ത്ഥത്തിലും നടക്കുക. മതനിയമങ്ങളാണ് ഈ വിധികളിലൂടെ അടിച്ചേല്‍പിക്കപ്പെടുന്നതെന്ന് സാധാരണ മനുഷ്യര്‍ തിരിച്ചറിയാതെ പോവുന്നു എന്നതാണ് ഇതിലടങ്ങിയിട്ടുള്ള വലിയൊരു ദുരന്തം.
ഭരണഘടനയുടെ ആത്മാവെന്താണെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകളില്‍നിന്നും സ്വാതന്ത്ര്യ സമരത്തില്‍ നിന്നുമൊക്കെയാണ്. എന്നാല്‍, ഈ ഉറവിടങ്ങള്‍ക്ക് പകരം വേദങ്ങള്‍, ഹിന്ദു വിശ്വാസസംഹിതകള്‍ എന്നിവയെ ഉറവിടമാക്കുകയാണ് തിയോക്രാറ്റിക് ജഡ്ജിമാര്‍ ചെയ്യുക. ഒരു ജുഡീഷ്യല്‍ തീരുമാനത്തിന് നമ്മള്‍ ആശ്രയിക്കുന്നത് ഭരണഘടനയും ഇതര ജനാധിപത്യ നിയമശാസ്ത്ര സംഹിതകളും കീഴ്വഴക്കങ്ങളുമാണ്. ലിബറല്‍ മൂല്യങ്ങളോടുള്ള ഒരു കോമണ്‍ കമിറ്റ്‌മെന്റാണ് നമ്മളെ നയിക്കുന്നത്. എന്നാല്‍, ഇതൊന്നുമല്ല തിയോക്രാറ്റിക് ജഡ്ജിമാര്‍ നോക്കുക. അവര്‍ ഹിന്ദുയിസം സനാതന ധര്‍മ്മമാണെന്ന് വ്യഖ്യാനിക്കുകയും ഇതിനെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയും ഈ മെത്തഡോളജി ഉപയോഗിച്ചുകൊണ്ട് വിധികള്‍ എഴുതുകയും ചെയ്യുന്നു.
ജഡ്ജിമാരിലൂടെ ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കുകയാണ് സംഘപരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന കാഴ്ചപ്പാടിലേക്ക് താങ്കളെ നയിച്ചത് എന്തായിരുന്നു?
ഞാന്‍ ഭരണഘടന പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. 1950 മുതലുള്ള വിധികള്‍ പരിശോധിക്കുമ്പോള്‍ എങ്ങിനെയാണ് ഭരണഘടന വ്യാഖ്യാനിക്കപ്പെടുന്നതെന്ന് നമുക്കറിയാനാവും. വ്യാഖ്യാനങ്ങള്‍ക്കുള്ള കോടതികളുടെ കീഴ്വഴക്ക പ്രകാരം സാധാരണരീതിയില്‍ തര്‍ക്കമില്ലാതെ മനസ്സിലാക്കപ്പെടുന്ന അര്‍ത്ഥത്തിലാണ് (interpretation according to plain meaning) ഭരണഘടന വ്യാഖ്യാനം ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന് democracy എന്ന വാക്ക് വരുന്നത് demos , kratos എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നാണ്. ഡിമൊസ് എന്ന് പറഞ്ഞാല്‍ പൊതുജനങ്ങള്‍, ക്രതൊസ് എന്നാല്‍ അധികാരം. പൊതുജനങ്ങളില്‍ അധികാരം നിക്ഷിപതമായിരിക്കുന്ന വ്യവസ്ഥിതിയെയാണ് ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രീക്ക് , യൂറോപ്യന്‍ ചരിത്രത്തിന്റെ പരിസരങ്ങളിലാണ് ജനാധിപത്യം എന്ന ആശയം വികസിക്കുന്നതും വായിക്കപ്പെടുന്നതും. എന്നാല്‍, ചൈന പറയുന്നത് അവരുടേത് ജനാധിപത്യമാണെന്നാണ്. റഷ്യയും ഇറാനും ജനാധിപത്യം അവകാശപ്പെടുന്നു. ഇത് ജനാധിപത്യമല്ലെന്ന് നമുക്കറിയാവുന്നത് നമുക്ക് മുന്നില്‍ ലിബറല്‍, ഡെമോക്രാറ്റിക് ആശയങ്ങള്‍ ഉള്ളതുകൊണ്ടാണ്. നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കള്‍ ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് ചൈനീസ്, റഷ്യന്‍ , ഇറാന്‍ മാതൃകകളുടെ പശ്ചാത്തിലല്ല.
കഴിഞ്ഞ 72 വര്‍ഷമായി നമ്മുടെ രാജ്യത്ത് ഒരു ജുറിസ്പ്രുഡന്‍സ് ( നിയമശാസ്ത്രം) ഉണ്ട്. ചില വാക്കുകള്‍ എങ്ങിനെയാണ് മനസ്സിലാക്കേണ്ടതെന്ന് നമ്മള്‍ കൃത്യമായി അറിയുന്നത് ഇതിലൂടെയാണ്. ജനാധിപത്യം എന്ന് പറയുമ്പോള്‍ അത് ചൈനീസ്, റഷ്യന്‍ , ഇറാന്‍ മാതൃകകളാണെന്ന് എനിക്ക് വാദിക്കാന്‍ പോലുമാവില്ല. കാരണം, അതല്ല ജനാധിപത്യമെന്നത് പകല്‍ പോലെ വ്യക്തമാണ്.കൊണ്‍സ്റ്റിറ്റ്യൂഷനല്‍ കസ്റ്റംസ്, കണ്‍വെന്‍ഷന്‍സ് എന്നീ സംഗതികളുണ്ട്. ലോകമെമ്പാടും ഭരണഘടനകള്‍ നിലനില്‍ക്കുന്നത് ഇവയിലൂടെയാണ്. മാഗ്നകാര്‍ട്ടയും , ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനകളും ഇക്കാര്യത്തില്‍ നമുക്ക് വഴികാട്ടികളാണ്. അമേരിക്കന്‍ ഭരണഘടനയിലെ ഒരു അടിസ്ഥാന തത്വം '' All men are created equal '' എന്നാണ്. പക്ഷേ, ഇന്നിപ്പോള്‍ അമേരിക്കന്‍ കോടതികള്‍ അത് വ്യാഖ്യാനിക്കുന്നത് സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ മനുഷ്യരും എന്ന വിശാല അര്‍ത്ഥത്തിലാണ്. ഭരണഘടന എങ്ങിനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നത് സുപ്രധാനമാണെന്ന് പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. '' The significance of conventions of interpretations.'' വിധികളില്‍ മതഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്നത് പണ്ടേയുള്ളതാണ്. പക്ഷേ, ഇപ്പോള്‍ തിയോക്രാറ്റിക് ജഡ്ജിമാര്‍ ചെയ്യുന്നത് തങ്ങളുടെ വിധികള്‍ക്ക് അടിസ്ഥാനമായി മത സംഹിതകളും ശാസനകളും കൊണ്ടുവരുന്നുവെന്നതാണ്. അങ്ങിനെ അവര്‍ക്ക് ഭരണഘടനയെ ഹിന്ദു ഡോക്യമെന്റായി ദുര്‍വ്യാഖ്യാനിക്കാനാവും. ഒരു കൊണ്‍സ്റ്റിറ്റിയൂഷനലിസ്റ്റ് ജഡ്ജിന്റെ വിധിയോട് നമുക്ക് യോജിക്കാം , വിയോജിക്കാം. പക്ഷേ, അദ്ദേഹം അത് ചെയ്യുന്നത് ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാണ്. അതല്ല തിയൊക്രാറ്റിക് ജഡ്ജ് ചെയ്യുന്നത്. '' He goes out of the constitution and uses religion as the basis of his judicial decision.''

അയോദ്ധ്യ, ഹിജാബ് കേസുകളിലെ വിധികളിലുള്ള പൊരുത്തക്കേടുകളാണോ ഈ നിഗമനത്തിന് ആഴവും പരപ്പും നല്‍കിയത്?
2006-ല്‍ ഞാന്‍ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ഡയറക്ടറായി. അതിനും രണ്ടു വര്‍ഷം മുമ്പ് ഞാന്‍ അവിടെ അഡ്ജങ്റ്റ് പ്രൊഫസറായിരുന്നു. കഴിഞ്ഞ 19 കൊല്ലമായി സുപ്രീം കോടതിയുടെ നിയമശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. തിയോക്രാറ്റിക് ജഡ്ജിമാരുടെ സാന്നിദ്ധ്യം കൂടുന്നതായി ഞാന്‍ അറിയുന്നത് സുപ്രീം കോടതി വിധികളുടെ പരിശോധനയിലൂടെയും വിശകലനത്തിലൂടെയുമാണ്.
അയോദ്ധ്യ വിധിയില്‍ മുഖ്യവിധി 929 പേജുകള്‍ വരും. ഇതിനൊപ്പം തന്നെ 116 പേജുള്ള addendum ഉണ്ട്. ഇത് അയോദ്ധ്യ വിധിയുടെ ഭാഗം തന്നെയാണ്. അയോദ്ധ്യ വിധിക്ക് ഉപോദ്ബലകമായി തങ്ങളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ കാരണങ്ങള്‍ പ്രത്യേകം നല്‍കുന്നുണ്ടെന്നും അവയാണ് അഡെന്‍ഡത്തില്‍ ഉള്ളതെന്നും മുഖ്യവിധിയില്‍ പറയുന്നുണ്ട്. ബാബ്രിമസ്ജി്ദിന്റെ ഉള്‍ത്തളം ( inner courtyard) മുസ്ലിങ്ങളുടെ കൈവശം ഉണ്ടായിരുന്നു എന്നതിനോ അതവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നതിനോ സമൂര്‍ത്തമായ തെളിവുകള്‍ ഇല്ലെന്നും അതുകൊണ്ട് ഹിന്ദുക്കളുടെ അവകാശത്തിന് കൂടുതല്‍ ബലമുണ്ടെന്നുമാണ് മുഖ്യവിധിയിലുള്ളത്. ഈ വിധിയോട് നമുക്ക് വിയോജിക്കാം. അത് നിയമപരമായി തെറ്റാണെന്ന് വാദിക്കാം. പക്ഷേ, അതില്‍ മതവിശ്വാസം കൂട്ടിക്കലര്‍ത്തുന്നില്ല. ഇതല്ല അഡെന്‍ഡത്തിലുള്ളത്.
അഡെന്‍ഡം എഴുതിയ ജഡ്ജി ( അതാരാണെന്ന് വ്യക്തമല്ല) അസന്നിഗ്ദമായി പറയുന്നത് ബാബ്രി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് താഴെയാണ് രാമ ജന്മസ്ഥാന്‍ എന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കാന്‍ ഒരു തെളിവും ഹാജരാക്കാന്‍ എതിര്‍പക്ഷക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ്. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന സമീപനമാണിത്.
കോടതികള്‍ നിഗമനങ്ങളില്‍ എത്തേണ്ടത് വസ്തുതകളും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് ബോദ്ധ്യമാകുന്ന വസ്തുതകളും തെളിവുകളുമാണ് കോടതി പരിഗണിക്കേണ്ടത്. അതിന് പകരം വിശ്വാസം തെറ്റാണെന്ന് തെളിയിക്കാനായിട്ടില്ല എന്ന നിലപാട് കോടതി എടുത്താല്‍ പിന്നെ അതിനെതിരെ എന്ത് വാദമാണ് ഉയര്‍ത്താനാവുക? വിശ്വാസം തെറ്റാണെന്ന് തെളിയിക്കാന്‍ നമുക്കെങ്ങിനെയാണ് കഴിയുക?
''Evidences support the faith and belief of the Hindus that Lord Ram was born where the Babri mosque was constructed. The conclusion that the place of birth of Lord Ram is the three domes can therefore be reached.'' അഡെന്‍ഡത്തിലെ 167-ാം ഖണ്ഡികയിലെ വാക്കുകളാണിത്. അയോദ്ധ്യ വിധിയുടെ ഭാഗമാണിതെന്ന് മറക്കരുത്.
ഒരു തിയൊക്രാറ്റിക് ജുഡീഷ്യല്‍ രീതിശാസ്ത്രത്തിന്റെ കൃത്യമായ ഇടപെടലാണ് താങ്കള്‍ ഇവിടെ കണ്ടത്?
അതെ! തിയൊക്രാറ്റിക് ജഡ്ജ്‌മെന്റിന്റെ രീതിശാസ്ത്രം വളരെ വ്യക്തമായി ഇവിടെ തെളിയുന്നുണ്ട്.
ഇതേ സമീപനത്തിന്റെ തുടര്‍ച്ചയല്ലേ ഹിജാബ് കേസിലെ വിധിയിലുള്ളത്?
ഹിജാബ് കേസില്‍ രണ്ട് ജഡ്ജിമാര്‍ വിഭിന്ന വിധികളാണ് പുറപ്പെടുവിച്ചത്. അതുകൊണ്ടാണ് ഈ കേസ് ഇപ്പോള്‍ പുതിയൊരു ബഞ്ചിന്റെ പരിഗണയ്ക്ക് വിട്ടിരിക്കുന്നത്. ജസ്റ്റിസ് ധൂലിയയും ജസ്റ്റിസ് ഹേമന്ദ് ഗുപതയുമാണ് ഹിജാബ് കേസില്‍ വിഭിന്ന വിധികള്‍ എഴുതിയ ജഡ്ജിമാര്‍. ഹിജാബ് ധരിക്കുക എന്നത് വ്യക്തി സ്വാതന്ത്ര്യത്തില്‍ പെട്ടതാണെന്നും അതിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്നുമാണ് ജസ്റ്റിസ് ധൂലിയയുടെ വിധിയില്‍ പറയുന്നത്. കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജുഡീഷ്യല്‍ രീതിശാസ്ത്രമാണ് ഈ വിധിയിലുള്ളത്. എന്നാല്‍, ജസ്റ്റിസ് ഗുപ്തയുടെ വിധിയില്‍ സ്വീകരിച്ചിട്ടുള്ളത് തിയൊക്രാറ്റിക് ജുഡീഷ്യല്‍ രീതിശാസ്ത്രമാണ്. അദ്ദേഹം പറയുന്നത് ' constitutional law is dharma' എന്നാണ്. സനാതന ധര്‍മ്മം ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മൂല്യങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രവുമായുള്ള ഐക്യദാര്‍ഢ്യമാണിത്. സനാതന ധര്‍മ്മം ബ്രാഹ്‌മിനിക്കല്‍ അധീശത്വത്തിന്റെ ഉത്പന്നമാണ്. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന സൈന്യത്തില്‍ നിങ്ങളുണ്ടാവാന്‍ പാടില്ല. ഭരണഘടനയെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ജഡ്ജിമാര്‍ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരായാല്‍ അതില്‍ താത്പര്യങ്ങളുടെ സംഘര്‍ഷമുണ്ട്. അവര്‍ ജുഡീഷ്യറിയുടെ ഭാഗമാവുന്നത് ഭരണഘടനയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.
ഹിജാബ് കേസിലെ വിധി സൂക്ഷ്മമായി വായിച്ചതോടെ താങ്കള്‍ സംഘപരിവാറിന്റെ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ബോധവാനായി?
സനാതന ധര്‍മ്മം മതമല്ലെന്നും നിയമമാണെന്നുമുള്ള ധാരണ ജസ്റ്റിസ് ഗുപ്തയുടെ ജുഡീഷ്യല്‍ രീതിശാസ്ത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മതേതരത്വത്തിന് ഭരണഘടനയുടെ ഹിന്ദി മൊഴിമാറ്റം പന്ത് നിര്‍പേക്ഷ് ( panth nirpeksh) എന്നാണ്. ജസ്റ്റിസ് ഗുപ്ത തന്റെ വിധിയില്‍ പറയുന്നത് പന്ത് നിര്‍പേക്ഷ് എന്നാല്‍ മത നിരപേക്ഷത എന്നാണെന്നും ധര്‍മ്മ നിരപേക്ഷത അല്ലെന്നുമാണ്. അതായത് ഭരണഘടന മതനിരപേക്ഷമാണെങ്കിലും ധര്‍മ്മ നിരപേക്ഷമല്ല എന്നാണ് ജസ്റ്റിസ് ഗുപ്ത വ്യാഖ്യാനിക്കുന്നത്. മതവും ധര്‍മ്മവും രണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ ധര്‍മ്മത്തെ ഭരണഘടന തള്ളിക്കളയുന്നില്ലെന്ന വ്യാഖ്യാനമാണ് ജസ്റ്റിസ് ഗുപ്ത നല്‍കുന്നത്. ഹിജാബ് മതപരമായ വസ്ത്രമാണെന്നും അതുകൊണ്ടുതന്നെ അത് വിദ്യാലയങ്ങളിലെ യൂണിഫോമിന്റെ ഭാഗമായി കാണാനാവില്ലെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. അതേസമയം, ഭരണഘടന ധര്‍മ്മം നിരോധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ധര്‍മ്മം എന്നതുകൊണ്ട് ജസ്റ്റിസ് ഗുപ്ത അര്‍ത്ഥമാക്കുന്നത് സനാതന ധര്‍മ്മം എന്നാണ്. ധര്‍മ്മം ഭരണഘടന നിയമമാണെന്ന നിഗമനത്തിലേക്കാണ് ജസ്റ്റിസ് ഗുപ്ത എത്തുന്നത്.
ഹിന്ദുയിസം സനാതന ധര്‍മ്മമാണെന്നും അത് ഇസ്ലാം പോലെ മതപരമല്ലെന്നും അതുകൊണ്ടുതന്നെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും സനാതന ധര്‍മ്മവും ഒന്നുതന്നെയാണെന്നുമുള്ള വീക്ഷണത്തിന്റെ തുടര്‍ച്ചയാണിത്. കര്‍ണ്ണാടകത്തില്‍ ചില വിദ്യാലയങ്ങളില്‍ ഹോമം നടത്തുന്നത് മതപരമായ ചടങ്ങല്ലെന്നും എന്നാല്‍ ഹിജാബ് മതപരമായ അനുഷ്ഠാനമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നത് ഈ പരിസരത്തിലാണ്. '' When dharma is used in the context of the state it means constitutional law '' എന്ന സന്ദേശമാണ് ഈ വിധിയിലുള്ളത്. '' Dharma rajya is necessary for the peace and prosperity of the people and for the establishment of an egalitarian society,'' എന്നാണ് ജസ്റ്റിസ് ഗുപ്ത എഴുതുന്നത്. കഴിഞ്ഞ ദിവസം പാനിപ്പത്തില്‍ ചേര്‍ന്ന ആര്‍.എസ്എസ് പ്രതിനിധി സഭാ യോഗത്തില്‍ ആര്‍.എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രെയ ഹൊസബൊളെ അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ ഒരാവശ്യം രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ്ണ ഭാരതീയവത്കരണമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.

ചെറിയൊരു സവര്‍ണ്ണ -വരേണ്യ ഒലിഗാര്‍ക്കിയുടെ ധര്‍മ്മമാണ് സമസ്ത ജനതയുടെയും ധര്‍മ്മമായി വ്യാഖ്യാനിക്കപ്പെടുന്നത്. ഈ ധര്‍മ്മസംഹിതയില്‍ ദളിതരും ആദിവാസികളുമില്ല എന്നത് മറക്കാനാവില്ല. ചാതുര്‍വര്‍ണ്ണ്യത്തിലെ ജാതികളില്‍ ഇവരില്ല. ഇവര്‍ ജാതിക്ക് പുറത്താണ്. ഇവരെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല. ഈ ധര്‍മ്മമാണ് ഇന്ത്യന്‍ നിതിന്യായ വ്യവസ്ഥയുടെ മൂലക്കല്ലായി വ്യാഖ്യാനിക്കപ്പെടുന്നതെന്നാണോ താങ്കള്‍ പറയുന്നത്?
അതുകൊണ്ടാണ് ഈ സംഘപരിവാര്‍ അജണ്ട ഏറ്റവും പ്രതികൂലമായി ബാധിക്കുക ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ജനതയെയാണെന്ന് പറയേണ്ടി വരുന്നത്. '' ഹിജാബ് കേസ് വിധിയിലെ ഒരു ഭാഗം കൂടി ഉദ്ധരിക്കാം: '' The word religion in article 25 and 26 has to be understood not in a narrow and sectarian sense but encompassing our ethos ' Sarve Bhavantu Sukhinah.' ഇതില്‍ പറയുന്നOur ഏത് ഞങ്ങളെയാണ് വിവക്ഷിക്കുന്നത്? ചാതുര്‍വര്‍ണ്ണ്യത്തിന്റെ പ്രതിനിധികളാണ് ഈ 'ഞങ്ങള്‍.'
ജുഡീഷ്യറിയുടെ മതവത്കരണം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിനെ ചെറുക്കുന്നതിന് നമുക്ക് മുന്നിലുള്ള ഒരു വഴി കൊളീജിയം സംവിധാനം ( ജഡ്ജിമാരുടെ നിയമനത്തില്‍ ഭരണകൂടത്തിന് മേല്‍ക്കയ്യില്ലാത്ത അവസ്ഥ) നിലനിര്‍ത്തുകയാണെന്ന് താങ്കള്‍ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിനൊരുദാഹരണമായി താങ്കള്‍ ചൂണ്ടിക്കാട്ടുന്നത് ഇക്കഴിഞ്ഞ ഒമ്പത് കൊല്ലങ്ങളില്‍ സുപ്രീം കോടതിയില്‍ ഒമ്പത് കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജഡ്ജിമാര്‍ നിയമിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് യു.പി.എയുടെ കാലത്തേതിനക്കോള്‍ കൂടുതലാണെന്നതുമാണ്. ഇങ്ങനെ സംഭവിച്ചത് എന്‍.ഡി.എ. സര്‍ക്കാരിന്റെ ഇംഗിതപ്രകാരമല്ലെന്നും എന്നാല്‍ കൊളീജിയത്തിലുള്ള കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജഡ്ജിമാര്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ അജണ്ടയെ ഫലപ്രദമായി ചെറുക്കുന്നതു കൊണ്ടാണെന്നും താങ്കള്‍ വിശദീകരിക്കുന്നുണ്ട്?
ശരിയാണ്. രാഷ്ട്രം നേരിടുന്ന പ്രതിസന്ധി തിരിച്ചറിയുന്ന കൊളീജിയത്തിലെ കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജഡ്ജിമാര്‍ അവരുടേതായ രീതിയില്‍ ചെറുത്തുനില്‍പ് നടത്തുന്നുണ്ട്. ജസ്റ്റിസ് അഖില്‍ ഖുറേഷിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതില്‍നിന്നു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെതിരെ ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ നടത്തിയ ചെറുത്തുനില്‍പ് മറക്കാനാവില്ല. 2010-ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒരു കേസില്‍ അമിത് ഷായെ റിമാന്‍ഡ് ചെയ്തത് ജസ്റ്റിസ് ഖുറേഷിയായിരുന്നു. ഈ സംഭവത്തെ പ്രതിയാണ് ജസ്റ്റിസ് ഖുറേഷിയുടെ സുപ്രീം കോടതിയിലേക്കുള്ള നിയമനം തടഞ്ഞതെന്നാണ് ആരോപണം. ആത്യന്തികമായി ജസ്റ്റിസ് ഖുറേഷി സുപ്രീം കോടതിയില്‍ എത്തുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിനായെങ്കിലും ജസ്റ്റിസ് നരിമാന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ കൊളീജിയത്തിനുള്ള നിര്‍ണ്ണായക പങ്ക് ഭരണകൂടം കവര്‍ന്നെടുത്താല്‍ അതിന്റെ ഫലം ഭീകരമായിരിക്കും.
ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ നിയമനത്തില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധി കൊണ്‍സ്റ്റിറ്റ്യൂഷനലിസ്റ്റ് ജഡ്ജിമാരുടെ ഇടപെടലല്ലേ കാണിക്കുന്നത്?
തീര്‍ച്ചയായും! അടുത്തിടെയുണ്ടായ ഏറ്റവും മികച്ച വിധികളിലൊന്നാണത്. വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമൊക്കെ വേണ്ടി വാദിക്കുക എളുപ്പമാണ്. എല്ലാവരും ഇവ ആഗ്രഹിക്കുന്നുണ്ട്. ദീര്‍ഘകാലയളവില്‍ ഈ മൂല്യങ്ങള്‍ അതിജീവിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പക്ഷേ, ഇപ്പോള്‍ നമ്മള്‍ ഒരു പ്രതിസന്ധിയുടെ മുനമ്പിലാണ്. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും അത്ര കണ്ട് ഭീകരമായി പരീക്ഷിക്കപ്പെടുന്ന ദിനങ്ങളാണിത്. നമ്മളിപ്പോള്‍ ഒരു ടി ട്വന്റി മാച്ചിന്റെ അവസാന ഓവറുകളിലാണെന്ന് കരുതുക. നമുക്ക് നേടേണ്ടത് വലിയൊരു സ്‌കോറാണ്, പക്ഷേ, ബാക്കിയുള്ളത് വളരെക്കുറച്ച് പന്തുകളും. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. ഞാനിപ്പോള്‍ അഭിഭാഷകരുടെ യോഗങ്ങളില്‍ പറയാറുള്ള ഒരു കാര്യം ജുഡീഷ്യറിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയെക്കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കണം എന്നാണ്. ജനങ്ങള്‍ അറിയണം എന്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്.

നീതി നടപ്പാക്കാന്‍ നിയമം വ്യാഖ്യാനിക്കുമ്പോള്‍ മതം, ധാര്‍മ്മികത, നിയമം എന്നിവ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയായിരിക്കണം എന്ന് വ്യക്തമായിരിക്കണം. ഇവ മൂന്നും മൂന്നാണ്. മതം നിയമമല്ല, ധാര്‍മ്മികതയും നിയമമല്ല. മതവും ധാര്‍മ്മികതയും ഒന്നല്ല. മതം ധാര്‍മ്മികതയെ നിയന്ത്രിക്കരുത്. ധാര്‍മ്മികത നിയമത്തെയും നിയന്ത്രിക്കരുത്. ഇവര്‍ ചെയ്യുന്നത് ഇവയെ കൂട്ടിക്കലര്‍ത്തകയാണ്. മതവും ധാര്‍മ്മികതയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നു.
മതത്തിന് വളരെ ഇടുങ്ങിയ വ്യാഖ്യാനം നല്‍കിയിട്ട് അത് ധാര്‍മ്മികതയാണെന്ന് പറയുന്നു. അങ്ങിനെ മതത്തിനെ സൗകര്യപൂര്‍വ്വം ഒഴിവാക്കി ധാര്‍മ്മികതയെ പ്രതിഷ്ഠിക്കുന്നു. അങ്ങിനെ വരുമ്പോള്‍ മതമില്ല, ധാര്‍മ്മികതയും നിയമവും മാത്രമേയുള്ളു. എന്നിട്ട് ധാര്‍മ്മികതയാണ് നിയമം എന്ന് പറയുന്നു. ഏതാണീ ധാര്‍മ്മികതയെന്ന് ചോദിച്ചാല്‍ സനാതന ധര്‍മ്മാണെന്നാണ് ഉത്തരം. ആത്യന്തികമായി ഇതിനെ നേരിടാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ടു വരണം.
ഇന്ദിര ഗാന്ധിയുടെ കാലത്തും ജുഡീഷ്യറിയില്‍ വലിയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലേ എന്ന മറുവാദം ഉയര്‍ത്തുന്നവരുണ്ട്. ഇന്ദിര ഗാന്ധി വ്യക്തിപരമായ അധികാരം നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ് നടത്തിയതെന്നായിരുന്നു ആരോപണം. അവര്‍ ജുഡീഷ്യറിയുടെ മതവത്കരണത്തിന് കൂട്ടുനിന്നിട്ടില്ല. ഹിന്ദുരാഷ്ട്രം ഒരിക്കലും അവരുടെ അജണ്ടയായിരുന്നില്ല. അവരുടെ ഏറ്റവും കടുത്ത വിമര്‍ശകര്‍ പോലും അങ്ങിനെയാരു ആരോപണം ഉയര്‍ത്തില്ല. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ സര്‍ക്കാരാണ് ഇന്ത്യന്‍ ഭരണഘടന സെസക്യുലര്‍ ആണെന്ന ഭേദഗതി കൊണ്ടുവന്നതെന്നും മറക്കാനാവില്ല. വാജ്‌പേയിക്കും ഇത്തരം ഒരാരോപണം നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, ഇപ്പോള്‍ അതിനുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്.
ഈ നീക്കം പരാജയപ്പെടുത്തണമെങ്കില്‍ ജനങ്ങള്‍ തന്നെ ഇടപെടണം എന്നാണ് താങ്കള്‍ വ്യക്തമാക്കുന്നത്?
അമേരിക്കന്‍ ഭരണഘടന ശില്‍പി ജെയിംസ് മഡിസണ്‍ പറഞ്ഞിട്ടുണ്ട് ജനാധിപത്യത്തില്‍ എല്ലാ ഭരണകൂടങ്ങളും പൊതുജനങ്ങളുടെ അഭിപ്രായത്തിലാണ് നിലകൊള്ളുന്നതെന്ന്. ജനങ്ങളുടെ ഇടയില്‍നിന്ന് ഇപ്പോള്‍ തന്നെ നിലവിലുള്ള അവസ്ഥയ്‌ക്കെതിരെ ജനാധിപത്യപരവും സമാധാനപരവുമായ പ്രക്ഷോഭങ്ങള്‍ ഉടലെടുക്കുന്നുണ്ട്. അതിനെ ശക്തിപ്പെടുത്തുക എന്നതാണ് സമകാലിക ഇന്ത്യ ആവശ്യപ്പെടുന്നത്.
മുന്നാക്ക ജാതിക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാനശിലയെ അട്ടിമറിക്കുന്നുണ്ടെന്നും അത് എടുത്തുകളയുന്ന ഭരണകൂടത്തിനെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കേണ്ടതെന്നും ഒരു അഭിമുഖത്തില്‍ താങ്കള്‍ പറഞ്ഞിരുന്നു?
യഥാര്‍ത്ഥ പിന്നാക്ക വിഭാഗക്കാരെ ഒഴിവാക്കിക്കൊണ്ട് ഭരണഘടനയുടെ അന്തഃസത്ത നിഷേധിക്കുന്ന ഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രീം കോടതി അതംഗീകരിക്കുകയും ചെയ്തു. ഇനിയിപ്പോള്‍ ഈ ഭേദഗതി തള്ളിക്കളയാന്‍ പുതിയൊരു സര്‍ക്കാരിനേ ആവൂ. അതിനാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടതെന്നാണ് ഞാന്‍ പറഞ്ഞത്. 1956 മുതല്‍ ഇന്നു വരെ കേരളത്തില്‍ ഒരൊറ്റ മലയാളി മുസ്ലിം ചീഫ് സെക്രട്ടറിയുണ്ടായിട്ടില്ല. യു.പിയില്‍ നിന്നുള്ള ഒരു മുസ്ലിം കുറച്ചുകാലത്തേക്ക് ചീഫ് സെക്രട്ടറിയായിട്ടുണ്ട്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി ഒരു മുസ്ലിം മാത്രമാണ് ഇക്കാലയളവില്‍ അതും 25 ദിവസത്തേക്ക് ( സത്താര്‍കുഞ്ഞ്) നിയമിതനായിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്ത് സി.എച്ച്. മുഹമ്മദ് കോയ മൂന്നു മാസം മാത്രമാണുണ്ടായിരുന്നതെന്നും മറക്കരുത്. സുപ്രീം കോടതിയില്‍ ഇതുവരെ ഒരു ഈഴവ ജഡ്ജിയുണ്ടായിട്ടില്ല.
ചെറിയൊരു സവര്‍ണ്ണ - വരേണ്യ ഒലിഗാര്‍ക്കിയാണ് കാലാകാലമായി ഇന്ത്യയില്‍ അധികാരം കൈയ്യാളുന്നത്. അതുകൊണ്ടാണ് സാധാരണ ജനങ്ങള്‍ക്കേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത വീണ്ടെുക്കാനാവൂ എന്ന് പറയുന്നത്. ഓരോ ഇന്ത്യക്കാരനും ന്യൂനപക്ഷമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മതപരമായി, സാംസ്‌കാരികമായി, പ്രാദേശികമായി അങ്ങിനെ പല തലങ്ങളില്‍ നമ്മളെല്ലാവരും ന്യൂനപക്ഷമാണ്. വൈവിദ്ധ്യമാര്‍ന്ന ഈ സ്വത്വങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. കാരണം ഇന്നിപ്പോള്‍ സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം ഭരണഘടനയാണ്.
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഏപ്രിൽ 2 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Prof Mohan Gopal Interview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..