Prasanth Bhushan/ Sajan V Nambiar
കോഴിക്കോട് : 'രാജ്യം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യഥാര്‍ഥപ്രശ്നങ്ങളെ മറച്ചുവെക്കുന്നതിനും അവ പ്രശ്നങ്ങളല്ലായെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്. പ്രതിഷേധത്തിന്റെ സ്വരമുയര്‍ത്തുകയോ ഒരു പോസ്റ്റര്‍ ഒട്ടിക്കുകയോ ചെയ്യുന്നവരെപ്പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണ്. അസ്വാതന്ത്ര്യത്തിലേക്കാണ് വിനാശകരമായ ഈ പോക്ക്. അത് കണ്ടില്ലെന്ന് നടിക്കരുത്. അങ്ങനെ ചെയ്യുന്നതാണ് യഥാര്‍ഥ അര്‍ഥത്തില്‍ രാജ്യദ്രോഹം' കോഴിക്കോട്ടെത്തിയ പ്രശാന്ത് ഭൂഷണ് പറയുന്നു.
ലോക്സഭാ സെക്രട്ടേറിയറ്റ് ചില വാക്കുകള്‍ പാര്‍ലമെന്ററിയല്ല എന്ന് തീര്പ്പുകല്പിച്ചിരിക്കുകയാണല്ലോ.
വാക്കുകളെ നിരോധിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഢിത്തം വേറെയുണ്ടോ (ചിരിക്കുന്നു). ഒരാള്‍ അഴിമതിക്കാരനാണെന്നോ, നുണ പറയുന്നുവെന്നോ പാര്‍ലമെന്റില്‍ പറയാതിരിക്കാനാവുമോ. അതെല്ലാം രേഖകളിലുണ്ടാവില്ലെന്നത് ശരിയായ സമീപനമല്ല. സര്‍ക്കാരിനെതിരേ ആരും ഒന്നും പറയാതിരിക്കുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം. പാര്‍ലമെന്റ് ജനവികാരം പ്രതിഫലിപ്പിക്കാനുമുള്ള വേദിയാണ്. അത് വിലക്കുന്നത് പാര്‍ലമെന്റിന്റെ ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യലാണ്. സംസാരസ്വാതന്ത്ര്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയുമൊക്കെ വിലക്കുന്നത് മൗലികാവകാശലംഘനം തന്നെയാണ്. ഇത് ഭരണഘടനയ്ക്കെതിരാണ്.
ഗാന്ധി മ്യൂസിയത്തിന്റെ മാസികയില്‍ വി.ഡി. സവര്‍ക്കറെ പ്രശംസിക്കുന്ന ലേഖനങ്ങള്‍ വന്നല്ലോ?
പ്രധാന ഗാന്ധിയന്‍ സ്ഥാപനങ്ങളെപ്പോലും കേന്ദ്രസര്‍ക്കാര്‍ പിടിച്ചടക്കി എന്നതിന്റെ സൂചനയാണിത്. ഗാന്ധിക്ക് നേര്‍വിപരീതമാണ് സവര്‍ക്കറുടെ ചിന്ത. വര്‍ഗീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഹിംസാവാദി ആയിരിക്കുകയും ബ്രിട്ടീഷുകാരുമായി സഖ്യത്തിലാവുകയുമൊക്കെചെയ്ത സവര്‍ക്കര്‍ ഗാന്ധിമാര്‍ഗത്തോട് ഒരു കാര്യത്തിലും യോജിച്ചിട്ടില്ല.
ജുഡീഷ്യറിക്കെതിരേയും വിമര്‍ശനം ഉണ്ടാവുന്നുണ്ട്
ഭരണഘടനയ്ക്കെതിരേയും ഇന്ത്യന്‍ ശിക്ഷാനിയമത്തിനെതിരേയും പലതും ചെയ്യാന്‍ ജുഡീഷ്യറി അനുമതി നല്കുന്ന കാലഘട്ടത്തില്‍ ഈ വിമര്‍ശനം സ്വാഭാവികമാണ്. രാജ്യത്ത് പ്രതിപക്ഷസ്വരം ശക്തമായി ഉയരുന്നില്ല. രാഷ്ട്രീയമേധാവികള് ജുഡീഷ്യറിയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് നാം കാണുന്നത്. 'ഗവണ്മെന്റാണ് എന്റെ പിതാവ്' എന്നല്ല ജുഡീഷ്യറി പറയേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ഉന്നതതലത്തില്‍ അവ പ്രതിഫലിക്കപ്പെടുമ്പോള്‍ അവയ്ക്കു ശരിയായ പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ടത് എല്ലാ ഭരണഘടനാസ്ഥാപനങ്ങളുടെയും കടമയാണ്.
തീസ്ത സെതല്‍വാദിനെപ്പോലുള്ളവര്‍ ജയിലിലടയ്ക്കപ്പെട്ടു?
ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത സര്‍ക്കാരാണ് നമ്മുടേത്. ഇതിനെല്ലാം ജുഡീഷ്യറി കൂട്ടുനില്‍ക്കുന്നുവെന്നതാണ് വലിയ ആപത്ത്. ജനങ്ങളുടെ സ്വരം പ്രതിഫലിപ്പിക്കുന്നവരെയും ആക്ടിവിസ്റ്റുകളെയും ജയിലിലടച്ചതുകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. രോഗത്തിനാണ് ചികിത്സിക്കേണ്ടത്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് എക്കാലവും ജനങ്ങള്‍ നിശബ്ദം സഹിച്ചുകൊള്ളുമെന്ന് കരുതരുത്.
രാജ്യത്ത് ഒരു ജനമുന്നേറ്റം ഇനിയുണ്ടാവേണ്ടത് എന്ത് കാര്യത്തിനായിരിക്കണം ?
തൊഴിലില്ലായ്മയ്ക്കെതിരേ യുവശക്തി ഉണരണം. കര്‍ഷക പ്രക്ഷോ.ഭംപോലെ വലിയ മുന്നേറ്റമായി അതുമാറണം. തൊഴില്‍രാഹിത്യവും മിനിമം വേതനം നല്കാതിരിക്കലും ഇന്ത്യയില്‍ അത്രവലിയ പ്രശ്നമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..