കൊറോണയെ വരെ പുതിയ കാലത്തിലെ സമ്പന്നര്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിച്ചു- പി.സായ്നാഥ് അഭിമുഖം


കെ.എ ഷാജി

10 min read
Read later
Print
Share

പി.സായ്നാഥ്

നമ്മുടെ കാലഘട്ടത്തിലെ ജാഗ്രതയുടെയും വിവേകത്തിന്റെയും ഏറ്റവും വലിയ സ്വരങ്ങളിലൊന്നാണ് പി. സായ്നാഥ്. സമകാലിക ഇന്ത്യൻ അവസ്ഥയെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ അവഗണിക്കപ്പെട്ട മനുഷ്യരെയും വഴിത്താരകളെയും കുറിച്ചും സായ്നാഥ് സംസാരിക്കുന്നു

സത്യം പറയുന്നവര്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്ന ഒരു വര്‍ത്തമാനകാല അവസ്ഥയിലാണ് നമ്മള്‍. ഭരണകൂടത്തിന്റെ വര്‍ഗതാത്പര്യങ്ങളെയും കോര്‍പ്പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും കീഴടങ്ങുന്ന ഭരണാധിപരെയുംകുറിച്ച് പറഞ്ഞാല്‍ അങ്ങനെ ചെയ്യുന്നവരെ വ്യാപകമായി വേട്ടയാടുന്നു. പ്രതിപക്ഷ നേതാക്കള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെയുള്ളവരുടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. എങ്ങനെയാണിതിനെ കാണുന്നത്?

അധികാരകേന്ദ്രങ്ങളോട് നമ്മള്‍ സത്യം വിളിച്ചുപറയുക എന്നത് പരമ്പരാഗതമായ ഒരു ആചാരം മാത്രമാണ്. പ്രധാനമായ കാര്യം യഥാര്‍ഥ സത്യം എന്തെന്ന് നമ്മെക്കാള്‍ അറിയുന്നത് അധികാര കേന്ദ്രങ്ങള്‍ക്കാണ് എന്നതാണ്. എന്നെക്കാളും നിങ്ങളെക്കാളും അധികാരത്തിന് സത്യങ്ങള്‍ അറിയാം. അത് അതുകൊണ്ടുതന്നെ വളരെ ആലോചിച്ചും ചിന്തിച്ചുമാണ് ചുവടുകള്‍ നീക്കുന്നത്. കൂടുതല്‍ വലിയ കാര്യം അധികാരകേന്ദ്രങ്ങളെയും അവ മൂടിവയ്ക്കുന്ന സത്യങ്ങളെയുംകുറിച്ച് സമൂഹത്തോട് വിളിച്ചുപറയുക എന്നതാണ്. സമൂഹത്തെ അധികാരഘടനകളെ മാറ്റിത്തീര്‍ക്കാന്‍ പോരുന്ന തരത്തില്‍ സ്വാധീനിക്കാനാവുക മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമാണ്. ആ ഉത്തരവാദിത്വം അവര്‍ നിര്‍വഹിക്കാതെ ഭീരുക്കളായി മാറുന്നതിന്റെ വലിയ പ്രശ്‌നം നമ്മള്‍ ഇന്ന് അനുഭവിക്കുകയാണ്. രാഷ്ട്രീയക്കാര്‍ക്ക് പരിമിതികള്‍ ഉണ്ടാകാം. ഇതര സാമൂഹിക സംഘടനകള്‍ക്കും പരിമിതികള്‍ ഉണ്ടാകാം. എന്നാല്‍ സാംസ്‌കാരികമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടിക്കാന്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കേണ്ടത് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും സാംസ്‌കാരികമേഖലയില്‍ ഉള്ള മറ്റുള്ളവരുമാണ്. സാമൂഹികാനീതികള്‍, അസമത്വങ്ങള്‍, അസഹിഷ്ണുത, വെറുപ്പ്, വിദ്വേഷം, കോര്‍പ്പറേറ്റ് പ്രീണനം എന്നിവയ്‌ക്കെല്ലാം എതിരേ ഒരു സാംസ്‌കാരിക പ്രസ്ഥാനം രാജ്യവ്യാപകമായി രൂപപ്പെടണം. ഈ രാജ്യത്ത് ഏറ്റവും ശക്തമായി വളരുന്നത് ഭയവും അസമത്വങ്ങളുമാണ്. അദാനി ഉള്‍പ്പെടെ തൊണ്ണൂറ്റിയെട്ട് ശതകോടീശ്വരന്മാര്‍ ഈ രണ്ട് ദശകങ്ങളില്‍ രാജ്യത്ത് ഉദയം ചെയ്തു. സ്വാഭാവിക വളര്‍ച്ച ആയിരുന്നില്ല അവരുടെത്. കൊറോണയെ വരെ പുതിയ കാലത്തിലെ സമ്പന്നര്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിച്ചു.

ഐതിഹാസികമായ കര്‍ഷകസമരത്തിനിപ്പുറവും ഇന്ത്യന്‍ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കോര്‍പ്പറേറ്റ്വത്കരണശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെയാണ്. ചെറുകിട-നാമമാത്ര കര്‍ഷകരുടെ ദുരിതങ്ങള്‍ ആരാലും പരിഗണിക്കപ്പെടാതെ തുടരുന്നു. കടവും ബാധ്യതകളും കാലാവസ്ഥാപ്രതിസന്ധിയും കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുകയാണ്. കാണേണ്ടവര്‍ കാണുന്നില്ല എന്നതില്‍ വലിയ നിരാശയില്ലേ?

നമ്മുടെ നാട്ടിലെ കാര്‍ഷികപ്രതിസന്ധി സര്‍വതലസ്പര്‍ശിയാണ്. കേവലം വിളകളിലും വിത്തുകളിലുമായി അതിനെ ഒതുക്കിനിര്‍ത്താനാകില്ല. കര്‍ഷകരെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. ലോകത്തിലെ ഏറ്റവും ചെറുകിടസംരംഭകരാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ ഇതൊരു സംസ്‌കാരത്തിന്റെ തകര്‍ച്ചയാണ്. ഉത്പാദനം എത്രമാത്രം തകര്‍ന്നുവെന്നതും അതിന്റെ ഫലമായി എത്രപേര്‍ ജീവനൊടുക്കിയെന്നതും മാത്രമല്ല ഈ പ്രതിസന്ധിയുടെ ആഴം. കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് നമ്മളിലെ മനുഷ്യത്വത്തിനും മാനവികതയ്ക്കുമാണ്. 1995-നും 2015-നുമിടയില്‍ ഇന്ത്യയില്‍ ജീവനൊടുക്കിയത് 3.1 ലക്ഷം കര്‍ഷകരാണ്. 2016-നുശേഷം എന്തുസംഭവിച്ചുവെന്നതാണ് വിചിത്രം. കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വത്തില്‍നിന്നു മുക്തിനേടാന്‍ കേന്ദ്രസര്‍ക്കാര്‍ അവയെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വാര്‍ഷികറിപ്പോര്‍ട്ടുകളുടെ പരിധിയില്‍നിന്നൊഴിവാക്കി. കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍പോലും ബ്യൂറോയില്‍ ഇപ്പോള്‍ ലഭ്യമല്ല.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ആദ്യം ചെയ്ത നടപടികളിലൊന്ന്, കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച, കഴിഞ്ഞ 19 വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകള്‍ പൊതുഡൊമൈനില്‍നിന്ന് എടുത്തുമാറ്റി എന്നതാണ്. അങ്ങനെവരുമ്പോള്‍ നിലവില്‍ ഭയാനകമായവിധത്തില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകളുടെ എണ്ണത്തില്‍ താരതമ്യപഠനം നടത്തുന്നത് ഒഴിവാക്കാനാകും.

ഡല്‍ഹിയിലെ കര്‍ഷകസമരം വലിയൊരു പ്രതീക്ഷയായിരുന്നു. പക്ഷേ, പ്രതീക്ഷിച്ച അളവിലുള്ള വിജയം അതിന് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തന്ത്രപരമായി കര്‍ഷകരെ വെട്ടില്‍ വീഴ്ത്തുകയല്ലേ ചെയ്തത്?
കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആത്യന്തിക വിജയം ഇനിയും വളരെ അകലത്തിലാണ്. അതിലേക്ക് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇനിയും ഒരുപാടുദൂരം പോകേണ്ടതുണ്ട്. ഭരണവര്‍ഗനയങ്ങള്‍ തിരുത്തപ്പെടാന്‍ ഇനിയുമിനിയും സമരങ്ങള്‍ വേണ്ടിവരും. പക്ഷേ, മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടന്ന രണ്ടുസമരങ്ങള്‍ക്ക് കിട്ടിയ പൊതുസമൂഹത്തിന്റെ പിന്തുണ വലിയൊരു ശുഭസൂചനയാണ്. വിശാലമായ സാമൂഹിക ഐക്യദാര്‍ഢ്യമാണ് അനീതികള്‍ക്കെതിരേ ഉയര്‍ന്നുവരേണ്ടത്.

മാധ്യമമേഖലയിലെ മൂലധന താത്പര്യങ്ങളുടെ കടുത്ത വിമര്‍ശകനാണ് താങ്കള്‍. മാധ്യമസ്വാതന്ത്ര്യവും പരിമിതപ്പെടുകയല്ലേ?

റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ബോര്‍ഡേഴ്സ് എന്ന അന്താരാഷ്ട്ര മാധ്യമ സംഘടന ഒടുവില്‍ പുറത്തിറക്കിയ ആഗോള മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡക്സില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിനാല്പത്തിരണ്ടായിരുന്നു എന്നത് കേന്ദ്രസര്‍ക്കാരിന് കടുത്ത നാണക്കേടായിരുന്നു. ആ ഇന്‍ഡക്സില്‍ വരുംവര്‍ഷങ്ങളില്‍ എങ്ങനെ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്താം എന്ന് പരിശോധിക്കാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചതനുസരിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപവത്കരിച്ച ഇന്‍ഡക്സ് മോണിറ്ററിങ് സെല്ലില്‍ മാധ്യമപ്രവര്‍ത്തകരായി ഉണ്ടായിരുന്നത് രജത്ത് ശര്‍മയും ഞാനും മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഉദ്യോഗസ്ഥരായിരുന്നു. കഴിഞ്ഞ ഒരു ദശകത്തിലധികമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തക വേട്ടകളെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെയും കുറിച്ച് ലഭ്യമായ എല്ലാ ആധികാരിക വിവരങ്ങളും സെല്ലിന് ഞാന്‍ നല്‍കിയതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ കുറെ സ്ഥിതിവിവരക്കണക്കുകളല്ലാതെ മറ്റൊന്നും സ്ഥാനം പിടിച്ചില്ല. ഈ പശ്ചാത്തലത്തില്‍ നാല്പത്തിയാറ് പേജുള്ള വിശദമായ ഒരു വിയോജനക്കുറിപ്പ് ഞാന്‍ തയ്യാറാക്കി സെല്ലിന് നല്‍കിയിരുന്നു. കാര്യമൊന്നുമുണ്ടായില്ല.

ഇഷ്ടമില്ലാത്ത മാധ്യമസ്ഥാപനങ്ങളെ പൂട്ടിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. ജനാധിപത്യവും ബഹുസ്വരതയും മതനിരപേക്ഷതയും പറയുന്ന മാധ്യമങ്ങളെ വലിയ സമ്മര്‍ദത്തിലാക്കുന്നു. എങ്ങനെയാണ് ഈ സാഹചര്യത്തെ വിലയിരുത്തുന്നത്?

വിയോജിക്കാനുള്ള അവകാശത്തെ ആദരിക്കാതെ ഒരു മാധ്യമസ്വാതന്ത്ര്യവും സംരക്ഷിനാകില്ല. ഒരു ജനാധിപത്യവും നിലനില്‍ക്കില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് മാധ്യമങ്ങള്‍ അവശ്യസര്‍വീസുകളില്‍പ്പെടുന്നുവെന്നാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും തുടര്‍ച്ചയായ അതിക്രമങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ഉണ്ടായത്. കശ്മീരിലും പുറത്ത് മറ്റുപലയിടത്തും ഇന്റര്‍നെറ്റ് ആറുമാസത്തിലധികം നിഷേധിക്കപ്പെടുന്നതും മാധ്യമങ്ങള്‍ അവശ്യസര്‍വീസുകളില്‍പ്പെടുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ്. 1897-ലെ പകര്‍ച്ചവ്യാധിനിയമമുപയോഗിച്ച് ബ്രിട്ടീഷുകാര്‍ ഒടുവില്‍ വായടപ്പിക്കാന്‍ ശ്രമിച്ചത് ബാലഗംഗാധരതിലകനെയായിരുന്നു. എന്നാല്‍, ആ നിയമം സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി പ്രയോഗിക്കപ്പെട്ടത് കോയമ്പത്തൂരിലെ മാധ്യമപ്രവര്‍ത്തകനായ സാം രാജയ്‌ക്കെതിരേയായിരുന്നു. അവിടത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ആരോഗ്യരക്ഷാചുമതലയുള്ള ഇതരജീവനക്കാരും ഭക്ഷ്യവസ്തുക്കളുടെയും പി.പി.ഇ. കിറ്റുകളുടെയും ക്ഷാമം നേരിടുന്നു എന്ന വാര്‍ത്തകൊടുത്തതിനായിരുന്നു അത്. അന്തമാനില്‍ സുബൈര്‍ അഹമ്മദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായത്, കോവിഡ് രോഗിയുമായി ഫോണില്‍ സംസാരിച്ചാല്‍ ക്വാറന്റീനില്‍ പോകണോ എന്ന ഒറ്റവരി ട്വീറ്റുചെയ്തതിനാണ്. കൊമേഡിയന്‍ മുനവര്‍ ഫാറൂഖിവരെ അറസ്റ്റുചെയ്യപ്പെട്ടു. വിയോജിപ്പ് രേഖപ്പെടുത്തുന്ന മാധ്യമസ്ഥാപന ഉടമകളുടെ വീടുകളില്‍ റെയ്ഡുനടത്തുകയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്നു. ദളിത്-ആദിവാസി മേഖലകളില്‍ നിലനില്‍ക്കുന്ന പട്ടിണിയും അവഗണനയും നീതിനിഷേധവും റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെല്ലാവരുംതന്നെ കള്ളക്കേസുകള്‍ നേരിടുന്നുണ്ട്. വ്യാജ കേസുകളും വ്യാജ എഫ്.ഐ.ആറുകളും ഭരണകക്ഷിയുടെ പ്രേരണയില്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടാവുകയാണ്. കള്ളക്കേസുകളെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ നമ്മുടെ നാട്ടിലെ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണ്. പോലീസ് അതിക്രമ നിരോധന നിയമത്തിന്റെ ഒരു കരട് വിദഗ്ധരുടെ സഹായത്തോടെ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. അത് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യിക്കാനുള്ള പ്രവര്‍ത്തനത്തിലാണിപ്പോള്‍.

വാര്‍ത്തകള്‍ നഗരകേന്ദ്രീകൃതമാകുന്ന അവസ്ഥ മാധ്യമങ്ങളിലുണ്ട്. സമ്പത്തും ക്രയശേഷിയും ഉള്ളവരുടെ മാത്രം വാര്‍ത്തകള്‍ വരുന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് (ഇങട) പറയുന്നതനുസരിച്ച് ദേശീയപത്രങ്ങളുടെ ഒന്നാംപേജില്‍ വരുന്ന വാര്‍ത്തകളുടെ അറുപത്തിയേഴ് ശതമാനം ന്യൂഡല്‍ഹിയില്‍നിന്നുള്ളവയാണ്. ഇംഗ്ലീഷ് പത്രങ്ങള്‍ ആയാലും ഹിന്ദി പത്രങ്ങള്‍ ആയാലും സ്ഥിതി ഒന്നുതന്നെ. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവയില്‍നിന്നുള്ള ഒന്നാംപേജ് വാര്‍ത്തകള്‍ ഒന്‍പത് ശതമാനംമാത്രമേ വരുന്നുള്ളൂ. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നാല്പത്തിരണ്ട് ഇതര നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. തലസ്ഥാനനഗരത്തില്‍നിന്ന് പുറത്തിറങ്ങുന്ന ദേശീയ പത്രങ്ങളില്‍ ഈ നഗരങ്ങള്‍ പ്രതിഫലിക്കുന്നത് വല്ലപ്പോഴും മാത്രമാണ്.
ഇന്ത്യയിലെ ആറുലക്ഷത്തിനാല്പതിനായിരം ഗ്രാമങ്ങള്‍ക്ക് ഒന്നാംപേജില്‍ ലഭിക്കുന്ന ശരാശരി വാര്‍ത്താപ്രാധാന്യം 0.26 ശതമാനം മാത്രമാണ്. തലസ്ഥാനനഗരിയിലെ പ്രമുഖ ഹിന്ദി പത്രങ്ങളുടെ ഒന്നാംപേജില്‍ കൃഷിക്ക് ലഭിച്ച വാര്‍ത്താപ്രാതിനിധ്യം 0.07 ശതമാനമായിരുന്നു. ഇംഗ്ലീഷ് പത്രങ്ങളില്‍ അത് 0.17 ശതമാനമായി ഉയര്‍ന്നുനിന്നു. ഇത്തരം നാമമാത്രമായ പ്രാതിനിധ്യങ്ങള്‍ക്കിടയില്‍ ടെലിവിഷന്‍ അല്പം ഭേദപ്പെട്ട നിലവാരം കാണിച്ചു. പ്രധാന ദേശീയ ചാനലുകള്‍ പ്രൈംടൈമില്‍ ഗ്രാമീണ ഇന്ത്യയെക്കുറിച്ച് ഡല്‍ഹിയില്‍നിന്ന് ചര്‍ച്ച ചെയ്തതിന്റെ സമീപവര്‍ഷങ്ങളിലെ ശരാശരി 0.87 ശതമാനമായിരുന്നു. ചില വര്‍ഷങ്ങളില്‍ തോത് ഏറിയും കുറഞ്ഞും ഇരുന്നു. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ചാനലുകളില്‍ ഗ്രാമീണ ഇന്ത്യയുടെ പ്രാതിനിധ്യം അല്പം കൂടും. എന്നാല്‍ പത്രങ്ങളിലും ചാനലുകളിലും ഗ്രാമീണ ഇന്ത്യയ്ക്ക് കിട്ടുന്ന പ്രാധാന്യം ഒരിക്കലും ഒരു ശതമാനത്തിന് മുകളില്‍ പോകാറില്ല.
Every body loves a good drought പുറത്തിറങ്ങുന്നത് 26 വര്‍ഷം മുന്‍പാണ്. മറ്റൊരുപുസ്തകത്തിനായി ഇത്രയേറെ കാത്തിരിക്കേണ്ടിവന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു കാലതാമസം?

ഞാന്‍ ഒരെഴുത്തുകാരനല്ല. ആദ്യമായും അവസാനമായും മാധ്യമപ്രവര്‍ത്തകനാണ്, റിപ്പോര്‍ട്ടറാണ്. യാത്രചെയ്തും മനുഷ്യരെ കണ്ടും കേട്ടും റിപ്പോര്‍ട്ടുചെയ്യുകയെന്നതാണ് എന്റെ രീതി. ആദ്യത്തെ പുസ്തകം രൂപപ്പെടുന്നത് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ ഒരു ഫെലോഷിപ്പിലാണ്. വാര്‍ത്തകളായി അവ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത് ടൈംസ് ഓഫ് ഇന്ത്യയില്‍ത്തന്നെയാണ്. പുതിയ പുസ്തകത്തിലുള്ള കുറെയധികം ഭാഗങ്ങള്‍ റിപ്പോര്‍ട്ടുകളായി ദ ഹിന്ദു പത്രം കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ്. ബാക്കിയുള്ളവ ഞാന്‍ പത്രാധിപരായുള്ള പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യയിലും വന്നു. അടിസ്ഥാനപരമായി ഇവയെല്ലാം ജേണലിസ്റ്റിക് വര്‍ക്കുകളാണ്.

രണ്ടുദശാബ്ദങ്ങള്‍മുന്‍പേയെങ്കിലും ഇറങ്ങേണ്ടിയിരുന്ന പുസ്തകമായിരുന്നു ഇത്. എന്നാല്‍, ആ കാലഘട്ടത്തില്‍ എന്റെ ശ്രദ്ധ രാജ്യവ്യാപകമായ കര്‍ഷക ആത്മഹത്യകളിലേക്ക് തിരിഞ്ഞു. ആന്ധ്രയിലെ അനന്തപുരും മഹാരാഷ്ട്രയിലെ വിദര്‍ഭയും കേരളത്തിലെ വയനാടുമെല്ലാമടങ്ങുന്ന കാര്‍ഷികദുരന്തങ്ങളുടെ ഗ്രാമങ്ങളായിരുന്നു എന്റെ യാത്രാമേഖലകള്‍. വയനാട്ടില്‍ പലവട്ടം യാത്രചെയ്തു. .

ഗ്രാമീണദുരിതങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയായിരുന്നു. ഓരോ യാത്രയും അങ്ങേയറ്റം നിരാശനാക്കും. മനുഷ്യരുടെ വേദനകളും ഭരണകൂടങ്ങളുടെ മൗനങ്ങളും വലിയ അമര്‍ഷമുണ്ടാക്കും. ആ യാത്രകള്‍ക്കിടയിലാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന പല സ്വാതന്ത്ര്യസമരസേനാനികളെയും കാണുന്നതും ഇങ്ങനെയൊരു പുസ്തകത്തിന്റെ ആശയം രൂപമെടുക്കുന്നതും. എന്നാല്‍, കാര്‍ഷികപ്രതിസന്ധിയിലുള്ള ഊന്നല്‍ ഈ പദ്ധതിയെ വൈകിപ്പിച്ചു. ഇതില്‍ ചേര്‍ക്കാന്‍ ഞാനാഗ്രഹിച്ച നിരവധിയാളുകള്‍ ഇതിനിടയില്‍ മരിച്ചു.

ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ആകാതെപോയ വ്യക്തികളെപ്പറ്റി പറയാമോ?

തീര്‍ച്ചയായും. മഹാരാഷ്ട്രയില്‍നിന്നുള്ള ജി.ഡി. ബാപ്പുലാഡ് അങ്ങനെയൊരാളാണ്. താന്‍ സ്ഥാപിച്ച ഒരു കോളേജിന്റെ ഹോസ്റ്റലിലെ ഒരു ചെറിയ മുറിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ലാളിത്യത്തിന്റെ ആള്‍രൂപം. അദ്ദേഹമടക്കം ഞാന്‍ കണ്ടുമുട്ടിയ പല സ്വാതന്ത്ര്യസമരസേനാനികളും കാഴ്ചയില്‍ നല്ല ആരോഗ്യസ്ഥിതിയിലാണ് അപ്പോഴെല്ലാം ഉണ്ടായിരുന്നത്. അവരെല്ലാം വളരെവേഗം മരിച്ചുപോകുമെന്ന് കരുതിയില്ല. ആ ഒരു ജാഗ്രതക്കുറവ് എന്നില്‍നിന്നുണ്ടായി. വി.എസ്. അച്യുതാനന്ദനെയും കെ.ആര്‍. ഗൗരിയമ്മയെയും പുസ്തകത്തിലുള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചു. സാഹചര്യമൊത്തുവന്നപ്പോഴേക്കും ഗൗരിയമ്മ മരിച്ചു. അച്യുതാനന്ദന്‍ സംസാരിക്കാനാകുന്ന അവസ്ഥയില്‍ അല്ലാതായി. തെക്കേ ഇന്ത്യയില്‍നിന്ന് ഐതിഹാസികരായ നാലുപേരെ എനിക്ക് പുസ്തകത്തില്‍ ചേര്‍ക്കാനായി. എച്ച്.എസ്. ദൊരെസ്വാമി, മല്ലു സ്വരാജ്യം, ആര്‍. നല്ലക്കണ്ണ്, എന്‍. ശങ്കരയ്യ എന്നിവരാണവര്‍.

ഈ പുസ്തകത്തെ എങ്ങനെയാണ് രേഖപ്പെടുത്തേണ്ടത്?

നാളിതുവരെ വാമൊഴിയില്‍ മാത്രം നിലനിന്ന ഒരു ചരിത്രത്തെ ജേണലിസ്റ്റിക്കായി സമീപിക്കുന്ന രീതിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. വായിക്കുന്നവരുടെ മനസ്സുകളില്‍ ഇതില്‍ പ്രതിപാദിക്കുന്ന മനുഷ്യര്‍ എന്നും ജീവിക്കും. കഴിയുന്നത്ര സാമൂഹികവും ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആദിവാസികള്‍, ദളിതര്‍, ഇതര പിന്നാക്കക്കാര്‍ തുടങ്ങി മുഖ്യധാരയുടെ പുറത്തുള്ളവരെയാണ് കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ളത്.

ഈ ചരിത്രാന്വേഷണം ഇവിടെ അവസാനിക്കുകയാണോ, അതോ ഇതിനൊരു തുടര്‍ച്ചയുണ്ടാകുമോ?

തീര്‍ച്ചയായും ഇതിന് തുടര്‍ച്ചയുണ്ടാകും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ പത്ത് ഗ്രാമീണമുന്നേറ്റങ്ങളെക്കുറിച്ചായിരിക്കും എന്റെ അടുത്ത പുസ്തകം. അതില്‍ ഒരധ്യായം കേരളത്തിലെ കല്യാശ്ശേരിയെക്കുറിച്ചായിരിക്കും. സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ മുന്നേറ്റങ്ങള്‍ നടത്തിയ നിരവധി ഗ്രാമീണസമൂഹങ്ങളുണ്ട്. കണ്ണൂരിലെ ബീഡിത്തൊഴിലാളികളും വായനശാലാ പ്രസ്ഥാനവുമെല്ലാം ഞാന്‍ നേരില്‍ കണ്ടുമനസ്സിലാക്കിയിട്ടുണ്ട്. മുഖ്യധാരാചരിത്രകാരന്മാര്‍ അവഗണിച്ച അത്തരം ഗ്രാമങ്ങളും പ്രദേശങ്ങളുമാണ് അടുത്ത പുസ്തകം.

ഈ പുസ്തകത്തില്‍ ബി.ജെ.പി.യുടെ മുന്‍രൂപങ്ങളായ ഹിന്ദുമഹാസഭയും ജനസംഘവും ഇല്ല. ആര്‍.എസ്.എസ്സും ഇല്ല. ബോധപൂര്‍വം ഒഴിവാക്കിയതാണോ?

സത്യത്തില്‍ ഒഴിവാക്കിയതല്ല. ഞാന്‍ അന്വേഷിച്ചിരുന്നു. കണ്ടെത്താനായില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ ഭാഗമല്ലാതിരുന്ന ഒരുകൂട്ടര്‍ക്ക് ഞാന്‍ ആഗ്രഹിച്ചാല്‍മാത്രം ഒരു ചരിത്രമുണ്ടാക്കിക്കൊടുക്കാനാകില്ലല്ലോ. ഇതില്‍ പ്രതിപാദിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളോട്, ഇത്തരക്കാര്‍ എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നുവെന്ന് ചോദിച്ചു. ഇതില്‍ പ്രതിപാദിക്കപ്പെടുന്ന ശോഭാറാം ഗഹര്‍വാര്‍ പറഞ്ഞു: ''അവരുടെ ഒരു വിരല്‍പോലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ മുറിഞ്ഞിട്ടില്ല. അങ്ങനെയുള്ളവര്‍ക്ക് എന്തുചരിത്രമാണുണ്ടാവുക?''

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം വിശാലമായൊരു ഭൂമികയാണ്. അതില്‍ വ്യത്യസ്തധാരകളുണ്ട്. പക്ഷേ, ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം മാത്രം അതില്‍ ഇടംനേടുന്നില്ലെങ്കില്‍ അവരിലാരും ആ സമരത്തിന്റെ ഭാഗമായിരുന്നില്ല എന്നുതന്നെയാണര്‍ഥം. മാപ്പുപറഞ്ഞ് രക്ഷപ്പെട്ടുപോയ ചില സന്ദര്‍ഭങ്ങളൊഴികെ എവിടെയാണ് അവരുടെ പങ്കാളിത്തമുണ്ടായിരുന്നത്. അവരുടെ പങ്കാളിത്തം പരിതാപകരമായിരുന്നുവെന്ന് അവര്‍ക്കുമറിയാം. അതുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ അവര്‍ എണ്ണൂറുവര്‍ഷം പിന്നിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവരുടെ വ്യാഖ്യാനങ്ങള്‍ അലാവുദ്ദീന്‍ ഖില്‍ജിയിലേക്കും മുഗളന്മാരിലേക്കുംവരെ പോകുന്നത്. ആ കാലഘട്ടത്തില്‍നിന്ന് അവര്‍ക്ക് അവരുടെ വീരസേനാനികളെ സൃഷ്ടിച്ചെടുക്കാനും അവകാശമുന്നയിക്കാനും കഴിയും. അന്നത്തെ മനുഷ്യര്‍ ഇന്നുവന്ന് സാക്ഷ്യംപറയില്ല, അവകാശവാദങ്ങളെ പ്രതിരോധിക്കില്ല. ഇവര്‍ പറയുന്നത് ശരിയാണോ എന്ന് അന്നത്തെ മനുഷ്യരോട് നമുക്കും ചോദിച്ചുമനസ്സിലാക്കാനാകില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഹിന്ദുത്വശക്തികള്‍ നല്‍കിയ ഏകസംഭാവന രാഷ്ട്രപിതാവിന്റെ കൊലപാതകമാണ്. ഗോഡ്സെയെ നമുക്കാര്‍ക്കെങ്കിലും സ്വാതന്ത്ര്യസമരസേനാനിയായി വാഴ്ത്താന്‍ കഴിയുമോ? ഗോഡ്സെയെ വാഴ്ത്തുകയും ആഘോഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. ഗാന്ധിജിയെ വധിച്ച ജനുവരി മുപ്പതിന് അവര്‍ മധുരം വിതരണംചെയ്യുന്നു. ഗാന്ധിജിയുടെ പ്രതിമ മാറ്റി അവിടെ ഗോഡ്സെയുടെത് സ്ഥാപിക്കണമെന്ന് അവരാവശ്യപ്പെടുന്നു. എങ്ങനെയാണ് നമുക്കത്തരക്കാരെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാന്‍ കഴിയുക?

ചരിത്രം മാറ്റിയെഴുതപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ വസ്തുതകള്‍ കുഴിച്ചുമൂടപ്പെടുന്നു. ഈ പുസ്തകം വ്യാജചരിത്രനിര്‍മിതികള്‍ക്കായുള്ള സംഘടിതവും വ്യാപകവുമായ ശ്രമങ്ങള്‍ക്കെതിരായുള്ള താങ്കളുടെ ഒരു ശക്തമായ പ്രതിരോധമാണെന്നുപറഞ്ഞാല്‍?

സ്വാതന്ത്ര്യസമരം സംബന്ധിച്ച് നമുക്ക് നിരവധി തെറ്റിദ്ധാരണകളുണ്ട്. ലണ്ടനിലും കേംബ്രിജിലും പഠിച്ച വരേണ്യരും ഉന്നതകുലജാതരുമാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതെന്നാണ് പൊതുവിലുള്ള ധാരണ. ആ ഒരു സമീപനരീതി ബ്രിട്ടീഷ് കൊളോണിയലിസം ആഗ്രഹിച്ച വ്യഖ്യാനമാണ്. തങ്ങളുണ്ടായതുകൊണ്ടാണ് നിങ്ങള്‍ പഠിച്ചതും വളര്‍ന്നതും എന്നാണ് ബ്രിട്ടീഷുകാര്‍ നമ്മളോട് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ, ഓക്‌സ്ഫഡും കേംബ്രിജുമൊന്നും കേട്ടുകേള്‍വിപോലുമില്ലാത്തവരായിരുന്നു സ്വാതന്ത്ര്യസമരം മുന്നില്‍നിന്ന് നയിച്ചതെന്ന സത്യം ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയേണ്ടതുണ്ട്. ബ്രിട്ടനില്‍ പോയി പഠിച്ച ബ്രാഹ്‌മണരും ബനിയരും മാത്രമല്ല, നിരവധിയായ സാധാരണ മനുഷ്യരും സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. കര്‍ഷകരും തൊഴിലാളികളും പാചകക്കാരും ചുമട്ടുകാരും കൂലിവേലക്കാരുമെല്ലാമാണ് ദേശീയപ്രസ്ഥാനത്തിന്റെ നട്ടെല്ലായി നിലനിന്നത്. ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ ചരിത്രത്തെ മാറ്റിയെഴുതുകയല്ല, മറിച്ച്, പുതിയ കല്പിതചരിത്രം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ചരിത്രത്തിലെ പല എടുത്തുപറയേണ്ട സന്ദര്‍ഭങ്ങളും അധ്യായങ്ങളും എടുത്തുമാറ്റപ്പെടുകയോ മായ്ച്ചുകളയപ്പെടുകയോ ചെയ്തിട്ടുണ്ട്.

നമ്മളിവിവിടെ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് പറയുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയ വെബ്സൈറ്റ് നോക്കൂ. അതില്‍ ഈ മനുഷ്യരുടെ ആരുടെയും ഫോട്ടോയോ വാക്കുകളോ കാണാനാകില്ല. കോടിക്കണക്കിനുരൂപയുടെ നികുതിപ്പണം ചെലവിട്ടാണ് ആ വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയേറെ ചെലവിട്ടുണ്ടാക്കിയ വെബ്സൈറ്റില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമരനേതാവിന്റെയും വിവരങ്ങളില്ല. പക്ഷേ, അതില്‍ ഒരാളുടെ നിരവധി ഫോട്ടോകളുണ്ട്. സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ നരേന്ദ്ര മോദി ജനിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹമാണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നതെന്നാണ് ആ വെബ്സൈറ്റ് കണ്ടാല്‍ നമുക്ക് തോന്നുക. യുവതലമുറയോട് അങ്ങനെയാണ് ഈ സര്‍ക്കാര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോട് നമ്മള്‍ എങ്ങനെയാണു യോജിക്കുക?പുസ്തകത്തില്‍ പറയുന്നവരില്‍ ബിരുദധാരി ഒരാള്‍മാത്രമാണ്- കര്‍ണാടകത്തിലെ ദൊരെസ്വാമി. അദ്ദേഹത്തെ വ്യാജ സ്വാതന്ത്ര്യസമരസേനാനി എന്നുവിളിച്ചാണ് സംഘപരിവാര്‍ ശക്തികള്‍ ആക്ഷേപിച്ചത്.

സമരത്തില്‍ പങ്കെടുത്തതിന്റെയും ജയിലില്‍ കിടന്നതിന്റെയും കൃത്യമായ രേഖകള്‍ അദ്ദേഹം എനിക്ക് കാണിച്ചുതന്നു. നൂറ്റിരണ്ടുവയസ്സില്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ അദ്ദേഹം സജീവമായിരുന്നു. സംഘപരിവാറായിരുന്നില്ല സ്വാതന്ത്ര്യസമരം നയിച്ചതെന്ന് വരുംതലമുറയെ ബോധ്യപ്പെടുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. തങ്ങളുടെ മുത്തച്ഛന്മാരോടും മുത്തശ്ശിമാരോടും സംസാരിക്കാന്‍ ഞാന്‍ കുട്ടികളോടു പറയാറുണ്ട്. സ്വന്തം കുടുംബത്തില്‍പ്പോലും സ്വാതന്ത്ര്യസമരപോരാളികള്‍ ഉണ്ടായിരുന്നുവെന്ന് അപ്പോളവര്‍ക്ക് തിരിച്ചറിയാനാകും.

സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തില്‍നിന്നാണ് താങ്കള്‍ വരുന്നത്. താങ്കളുടെ ആലോചനകള്‍ ഈ ദിശയില്‍ വികസിച്ചതിന്റെ സാഹചര്യം ആലോചിക്കാമോ?

സ്വാതന്ത്ര്യസമരംകൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയവരെക്കുറിച്ച് എനിക്കൊന്നും എഴുതാനില്ല. അവരര്‍ഹിക്കുന്നതിലും അധികം അവര്‍ നേടി. എന്റെ മുത്തച്ഛന്‍ കേരളഗവര്‍ണറും ഇന്ത്യന്‍ രാഷ്ട്രപതിയുമായിരുന്ന വി.വി. ഗിരിയാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനുള്ള പ്രയോജനം വലിയനിലയില്‍ ലഭിച്ച വ്യക്തി. അദ്ദേഹത്തെപ്പോലുള്ളവരെക്കുറിച്ചല്ല ഞാനെഴുതുന്നത്. എന്റെ കുട്ടിക്കാലത്ത് തന്നെക്കാണാന്‍ വരുന്ന വളരെ സാധാരണക്കാരായ മനുഷ്യരെ കാണിച്ചുകൊണ്ട് അദ്ദേഹം പറയുമായിരുന്നു: ' ഈ മനുഷ്യരാണ് നിനക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നത്, അല്ലാതെ ഞാനല്ല.' എന്ന്.

ഗാന്ധിജിക്കും ഇതേ കാഴ്ചപ്പാടായിരുന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്നില്‍ യെര്‍വാദ ജയിലില്‍നിന്നെഴുതിയ കത്തില്‍ അദ്ദേഹം പറഞ്ഞു: ''വിപ്ലവമുണ്ടാക്കുന്നത് മഹാന്മാരായ മനുഷ്യരാണെന്നാണ് പൊതുവായ ധാരണ. എന്നാല്‍, യഥാര്‍ഥത്തില്‍ സാധാരണജനങ്ങളാണ് പരിവര്‍ത്തനങ്ങളുണ്ടാക്കുന്നത്.'' ആ വാക്കുകള്‍ ഈ പുസ്തകത്തിന്റെ അവതാരികയില്‍ ചേര്‍ത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ അനുഭവങ്ങളും ചമ്പാരന്‍ സമരവുമെല്ലാം ഗാന്ധിജിയെ വലിയനിലയില്‍ സ്വാധീനിച്ചു. ഇംഗ്ലണ്ടില്‍ പോയി പഠിച്ച് അഭിഭാഷകനായ വ്യക്തിയില്‍നിന്ന് അദ്ദേഹം ഒരുപാട് മാറി. സാധാരണമനുഷ്യരുടെ പോരാട്ടവീര്യത്തെക്കുറിച്ച് അദ്ദേഹം ഒരുപാടുതവണ പറഞ്ഞിട്ടുണ്ട്. ചരിത്രം അപാരവും വിചിത്രവുമായ രൂപാന്തരങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്. സോഷ്യലിസം പറഞ്ഞ ഹിറ്റ്ലര്‍ രൂപാന്തരപ്പെട്ട് ഏകാധിപതിയും മുതലാളിത്തത്തിന്റെ ശക്തനായ വക്താവും അധികാരകേന്ദ്രീകരണത്തിന്റെ പ്രചാരകനുമായി. ചരിത്രത്തില്‍ അത്തരം പല ഉദാഹരണങ്ങളുണ്ട്.

എനിക്ക് നാലുവയസ്സുള്ളപ്പോള്‍ ഒരാള്‍ മുത്തച്ഛനെ കാണാന്‍ വന്നു. മുത്തച്ഛന്‍ ജയിലിലായിരുന്ന സമയത്തെ വാര്‍ഡനോ സൂപ്രണ്ടോ മറ്റോ ആയിരുന്നു. മുത്തച്ഛന്റെ കണ്‍വിക്ട് നമ്പര്‍ എഴുതിയ ഒരു തുണിക്കഷണം അയാള്‍ കൊണ്ടുവന്നിരുന്നു. എന്തുകൊണ്ടാണ് ഇത്രയും നാള്‍ അത് സൂക്ഷിച്ചുവെച്ചതെന്ന് മുത്തച്ഛന്‍ ചോദിച്ചപ്പോള്‍ ജയില്‍വിട്ടശേഷം മുത്തച്ഛന്‍ വലിയനിലയിലെത്തുമ്പോള്‍ വന്നുകണ്ട് കൈമാറാന്‍ വെച്ചിരുന്നതാണെന്ന് വന്നയാള്‍ പറഞ്ഞു. പോകാന്‍നേരം അയാള്‍ എന്റെ പുറത്തുതട്ടി പറഞ്ഞു: ''മര്യാദയ്ക്ക് നടന്നോളണം. പണ്ട് നിന്റെ മുത്തച്ഛനെ പിടിച്ചു ജയിലിലിട്ടയാളാണ് ഞാന്‍.'' ആ വാക്കുകള്‍ എന്നെ അങ്കലാപ്പിലാക്കി. അതുവരെ മികച്ച വ്യക്തിയായി ഞാന്‍ കരുതിയിരുന്ന മുത്തച്ഛന്‍ ഒരു കുറ്റവാളിയാണെന്ന് വിശ്വസിക്കാന്‍ വലിയ പ്രയാസമായിരുന്നു. അന്നുമുതലാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഞാന്‍ ചോദിക്കാനാരംഭിച്ചത്. അന്നുമുതല്‍ രണ്ടുദശാബ്ദക്കാലം ഞങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വിപ്ലവമാര്‍ഗം വിട്ട് മുത്തച്ഛന്‍ ഗാന്ധിമാര്‍ഗത്തിലേക്ക് പോയതിലെയടക്കം കാരണങ്ങള്‍ ഞാന്‍ മനസ്സിലാക്കി.

വ്യത്യസ്തധാരകളാണ് സ്വാതന്ത്ര്യസമരത്തിന്. രാഷ്ട്രീയമായി ഇടതുപക്ഷത്തു നില്‍ക്കുമ്പോഴും ജീവിതത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ ചേര്‍ത്തുവെച്ച നിരവധിപേരുണ്ട്. ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ നിരവധി കമ്യൂണിസ്റ്റുകാര്‍ ഇന്നുമുണ്ട്. ലളിതമായും സ്വന്തം കാര്യം നോക്കാതെയും ജീവിക്കുന്നവര്‍. എന്നെസംബന്ധിച്ചിടത്തോളം ഫ്രീഡവും ഇന്‍ഡിപെന്‍ഡന്‍സും രണ്ടു വ്യത്യസ്തവാക്കുകളാണ്. അവ ഒന്നല്ല. ബ്രിട്ടീഷുകാരെ പുറത്താക്കിയപ്പോള്‍ നമുക്ക് ഇന്‍ഡിപെന്‍ഡന്‍സ് കിട്ടി. എന്നാല്‍ ഫ്രീഡം ഇനിയുമായിട്ടില്ല. അത് വിപുലമായ മാനങ്ങളുള്ള വിശാലമായ ആശയമാണ്. ഇവിടെയാണ് ഭരണഘടന പൗരന് നല്‍കുന്ന ഉറപ്പുകളെക്കുറിച്ച് ചിന്തിക്കേണ്ടത്. നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ചുള്ള ഉറപ്പുകള്‍ ജനങ്ങള്‍ക്ക് ഇനിയും ലഭ്യമാകുന്നില്ല. ഭക്ഷണത്തിനും പോഷകാഹാരത്തിനും പോലുമുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. അസമത്വം മാത്രമാണ് നമുക്കിടയില്‍ വളരുന്നത്. അനീതിനിറഞ്ഞ സാമൂഹികാവസ്ഥയാണ് ഈ പുസ്തകത്തിന് എന്നെ പ്രേരിപ്പിച്ചത്.

സമരം ജ്വലിപ്പിച്ച ഗ്രാമങ്ങളെക്കുറിച്ചാണ് അടുത്ത പുസ്തകമെന്ന് പറഞ്ഞല്ലോ. എന്തായിരിക്കും സമീപനരീതി?

ഇന്ത്യയിലെ വലിയ സമരങ്ങളെല്ലാം ഗ്രാമങ്ങളില്‍നിന്നാണ് പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. നഗരങ്ങളിലെ ഉന്നതര്‍ എന്നും അധികാരത്തോട് ഒട്ടിനിന്നവരായിരുന്നു. ഛത്തീസ്ഗഢിലെ സോനാഗഞ്ചിലെ വീര്‍ നാരായണ്‍ സിങ് സായുധപോരാട്ടത്തിനിടയില്‍ ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റാണ് മരിക്കുന്നത്. കൊന്നതിനുശേഷം മൃതദേഹം സോനാഗഞ്ചിലെ പൊതുനിരത്തിനടുത്തായി കെട്ടിത്തൂക്കുകയായിരുന്നു. ആ സോനാഗഞ്ചിനെക്കുറിച്ച് എനിക്കെഴുതേണ്ടതുണ്ട്. ഭാവിയുടെ സമരങ്ങള്‍ക്കും അതിജീവനങ്ങള്‍ക്കും എങ്ങനെയാണു രൂപംനല്‍കേണ്ടതെന്ന് വരുംതലമുറകളോട് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. അടുത്ത അഞ്ചുവര്‍ഷങ്ങളില്‍ ഇന്ത്യയിലെ അവസാനത്തെ സ്വാതന്ത്ര്യസമരസേനാനിയും മരിക്കും. അതോടെ വളച്ചൊടിക്കുന്നവര്‍ക്ക് കൂടുതല്‍ വിശാലമായ ലോകം ലഭിക്കും.

പുസ്തകങ്ങളില്‍ താങ്കളുടെ ശ്രദ്ധ തിരിച്ചുവരുമ്പോള്‍ മാധ്യമമേഖലയിലെ ഇടപെടലുകളെ അത് ബാധിക്കുമോ?

കര്‍ഷകസമരങ്ങള്‍, കാര്‍ഷികപ്രതിസന്ധി, ഗ്രാമീണദുരിതങ്ങള്‍ എന്നിവയില്‍ ഞാന്‍ നേതൃത്വംനല്‍കുന്ന പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ വലിയ ശ്രദ്ധകാണിക്കുന്നുണ്ട്. ആദര്‍ശബോധവും നിലപാടുകളുമുള്ള യുവ മാധ്യമപ്രവര്‍ത്തകര്‍ എനിക്കൊപ്പം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമലോകത്തിനു നഷ്ടപ്പെടുന്ന നൈതികതയും സാമൂഹികോത്തരവാദിത്വവും തിരിച്ചുപിടിക്കാനുള്ള ഏതുശ്രമത്തിനും ഒപ്പം നില്‍ക്കണമെന്നതാണ് ആഗ്രഹം. ഇന്‍ഡിപെന്‍ഡന്‍സ് മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ. ഫ്രീഡം ഇന്നും അകലത്ത് നില്‍ക്കുകയാണ്.

Content Highlights: p sainath interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ramchandra Dom

9 min

ബംഗാളിലെ സമരമുറകളും മാര്‍ഗ്ഗങ്ങളുമാണ്‌ പ്രതിപക്ഷം നിലവിൽ കേരളത്തില്‍ പ്രയോഗിക്കുന്നത്

Jun 10, 2022


maitreya maitreyan

6 min

വേശ്യാലയം നടത്തിപ്പ് കുറ്റകരമെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ എവിടെ തൊഴിലെടുക്കും ? - മൈത്രേയൻ

May 28, 2022


Most Commented