അധികാരത്തിന്റെ പകുതിതന്നെ വേണം- പി.കെ. ശ്രീമതി


ദിനകരന്‍ കൊമ്പിലാത്ത്‌

ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. ശ്രീമതി മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിനു നൽകിയ അഭിമുഖത്തിൽനിന്ന്

Interview

ഫോട്ടോ: ലതീഷ്‌ പൂവ്വത്തൂർ

തുല്യതയ്ക്കുവേണ്ടി യോജിച്ചുള്ള പോരാട്ടം’ അതാണ് ഞങ്ങളുടെ മുദ്രാവാക്യം. തുല്യതയ്ക്കു വേണ്ടി യോജിച്ച് പോരാടുകതന്നെ വേണം അതിനായി എല്ലാ വിഭാഗം സ്ത്രീകളെയും അണിനിരത്തണം. ഇന്ന് രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളുണ്ട്. വെല്ലുവിളികൾ ഉണ്ടാവുമ്പോൾ അതിനെതിരേ ശക്തമായി ജനത്തെ അണിനിരത്തി പോരാടണം. അതിൽ രാഷ്ട്രീയം നോക്കേണ്ടതില്ല. പ്രശ്നങ്ങൾതന്നെയാണ് പ്രധാനം. തുല്യത ഉണ്ടാവുന്നത് ജനാധിപത്യത്തിലൂടെയാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടുമാത്രം തുല്യത വന്നു എന്ന്‌ വിശ്വസിക്കുന്നില്ല. അതിന് അടിസ്ഥാനപരമായ മാറ്റംവേണം. അത് പുരോഗമനമൂല്യം ഉള്ളതായിരിക്കണം. ഞങ്ങളുടെ ലക്ഷ്യവും അതാണ്. തൊഴിലിന്റെ കാര്യത്തിലും കൂലിയുടെ കാര്യത്തിലും തുല്യത ഇവിടെയില്ല. കൊടിയ ചൂഷണമാണ് സ്ത്രീ ഇക്കാര്യത്തിൽ അനുഭവിക്കുന്നത്.

മതം, ദൈവവിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയ കാര്യത്തിൽ പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകൾ കുറെക്കൂടി കടുത്തനിലപാടുകൾ എടുക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. പ്രത്യേകിച്ചും ശബരിമലവിഷയത്തിലും മറ്റും. അതോടൊപ്പം ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയോട് സമരസപ്പെടാനും ചില വനിതാസംഘടനകൾ തയ്യാറാവുന്നുണ്ട്. ഇത്തരം സമീപനങ്ങൾ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് കരുതുന്നുണ്ടോ?

ഈശ്വരവിശ്വാസം ഒരിക്കലും എതിർക്കപ്പെടേണ്ട കാര്യമല്ല. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും വളരെ താത്പര്യമുള്ളവരാണ്. ജനാധിപത്യ മഹിളാ അസോസിഷേയൻ ഒരിക്കലും ഈശ്വരവിശ്വാസത്തിന് എതിരല്ല. ഞങ്ങളുടെ കൂടെയുള്ളവരിൽ 90 ശതമാനത്തിലധികവും വിശ്വാസികളാണ്. അമ്പലത്തിൽ പോകുന്നതിനും പള്ളിയിൽ പോകുന്നതിനും ആരാണ് എതിരുനിൽക്കുന്നത്. ഒരിക്കലുമില്ല. ശബരിമലയിലെ ആചാരം വിശ്വാസവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശബരിമലയിൽ സ്ത്രീകൾക്ക് പോകാം എന്നുപറഞ്ഞത് സുപ്രീംകോടതിയല്ലേ. സ്ത്രീകൾ പോയേ തീരൂ എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലല്ലോ. മൗലികാവകാശത്തെക്കുറിച്ച് പറയുമ്പോൾ സ്ത്രീകൾക്കും പോകാം എന്ന വിധി ശരിയാണെന്ന് പറയുകമാത്രമാണ് ചെയ്തത്. അല്ലാതെ എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണം എന്ന് ഞങ്ങൾ നിർബന്ധിച്ചിട്ടില്ല. തുല്യതസംബന്ധിച്ച നിലപാടിനെക്കുറിച്ച് പറയുമ്പോൾ നമുക്ക് അഭിപ്രായം പറയാമല്ലോ. വിശ്വാസങ്ങൾക്ക് പോറലേൽക്കുമ്പോൾ സ്ത്രീകൾ പ്രതികരിക്കും. അതാണ് ശബരിമലക്കാര്യത്തിൽ സംഭവിച്ചത്. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ തെറ്റില്ല. പക്ഷേ, മന്ത്രവാദവും നരബലിയും പോലുള്ള ദുരാചാരങ്ങളെ എതിർക്കേണ്ടതല്ലേ.

സ്ത്രീകൾക്ക് എല്ലാ മേഖലയിലും ഇപ്പോൾ തുല്യപരിഗണന ലഭിച്ചുവരുന്നുണ്ട്. പക്ഷേ, രാഷ്ട്രീയത്തിൽ ഇപ്പോഴും സമ്പൂർണ പുരുഷമേധാവിത്വമാണ്. പുരോഗമനം പറയുന്ന താങ്കളുടെ പാർട്ടിയിൽപ്പോലും. ഇതിന് പരിഹാരം ഉണ്ടാവേണ്ടതല്ലേ

സി.പി.എമ്മിൽ സ്ത്രീകൾക്ക് പരിഗണനയില്ല എന്നു പറയുന്നതിനോട് ഞാൻ ശക്തിയായി വിയോജിക്കുന്നു. മുൻകാലങ്ങളിൽ അത് ശരിയായിരിക്കാം. ഇപ്പോൾ സ്ഥിതി ആകെ മാറി. കീപോസ്റ്റുകളിൽ കഴിഞ്ഞ 15 വർഷത്തോളം ഒരു സ്ത്രീ ഉണ്ടായിരുന്നില്ല. അതേസമയം, സംസ്ഥാനത്ത് ആയിരക്കണക്കിന് പാർട്ടിബ്രാഞ്ചുകളിൽ ഇപ്പോൾ സ്ത്രീകളാണ് സെക്രട്ടറിമാർ. ലോക്കൽ സെക്രട്ടറിമാരുമുണ്ട്. ഏരിയാ സെക്രട്ടറി ഒരാളോ മറ്റോ ഉള്ളൂ. അത് കൂടിവരും. കോഴിക്കോടാണ് ബ്രാഞ്ച് സെക്രട്ടറിമാർ കൂടുതലും. പണ്ടൊക്കെ മെമ്പർഷിപ്പ് എടുക്കാൻപോലും സ്ത്രീകൾ ഉണ്ടായിരുന്നില്ല എന്നോർക്കണം. സ്ത്രീകൾക്ക്‌വേണ്ട പരിഗണന കൊടുക്കണമെന്ന് 25 വർഷംമുമ്പേ പാർട്ടിയിൽ തീരുമാനം ഉണ്ടായിരുന്നു. പക്ഷേ, പ്രവർത്തിച്ച് പരിചയിച്ചവരെ മാത്രമേ ഉത്തരവാദിത്വം ഏൽപ്പിക്കാൻപറ്റൂ. സ്ത്രീകൾ പാർട്ടിഭാരവാഹിത്വം ഏറ്റെടുക്കാൻ സ്വയമേവ മുന്നോട്ടുവരണം.

എല്ലാരംഗത്തും പാർട്ടിയിൽപ്പോലും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ആവശ്യമല്ലേ. ഇക്കാര്യം പാർട്ടിയിലും ഉയർത്തിക്കൊണ്ടുവരേണ്ടതല്ലേ?

തീർച്ചയായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല എം.എൽ.എ., എം.പി. തുടങ്ങിയ ഉയർന്ന തലങ്ങളിൽപ്പോലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആവശ്യം. സംവരണകാര്യം പാർലമെന്റിൽപ്പോലും അട്ടിമറിക്കുകയായിരുന്നു. സുഷമാ സ്വരാജ് കൊണ്ടുവന്ന ഈ ആവശ്യം അവരുടെ സർക്കാർപോലും നടപ്പാക്കിയില്ല. പിന്നെ പാർട്ടിയിൽ ഇക്കാര്യം ആവശ്യപ്പെടാമോ എന്നുള്ളത് പാർട്ടിയുടെ ഉള്ളിൽ പറയേണ്ടതാണ്. പാർട്ടി കമ്മിറ്റികളിലും ഞങ്ങൾ ഇക്കാര്യം ആവശ്യപ്പെടും. പാർട്ടിക്കമ്മിറ്റികളിൽ 50 ശതമാനം സംവരണം വേണം എന്നല്ല. അർഹിക്കുന്ന എല്ലാവർക്കും മതിയായ സ്ഥാനം നൽകണം എന്നുതന്നെ. ഭരണത്തിൽ ആരായാലും കഴിവുള്ളവർ വരട്ടെ. രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിലേക്ക് പരിചയമുള്ളവർ വരണം. പ്രവർത്തിച്ചുതന്നെ വരണം. ഏതെങ്കിലും ഒരു കുടുംബത്തിൽനിന്നുള്ളവരെ കൊണ്ടുവരണം എന്നല്ല. ഞാൻ ഉദ്ദേശിക്കുന്നത്.

കേരളത്തിന് ഒരു വനിതാമുഖ്യമന്ത്രി വേണം എന്ന ആവശ്യം പലതവണ ഉയർന്നിട്ടുണ്ട്. ശൈലജടീച്ചറുടെ പേരും അവസാനകാലത്ത് ചില കോണുകളിൽനിന്ന് ഉയർന്നുകേട്ടിട്ടുണ്ട്. ഒരു വനിതാ മുഖ്യമന്ത്രി എന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ആരാണ് പറഞ്ഞത്. ഞാൻ ഒന്നുംകേട്ടില്ല. ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിക്കാണിച്ച് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനെന്തു മറുപടി പറയും. കഴിവുള്ളവർ ഉയർന്നുവരുകതന്നെ ചെയ്യും. പാർട്ടി അതിനുള്ള അവസരം നൽകുകയും ചെയ്യും. വിജയം ഏതെങ്കിലും ഒരാളുടെമാത്രം കഴിവല്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

പാർട്ടിയിൽ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങൾ, പ്രത്യേകിച്ചും ഇ.പി. ജയരാജനെ കേന്ദ്രീകരിച്ച്‌ ഉയർന്നുവന്നിരുന്നു. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്.

എല്ലാം പാർട്ടി മറുപടി പറഞ്ഞിട്ടുണ്ട്.

Content Highlights: P. K Sreemathy Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented